top of page

ആഹാരം പാഴാക്കാതിരിക്കൂ, ജീവന്‍ രക്ഷിക്കൂ

Sep 1, 2012

3 min read

പക
Don't waste food.

ഓരോ ദിവസവും 25,000 പേര്‍ പട്ടിണി മൂലം മരിക്കുന്നു. നമ്മള്‍ അവരിലൊരാള്‍ ആകാതെ പോയത് നമ്മുടെ ഭാഗ്യം. എന്നാല്‍ വിശപ്പ് മൂലം മരിക്കുന്ന മനുഷ്യരുടെ വേദന കാണാന്‍ മാത്രം ഹൃദയവായ്പ് നമുക്ക് ഉണ്ടാകാതെ പോകുന്നുണ്ടോ? അന്യന്‍റെ വേദനയില്‍ അലിയുന്ന ഒരു ഹൃദയമുണ്ടെങ്കില്‍ നമുക്കെങ്ങനെ ഈ പ്രശ്നപരിഹാരത്തിന്‍റെ ഭാഗമാകാന്‍ കഴിയുമെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട്, ഇനിമേല്‍ ഞാന്‍ ആഹാരം പാഴാക്കില്ലെന്ന് നമുക്ക് തീര്‍പ്പുകല്പിക്കാം, കാരണം, പാഴാക്കുന്ന ഭക്ഷണം 'ലോകവിശപ്പി' ന്‍റെ തോത് ഉയര്‍ത്തുകയാണ് ചെയ്യുന്നത്. 'ലോക ഭക്ഷ്യപരിപാടി'കളിലൂടെ സംഘടനകള്‍ വിശക്കുന്ന മനുഷ്യര്‍ക്ക് ആഹാരം നല്കാന്‍ ശ്രമിക്കുമ്പോള്‍ ഭക്ഷണം തെല്ലും പാഴാക്കാതെ അവര്‍ക്ക് നമ്മളാലാവുന്ന സംഭാവനകള്‍ ചെയ്തുകൊണ്ട് സഹായിക്കുകയാണ് വേണ്ടത്.

ഭാരതീയ ചിന്തയനുസരിച്ച് "അന്നം പരബ്രഹ്മസ്വരൂപ"മാണ്. നമ്മുടെ പിതാമഹന്മാരുടെ ദര്‍ശനമനുസരിച്ച് ആഹാരം ദൈവത്തിന്‍റെ തനിസ്വരൂപമാണ്. എന്നാല്‍ അവരുടെ പിന്‍ഗാമികളായ നാം ഈ പുരാതന ദൈവത്തിന് വേണ്ടത്ര ബഹുമാനം കൊടുക്കുന്നുണ്ടോ? നമ്മില്‍ പലരും കൊടുക്കുന്നില്ല എന്നതാണ് സത്യം. ഫലമോ, ദശലക്ഷക്കണക്കിന് നമ്മുടെ സഹോദരങ്ങള്‍ വിശന്ന് മരിക്കുമ്പോള്‍, ദശലക്ഷക്കണക്കിന് ടണ്‍ ആഹാരം അകാരണമായി നമ്മള്‍ വലിച്ചെറിയുകയോ പാഴാക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു. ചിലപ്പോഴൊക്കെ ആഹാരം പാഴാക്കുന്നതിന് നമ്മള്‍ ചില കാരണങ്ങള്‍ കണ്ടെത്താറുമുണ്ട്. ആ പ്രശ്നങ്ങളെ നീക്കി കളയാന്‍ സാധിച്ചാല്‍ നിസ്സാരമായി പരിഹരിക്കാവുന്ന ഒന്നാണ് ഇന്നത്തെ പട്ടിണി എന്ന ലോക പ്രതിഭാസം. ചുരുക്കത്തില്‍, "ആഹാരം പാഴാക്കരുത്... അത് വിശക്കുന്നവന് കൊടുക്കുക."

ആഹാരം പാഴാക്കുന്നത് സാമ്പത്തികമായോ പാരിസ്ഥിതികമായോ ധാര്‍മ്മികമായോ ന്യായീകരിക്കാവുന്നതല്ല. കാര്യങ്ങള്‍ ശരിയായ വഴിയിലല്ലാ പോകുന്നതെങ്കില്‍ തെറ്റ് കണ്ടുപിടിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. അടിസ്ഥാന കാരണം ജാതി-വര്‍ണ്ണം-വര്‍ഗ്ഗം-ഭാഷ-മതം-വിശ്വാസം-ദേശം എന്നിവയ്ക്കെല്ലാം അതീതമായി മനുഷ്യനില്‍ സംഭവിച്ച മൂല്യശോഷണമാണ്. ശാസ്ത്രത്തിന്‍റെ കണ്ടുപിടിത്തങ്ങള്‍ സമൃദ്ധിയെ സൃഷ്ടിക്കുമ്പോള്‍ മറുവശത്ത് വ്യാപാരവാണിജ്യത്തിന്‍റെ ധാരണകള്‍ ദൗര്‍ലഭ്യത്തെ സൃഷ്ടിക്കുന്നു. ഉത്പാദന ഘടകങ്ങള്‍ ഭാഗികമായി നശീകരണ ഘടകങ്ങളായി മാറിയിരിക്കുന്നു. സംസ്കാരം മുന്നേറിക്കൊണ്ടിരിക്കുന്നുവെന്ന് നാം അവകാശപ്പെടുന്നു, എന്നാല്‍ മൂല്യങ്ങളില്‍ നാം പിന്നാക്കം പോയിക്കൊണ്ടിരിക്കുകയാണ്.

ഒരു സാധാരണക്കാരന്‍റെ കാഴ്ചപ്പാടില്‍ നിന്ന് കാര്യങ്ങളെ നോക്കി കാണാന്‍ ശ്രമിക്കാം. ഒരു കാലത്ത് ആഹാരം ദൈവികമായി കണക്കാക്കുകയും ആദരവോടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യവസായവത്കൃത സംസ്കാരം രൂപപ്പെട്ടതോടെ ആഹാരം സമൃദ്ധിയായി ലഭിക്കാന്‍ തുടങ്ങുകയും സമ്പത്തിന്‍റെയും സാമൂഹ്യപ്രസ്ഥാനത്തിന്‍റെയും പ്രകടനോപാധിയായി അത് മാറുകയും ചെയ്തു. ആഡംബരപൂര്‍ണ്ണമായ സദ്യകളും അതിന്‍റെ ഉച്ഛിഷ്ടവത്കരണവും സമ്പത്തിന്‍റെയും സ്ഥാനമാനത്തിന്‍റെയും പ്രകടനമാകുമ്പോള്‍ ഭക്ഷണം മനുഷ്യന്‍ അവശ്യമനുസരിച്ചല്ല ആഹരിക്കുന്നത്, ഒരുവന്‍റെ വയറിന്‍റെ ഇലാസ്തികതയ്ക്ക് അനുസരിച്ചാണെന്ന് വരുന്നു.

ഒരു സദ്യയോ മറ്റെന്തെങ്കിലും ആഘോഷച്ചടങ്ങുകളോ സംഘടിപ്പിക്കുമ്പോള്‍ മിച്ചംവരുന്ന ആഹാരം നഷ്ടപ്പെടാതെ ഉപയോഗപ്പെടുത്താന്‍ അടുത്തുള്ള ഏതെങ്കിലും അനാഥമന്ദിരങ്ങളോ മറ്റേതെങ്കിലും സ്ഥാപനങ്ങളോ ആയി മുന്‍കൂട്ടി ഒരു ധാരണയുണ്ടായിരിക്കുന്നത് ഉചിതമാണ്. അങ്ങനെ നല്കുമ്പോള്‍ അത് സ്വീകരിക്കുന്നവരെ പരമാവധി ബഹുമാനിച്ചുകൊണ്ടായിരിക്കണം ചെയ്യേണ്ടത്, അല്ലാതെ ഭിക്ഷ കൊടുക്കുന്ന മനോഭാവത്തോടെ ആയിരിക്കരുത്.

വീട്ടിലോ വിരുന്നുപോകുമ്പോഴോ സദ്യകളില്‍ പങ്കെടുക്കുമ്പോഴോ നിങ്ങള്‍ ഭക്ഷിക്കുന്നത് നിങ്ങളുടെ തീരുമാനപ്രകാരം സ്വന്തം വിശപ്പകറ്റാന്‍ വേണ്ടി മാത്രമായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആവശ്യമുള്ളതും ഇല്ലാത്തതും വയറിന് അസ്വസ്ഥത ജനിപ്പിക്കുവോളമായിരിക്കരുത് കഴിക്കുന്നത്. ആഹാരകാര്യത്തില്‍ ആവശ്യക്കാരനല്ലാത്ത ഒരാളെ, കഴിക്കാന്‍ അമിതമായി നിര്‍ബന്ധിക്കാതിരിക്കുകയും ചെയ്യുക.

പാത്രത്തില്‍ ഭക്ഷണം ബാക്കിവെയ്ക്കുമ്പോള്‍ ചിന്തിക്കുക, അത്രയും ആഹാരം ഉണ്ടാക്കിയെടുക്കാന്‍ കൃഷിയിടം മുതല്‍ തീന്‍മേശ വരെ അതിന് പിന്നില്‍ വ്യയം ചെയ്ത ഊര്‍ജ്ജവും ധനവും സമയവും എത്രമാത്രമെന്ന്. പാടം ഉഴുതുമറിച്ച് കൃഷി ചെയ്ത് നനച്ച് വിളവെടുത്ത കര്‍ഷകന്‍, ധാന്യം പൊടിച്ച് പരുവപ്പെടുത്തിയെടുത്ത മില്ലുകാരന്‍, ചന്തയിലെത്തിച്ച ആള്‍, കടയില്‍ വാങ്ങിവെച്ച് നിങ്ങള്‍ക്കായി വിറ്റ കടക്കാരന്‍, അടുക്കളയിലെത്തിച്ച് പാകം ചെയ്തയാള്‍, അവസാനം പാത്രത്തില്‍ വിളമ്പിയ ആള്‍... വളരെ ലളിതമെന്ന് തോന്നാവുന്ന അല്പം ഉച്ഛിഷ്ടമാക്കപ്പെട്ട ആഹാരത്തിന് പിന്നില്‍ അത്രയും നീണ്ട ഒരു പ്രക്രിയയുണ്ട്. അതാണ് അവസാനം ഫലം കാണാതെ മാലിന്യക്കൂമ്പാരത്തിലാകുന്നത്. ഇതിന്‍റെയെല്ലാം അടിസ്ഥാനമായി വര്‍ത്തിക്കുന്നത് ജീവിതോദ്ദേശ്യത്തെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയും മൂല്യങ്ങളുടെ ശോഷണവുമാണ്. നമ്മള്‍ ജീവിതം മുഴുവന്‍ വലിയ ഒരു ഓട്ടത്തിലാണ്-ജനനം മുതല്‍ മരണം വരെ നീളുന്ന ഓട്ടം. അതിനിടയില്‍ നന്മതിന്മകളെക്കുറിച്ച് ചിന്തിക്കാന്‍, ലാഭനഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാന്‍, നല്ലശീലങ്ങളെയും ദുശ്ശീലങ്ങളെയും കുറിച്ച് ചിന്തിക്കാന്‍ നമുക്കെവിടെ സമയം?! നമ്മള്‍ ഓടിക്കൊണ്ടേയിരിക്കുകയാണ്. ആദ്യം സ്കൂളിലേക്ക്, പിന്നെ ഓഫീസിലേക്ക്, ശേഷം സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലേക്ക്, അവസാനം മരണത്തിലേയ്ക്ക്. അതിനിടയിലെ ജീവിതത്തിലെ നിസ്സാരങ്ങളായ പലതിന്‍റെയും മൂല്യത്തെക്കുറിച്ച് ചിന്തിക്കാന്‍ നമുക്ക് സമയം കിട്ടാറില്ലതന്നെ.

ഇത് പരിഹാരമില്ലാത്ത ഒരു പ്രശ്നമല്ല. നമുക്കാവശ്യം തീക്ഷ്ണതയും പ്രശ്നം പരിഹരിക്കാനുള്ള നിശ്ചയദാര്‍ഢ്യവുമാണ്. പൂച്ചയ്ക്ക് ആര് മണികെട്ടും? 'നമ്മള്‍' തന്നെ. ആഹാരം കഴിക്കുന്ന ഏവനുമറിയണം അയാളുടെ വീടിന് വെളിയില്‍ അപ്പാര്‍ട്ട്മെന്‍റിന് വെളിയില്‍, മണിസൗധത്തിന് വെളിയില്‍. വിശക്കുന്ന ആരൊക്കെയോ ഉണ്ടെന്ന്. ആരെങ്കിലും ഭക്ഷണം പാഴാക്കുന്നത് കണ്ടാല്‍ അവരോട് അരുതെന്ന് നിഷ്കര്‍ഷിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. നമ്മള്‍ ഭക്ഷണം പാഴാക്കരുത് എന്ന് മാത്രമല്ല, പാഴാക്കുന്നവരെ അതിന്‍റെ അരുതായ്മയെക്കുറിച്ച് നിരന്തരം ഓര്‍മ്മപ്പെടുത്തുകയും വേണം. നിശ്ചയമായും ഈ നിരന്തരമായ ഓര്‍മ്മപ്പെടുത്തല്‍ അവരുടെ മനസ്സില്‍ സാവകാശം വേരുറയ്ക്കുകയും എപ്പോഴെങ്കിലും പ്രവര്‍ത്തിക്കാനാരംഭിക്കുകയും ചെയ്യും.

ആഹാരം പാഴാക്കാതിരിക്കുക എന്നത് ഭക്ഷണ ധാര്‍മ്മികതയുടെ ഒന്നാം പകുതി മാത്രമേ ആകുന്നുള്ളൂ; രണ്ടാം പകുതി അത് വിശക്കുന്നവനുമായി പങ്കുവയ്ക്കുക എന്നതാണ്. ആരെങ്കിലും ഈ പങ്കുവെയ്പ്പ് ആരംഭിച്ചാല്‍ അത് സാവകാശം ദേശീയമാവുകയും പിന്നീട് അന്തര്‍ദേശീയമാവുകയും ചെയ്യും.

നമ്മള്‍ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നു. ഭക്ഷണമെന്നത് ഒരു പ്രശ്നമായി തിരിച്ചറിഞ്ഞ് സംസാരിച്ച് തുടങ്ങുക. വാക്കുകളുടെ ആറ്റോമിക ശക്തി നമ്മുടെ ഭാവനയ്ക്കതീതമാണ്. ഒരു ദേശീയ ദുരന്തമോ ഏതെങ്കിലും പ്രഗല്ഭരുടെ മരണമോ എത്ര പെട്ടെന്നാണ് കാട്ടുതീ പോലെ വാര്‍ത്തയാകുന്നത്. എന്തുകൊണ്ട് ഭക്ഷണവും അങ്ങനെ ഒരു വാര്‍ത്തയാക്കികൂടാ? ഇന്നത്തെ സാമ്പത്തികശാസ്ത്രത്തിന്‍റെ ഭാഷയില്‍, ഈ പ്രശ്നത്തെ നന്നായി 'മാര്‍ക്കറ്റിങ്ങ്' നടത്തണം. ആരിത് ചെയ്യും? സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഏത് സംഘടനകള്‍ക്കും ഇത് ചെയ്യാനാവണം. ഇത് കുഞ്ഞുങ്ങളുടെ പാഠപുസ്തകത്തിന്‍റെ ഭാഗമാക്കണം. എനിക്ക് ഇക്കാര്യത്തില്‍ പ്രചോദനം കിട്ടിയിത് മൂന്നാം ക്ലാസ്സില്‍ എന്‍റെ ടീച്ചര്‍ പഠിപ്പിച്ച പാഠത്തില്‍ നിന്നാണ്. ഈ സന്ദേശത്തിന് സ്ത്രീകളുടെ ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലാനാവണം. കാരണം, അവരാണ് ഇക്കാര്യത്തില്‍ 'അഭ്യന്തര വകുപ്പ്' കൈകാര്യം ചെയ്യുന്നത്. അവള്‍ പാചകം ചെയ്യുന്ന ഓരോ വിഭവത്തിലും എത്രമാത്രം വരുമാനമാണ് ദിവസവും ചെലവഴിക്കപ്പെടുന്നതെന്ന്, അവള്‍ കുഞ്ഞുങ്ങള്‍ക്കായി നിറയ്ക്കുന്ന ചോറ്റുപാത്രത്തിലും കുടുംബത്തിനായി ഒരുക്കുന്ന ഊട്ടുമേശയിലും വിളമ്പപ്പെടുന്ന ഭക്ഷണത്തിന്‍റെ വിവേകപൂര്‍വ്വമായ ഉപയോഗം വാര്‍ഷിക വരുമാനത്തിന്‍റെ കരുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും തത്തുല്യമായ മൂല്യങ്ങള്‍ക്കായി അവ ഉപയോഗപ്പെടുത്താമെന്നും ബോധ്യമായ സ്ത്രീ ഇക്കാര്യത്തില്‍ തീര്‍ച്ചയായും പ്രവര്‍ത്തന നിരതയാകും. ഈ ഭക്ഷണവിപ്ലവം സ്ത്രീയില്‍നിന്നുതന്നെ ആരംഭിക്കട്ടെ. അവള്‍ക്ക് അതിനുള്ള അവകാശമുണ്ട്. അവള്‍ പാകം ചെയ്യുന്ന ഭക്ഷണത്തോടുള്ള ബഹുമാനം അവകാശപ്പെടാന്‍ പ്രാഥമികമായി അവള്‍ക്കല്ലാതെ ആര്‍ക്കാണ് കഴിയുക? ഭക്ഷണമൊരുക്കാന്‍ സ്ത്രീ വ്യയം ചെയ്യുന്ന ഊര്‍ജ്ജവും സമയവും പണവും ക്രിയാത്മകതയും പരിഗണിക്കുമ്പോള്‍, പാകം ചെയ്ത ഭക്ഷണം എച്ചില്‍പ്പാത്രത്തിലേക്ക് പോകുമ്പോള്‍ അത് അവളെ വേദനിപ്പിക്കേണ്ടതല്ലേ? ആഹാരം ഒരു സാമ്പത്തിക ഉറവിടം കൂടിയാണ്. സ്ത്രീ അതിന് പരമാവധി വില കല്പിക്കാന്‍ ബാധ്യസ്ഥയാണ്. "അന്നം പരബ്രഹ്മരൂപം" എന്ന ഹിന്ദുവിശ്വാസം പോലെ ആഹാരം പാഴാക്കുന്നതിനെതിരെ ഖുറാനും അന്തര്‍ദേശീയ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായ് സ്വയം സമര്‍പ്പിച്ചുകൊണ്ട് ക്രിസ്തുമതവും ഭക്ഷണത്തിന്‍റെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. ഗവണ്‍മെന്‍റും വ്യാപാരസംഘടനകളും ഇക്കാര്യത്തെക്കുറിച്ച് ബോധവാന്മാരായാല്‍ മറ്റ് പ്രശ്നങ്ങള്‍ നമുക്ക് പരിഹരിക്കാനാവുന്നതേയുള്ളൂ.

മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഒരു പ്രധാന പങ്കുവഹിക്കാനുണ്ട്. വര്‍ത്തമാന പത്രങ്ങളും മാസികകളും ടെലിവിഷനും ഇന്‍റര്‍നെറ്റും ഈ മേഖലയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അവയ്ക്ക് കാര്യങ്ങളെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധിക്കും. ഗവണ്‍മെന്‍റിനെയും വ്യാപാരസംഘടനകളെയും ഈ പ്രശ്നത്തെക്കുറിച്ച് ബോധവാന്മാരാക്കുക എന്ന കാര്യം ഏറ്റവും നന്നായി ചെയ്യാനാവുന്നത് മാധ്യമങ്ങള്‍ക്കാണ്.

ഇതെല്ലാം സാധാരണക്കാരനായ എന്‍റെ ചിന്തകളാണ്. ഈ പ്രശ്നത്തിന് ഇനിയും പല തലങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും ഞാന്‍ കാണാതെ പോയതുണ്ടാവും. ഇത് വിശന്നിരിക്കുന്ന ഒരു കുഞ്ഞിന്‍റെയോ സ്ത്രീയുടെയു ചിത്രം കാണുമ്പോള്‍, മറുവശത്ത് ധനവാന്‍റെ ഭക്ഷണമേശയില്‍ നിന്ന് പാഴായിപ്പോകുന്ന ഭക്ഷണത്തിന്‍റെ വൈവിധ്യവും അളവും കാണുമ്പോള്‍ ഉണ്ടാകുന്ന, എന്‍റെ സ്വകാര്യ വ്യാകുലതയാണ്. ഗാന്ധിയാണ് ഒരിക്കല്‍ പറഞ്ഞത്, ദൈവം ഇനി ഒരിക്കല്‍ക്കൂടി പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അത് വിശക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ഒഴിഞ്ഞപാത്രങ്ങളില്‍ ഭക്ഷണരൂപത്തിലായിരിക്കും എന്ന്.

അമേരിക്കന്‍ ഐക്യരാജ്യങ്ങളില്‍ പാഴാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭക്ഷണം ഇന്ന് ഒരു പാരിസ്ഥിതിക പ്രശ്നം തന്നെയായി മാറിക്കൊണ്ടിരിക്കുകയാണ്. പഠനങ്ങള്‍ കാണിക്കുന്നത് പാകം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ശരാശരി 27% പാഴാക്കിക്കളയുന്നു എന്നാണ്. ഈ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന പണമല്ല, പാഴാക്കിക്കളയുന്ന ഭക്ഷണം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ തന്നെ അമേരിക്കന്‍ ഐക്യനാടുകള്‍ കോടിക്കണക്കിന് ഡോളറുകളാണ് പ്രതിവര്‍ഷം ചെലവഴിക്കുന്നത്.

"എന്‍റെ അമ്മയെക്കുറിച്ചുള്ള ഏറ്റവും ഔന്നത്യമുള്ള കാര്യം കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി അവര്‍ വീട്ടില്‍ ഞങ്ങള്‍ക്കായി വിളമ്പിയത് മിച്ചം വന്ന ഭക്ഷണമാണ്. യഥാര്‍ത്ഥ ഭക്ഷണം ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല." (കാല്‍വിന്‍ ത്രില്ലിന്‍)


  • ഏതെങ്കിലും ചടങ്ങില്‍ ആഹാരം മിച്ചം വരികയാണെങ്കില്‍ 1098 (ഇന്ത്യയില്‍ മാത്രം) എന്ന നമ്പറിലേക്കു വിളിക്കൂ. ഇത് കുഞ്ഞുങ്ങളെ സഹായിക്കുന്ന ഹെല്‍പ്പ് ലൈനാണ്. അവര്‍ വന്ന് ആഹാരം ശേഖരിച്ച് കൊണ്ടുപൊയിക്കൊള്ളും.

പക

0

0

Featured Posts