top of page

പാഴാക്കുന്ന ആഴങ്ങള്‍

Sep 1, 2010

2 min read

ഫാ. ജോസ് സുരേഷ് മാരൂർ
Image : Happy Family
Image : Happy Family

കുടുംബജീവിത ദൈവവിളിയില്‍ വ്യക്തിബന്ധങ്ങള്‍ ആഴപ്പെടുത്തുവാന്‍ ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ടെങ്കിലും ബഹുഭൂരിപക്ഷം ദമ്പതികളും അവ പാഴാക്കികളയുന്ന ഒരു സ്ഥിതിവിശേഷമാണ് എവിടെയും കാണുക. ഭാര്യാഭര്‍ത്തൃബന്ധങ്ങള്‍ ആഴപ്പെടുന്നത് നിസ്സഹായാവസ്ഥയിലും കണ്ണുനനയുന്ന സന്ദര്‍ഭങ്ങളിലും ജീവിതപങ്കാളിക്ക് ആശ്വാസം കൊടുക്കുമ്പോഴാണല്ലോ. മറ്റൊരു വാക്കില്‍, അര്‍ത്ഥപുഷ്ടമായ തന്‍റെ സാന്നിദ്ധ്യമാണ് ഒരുവന്, തന്‍റെ പങ്കാളിക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കാന്‍ പറ്റിയ ഏറ്റവും നല്ല സമ്മാനം. വിലയേറിയ ഉടയാടകളോ, കാതും കഴുത്തും നിറയെ സ്വര്‍ണ്ണാഭരണങ്ങളോ, സൗന്ദര്യസംവിധാനങ്ങളോ അല്ല, മറിച്ച് മന്ദസ്മിതം സ്ഫുരിക്കുന്ന ചുണ്ടുകളും, നീലിമയാര്‍ന്ന നേത്രങ്ങളും, സ്നേഹം തളം കെട്ടിനില്‍ക്കുന്ന വദനവും, സഹായഹസ്തങ്ങളും നിറഞ്ഞ സാന്നിദ്ധ്യമത്രെ! മനസ്സ് നിറയെ തിങ്ങലും, തേങ്ങലുമായി, മൂകയായിരിക്കുന്ന ഭാര്യയോട്, നിനക്ക് എന്തുപറ്റിമോളെ എന്ന ചോദ്യത്തിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നു മാത്രമല്ല ബന്ധങ്ങള്‍ എത്രയോ ആഴത്തിലേയ്ക്കിറങ്ങുമെന്നതും പറയേണ്ടതില്ലല്ലോ.

യേശുതമ്പുരാന്‍റെ ജീവിതത്തിലേയ്ക്ക് ഒന്നു കണ്ണോടിച്ചാല്‍ കണ്ടെത്താന്‍ കഴിയും അവിടുന്ന് ആഗ്രഹിച്ചതും മറ്റൊന്നല്ലായെന്ന്. പിതാവായ ദൈവം മണവാട്ടിയായ സഭയെ രക്ഷിക്കാന്‍ ഏല്പിച്ച ദൗത്യത്തിന്‍റെ പൂര്‍ത്തീകരണമെന്നോണം രക്തം വിയര്‍ത്തപ്പോള്‍, പത്രോസിനോടും കൂട്ടരോടും ആവശ്യപ്പെട്ടു "നിങ്ങള്‍ എന്നോടൊപ്പം ഇവിടെയിരുന്നു പ്രാര്‍ത്ഥിക്കുക" (മത്തായി 26:38) ചുരുക്കത്തില്‍ യേശുതമ്പുരാന്‍ തന്‍റെ നിസ്സഹായാവസ്ഥയില്‍ ആവശ്യപ്പെട്ടത് തന്‍റെ പ്രിയശിഷ്യരുടെ ആശ്വാസപ്രദമായ സാന്നിദ്ധ്യമാണ്. യേശുവിന്‍റെ മനം മനസ്സിലാക്കുന്ന മനുഷ്യനു മാത്രമെ ഇത്തരുണത്തില്‍ ബന്ധങ്ങള്‍ ആഴപ്പെടുത്താനാവു. തീവ്രമായ ആഗ്രഹത്തോടും, ആവേശത്തോടുംകൂടി ഇത്തരുണത്തില്‍ ജീവിതത്തെ വ്യവസ്ഥപ്പെടുത്തുമ്പോഴത്രെ പിതാവായ ദൈവത്തിന്‍റെ പിതൃത്വം ദമ്പതികളില്‍ പൂര്‍ണ്ണമാകുന്നത്. ദൈവികമായ ഈ കാഴ്ചപ്പാട് സ്വന്തമാക്കുന്നവന്‍ തമ്പുരാനു സാക്ഷ്യംവഹിച്ചുകൊണ്ട്, ക്ലേശങ്ങളും ദുരിതങ്ങളും, പങ്കാളിയുടെ പരിമിതികളും ശിരസ്സാവഹിച്ചുകൊണ്ട് തന്‍റെ സാന്നിദ്ധ്യം പങ്കാളിക്ക് പരമാനന്ദം പകരുന്നതാക്കിതീര്‍ക്കുന്നു.

യേശുവിന് മനുഷ്യനായി അവതരിക്കാന്‍ തന്‍റെ സൃഷ്ടികളില്‍ ഒരുവളുടെ സ്വതന്ത്രസമ്മതം നിറഞ്ഞ സാന്നിദ്ധ്യം ആവശ്യമായിരുന്നു. അഥവാ ഈ സ്വതന്ത്രസമ്മതത്തിന് തന്നെത്തന്നെ വിധേയനാക്കിതീര്‍ത്തു. ഓരോ ദമ്പതിയില്‍നിന്നും ഇങ്ങനെയൊരു സമ്മതത്തിനായി തമ്പുരാന്‍ കാത്തിരിക്കുന്നു. തമ്പുരാന് ഭൂമിയില്‍ തമ്പടിക്കാന്‍ സാദ്ധ്യമാക്കിയ വാതില്‍ പരി. മറിയത്തിന്‍റെ ഊഷ്മള സമ്മതമാണ്. ഈ സ്വതന്ത്രസമ്മതം കാലിടറാതെ അവള്‍ പൂര്‍ത്തിയാക്കിയതാകട്ടെ കണ്ണുനീരില്‍ചാലിച്ച വേദനയുടെയും, യാതനയുടെയും ഒരു ജീവിതം, പരാതിപ്പെടാതെ തന്‍റെ വിളിയുടെ വിലകളയാതെ ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ടത്രെ. വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ സീറ്റ്ബല്‍റ്റ് ധരിക്കാന്‍ പറയുന്നത് വയറിന്‍റെ അളവെടുക്കാനല്ല, യാത്ര സുരക്ഷിതമാക്കാനാണ്. ജീവിതയാത്ര സുഖമാക്കാന്‍ തമ്പുരാന്‍ തരുന്ന സീറ്റ്ബല്‍റ്റുകള്‍ പാഴാക്കാതെ ആനന്ദപ്രദമായ യാത്രയ്ക്ക് അഭിലഷണീയമാണെന്ന ബോധ്യമാണുണ്ടാകേണ്ടത്. തമ്പുരാന്‍ തന്ന പങ്കാളിയുടെ നീചമായ പ്രവൃത്തിയിലൂടെ ശരീരവും മനസ്സും ഒരുപോലെ തളരുമ്പോള്‍, പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തും എന്ന പരി. കന്യകാമറിയത്തിന്‍റെ വിശ്വാസം ആര്‍ജ്ജിച്ചുകൊണ്ട്, മുറിയപ്പെടാത്ത സ്നേഹത്തോടെ പങ്കാളിയ്ക്ക് ഹൃദയംതുറന്ന് ഇടം കൊടുക്കുന്നതത്രെ ആഴപ്പെടുത്തുന്ന ബന്ധം.

സങ്കല്പങ്ങള്‍ സഫലമാക്കാനുള്ള സങ്കേതമല്ല പങ്കാളി, മറിച്ച് സന്തോഷം കൈവരിക്കാനുള്ള കാര്യമാണ് എന്ന കാഴ്ചപ്പാടാണ് ഓരോ ദമ്പതിക്കും കിട്ടേണ്ടത്. ഒന്നും കൊണ്ടുവന്നില്ലെങ്കിലും കുഞ്ഞാങ്ങള ഇങ്ങുവന്നല്ലോ എന്നു പറഞ്ഞു തൃപ്തിയടഞ്ഞ പെങ്ങളെ ഓര്‍ത്തുപോവുകയാണ്. ആഗ്രഹത്തോടും, ആകാംക്ഷയോടുംകൂടി തന്‍റെ മനോവേദനകള്‍ പങ്കാളി മനസ്സിലാക്കുന്നു എന്ന കാഴ്ചപ്പാടുമതി ബന്ധങ്ങള്‍ ആഴപ്പെടുത്താന്‍, ബധിരനും മൂകനുമായവന്‍റെ ചെവികള്‍ തുറന്നവനും, നാവിനെ ചലിപ്പിച്ചവനും, മരിച്ചവനെ ഉയര്‍പ്പിച്ചവനുമായ തമ്പുരാന്‍ മരവിച്ച മനസ്സുകളെ തുറക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Sep 1, 2010

0

4

Recent Posts

bottom of page