top of page

ലോകത്തിന് അനുരൂപരാകരുത്

Apr 23, 2019

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

a child is praying to God

തിന്മയ്ക്കു പകരം നന്മ ചെയ്തു മധുരമായി പ്രതികരിക്കുക എന്നത് പലര്‍ക്കും അചിന്തനീയമാണ്. കാരണം ഇത് തിന്മയുടെ ലോകമാണ്. നന്മയുടെ മൂടുപടമിട്ട് തിന്മ ആധിപത്യവും അധികാരവും കൈയാളുന്ന കാലം. വി. ലൂക്കാ 5: 39 ല്‍ യേശു പറയുന്നു, "ദുഷ്ടനെ എതിര്‍ക്കരുത്. വലതു കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചുകൊടുക്കുക." തിന്മയുടെ ആത്മാവ് ആവസിച്ചവനെ  നന്മകൊണ്ട് കീഴ്പ്പെടുത്തി, നന്മയുടെ ആത്മാവുകുടികൊള്ളുന്ന നല്ല മനുഷ്യനാക്കാന്‍ സാധിക്കും. നീതി രഹിതരുടെയും നീതിമാന്മാരുടെയും മേല്‍ മഴ പെയ്യിച്ച ഗുരുവാണ് നമുക്കുള്ളത്. അവന്‍റെ പാത പിന്‍തുടരുന്ന നാം തിന്മയെ സമൂഹത്തില്‍ നിന്ന് ഒഴിവാക്കണം, അല്ലാതെ തിന്മചെയ്തവനെ പുറന്തള്ളിക്കളയുകയല്ല വേണ്ടത്. അവന് സ്വയം തിരിച്ചറിവിനുള്ള അവസരങ്ങള്‍ നല്കുക, നീ അല്പം വേദനിച്ചിട്ടാണെങ്കില്‍ കൂടി. നിന്‍റെ കടങ്ങള്‍ ക്ഷമിച്ചുകിട്ടാന്‍ നീ, നിന്‍റെ കടക്കാരനോട് ആത്മാര്‍ത്ഥമായി ക്ഷമിക്കുക.

  നിത്യജീവനിലേക്കുള്ള വഴി തേടുന്നവര്‍ക്കുള്ള ഒരു ചൂണ്ടുപലകയാണ്, നിന്നെ വേദനിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നത്. കാല്‍വരിയില്‍ വേദനയുടെ പ്രതിരൂപമായി മാറിയവന്‍ കാണിച്ചുതന്ന മാതൃകയും അതുതന്നെയായിരുന്നു. നീ അര്‍ഹിക്കാത്ത വേദനകള്‍ മനപ്പൂര്‍വ്വം നമ്മില്‍ ഏല്പിക്കപ്പെടുമ്പോള്‍, വികാരാധീനനായി പ്രതികരിക്കരുത്. ശാന്തതയും സമചിത്തതയുമായിരിക്കണം ആ വേളകളില്‍ നമ്മെ നിയന്ത്രിക്കേണ്ടതും നയിക്കേണ്ടതും. വി. പത്രോസ് ശ്ലീഹാ പറയുന്നു, "നന്മ പ്രവര്‍ത്തിച്ചിട്ട് കഷ്ടതയനുഭവിക്കുകയെന്നതാണ് ദൈവഹിതമെങ്കില്‍, അതാണു തിന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുക എന്നതിനേക്കാള്‍ നല്ലത്(1പത്രോ. 3:17). 

  തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്കു നന്മചെയ്യുകയും അവര്‍ക്കുവേണ്ടതെന്താണോ അതു നല്കുകയും അവരെ സ്നേഹിക്കുകയും ചെയ്യണമെന്നാണ് ഗുരുവിന്‍റെ അനുശാസനം.  അപ്പോള്‍ നിങ്ങള്‍ അത്യുന്നതന്‍റെ പുത്രന്മാരായിരിത്തീരുമെന്നും അവിടുന്ന് കൂട്ടിച്ചേര്‍ക്കുന്നു. നല്ല ശമറായക്കാരന്‍ മുറിവേറ്റു കിടന്നവനെ ശുശ്രൂഷിച്ചതും ശുശ്രൂഷാകേന്ദ്രത്തിലെത്തിച്ച് ശുശ്രൂഷ ഏര്‍പ്പാടാക്കിയതുമൊന്നും അവനില്‍ നിന്ന് ഒരു പ്രതിഫലവും കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ല. എന്തെങ്കിലും പതക്കങ്ങള്‍ക്കോ, പ്രശസ്തി പത്രങ്ങള്‍ക്കോ വേണ്ടി എന്തെങ്കിലും ഉപകാരമോ, സഹായമോ ചെയ്യുന്നവന് അതിനുള്ള പ്രതിഫലം ഈ ലോകത്തുവച്ചുതന്നെ ലഭിച്ചു കഴിഞ്ഞു. സ്വജീവന്‍ ത്യജിച്ചും അന്യനുവേണ്ടി നന്മ ചെയ്യുക. മാനുഷികപ്രതിഫലത്തിനല്ല, സ്വര്‍ഗ്ഗീയ പ്രതിഫലനത്തിനായി പ്രവര്‍ത്തിക്കുവിന്‍. 

  തന്‍റെ ഭാര്യയെയും പുത്രന്മാരെയും പുത്രവധുക്കളെയും ഭൃത്യന്മാരെയും അക്കൂട്ടത്തില്‍ ഭൂമുഖത്തുള്ള ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതുമായ മൃഗങ്ങളില്‍നിന്ന് ഏഴുജോഡികളെ വീതവും പെട്ടകത്തില്‍ പ്രവേശിപ്പിക്കാന്‍ നോഹയ്ക്കു നിര്‍ദ്ദേശം കൊടുത്ത തമ്പുരാന്‍റെ ലക്ഷ്യം ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളെയും നിലനിര്‍ത്തുക എന്നതായിരുന്നു. തന്‍റെ സൃഷ്ടികളുടെ നാശമല്ല, നിലനില്പും രക്ഷയുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ഇന്ന് ലോകത്തില്‍ കാണുന്ന വലിയൊരു തിന്മയാണ് വിഭാഗീയതയും സങ്കുചിത ചിന്തകളും. ഇതിന്‍റെ അനന്തരഫലം വളരെ ഭീകരമാണ്. ഇത്തരം മനസ്ഥിതികള്‍ ക്രൗര്യത്തിലേക്ക് വളരുകയും സര്‍വ്വത്ര നാശം വിതയ്ക്കുകയും ചെയ്യും. ഒരേ സ്രഷ്ടാവിന്‍റെ സന്തതികളെന്ന പരിഗണന അപരനു നല്കാന്‍ കെല്പില്ലാതാകരുത് നാം. 

  ഉപവാസവും പ്രാര്‍ത്ഥനയും വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന രണ്ട്  പ്രവൃത്തികളാണ്. ഇവ രണ്ടും ഏറെ ആകര്‍ഷണീയമായ വിധത്തില്‍ അനുഷ്ഠിക്കാന്‍ പ്രാഗത്ഭ്യമുള്ള പലരെയും നാം സമൂഹത്തില്‍ കാണാറുണ്ട്. അവരുടെ ഉപവാസത്തിന്‍റെ തീക്ഷ്ണതയും പ്രാര്‍ത്ഥനയുടെ വാചാലതയും ഈ അവസരങ്ങളിലെ അവരുടെ ശാരീരികഭാഷയുമൊക്കെ കണ്ട് ആളുകള്‍ക്ക് അവരോട് ഒരു ആരാധനാ മനോഭാവം ഉരുത്തിരിയാറുമുണ്ട്. പക്ഷേ നമ്മുടെ ഗുരു ആവശ്യപ്പെടുന്ന ഉപവാസവും പ്രാര്‍ത്ഥനയും ഇത്തരത്തിലുള്ളതല്ല. "നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്കും" (മത്തായി 6: 18). ഇതുപോലെ പ്രാര്‍ത്ഥനയെക്കുറിച്ചും അവിടുന്ന് നമ്മോട് പറയുന്നത് ഇങ്ങനെയാണ് - "പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്"(മത്തായി 6: 7 -8). നീ രഹസ്യമായി നിന്‍റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക. 


ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts