

ഡിസബിലിറ്റി ഇന്‍ക്ലൂഷന്‍ (Disability inclusion) എന്നത് ഇന്ന് അന്താരാഷ്ട്ര സമൂഹം വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുകയും പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒന്നാണ്. പലവിധത്തില്‍ ഡിസബിലിറ്റി ഉള്ളവരെ പൊതു സമൂഹത്തോടൊപ്പം തുല്യതയോടെ ഉള്‍പ്പെടുത്തുക എന്നതാണ് ഡിസബിലിറ്റി ഇന്‍ക്ലൂഷന്‍ എന്ന ചിന്തയുടെ അടിസ്ഥാനം. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് ഡിസബിലിറ്റി ഉള്ളവര്‍. ലോകജനസംഖ്യയുടെ ഏതാണ്ട് 16 ശതമാനത്തോളം ആളുകളും ഏതെങ്കിലും തരത്തില്‍ ഡിസബിലിറ്റി ഉള്ളവരാണെന്നും അതില്ലാത്ത ഭൂരിപക്ഷവ ും തങ്ങളുടെ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും താത്കാലികമായോ സ്ഥിരമായോ ഡിസേബിള്‍ഡ് (disabled) ആകാന്‍ സാധ്യതയുള്ളവര്‍ ആണെന്നും മനസ്സിലാക്കുമ്പോഴാണ് ഈ മേഖലയുടെ പ്രാധാന്യം നമുക്ക് മനസ്സിലാകുന്നത്. ഡിസബിലിറ്റി ഉള്ള വ്യക്തികള്‍ നേരിടുന്ന തടസ്സങ്ങള്‍ പ്രധാനമായും മൂന്ന് മേഖലകളായി തിരിക്കാം.
1. ഫിസിക്കല്‍ ബാരിയേഴ്സ് (Physical Barriers): സുഗമവും സ്വതന്ത്രവുമായ ചലനത്തിന് തടസ്സമാകുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍(infrastructure), വീല്‍ ചെയര്‍ ഉണ്ടെങ്കില്‍ പോലും അവ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള റാമ്പുകളോ എലവേറ്ററുകളോ (elevators) ഇല്ലാത്ത കെട്ടിടങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം പൊതു സമൂഹവുമായി ഇടപഴകുന്നതില്‍ നിന്നും ഡിസബിലിറ്റിയുള്ളവരെ തടയുകയും ഒറ്റപ്പെടലിനും അവസരങ്ങളുടെ നിഷേധത്തിനും കാരണമാവുകയും ചെയ്യുന്നു.
2. ആറ്റിറ്റൂഡിനല്‍ ബാരിയേഴ്സ് (Attitudinal Barriers): ഡിസബിലിറ്റിയെക്കുറിച്ചും അതനുഭവിക്കുന്ന വ്യക്തികളെക്കുറിച്ചും ഉള്ള നെഗറ്റീവായ മനോഭാവങ്ങള്‍, മുന്‍വിധി കള്‍, തെറ്റിദ്ധാരണകള്‍, തെറ്റായ വിശ്വാസങ്ങള്‍, തുടങ്ങിയവയാണ് ആറ്റിറ്റൂഡിനല്‍ ബാരിയേഴ്സ് എന്നതുകൊണ്ട് അര്ത്ഥമാക ്കുന്നത്. ഇത് വിവേചനത്തിനും അവസരങ്ങളുടെ നിഷേധത്തിനും കഴിവുകളെ കുറച്ച് കാണുന്നതിനും ഒക്കെ കാരണമാകുന്നു.
3. സോഷ്യല്‍ ബാരിയേഴ്സ് (Social and Economic barriers): സാമൂഹിക സാമ്പത്തിക മേഖലയിലുള്ള പങ്കാളിത്തം തടയുന്ന ഘടകങ്ങളെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലുള്ള അവസര നിഷേധങ്ങള്‍, വിവേചനങ്ങള്‍, ചികില്‍സാ സംവിധാനങ്ങളുടെ പോരായ്മകള്‍, സപ്പോര്‍ട്ടീവ് നെറ്റ് വര്‍ക്ക് (supportive network) ഇല്ലാത്ത അവസ്ഥകള്‍ എല്ലാം ഇതില്‍ ഉള്‍പെടും .
ഡിസബിലിറ്റി ഇന്‍ക്ലൂഷനെ (Inclusion) കുറിച്ച് ചിന്തിക്കുമ്പോള്‍, ഈ മൂന്ന് തടസ്സങ്ങളില്‍ ഏറ്റവും കാര്യമായി പരിഗണിക്കേണ്ടത് തെറ്റായ മനോഭാവം (attitudinal barriers) ആണ് എന്ന് എനിക്ക് തോന്നുന്നു. കാരണം, മനോഭാവങ്ങളാണ് പ്രവൃത്തികളുടെ അടിസ്ഥാനം. സമൂഹത്തിന്‍റെ മനോഭാവങ്ങള്‍ മാറാത്തിടത്തോളം ഇന്‍ക്ലൂസിവ് സൊസൈറ്റി (inclusive society) എന്നത് ഒരു സങ്കല്പം മാത്രമായി നിലനില്‍ക്കും.
ഡിസബിലിറ്റി എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സിലേക്ക് കടന്ന് വരുന്നത്? ശാരീരിക ഭ്രംശങ്ങളോ കുറവുകളോ മാത്രമാണോ, അതോ നമ്മുടെ ചുറ്റുപാടുകളുടെ പരി മിതികളാണോ? ഡിസബിലിറ്റി എങ്ങനെ നിര്‍വ്വചിക്കപെടുന്നു എന്നത് അതിനെക്കുറിച്ചുള്ള മനോഭാവങ്ങളുടെ പ്രകൃതം തീരുമാനിക്കുന്നു.
സമൂഹത്തില്‍ പ്രബലമായി നില്‍ക്കുന്ന ചില നിര്‍വ്വചനങ്ങളും അവയുടെ സ്വാധീനവും മാത്രം ഇവിടെ ചര്‍ച്ച ചെയ്യുന്നു.
ഡിസബിലിറ്റിയെ സമൂഹം കാണുന്ന/മനസ്സിലാക്കുന്ന രീതികള്‍, മൂന്ന് മോഡലുകളായി ലോകാരോഗ്യ സംഘടന (WHO) തരം തിരിച്ചിട്ടുണ്ട്. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷനും (American Psychological Association) ഈ മാതൃകകള്‍ തന്നെയാണ് പറയുന്നത്. (മറ്റനേകം സൈദ്ധാന്തിക മാതൃകകളും നിര്‍വ്വചനങ്ങളും ഇന്ന് നിലവില്‍ ഉണ്ടെങ്കിലും ഇവ മ ൂന്നും പൊതു സമൂഹത്തില്‍ ഇന്നും പ്രബലം എന്ന് പറയാം.)
1. ധാര്‍മ്മിക മാതൃക (Moral Model)
ഈ കാഴ്ചപ്പാടിന് രണ്ട് വശങ്ങള്‍ ഉണ്ട്. ഒന്ന്, ഏതെങ്കിലും തരത്തിലുള്ള ഡിസബിലിറ്റി ഉണ്ടാകുന്നത് ആ വ്യക്തിയുടെയോ, വീട്ടുകാരുടെയോ തെറ്റായ സ്വഭാവം, പ്രവൃത്തി, മനോഭാവം, കര്‍മ്മഫലം, ശാപം എന്നിവ കൊണ്ടാണ് എന്ന കാഴ്ചപ്പാട്. ഇത്തരം മനോഭാവങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള സിനിമകളും മറ്റും ധാരാളം ഉണ്ട്. ഈ കാഴ്ചപ്പാടിന്‍റെ ഫലം കുറ്റബോധം, അപമാനം, ലജ്ജ, അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥകള്‍ ഒക്കെയാണ്. ഏറ്റവും അനാരോഗ്യകരമായ, വികലമായ മനോഭാവം തന്നെയാണ് ഇത് എന്ന് പറയാം.
രണ്ട്, ഡിസബിലിറ്റി അല്ലെങ്കില്‍, ഡിസബിലിറ്റി ഉള്ള കുട്ടികള്‍ ഉണ്ടാകുന്നത് ദൈവം തങ്ങള്‍ക്ക് നല്‍കിയ ഉത്തരവാദിത്തം ആണെന്നും, അനുഗ്രഹമാണെന്നും ഉള്ള മനോഭാവമാണ്. ഡിസബിലിറ്റിയെ അതിജീവനത്തിന്‍റെയും കരുത്തിന്‍റെയും അടയാളമായി കാണുന്നവരും ഉണ്ട്. അംഗീകാരത്തിനും അതിജീവനത്തിനും, ശാക്തീകരണത്തിനും സഹായിക്കുന്നു എങ്കില്‍ ഈ രണ്ടാമത്തെ വിശ്വാസം ആരോഗ്യകരമാണ്. ഇന്ത്യയില്‍ പ്രബലമായി കാണുന്നത് മോറല്‍ മോഡല്‍ (moral model) ആണെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്.
2. മെഡിക്കല്‍ മോഡല്‍ (Medical Model)
ശാരീരികമായ എന്തെങ്കിലും കുറവുകള്‍/ഭ്രംശങ്ങള്‍ ആണ് ഡിസബിലിറ്റിക്ക് കാരണം എന്ന കാഴ്ചപ്പാടാണ് ഇത്. ആരോഗ്യ മേഖലയില്‍, വൈദ്യശാസ്ത്ര രംഗത്ത്, വിദ്യാഭ്യാസ മേഖലയില്‍, നിയമ രംഗത്തു ഒക്കെ ഉള്ള ആളുകള്‍ ഈ ഒരു കണ്ണിലൂടെയാണ് ഡിസബിലിറ്റിയെ കാണുന്നത്. ഈ മോഡല്‍ തീര്‍ച്ചയായും സാങ്കേതിക വളര്‍ച്ചയ്ക്കും (technology development), പുനരധിവാസ രംഗത്തും, ചികില്‍സാ രംഗത്തും ഒക്കെ ആവശ്യമാണ്. അതേ സമയം വ്യക്തിയെ പൂര്‍ണമായി കാണാതെ വ്യക്തിയില്‍ - മനസ്സിനും ശരീത്തിനും -എന്താണ് തകരാറ് എന്നതിലേയ്ക്ക് മാത്രമാണ് ഫോക്കസ് ചെയ്യുന്നത് എന്നും, ഡിസബിലിറ്റി ഉള്ള വ്യക്തിയുടെ ലേബലിങിനും (labeling), അവരെക്കുറിച്ചുള്ള പ്രതീക്ഷയില്ലായ്മകള്‍ക്കും, മാറ്റി നിര്‍ത്തലുകള്‍ക്കും, വിവേചനത്തിനും (discriminations) കാരണമാകുന്നു എന്നതുമാണ് മെഡിക്കല്‍ മോഡലിനെ (medical model) കുറിച്ചുള്ള വിമര്‍ശനങ്ങള്‍.
3. സാമൂഹിക മാതൃക (Social Model)
ഡിസബിലിറ്റിയെക്കുറിച്ചുള്ള ഏറ്റവും ആരോഗ്യകരമായ ഒരു കാഴ്ചപ്പാട് തന്നെയാണ് ഇതെന്ന് പറയാം. ഒരു വ്യക്തിയുടെ ശാരീരികമായ കുറവല്ല (physical impairment) ഡിസബിലിറ്റി ഉണ്ടാക്കുന്നത്. മറിച്ച് ഭൗതിക, സാമൂഹിക സാഹചര്യങ്ങളാണ് അവരെ പരിമിതിയുള്ളവരാക്കുന്നത് എന്ന കാഴ്ചപ്പാടാണ് ഈ മോഡലിന്‍റെ കാതല്‍.
ഉദാഹരണത്തിന്, അന്ധതയുള്ള ഒരു വ്യക്തി ലൈബ്രറിയില്‍ പ്രവേശിക്കുമ്പോള്‍, ബ്രെയില്‍ സംവിധാനം (Braille system) അവിടെയുള്ളിടത്തോളം അന്ധത എന്ന അവസ്ഥ ആ വ്യക്തിയെ വായിക്കുന്നതില്‍ നിന്ന് തടയുന്നില്ല. വീല്‍ചെയര്‍ പ്രവേശിക്കാനുള്ള റാമ്പുകളും സൗകര്യങ്ങളും ഉള്ള ഒരു കെട്ടിടത്തില്‍ നടക്കാന്‍ കഴിയാത്ത ഒരു വ്യക്തിയുടെ സഞ്ചരിക്കാനുള്ള കഴിവ് (ability) നഷ്ടപ്പെടുന്നില്ല. ഇനി മറ്റൊരു സാഹചര്യം ചിന്തിച്ച് നോക്കൂ. അന്ധതയുള്ളവര്‍ക്ക് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ള ഒരു ലൈബ്രറിയില്‍ കാഴ്ചയുള്ള ഒരാള്‍ വായനയുടെ കാര്യത്തില്‍ ഡിസേബ്ള്‍ഡ് (disabled) ആയിരിക്കും.
ഭൗതികവും സാമൂഹികവും ആയ സാഹചര്യങ്ങളും തടസ്സങ്ങളും ആണ് യഥാര്‍ഥത്തില്‍ ഒരു വ്യക്തിയുടെ ഡിസബിലിറ്റി കാരണമാകുന്നത് എന്ന് സോഷ്യല്‍ മോഡല്‍ വ്യക്തമാക്കുന്നു. ഈ കാഴ്ചപ്പാട് മനസ്സില്‍ ഉണ്ടാകുമ്പോള്‍ മാത്രമേ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന (inclusive) ഒരു സമൂഹം രൂപപ്പെടുകയുള്ളൂ.
4. ചാരിറ്റി അഥവാ ട്രാജഡി മോഡല്‍ (Tragedy Model)
ഇന്ന് ആഗോള സമൂഹത്തില്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന, എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഇന്നും ഒരു പരിധിവരെ നില നില്‍ക്കുന്ന ഒരു മാതൃകമായാണിത്. ഡിസബിലിറ്റിയെ ദുരന്തമായി/ ട്രാജഡി ആയി അവതരിപ്പിക്കുകയും വ്യക്തികളെ ചാരിറ്റിയ്ക്ക് (charity objects) പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന രീതി. ഇത് ഇന്ന് നിയമ വിരുദ്ധമാണെങ്കിലും, നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും ചിലരെങ്കിലും ഈ മാതൃക പിന്തുടരുന്നു.
ഡിസബിലിറ്റി മേഖലയില്‍ പൊതു സമൂഹം നല്‍കുന്ന പിന്തുണകള്‍ ഒരിക്കലും ഔദാര്യമല്ല, മറിച്ച് അത് അവരുടെ അവകാശമായാണ്. എത്തിച്ചേരാന്‍ കഴിയുന്ന (Accessible ആയ) ചുറ്റുപാടുകളും, വിദ്യാഭാസ, സാമൂഹിക, തൊഴില്‍ മേഖലകളില്‍ ഉള്ള ഇന്‍ക്ലൂഷന്‍ (inclusion) , ഇവയെല്ലാം അവകാശങ്ങളാണ്. ഡിസബിലിറ്റി ഉള്ള ഏത് വ്യക്തിക്കും മറ്റെല്ലാവരെയും പോലെ അഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള , സമൂഹത്തിന് സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള ശാക്തീകരണ മാതൃകകള്‍ ആണ് ഇന്നിന്‍റെ ആവശ്യം. ഡിസബിലിറ്റി ഉള്ളവരോടുള്ള മനോഭാവങ്ങളുടെ പൊളിച്ചെഴുത്തിലൂടെ അതിന് തുടക്കമിടാം.
കവര്‍സ്റ്റോറി, ഡിസബിലിറ്റി ഇന്‍ക്ലൂഷന്‍
നിഷ ജോസ്,
അസ്സീസി മാസിക നവംബർ 2024




















