

അവന് നമ്മെ സ്നേഹിച്ചു. അവനാണ് ആദ്യം നമ്മെ സ്നേഹിച്ചത്. അതുപോലെ ആരും നമ്മെ ഇന്നേവരെ സ്നേഹിച്ചിട്ടില്ല. ഇനി സ്നേഹിക്കുകയുമില്ല. അവന്‍റെ സ്നേഹത്തിന് പരിധികളില്ലാത്തതു കൊണ്ടു മാത്രമല്ല, സ്നേഹം കൂടിപ്പോയി, കുറഞ്ഞുപോയി എന്ന പരിഭവങ്ങളൊന്നും നമ്മെപ്പോലെ ഉരുവിടാത്തതു കൊണ്ടു കൂടിയാണ്.
ക്രിസ്തുവിന്‍റെ ഹൃദയത്തിനിണങ്ങിയവനാണ് താന്‍ എന്ന മട്ടില്‍ പൊള്ളയായ അഹംഭാവത്തോടെ ജീവിച്ചതുകൊണ്ടായില്ല. ക്രിസ്തു സ്നേഹിച്ചതുപോലെ ഒപ്പമുള്ളവരുടെ ഹൃദയത്തെ തൊടുന്ന രീതിയില്‍ സ്നേഹത്തെ പകര്‍ന്ന ു നല്‍കാനാവുന്നിടത്താണ് അജപാലകനും അല്മായനും അനുഗാമിയുമൊക്കെ യഥാര്‍ഥ ക്രിസ്തു ശിഷ്യരായി മാറുന്നത്. ഒരാളുടെ കുറ്റങ്ങള്‍ മറ്റൊരാളോട് വിളിച്ചു പറഞ്ഞ് അവരെ തമ്മില്‍ ശത്രുതയിലാക്കി തമ്മിലടിപ്പിച്ച് അതുകണ്ട് ആത്മനിര്‍വൃതിയടയുന്നവര്‍ ക്രിസ്തുവിന്‍റെ ഹൃദയമുള്ളവരല്ല. ക്രിസ്തു അനുയായിയുമല്ല. ഉള്ളില്‍ ക്രിസ്തുസ്നേഹം വളര്‍ന്നു പന്തലിച്ചിടാന്‍ ഒരു പരിശ്രമമെങ്കിലും നടത്താത്തവര്‍ ആരായാലും അവര്‍ ഹൃദയശൂന്യരാണ്.
ഫലം പുറപ്പെടുവിക്കുന്നവനെ മൂല്യമുള്ളവനെന്ന് കരുതുന്ന ലോകഗതിക്കു മുമ്പില്‍ സുവിശേഷം ഓര്‍മ്മപ്പെടുത്തുന്നത് നിന്‍റെയെല്ലാ കുറവുകളിലും ബലഹീനതയിലും നിസ്സഹായതയിലും നീ ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നുവെന്ന ജീവിത സത്യമാണ്. അതേ, ദൈവം ആദ്യം നമ്മെ സ്നേഹിച്ചു. അവന്‍ നമ്മെ സ്നേഹിക്കുന്നു. ഇപ്പോഴും സ്നേഹിച്ചുകൊണ്ടിരിക്കുന്നു. ഇതാണ് ഒരു ക്രൈസ്തവന്‍റെ അനന്യത. അര്‍ഹതയില്ലെങ്കിലും ദൈവം നമ്മോടു കാണിക്കുന്ന നിരൂപാധികവും സൗജന്യവുമായ സ്നേഹം. ഈ അനന്യമായ സ്നേഹത്തിന്‍റെ പശ്ചാത്തലത്തിലാണ് 'ദിലേക്സിത് നോസ്'(Dilexit Nos) എന്ന, ഫ്രാന്‍സിസ് പാപ്പായുടെ, ചാക്രിക ലേഖനത്തെ പഠനവിധേയമാക്കേണ്ടത്; തിരുഹൃദയ പ്രത്യക്ഷീകരണത്തിന്‍റെ 350 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ ജൂബിലി വര്‍ഷത്തില്‍ എന്തു കൊണ്ടും തിരുഹൃദയ സ്നേഹത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ പഠന ചിന്തകളും വിചിന്തനങ്ങളും ധ്യാനവിഷയമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വര്‍ത്താമാന യുഗത്തില്‍ തിരുഹൃദയ ഭക്തിയെക്കുറിച്ചും ഈ സ്നേഹസംസ്കാരം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ചുമുള്ള ഒരു നവ അവബോധത്തിനായി ആഹ്വാനം ചെയ്തു കൊണ്ടാണ് ഈ ചാക്രിക ലേഖനം പുറത്തിറക്കിയത്.
വ്യവസ്ഥകളില്ലാതെ നമ്മെ സ്നേഹിക്കുന്ന ക്രിസ്തുവിന്‍റെ ഹൃദയത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനമാണ് 'അവന്‍ നമ്മെ സ്നേഹിച്ചു.' 'ദിലേക്സിത് നോസ്' എന്ന തലകെട്ട് എല്ലാവരെയും ഉള്‍കൊള്ളുന്ന ക്രിസ്തുവിന്‍റെ സ്നേഹത്തെ ഊന്നി പറയുകയാണ്. ഈ സ്നേഹത്തെകുറിച്ച് ധ്യാനിക്കുന്നത് സഭാപരവും വ്യക്തിപരവുമായ നവീകരണത്തിലേയ്ക്ക് എങ്ങനെ നയിക്കുമെന്ന് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. തിരുഹ്യദയ ഭക്തി, ധാര്‍മികവും ആത്മികവുമായ കേന്ദ്രം നഷ്ടപ്പെട്ടതായി തോന്നുന്ന ഒരു ലോകത്തിന് പ്രത്യാശയുടെയും ദിശാസൂചനയുടെയും വെളിച്ചം നല്‍കുന്നത് എങ്ങനെയെന്ന് ഈ ചാക്രിക ലേഖനത്തിലൂടെ പാപ്പാ വിശദീകരിക്കുന്നു. 5 അധ്യായങ്ങളിലായി വിശകലനം ചെയ്യുന്ന ക്രിസ്തുസ്നേഹത്തെക്കുറിച്ചുള്ള ചിന്തകള്‍ സഭാതനയര്‍ക്ക് യേശുവിന്‍റെ തിരുഹൃദയത്തോടുള്ള സ്നേഹത്തിലും വണക്കത്തിലും അടിസ്ഥാനമിട്ട ഒരാധ്യാത്മികതയുടെ മനോഹാരിത മനസ്സിലാക്കി തരുന്നുണ്ട്. ചുരുക്കത്തില്‍ ക്രിസ്തുവിനെ പോലെ മറ്റുള്ളവരെ സ്നേഹിക്കാനും അവര്‍ക്ക് ശുശ്രൂഷ ചെയ്യുവാനുമുള്ള പാപ്പായുടെ ക്ഷണമാണ് 'ദിലേക്സിത് നോസ്.'
'ഹൃദയത്തിന്‍റെ പ്രാധാന്യ' മെന്ന ആദ്യാധ്യായത്തില്‍ തന്നെ മനുഷ്യജീവിതത്തില്‍ ഹ്യദയത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് പാപ്പാ പ്രതിപാദിക്കുന്നുണ്ട്. ഉപഭോക്ത്യ സംസ്കാരത്തിന്‍റെ പിടിയലമര്‍ന്ന ഇന്നത്തെ ലോകം ഒന്നിലും ഒരിക്കലും സംത്യപ്തിയടയാത്ത മനുഷ്യരുള്ള ഒരിടമായി പരിണമിച്ചിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന പാപ്പാ, എല്ലാറ്റിന്‍റെയും കേന്ദ്രമായി വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുന്ന ഹൃദയത്തെക്കുറിച്ചുള്ള ചിന്തകള്‍ സമ്മാനിക്കുന്നത് ശ്രദ്ധേയമാണ്. യഥാര്‍ഥത്തില്‍ ഹൃദയത്തില്‍ മനുഷ്യര്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത് ബാഹ്യമായി മറ്റുള്ളവര്‍ കാണുന്നവയാകണമെന്നില്ല. പുറമേ പ്രകടിപ്പിക്കുന്നതും അകമേ കരുതി വച്ചിരിക്കുന്നത് എന്തുതന്നെയായാലും നാം നാമായിരിക്കുന്ന ഇടം ഹൃദയമാണെന്നും, അതുകൊണ്ടു തന്നെ അവിടെയാണ് നമ്മുടെ യഥാര്‍ഥ ആഗ്രഹങ്ങളും സ്വപ്നങ്ങളും അസ്തിത്വവുമൊക്കെ കണ്ടെത്താനാവുകയെന്നും, കള്ളത്തരങ്ങളും അഭിനയവുമില്ലാത്ത ഹൃദയത്തിലാണ് ദൈവത്തിനു മുമ്പില്‍ നാം ആരാണെന്ന ചോദ്യമുയരുന്നതെന്നും പാപ്പാ സൂചിപ്പിക്കുന്നു. ഭിന്നതയുളവാക്കുന്ന സ്വാര്‍ത്ഥതയെ അതിജീവിക്കണമെങ്കില്‍ ബന്ധങ്ങള്‍ ഹൃദയം കൊണ്ടുള്ളതാകണമെന്നും, ഒരുവന്‍റെ ആധ്യാത്മികതയ്ക്കും സ്നേഹബന്ധങ്ങള്‍ക്കും പിന്നില്‍ നില്‍ക്കുന്ന അപരനുമായി നമ്മെ ബന്ധിപ്പിക്കുന്ന ഹൃദയത്തിന് പ്രാധാന്യം നല്‍കണമെന്നും പാപ്പാ കുറിക്കുന്നു.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ നമ്മുടെ ഹൃദയത്തില്‍ സ്നേഹം ഭരണം നടത്തുന്നുവെങ്കില്‍ സമ്പൂര്‍ണ്ണവും തിളക്കമാര്‍ന്നതുമായ രീതിയില്‍ നാം ആരായിത്തീരാന്‍ വിളിക്കപ്പെട്ടുവോ ആ വ്യക്തികളായിത്തീരും. കാരണം, ഓരോ മനുഷ്യ വ്യക്തിയും സര്‍വ്വോപരി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സ്നേഹത്തിനു വേണ്ടിയാണ്. ഹൃദയത്തെ ഗൗരവമായി എടുക്കുന്നത് സാമൂഹികമാറ്റങ്ങള്‍ സൃഷ്ടിക്കും.
'ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ പ്രവൃത്തികളും വാക്കുകളുമെന്ന' രണ്ടാമധ്യായത്തിലൂടെ നമുക്ക് സമീപസ്ഥനും നമ്മോടു കരുണയോടെ ഇടപെടുന്ന ആര്‍ദ്രതയുള്ള ദൈവത്തെക്കുറിച്ചുള്ള ചിന്തകളാണ് പാപ്പാ സമ്മാനിക്കുന്നത്. സുവിശേഷത്തിന്‍റെ കാതല്‍ ക്രിസ്തുവിന്‍റെ സ്നേഹമാണെന്നും അതു നമ്മുടെ ക്രിസ്തീയ വിശ്വാസങ്ങളെ പുതുക്കുകയും സജീവമാക്കുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു. ക്രിസ്തു സ്നേഹം പ്രകടമാക്കിയത് ദൈര്‍ഘ്യമേറിയ പ്രഭാഷണങ്ങളിലൂടെയല്ല മറിച്ച്, യഥാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന പാപ്പാ സുവിശേഷത്തിലെ സമരിയാക്കാരി സ്ത്രീയോടും നിക്കദേമോസിനോടും വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയോടും അന്ധനായ മനുഷ്യനോടുമൊക്കെ പ്രകടമാക്കിയത് അവന്‍റെ ഹൃദയത്തില്‍ കവിഞ്ഞൊഴുകിയ ആര്‍ദ്രസ്നേഹമാണെന്ന് പഠിപ്പിക്കുന്നു. അവന്‍ നമ്മെ സ്നേഹിതരായി കണക്കാക്കുന്നതുകൊണ്ട് ഏത് ബലഹീനതയിലും അവന് നമ്മോടുള്ള സ്നേഹത്തില്‍ ഒട്ടും കുറവു വന്നിട്ടില്ലെന്ന് നാം തിരിച്ചറിയണമെന്ന് പാപ്പാ സൂചിപ്പിക്കുന്നു.
'ക്രിസ്തുവിന്‍റെ ഹൃദയം എത്രയധികം നമ്മെ സ്നേഹിച്ചുവെന്ന്' സഭയുടെ ചരിത്രരേഖകളെ മുന്‍നിര്‍ത്തി മൂന്നാമധ്യായത്തില്‍ പാപ്പാ പങ്കുവയ്ക്കുന്നുണ്ട്. തിരുഹൃദയ ഭക്തിയെയും വണക്കത്തെയും കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാട് വ്യക്തമായും ഈ അധ്യായത്തില്‍ പ്രതിഫലിച്ചു കാണാം. 48-ാം ഖണ്ഡികയില്‍ പന്ത്രണ്ടാം പിയൂസ് പാപ്പായുടെ 'ഹൗറിയെത്തിസ് ആക്വാസ്' എന്ന ചാക്രിക ലേഖനത്തെ പ്രതിപാദിച്ചുകൊണ്ട് യേശുവിന്‍റെ തിരുഹൃദയത്തോടുള്ള വണക്കം കേവലം ഹൃദയമെന്ന ശരീരഭാഗത്തോടുള്ള പ്രത്യേക ആരാധനയോ ഭക്തിയോ അല്ല, മറിച്ച് അത് യേശുവിനോടുള്ള വണക്കമാണെന്നും മനുഷ്യനായി അവതരിച്ച ദൈവപുത്രനെയാണ് തിരുഹൃദയ വണക്കത്തിലൂടെ നാം ആരാധിക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പാ പഠിപ്പിക്കുന്നു.
യേശുവിന്‍റെ തിരുഹൃദയം ശരീരത്തിന്‍റെ മറ്റേതൊരു ഭാഗത്തെക്കാളും അതിരുകളില്ലാത്ത അവിടുത്തെ സ്നേഹത്തിന്‍റെ സ്വഭാവിക അടയാളവും പ്രതീകവുമാണ്. യേശുവിന്‍റെ തിരുഹൃദയം ഏതെങ്കിലുമൊരു കലാകാരന്‍റെ ഭാവനയില്‍ പിറന്ന സാങ്കല്പിക ചിഹ്നമല്ല, മറിച്ച് എല്ലാ മാനവരാശിക്കും വേണ്ടി പ്രവഹിച്ച രക്ഷയുടെ ഉറവിടത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു യഥാര്‍ഥ അടയാളമാണ്. അതുകൊണ്ടാണ് യേശുക്രിസ്തുവിന്‍റെ മാനുഷികവും ദൈവികവുമായ സ്നേഹത്തെയും അവിടുത്തെ വ്യക്തിത്വത്തിന്‍റെ അകക്കാമ്പിനെയും പ്രതിനിധാനം ചെയ്യാന്‍ സഭ ഹൃദയത്തിന്‍റെ രൂപം തിരഞ്ഞെടുത്തത് മാനുഷിക, ദൈവിക സ്നേഹങ്ങള്‍ ഒരുമിച്ചു ചേരുന്ന ഇടമെന്ന രീതിയില്‍ ക്രിസ്തുവിന്‍റെ ഹൃദയം വിശ്വാസികളുടെ വണക്കത്തിന് പ്രത്യേകം യോഗ്യമാണ്. ഈ ഒരു ചിന്തയെ ആഴത്തില്‍ ബലപ്പെടുത്തുന്ന പ്രസ്താവന 83-ാമത്തെ ഖണ്ഡികയില്‍ പാപ്പാ നടത്തുന്നുണ്ട്. തിരുഹൃദയം സുവിശേഷത്തിന്‍റെ ഒരു സമന്വയമാണെന്ന് പാപ്പാ പഠിപ്പിക്കുന്നു. ശരീരവിമുക്തമായ ആധ്യാത്മികതയും സുവിശേഷവുമായി ബന്ധമില്ലാത്ത ഘടനാപരമായ പരിഷ്കരണങ്ങളുമൊക്കെയുള്ള ഒരു ലോകത്ത് മനുഷ്യനായി പിറന്ന സുവിശേഷത്തിലേക്ക്, യേശുവിന്‍റെ തിരുഹൃദയത്തിലേക്ക് മനസ്സും ചിന്തയും കേന്ദ്രീകരിക്കുന്നത് ഏറെ ഉചിതമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നുണ്ട് (88)
പഴയ, പുതിയ നിയമങ്ങളുടെയും സഭാചരിത്രത്തിന്‍റെയും അടിസ്ഥാനത്തില്‍ ദൈവസ്നേഹത്തിനായുള്ള മനുഷ്യരുടെ ദാഹം തീര്‍ക്കാന്‍, സ്വയം പാനീയമായി നല്‍കുന്ന സ്നേഹത്തെക്കുറിച്ചും ആ സ്നേഹനിണത്താല്‍ അവരെ കഴുകി വിശുദ്ധീകരിക്കുന്ന ഉറവയാണ് കര്‍ത്താവിന്‍റെ തിരുഹൃദയമെന്നും നാലാമത്തെ അധ്യായത്തില്‍ പാപ്പാ അവതരിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ മുറിവേല്പിക്കപ്പെട്ട ഹൃദയം തിരുവെഴുത്തുകളിലുള്ള ദൈവസ്നേഹത്തിന്‍റെ എല്ലാ പ്രഖ്യാപനങ്ങളും ഉള്‍ക്കൊള്ളുന്നുവെന്നും ആ സ്നേഹം വെറും വാക്കുകളല്ല, മറിച്ച് അവിടുത്തെ പുത്രന്‍റെ മുറിവേല്പിക്കപ്പെട്ട ശരീരം അവിടുത്തെ സ്നേഹിക്കുന്നവര്‍ക്ക് ജീവന്‍റെ ഉറവിടവും ജനത്തിന്‍റെ ദാഹം ശമിപ്പിക്കുന്ന നീരുറവയുമാണെന്ന് 101-ാം ഖണ്ഡികയില്‍ പാപ്പാ പ്രതിപാദിക്കുന്നു. ഉത്ഥിതനായ ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ ജീവിതത്തെയും ദൈവകരുണയെയും പറ്റി വളരെയധികം ഊന്നിപ്പറഞ്ഞുകൊണ്ട് ക്രിസ്തുവിന്‍റെ തിരുഹൃദയത്തോടുള്ള ഭക്തി ആവര്‍ത്തിക്കുന്ന വിശുദ്ധ ഫൗസ്റ്റീനായെയും, ക്രിസ്തുവിന്‍റെ ഹൃദയത്തിലേക്കു തിരിയുമ്പോള്‍ ദൈവത്തിന്‍റെ കരുണയെ ആദരിക്കുന്നതിനുള്ള സവിശേഷമായ മാര്‍ഗ്ഗം സഭ കാണിക്കുന്നുവെന്നു പറഞ്ഞ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെയും അനുസ്മരിച്ചുകൊണ്ട് സ്നേഹം മൂലം കര്‍ത്താവ് കടന്നുപോകുന്ന സഹനങ്ങളെക്കുറിച്ചും ദൈവത്തില്‍ നിന്ന് ആശ്വാസം നേടുന്നത് കഷ്ടതയിലൂടെ കടന്നുപോകുന്നവര്‍ക്ക് സാന്ത്വനമാകാനുള്ള നമ്മുടെ കടമയെക്കുറിച്ചും നമ്മള്‍ ബോധവാന്മാരാകണമെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് നാലാമധ്യായം അവസാനിപ്പിക്കുന്നത്.
'സ്നേഹത്തിനു വേണ്ടിയുള്ള സ്നേഹം' എന്ന അഞ്ചാമധ്യായത്തില്‍ തിരുഹൃദയ വണക്കവും ദൈവ സ്നേഹവുമായി ബന്ധപ്പെട്ട സാമൂഹ്യതലവുമാണ് പാപ്പാ വിശകലനം ചെയ്യുന്നത്. സ്നേഹത്തിനായുള്ള തന്‍റെ ദാഹത്തെക്കുറിച്ച് വിശുദ്ധ മേരി അലക്കോക്കിനോടു സംസാരിച്ച യേശു ആ ദാഹത്തോടു നാം പ്രതികരിക്കുന്ന രീതിയില്‍ തന്‍റെ ഹൃദയം നിസ്സംഗത പുലര്‍ത്തുന്നില്ലെന്ന് വെളിപ്പെടുത്തി. തിരുഹൃദയത്തോടു നാം കാണിക്കുന്ന നന്ദികേടും നിസ്സംഗതയും തണുപ്പും അവഹേളനവും തന്‍റെ പീഡാനുഭവത്തില്‍ താന്‍ അനുഭവിച്ചതിനെക്കാള്‍ വേദനാജനകമാണെന്ന് ഈശോ വെളിപ്പെടുത്തിയതായി വിശുദ്ധ മേരി അലക്കോക്ക് കുറിക്കുന്നുണ്ട്.
പരിശുദ്ധ കുര്‍ബാനയില്‍, മനുഷ്യരാല്‍ സ്നേഹിക്കപ്പെടുവാനുള്ള അതിതീവ്രമായ ദാഹം അവിടുത്തെ ദാഹിപ്പിക്കുന്നുവെന്നും, എന്നാല്‍ തന്‍റെ ആഗ്രഹം പോലെ തന്‍റെ സ്നേഹത്തിനു പകരം സ്നേഹം നല്‍കി അവിടുത്തെ ദാഹം ശമിപ്പിക്കാന്‍ ശ്രമിക്കുന്ന ആരെയും താന്‍ കണ്ടെത്തിയില്ല എന്ന് നെടുവീര്‍പ്പെടുന്ന ഈശോയെ മേരി അലക്കോക്കിന്‍റെ വാക്കുകളില്‍ നാം കാണുന്നു. യേശു സ്നേഹം ആവശ്യപ്പെടുന്നു. വിശ്വാസമുള്ള ഒരു ഹൃദയം ഒരിക്കലത് തിരിച്ചറിഞ്ഞാല്‍ അതിന്‍റെ പ്രകരണം സ്വമേധയാ സ്നേഹത്തിന്‍റേതായിരിക്കുമെന്നും അല്ലാതെ ത്യാഗങ്ങള്‍ കൂട്ടാനോ കാഠിന്യമേറിയ കടമകള്‍ വെറുതെ നിര്‍വ്വഹിക്കാനോ ആയിരിക്കില്ല എന്നും വി. മേരി അലക്കോക്ക് അഭിപ്രായപ്പെടുന്നു. നമുക്കായി അവന്‍ നല്‍കുന്ന സ്നേഹത്തെപ്രതി നമുക്കു ചെയ്യാവുന്ന ഏറ്റവും ഉന്നതമായ പ്രവൃത്തികളിലൊന്ന്, നമ്മുടെ സഹോദരിസഹോദരന്മാരോടുള്ള സ്നേഹമാണെന്ന് ചൂണ്ടിക്കാട്ടുന്ന പാപ്പാ സഹനമനുഭവിക്കുന്ന മാനവികതയ്ക്കു മുഴുവന്‍ അഭയമാകുന്നതാണ് സ്നേഹമെന്ന വിശുദ്ധ ചാള്‍സ് ഫൂക്കോയുടെ വാക്കുകളെ കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്.
രക്ഷകന്‍റെ ഹൃദയം ആവശ്യപ്പെടുന്ന യഥാര്‍ഥ പരിഹാരമായി വി.ജോണ്‍ പോള്‍ പാപ്പായുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ എഴുതുന്നത് ശ്രദ്ധേയമാണ്. വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും അവശിഷ്ടങ്ങളുടെ മേല്‍ സ്നേഹത്തിന്‍റെ സംസ്കാരം, യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ രാജ്യം പണിയപ്പെടുവാന്‍ വേണ്ടി നമ്മെത്തന്നെ 'പരിഹാരമായി' ക്രിസ്തുവിന്‍റെ ഹൃദയത്തിന് നാം സമര്‍പ്പിക്കണം. ലോകത്തിന് ക്രിസ്തുവിന്‍റെ സ്നേഹത്തെ അനുഭവിച്ചറിയാന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ ക്രൈസ്തവരായ നമുക്കുള്ള ഉത്തരവാദിത്വം നാം മറന്നുപോകരുതെന്ന് നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ചാക്രിക ലേഖനം പാപ്പാ അവസാനിപ്പിക്കുന്നത്.
അളവുകളും പരിധികളുമില്ലാതെ നമ്മെ സ്നേഹിച്ച, നമ്മുടെ രക്ഷയ്ക്കായി അവസാന തുള്ളി രക്തം വരെ ചിന്തിയ ക്രിസ്തുവിന്‍റെ സ്നേഹം തിരിച്ചറിഞ്ഞ് ജീവിക്കണം. നാം സ്നേഹിക്കുന്നതിലധികമായി നമ്മെ സ്നേഹിച്ച ദൈവപുത്രന്‍റെ സ്നേഹം പ്രാര്‍ഥനയിലൂടെയും ധ്യാനത്തിലൂടെയും ദൈവവുമായുള്ള സ്നേഹ സംഭാഷണത്തിലൂടെയും ഹൃദയത്തില്‍ അനുഭവിക്കാന്‍ പരിശ്രമിക്കാം. നമുക്കായി അവനേറ്റ സഹനങ്ങളും പീഡനങ്ങളും അനുസ്മരിച്ചുകൊണ്ട് നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും ചൊരിയപ്പെടുന്ന അവന്‍റെ ദിവ്യസ്നേഹവും കരുണയും നമ്മുടെ സഹോദരങ്ങളോടുള്ള സ്നേഹത്തിലും കരുണയിലും ശുശ്രൂഷയിലും പ്രകടിപ്പിച്ചു കൊണ്ട് ജീവിക്കാം. അവന്‍ നമ്മെ സ്നേഹിക്കുന്നു.... ഇന്നും എപ്പോഴും!
അവന്‍ നമ്മെ സ്നേഹിച്ചു-ദിലേക്സിത് നോസ്
ഫാ. ഇമ്മാനുവല്‍ ആന്‍റണി
അസ്സീസി മാസിക, ഓഗസ്റ്റ് 2025





















