Delicia Devassy
Oct 21
ദുബായില്‍ നിന്ന് ടോറോന്‍റോയിലേക്കുള്ള എയര്‍കാനഡ വിമാനത്തില്‍ ഞാന്‍ സ്വസ്ഥമായി ഇരിപ്പുറപ്പിച്ചു. എന്‍റെ അടുത്ത് ഒരു മലയാളിസ്ത്രീ ഇരിപ്പുണ്ട്. അവരുടെ കയ്യില്‍ ഒരു കുട്ടി. അവരുടെ മറ്റേകുട്ടി അടുത്ത റോയില്‍ ഇരിക്കുന്ന അവരുടെ ബന്ധുവിന്‍റെ കൂടെ ഉണ്ട്. കുട്ടികള്‍ നല്ല വികൃതിയാണ്. അപ്പുറത്തെ ബന്ധുവിന്‍റെ കൂടെ ഉള്ള കുട്ടി നിലത്ത് ഇഴയുകയാണ്.
എയര്‍ഹോസ്റ്റസ് വന്നു. എയര്‍കാനഡ എയര്‍ ഹോസ്റ്റസുമാരോട് വല്ലാത്ത ബഹുമാനം തോന്നാറുണ്ട്. കാരണം വൈകിയപ്രായത്തിലും അവര്‍ ഈ കടുപ്പമുള്ള ജോലി ചെയ്യുന്നുണ്ടല്ലോ. എയര്‍കാനഡയില്‍ ജോലിക്ക് കയറുന്നവര്‍ ആദ്യം ചെയ്യുന്ന ഒരു ആചാരമുണ്ട്. മര്യാദ, സൗമ്യത, വിനയം തുടങ്ങിയ വാക്കുകള്‍ അടങ്ങിയ ഡിക്ഷണറി എടുത്ത് അവര്‍ നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഏറിയും, പുല്ല് പോകട്ടെ.
നമ്മുടെ ഈ രണ്ടു കുട്ടികളുടെ പരാക്രമം കണ്ടു എയര്‍ഹോസ്റ്റസ് പറഞ്ഞു. 'കുട്ടികളെ സീറ്റില്‍ ഇരുത്തി ബെല്‍റ്റ് ഇടണം.'
പെണ്‍കുട്ടി പറഞ്ഞു: 'അവര്‍ എന്‍റെ അടുത്തു മാത്രേമേ ഇരിക്കൂ മാഡം. അവര്‍ വല്ല്യ വാശിക്കാരാണ്. ഞാന്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല.'
അപ്പോള്‍ എയര്‍ഹോസ്റ്റസ് പറഞ്ഞ ഒരു മറുപടിയുണ്ട്: 'നിങ്ങളുടെ കുട്ടി പറഞ്ഞാല്‍ കേള്‍ക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെകൂടി പ്രശ്നമാണ്. അത് ബാക്കിയുള്ള യാത്രക്കാര്‍ക്ക് മുഴുവന്‍ പ്രശ്നമുണ്ടാക്കുന്നുണ്ട്. മാത്രമല്ല ഈ അവസ്ഥയില്‍ കുട്ടികളെ ആക്കി ഫ്ളൈറ്റ് ടേക്ക് ഓഫ് ചെയ്യില്ല. നിങ്ങള്‍ യാത്ര വേണ്ട എന്ന് വയ്ക്കുന്നതാ യിരിക്കും ഉചിതം.'
ഞാന്‍ എന്‍റെ തൊട്ട് അടുത്തിരുന്ന അപ്പൂപ്പനോട് യാചിച്ചു, അയാളെ മുന്‍പ് പറഞ്ഞ ആ ബന്ധുവിന്‍റെ സീറ്റില്‍ ഇരുത്തി, ഞാന്‍ പുറകിലുള്ള ഒരു ഒഴിഞ്ഞ സീറ്റിലേക്ക് മാറി ഇരുന്നു. അങ്ങനെ ഈ പട മുഴുവന്‍ ഒരു റോയില്‍ ഇരുന്നു. സ്വന്തം സീറ്റില്‍ നിന്ന് തന്നെ ഇറക്കിയ എന്‍റെ പിതാവിനെ ആ വെള്ളക്കാരന്‍ അപ്പൂപ്പന്‍ ആ ഫ്ളൈറ്റിലേയ്ക്ക് ആവാഹിച്ചു വരുത്തിയിട്ടുണ്ടാവും. പക്ഷെ ഇറങ്ങുന്ന സമയത്ത് ഒരു നന്ദിവാക്ക് പോയിട്ട് ഒരു നോട്ടം കൊണ്ടുപോലും യാത്ര പറയുവാന്‍ ഈ പെണ്‍കുട്ടിയോ, ബന്ധുവോ മിനക്കെട്ടില്ല.
പക്ഷെ ആ എയര്‍ഹോസ്റ്റസ് പറഞ്ഞ ആ വാക്ക്യം എന്‍റെ മനസ്സില്‍ തങ്ങിനിന്നു 'നിങ്ങളുടെ കുട്ടി അനുസരിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കൂടി പ്രശ്നമാണ്.'
ടോറോന്‍റോയില്‍ താമസിക്കുന്ന ഒരു റിട്ടയേര്‍ഡ് പ്രൊഫസ്സര്‍ ഒരിക്കല്‍ പറഞ്ഞു: ഒരു മലയാളിസ്ത്രീ ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ വന്നു. കൂടെ രണ്ടു കുട്ടികളുണ്ട്. അതില്‍ ഒരു കുട്ടി അദ്ദേഹത്തിന്‍റെ ടിവി റിമോട്ട് കണ്‍ട്രോള്‍ എടുത്തു ടീപ്പോയില്‍ അടിക്കുവാന്‍ തുടങ്ങി. അപ്പോള്‍ മറ്റേ കുട്ടിക്കും ആ റിമോട്ട് വേണം. വിശാലഹൃദയായ ആ മാതാവ് ഇദ്ദേഹത്തിന്‍റെ വിഡിയോറിമോട്ട് എടുത്തു മറ്റേ കുട്ടിക്ക് കൊടുത്തു. അവര്‍ മത്സരിച്ചു തകര്‍ക്കുകയാണ്.
റിമോട്ടുകള്‍ നശിക്കുന്നത് കണ്ടിട്ടും അമ്മക്ക് ഒരു കുലുക്കവുമില്ല. അവസാനം സഹികെട്ട് ആ പ്രൊഫസര്‍ പറഞ്ഞു: 'ജാന്‍സി കുട്ടികള്‍ എന്‍റെ റിമോട്ട് നശിപ്പിക്കുകയാണ്. ഇത് പഴയ മോഡലാണ്, വേറെ വാങ്ങാന്‍ കൂടി സാധിക്കില്ല. നീ എന്താണ് ഒന്നും മിണ്ടാത്തത്?'
അയാള്‍ കുട്ടികളോട് മോശമായി പെരുമാറി എന്ന് പറഞ്ഞു അവര്‍ ഇറങ്ങിപ്പോയിയത്രേ.
പാശ്ചാത്യരാജ്യത്തു പൊതുഇടങ്ങളില്‍ ചെന്നാല്‍ നമ്മള്‍ കാണുന്ന ഒരു പ്രത്യേകതയുണ്ട്. അവിടെ കുട്ടികള്‍ വളരെ നിശ്ശബ്ദരും, അച്ചടക്കമുള്ളവരും ആയിരിക്കും. ആവശ്യമില്ലാതെ കരയുകയോ, ബാക്കിയുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുകയോ ഒന്നും ചെയ്യില്ല. മറ്റു വീടുകളില്‍ ചെന്നാല്‍ അവര്‍ക്ക് ശല്ല്യമില്ലാതെ ഒരിടത്ത് ഇരിക്കും. കടയില്‍ കയറിയാല്‍ സാധനങ്ങള്‍ വാരി എടുക്കില്ല.
പക്ഷെ നമ്മുടെ കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ നമ്മളെപ്പോലെ ആകുന്നതും ഈ പരിശീലനത്തി ന്‍റെയും അച്ചടക്കരാഹിത്യത്തിന്‍റെയും പ്രശ്നം മൂലമാണ്.
ഏതാണ്ട് 70 വര്‍ഷം മുന്‍പ് കാനഡയിലോ അമേരിക്കയിലോ അവര്‍ നടപ്പാക്കി, അവര്‍ വളരെ കൃത്യമായിട്ട് പാലിക്കുന്ന ട്രാഫിക്ക് നിയമങ്ങളില്‍ ചിലത് ഈ വൈകിയവേളയില്‍ എങ്കിലും നടപ്പാക്കുന്നതിനെപറ്റി നമ്മുടെ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടല്ലോ, നല്ലത്.
കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി ദീര്‍ഘ ദൂരയാത്ര പോകുന്നവരോട് ഞാന്‍ എനിക്ക് അറിയാവുന്ന രീതിയിലൊക്കെ പറയാറുണ്ട്, 'ഇത് അപകടമാണ്. പുറകില്‍ ഒരു കാര്‍ സീറ്റ് വാങ്ങി അതില്‍ കുട്ടികളെ ഇരുത്തൂ. അപ്പോള്‍ ലഭിക്കുന്ന മറുപടികള്‍:
'അവന്‍ വല്ലാത്ത കുറുമ്പനാണ്. അവന്‍ അതിലൊന്നും ഇരിക്കില്ല മിച്ചര്‍''എന്‍റെ കുട്ടിയല്ലേ, ഞാന്‍ മുറുകെ പിടിച്ചിട്ടുണ്ട്.
'ദൈവം തുണയുള്ളപ്പോള്‍ എന്ത് പേടിക്കാന്‍.'
നിങ്ങളുടെ കുട്ടികള്‍ക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത? പുറത്തുള്ള രാജ്യത്തു ജീവിക്കുന്ന സകല വംശജരുടെയും കുട്ടികള്‍ക്ക് അച്ചടക്കം പാലിച്ചു കാറില്‍ ഇരിക്കാമെങ്കില്‍, പൊതു സ്ഥലത്തു നന്നായി പെരുമാറാന്‍ സാധിക്കുമെങ്കില്‍ ഇവിടെ നിങ്ങളുടെ കുഞ്ഞിനും അത് സാധിക്കും. അതിന് ആദ്യം മാറേണ്ടത് നിങ്ങളുടെ മനോഭാവമാണ്.
നമ്മള്‍ അച്ചടക്കം പാലിക്കുന്ന സ്ഥലങ്ങള്‍ ഇല്ല എന്നല്ല, തീര്‍ച്ചയായും ഉണ്ട്.-ബീവറേജ്സ് ഔട്ട് ലെറ്റിന്‍റെ മുന്‍പില്‍ മദ്യം വാങ്ങുവാന്‍.
-അനുഗ്രഹം വാങ്ങുവാന്‍ ആരാധനാല യങ്ങളില്‍.
-സിനിമയിലെ സ്റ്റന്‍ഡ് സീനില്‍ നായകന്‍റെ അടി കൊള്ളാന്‍വേണ്ടി കാത്തുനില്‍ക്കുന്ന വില്ലന്മാര്‍.
നമ്മുടെ പ്രൈമറി സ്കൂള്‍ മുതല്‍ കുറെയധികം മണ്ടത്തരങ്ങളും, ആവശ്യമില്ലാത്ത കുറെ കവിതകളും കഥകളും ഒക്കെ പഠിപ്പിക്കുന്നതിന് മുന്‍പ് നമുക്ക് കുട്ടികളെ കൃത്യമായിത്തന്നെ പഠിപ്പിക്കേണ്ട ചിലതുണ്ട്:
അച്ചടക്കം, സഹിഷ്ണുത, ശരിയായ ആശയവിനി മയം, നീന്തല്‍, പ്രഥമശുശ്രൂഷ തുടങ്ങിയവ.
കൂണ്‍പോലെ മുളയ്ക്കുന്ന അന്താരാഷ്ട്ര വിദ്യാലയങ്ങള്‍
കേരളത്തിലെ പുകള്‍പെറ്റ ഒരു അന്താരാഷ്ട്ര വിദ്യാലയത്തിലെ (International School) ഒരു സംഘം കുട്ടികളെ ഒരു പൊതുസ്ഥലത്തുവച്ച് കാണുവാനിട യായി. ഓരോ കുട്ടിയുടെയും നെഞ്ചില്‍ പരംവീര്‍ ചക്രം പോലെ തൂങ്ങുന്ന സ്കൂള്‍ ബാഡ്ജ്ജ്. ഇപ്രകാരമുള്ള ഒരു പഞ്ചനക്ഷത്ര വിദ്യാലയത്തില്‍ പഠിക്കുന്ന ഈ കുട്ടികള്‍ക്ക് ഒരു അന്താരാഷ്ട്ര മാന്യതയും, അച്ചടക്കവും പ്രതീക്ഷിച്ച ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. കലപില സംസാരിച്ചുകൊണ്ട് അലക്ഷ്യമായി നടന്നുപോയ രണ്ടു കുട്ടികള്‍ ആര്‍ക്കും ശല്ല്യമുണ്ടാക്കാതെ പാതയുടെ ഓരത്തു നിന്നിരുന്ന എന്‍റെ കാലില്‍ ചവുട്ടി. പ്രായത്തില്‍ മുതിര്‍ന്നവരുടെ കാലില്‍ ചെറുതായിപോലും നമ്മളുടെ കാലുകൊ ണ്ടാല്‍, ക്ഷമ പറയുകയും, കാലില്‍ തൊട്ടു വന്ദിക്കുകയും ചെയ്യുന്ന ഒരു സംസ്ക്കാരവും, വിദ്യാഭ്യാസവുമാണ്, എന്‍റെ തലമുറയും, എനിക്ക് മുന്‍പുള്ള അനേകം തലമുറയും സിദ്ധിച്ചിട്ടുള്ളതും, അനുവര്‍ത്തിച്ചു പോന്നിട്ടുള്ളതും. എന്നാല്‍ എന്‍റെ കാലില്‍ അത്ര ചെറുതല്ലാത്ത രീതിയില്‍ തന്നെ ചവുട്ടിയ ഒരു കുട്ടി ഒന്നും സംഭവിക്കാതെ കടന്നു പോയപ്പോള്‍, മറ്റേ കുട്ടി എന്നെ ഒരു അവജ്ഞയോടെ നോക്കുക പോലും ചെയ്തു.
പൊതുസ്ഥലത്ത് കൂടിനിന്നിരുന്ന പലരിലും ഇവരുടെ പെരുമാറ്റം അസ്വസ്ഥത ഉണ്ടാക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അടുത്തുതന്നെ ചവറ്റുകുട്ട ഉണ്ടായിട്ട് കൂടി, മിഠായി കടലാസുകള്‍ വെറും നിലത്തേക്ക് അലക്ഷ്യമായി ഇടുവാന്‍ അവര്‍ക്കൊരു മടിയും ഉള്ളതായി തോന്നിയില്ല.
നമ്മുടെ നാട്ടിലെ അന്തരാഷ്ട്ര വിദ്യാഭ്യാസം എന്താണ്:
ഇടയ്ക്കിടെ വായില്‍നിന്ന് വീഴുന്ന മുറി ഇംഗ്ലീഷ് -അതും ഹിന്ദി ചുവ ചേര്‍ന്ന അമേരിക്കന്‍ പ്രയോഗങ്ങള്‍, അമേരിക്കന്‍ ടെലിവിഷന്‍ ഷോകളെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ (Big bang theory),, അമേരിക്കന്‍ ഫാസ്റ്റ്ഫുഡ്ഡുകള്‍ തുടങ്ങിയവയൊ ക്കെയാണ് അവരുടെ അന്താരാഷ്ട്ര വിദ്യാഭ്യാസം അവര്‍ക്കു നല്‍കിയ മേന്മകള്‍ ..
ഒറ്റപ്പെട്ട ഒരു സംഭവം മുന്‍നിര്‍ത്തിയാണ് ഇത്രയും കാര്യങ്ങള്‍ എഴുതിയത് എന്ന് ധരിക്കരുത്. വിദ്യാഭ്യാസ മേഖലയിലും, മനഃശാസ്ത്ര മേഖലയിലും പ്രവര്‍ത്തിക്കുന്ന എനിക്ക് ഇതൊരു പഠന വിഷയം തന്നെയാണ്. ഇന്ത്യയിലും, വിദേശത്തുമായി വിഖ്യാത സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും കുട്ടികളുമായി നേരിട്ടും, അല്ലാതെയും സംവദിക്കു വാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. നമ്മുടെ സ്കൂള്‍തലത്തിലുള്ള വിദ്യാഭ്യാസത്തെപ്പറ്റിയാണ് ഈ ലേഖനത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്.
എന്‍റെ സ്കൂള്‍ അനുഭവം:
കേരളത്തിലെ നാട്ടിന്‍പുറത്തെ ഒരു ജെസ്യൂട്ട്സ്കൂളിലാണ് ഞാന്‍ പഠിച്ചത്. സ്കൂളില്‍ ചേര്‍ന്ന വര്‍ഷം, ഒരിക്കല്‍ ഞങ്ങള്‍ മൂന്ന് കൂട്ടുകാര്‍ മിഠായി തിന്നതിനുശേഷം അതിന്‍റെ കടലാസ് അലക്ഷ്യമായി വരാന്തയില്‍ തന്നെ ഇട്ടു, പുറകെ നടന്നു വന്നിരുന്ന ഞങ്ങളുടെ പ്രധാന അധ്യാപകന്‍ ആ കടലാസുകള്‍ എടുത്ത് അടുത്തുള്ള ചവറ്റു കുട്ടയില്‍ നിക്ഷേപിച്ചു. പിറ്റേദിവസത്തെ സ്കൂള്‍ അസംബ്ലിയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഞങ്ങളെ വല്ലാതെ സ്വാധിനിച്ചു. 'ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയായിരുന്ന പണ്ഡിറ്റ് നെഹ്റു തന്‍റെ ഓഫീസ് പരിസരത്തോ, വരാന്തയിലോ ആരെങ്കിലും അലക്ഷ്യമായി കടലാസുകഷണങ്ങള്‍ ഇട്ടിരിക്കുന്നത് കണ്ടാല്‍, അദ്ദേഹം അത് സ്വന്തം കൈകള്‍ കൊണ്ടെടുത്ത് അടുത്തുള്ള ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുമായിരുന്നു. അടുത്ത് ചവറ്റുകുട്ട ഇല്ലെങ്കില്‍ അദ്ദേഹം അത് തന്‍റെ സ്വന്തം പോക്കറ്റില്‍ ഇടുമായിരുന്നു. നെഹ്റുവിന് അതാകാമെങ്കില്‍ നമുക്കും അത് സാധിക്കും' പിന്നീട് ഒരിക്കലും റോഡിലോ, മറ്റു പൊതു സ്ഥലങ്ങളിലോ ഒരു ചെറിയ കടലാസുപോലും അലക്ഷ്യമായി വലിച്ചെറിയുവാന്‍ ഞങ്ങളില്‍ ഭൂരിഭാഗവും മിനക്കെടാറില്ല.
ആദ്യമായി ഒരു പാശ്ചാത്യരാജ്യത്ത് എത്തിയ പ്പോള്‍, അവരുടെ വൃത്തിയും മാന്യതയും, സഹിഷ്ണുതയും ഒക്കെ കണ്ട് എനിക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല. കാരണം സഹിഷ്ണുതയുടെയും യുക്തിഭദ്രതയുടെയും ശാസ്ത്രബോധത്തിന്‍റെയും പരസ്പരബഹുമാനത്തിന്‍റെയും പാഠങ്ങള്‍ ഞങ്ങളുടെ വിദ്യാലയം തന്നെ ഞങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയിരുന്നു.
വെള്ളയടിച്ച കുഴിമാടങ്ങള്‍:
അപാരമായ പ്രൗഢിയോടെ നിലകൊള്ളുന്ന ബഹുനില കെട്ടിടങ്ങളും, അമേരിക്കന്‍ ശൈലികളും, പാശ്ചാത്യഭക്ഷണങ്ങള്‍ ലഭിക്കുന്ന കാന്‍റീനുകള്‍, റോളര്‍ സ്കേറ്റിങ് പരിശീലനം, കുതിര സവാരി, ഗോള്‍ഫ്, ബില്യാര്‍ഡ്സ് തുടങ്ങിയ സായിപ്പിന്‍റെ നാട്ടിലെ ശൈത്യകാല വിനോദങ്ങള്‍ കുട്ടികളെ പഠിപ്പിച്ചതു കൊണ്ടൊന്നും ഒരു സ്കൂളും ഒരിക്കലും ഇന്‍റര്‍നാഷനല്‍ ആകില്ല.
എന്ത് തരത്തിലുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസ മാണ് ഇന്ത്യയുടെ ആവശ്യം?
വസുധൈവ കുടുംബകം -ലോകമേ തറവാട് എന്ന് ടാഗോര്‍ വിഭാവനം ചെയ്തത
അന്താരാഷ്ട്ര വിദ്യാലയങ്ങളാണ് നമ്മുടെ രാജ്യത്തിന് ആവശ്യം.
സങ്കുചിതമായ കാഴ്ചപ്പാടുകളും, വിഭാഗീയമായ ഭേദചിന്തകളുംകൊണ്ട് മനുഷ്യ ബന്ധങ്ങള്‍ക്ക് മതിലുകള്‍ തീര്‍ക്കാത്ത വിദ്യാലയം.
കോര്‍പ്പറേറ്റ് ദാസ്യവൃത്തിക്കും, പണ സമ്പാദനത്തിനുമുള്ള യന്ത്രങ്ങളെ അടവച്ച് വിരിയിക്കുന്ന പഠനസമ്പ്രദായം അല്ല നമുക്ക് വേണ്ടത്.
മനുഷ്യത്വത്തിനും മനുഷ്യസ്നേഹത്തിനും മൗലികപ്രാധാന്യം കല്‍പ്പിക്കുന്ന വിദ്യാലയങ്ങള്‍ നമുക്ക് വേണം. പൊതു ജീവിതത്തിലും, കുടുംബ ജീവിതത്തിലും പാലിക്കേണ്ട വൃത്തി, മാന്യത, സഹിഷ്ണുത, ക്ഷമ തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വിദ്യാലയങ്ങള്‍ നമുക്ക് വേണം.
രാജ്യത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കുന്ന, പൗരബോധമുള്ളവരെ വാര്‍ത്തെടുക്കുന്നവയാ യിരിക്കണം വിദ്യാലയങ്ങള്‍. ഓരോ കുട്ടിയുടെയും അഭിരുചി മനസ്സിലാക്കി അവനു താല്‍പ്പര്യമുള്ള മേഖല തിരഞ്ഞെടുക്കുവാന്‍ പ്രാപ്തനാകുന്ന വിദ്യാഭ്യാസമാണ് നമുക്ക് വേണ്ടത്.
ട്രാഫിക്ക് നിയമങ്ങളും മറ്റു പൊതുനിയങ്ങളും അനുസരിക്കേണ്ടത് ശിക്ഷിക്കപ്പെടും എന്ന ഭയം കൊണ്ടല്ല, മറിച്ച് അത് അനുസരിക്കേണ്ടത് തന്‍റെ കര്‍ത്തവ്യം ആണെന്നുമുള്ള നീതിബോധം കുട്ടികളില്‍ രൂഢമൂലമാക്കുന്നതായിരിക്കണം വിദ്യാലയങ്ങള്‍.
മനുഷ്യജീവനും, മനുഷ്യത്വത്തിനും, സഹ ജീവികളോടുള്ള കരുണയ്ക്കും അങ്ങേയറ്റം പ്രാധാന്യം നല്‍കുന്ന നല്ല മനുഷ്യരെ വാര്‍ത്തെടുക്കുന്ന വിദ്യാലയങ്ങളാണ് രാജ്യത്തിന് ആവശ്യം.
നമ്മുടെ നാട്ടിലെ ജോലിയോടുള്ള ആത്മാര്‍ത്ഥത യില്ലായ്മയും, പുറംതിരിഞ്ഞ തൊഴില്‍ സംസ്ക്കാ രവും അപ്പാടെ തിരുത്തി, ഉത്തരവാദി ത്തമുള്ള ഒരു കൂട്ടം പൗരന്മാരെ സൃഷ്ടിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് രാജ്യത്തിന് വേണ്ടത്.
അവശരോടും, പ്രായമായവരോടും, സമൂഹ ത്തിലെ അധഃസ്ഥിതവര്‍ഗത്തോടും കരുണയും, ബഹുമാനും കാട്ടുന്ന ഒരു ഉദ്ബുദ്ധ സമൂഹത്തെ വാര്‍ത്തെടുക്കുന്ന വിദ്യാലയങ്ങള്‍ വേണം നമുക്ക്. പക്ഷിമൃഗാദികളുടെയും, പ്രകൃതിയുടെയും സംരക്ഷണം തന്‍റെ കടമയായി കരുതുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്ന ഒരു വിദ്യാലയം.
എല്ലാത്തിനുമുപരി നമ്മുടെ കുട്ടികളെ നിര്‍ബന്ധമായി പരിശീലിപ്പിക്കേണ്ട കാര്യങ്ങളാണ് -നീന്തല്‍, പ്രഥമശുശ്രുഷ നല്‍കല്‍, അടിസ്ഥാനപര മായ സൈനിക പരിശീലനം എന്നിവ.
എല്ലാ കുട്ടിയും ഏതെങ്കിലും ഒരു കല, സംഗീത ഉപകരണം, സ്പോര്‍ട്സ് ഇനം ഇവയിലേതെങ്കിലും ഒന്നില്‍ നിര്‍ബന്ധമായും പരിശീലനം നേടിയിരി ക്കണം.മനോരോഗങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്ധ വിശ്വാസങ്ങളും, അറിവില്ലായ്മയും പാടേ നീക്കി, അടിസ്ഥാനപരമായ മനശ്ശാസ്ത്രപരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലങ്ങള്‍ നല്‍കണം.
വിദ്യാര്‍ത്ഥികളെ ശാസ്ത്രബോധവും, ശാസ്ത്ര ബോധത്തില്‍ ഊന്നിയുള്ള ചിന്താരീതികളും നിര്‍ബന്ധമായും വിദ്യാലങ്ങള്‍ പരിശീലിപ്പിക്കണം.'ഒരു വ്യക്തിയുടെ മാനസികവും,ബൗദ്ധികവുമായ ഗുണങ്ങളെയും, നന്മകളെയും കണ്ടെത്തി അത് വികസിപ്പിച്ചെടുക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്‍റെ പരമ ലക്ഷ്യം.' മഹാത്മാ ഗാന്ധി.