സാവൂളിൻ്റെ മരണം


സാവൂളിൻ്റെ മാനസാന്തര കഥ വീണ്ടും വായിക്കുകയായിരുന്നു. ഒരുപക്ഷേ, ഇത്ര നാടകീയമായ ഒരു മാനസാന്തരകഥ ചരിത്രത്തിൽ ഇന്നോളം മറ്റാർക്കെങ്കിലും ഉണ്ടാകുമോ?!
നൂറ്റിയെൺപതു ഡിഗ്രിയാണയാൾ തിരിഞ്ഞത്! തിരിഞ്ഞതല്ല; പിടിച്ചു തിരിച്ചതാണ്! മുൻ വായനകളിൽ ഞാൻ ശ്രദ്ധിക്കാതെ കിടന്ന ചില കാര്യങ്ങൾ ഇത്തവണ കാണാറായി.
ബോബിയച്ചൻ തൻ്റെ പാട്ടിൽ കുറിക്കും പോലെ "മിന്നലേറ്റ മരം" ആയിരുന്നു പൗലോസ്. ആ ഒറ്റമിന്നലിൽ അയാൾ മരിച്ചാണ് വീഴുന്നത്. അവർ കൈക്കുപിടിച്ച് ഡമാസ്കസിലേക്ക് കൊണ്ടുവരുന്നത് മൃതനെയാണ്. പിന്നീടയാൾ ഇരുട്ടിലാണ്, പൂർണ്ണമായും. മൂന്നു ദിവസം അവൻ ഇരുട്ടിൽ ഇരിക്കുകയാണ്. അവൻ തൻ്റെ കല്ലറയിലാണ്. ഭക്ഷിക്കുകയോ പാനം ചെയുകയോ ചെയ്യാതെ! അനനിയാസ് വന്ന് അയാളുടെ മേൽ കൈവച്ച് പ്രാർത്ഥിക്കുമ്പോൾ അയാളുടെ കണ്ണുകളിൽ നിന്ന് ചെതുമ്പലുകൾ പോലെന്തോ ഒന്ന് പൊഴിഞ്ഞുവീണത്രേ! അതയാളുടെ നയനങ്ങളും കാഴ്ചപ്പാടുകളും മാത്രമല്ല പുതുക്കിയത്, അയാളുടെ ശരീരവും അസ്തിത്വവുമായിരുന്നു! അയാളിപ്പോഴും തൻ്റെ മാതൃഗർഭത്തിലാണ്; കല്ലറയിലാണ്. "അവൻ എഴുന്നേറ്റ് ജ്ഞാനസ്നാനം സ്വീകരിച്ചു" എന്നാണ് എഴുതപ്പെട്ടിട്ടുള്ളത്. അത് ഉത്ഥാനത്തിൻ്റെ എഴുന്നേല്പാണല്ലോ! "അനന്തരം അവൻ ഭക്ഷണം കഴിച്ച് ശക്തിപ്രാപിക്കുകയും ഡമാസ്കസിലെ ശിഷ്യരോടൊപ്പം കുറേ ദിവസം താമസിക്കുകയും ചെയ്തു."
നല്ല ഫൂഡ്ഡടിച്ച് മാസ്സായി എന്നാവില്ലല്ലോ അത്. " മാർഗ്ഗമധ്യേ നിനക്ക് പ്രത്യക്ഷപ്പെട്ട കർത്താവായ യേശു, നിനക്ക് വീണ്ടും കാഴ്‌ചലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാൽ നിറയുന്നതിനും വേണ്ടി എന്നെ അയച്ചിരിക്കുന്നു" എന്നാണല്ലോ അനനിയാസ് പറയുന്നത്. അപ്പോൾ ജ്‌ഞാനസ്‌നാന ശേഷമുള്ള 'ഭക്ഷണം കഴിക്കൽ' അപ്പംമുറിക്കൽ ശുശ്രൂഷയാവാനാണ് സാധ്യത. "ശക്തിപ്രാപിച്ചു" എന്നത് ആത്മാവിൽ നിറയുന്നതിനെയാവും സൂചിപ്പിക്കുന്നത്. ശിഷ്യരൊപ്പമുള്ള വാസം എന്നത് കൂട്ടായ്മയാവുമല്ലോ!
"ഞാൻ ജീവിക്കുന്നു. എന്നാൽ ഞാനല്ല, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്" എന്നയാൾ വെറുതേ പറയുന്നതാവില്ലല്ലോ!
















































































































