top of page

കൊക്രോണ..

Apr 20, 2020

6 min read

ഫാ. ജോസ് വെട്ടിക്കാട്ട്
the family

അല്‍പം ആരോഗ്യപ്രശ്നമുള്ള എന്‍റെ ഒരു സ്നേഹിതനച്ചനെ കാണാന്‍ ഞങ്ങളുടെതന്നെ ഒരാശ്രമത്തില്‍ പോയിട്ടു തിരിച്ചുവരുന്നവഴി പെട്രോള്‍പമ്പില്‍ കയറി. ബില്ലു സൂക്ഷിക്കാറുള്ളതുകൊണ്ട് സാധാരണ കിട്ടുന്ന കമ്പ്യൂട്ടര്‍ ബില്ലല്ല, എഴുതിയ ബില്ലുതരണമെന്നാവശ്യപ്പെട്ടു. എന്‍റെ പിന്നില്‍ രണ്ടുമൂന്നു വണ്ടികള്‍ കാത്തുകിടന്നിരുന്നതുകൊണ്ട് ഞാന്‍ വണ്ടിരമുന്നോട്ടുമാറ്റി പമ്പിന്‍റെ സൈഡില്‍ പാര്‍ക്കുചെയ്തിട്ടു, ബില്ലിനുവേണ്ടി സപ്ലയറുടെ അടുത്തേക്കുനടന്നു. അടുത്ത ഒരുവണ്ടിക്കുകൂടി അടിച്ചുകഴിഞ്ഞ് അയാള്‍വന്ന് ബില്ലെഴുതിത്തന്നു. അതുമായി കാറിനടുത്തെത്തിയപ്പോളേക്കും ഒരു ടാക്സികാര്‍ എന്‍റെ വണ്ടിയുടെ മുമ്പിലിട്ടു ബ്ലോക്കുചെയ്തു. പമ്പില്‍നിന്നും ആരൊക്കെയോ ബഹളംവയ്ക്കുന്നതുകേട്ടു. ഒരു സപ്ലയര്‍ ഓടിവരുന്നുതും കണ്ടു. ടാക്സിഡ്രൈവര്‍ പെട്ടന്നുപുറത്തിറങ്ങി എന്‍റടുത്തേക്ക് ഓടിവന്നു."അച്ചാ പോകല്ലേ, ഒരു മിനിറ്റ്, ഞാനീ കാശൊന്നു കൊടുത്തോട്ടെ." ഓടിവന്ന സപ്ലയര്‍ അടുത്തെത്തിയിരുന്നു. ഞാന്‍ ടാക്സിയുടെ നമ്പര്‍പ്ലേറ്റുനോക്കി. ഈയിടെ കൊറോണ കുറേ പടര്‍ന്ന നാട്ടിലെ രജിസ്ട്രേഷനായിരുന്നു.

"ഞാന്‍ കളിപ്പിച്ചോണ്ട് ഓടിപോന്നതല്ല ചേട്ടാ, ഈ അച്ചന്‍ പോകുന്നതിനുമുമ്പ് ഒന്നു പറയാന്‍വേണ്ടി ഓടിയതാ. ഇതാ."

അയാള്‍ കൊടുത്ത രണ്ടായിരത്തിന്‍റെ നോട്ടുംവാങ്ങി സപ്ലയറു പോവുകയും ചെയ്തു. വേഗം അയാള്‍ എന്‍റടുത്തേക്കുവന്നു. ചെറുതായൊന്നു ഞെട്ടി. തമ്പുരാനേ, ഇയാള്‍ വല്ലകൊറോണായുംകൊണ്ടു നമുക്കിട്ടു പണിതരാന്‍ വന്നതായിരുക്കുമോ!

"അച്ചനോടൊരു കാര്യംചോദിക്കാനായിരുന്നു, ഭാര്യ പറഞ്ഞിട്ടാ."

"എന്താ കാര്യം, വഴിവല്ലതുമറിയാനാണെങ്കില്‍ ഞാനീ നാട്ടുകാരനല്ല."

"അല്ലച്ചാ, പേഴ്സണല്‍ കാര്യമാ."

"ഇദ്ദേഹത്തെ എനിക്കു പരിചയമില്ലല്ലോ. തന്നെയല്ല, ഇവിടെനിന്നും മൂന്നുമണിക്കൂര്‍ ഓടിയാലെ എന്‍റെ ആശ്രമത്തിലെത്തൂ. വണ്ടി മുമ്പീന്നുമാറ്റി എന്നെ ഒഴിവാക്കിവിട്."

"അച്ചനെ ഞാനെവിടെ വേണമെങ്കിലും കൊണ്ടെവിടാം, ഒരഞ്ചു മിനിറ്റുമതി."

"അതു തരക്കേടില്ലല്ലോ. എന്നേം എന്‍റെ വണ്ടീംകൂടെ കേറ്റിക്കൊണ്ടു പോകാനും മാത്രം ഇങ്ങേരടെ വണ്ടി  അത്ര കേമനാണെന്നറിയില്ലായിരുന്നു."

"അത്യാവശ്യംകൊണ്ട് അറിയാതെ പറഞ്ഞുപോയതാണച്ചാ. അച്ചനുവണ്ടിയുള്ളകാര്യം ഓര്‍ത്തില്ല. വല്യ തെരക്കില്ലാത്ത ബൈപ്പാസാണച്ചാ. ഇവിടുന്നു റോഡിലേക്കിറങ്ങിയാല്‍ സൈഡില്‍ പാര്‍ക്കുചെയ്യാന്‍ എമ്പിടി സ്ഥലമുണ്ട്. ഒരഞ്ചുമിനിറ്റ്."

"ശരി, ഇദ്ദേഹം മുന്നില്‍പോ."

തൊട്ടടുത്തുതന്നെ റോഡിനോടു ചേര്‍ന്നുണ്ടായിരുന്ന മരങ്ങളുടെ തണലില്‍ അയാള്‍ വണ്ടിയൊതുക്കി. ഞാന്‍ അതിനു പിന്നിലും. അയാളിറങ്ങി, ഞാനും."വണ്ടിക്കകത്തിരിക്കണോ അച്ചാ, ഏസി ഓണാക്കാം."

"വേണ്ട, എനിക്ക് എസി അലര്‍ജിയാ. അതുംപോരാഞ്ഞ് കൊറോണാ പിടിച്ച നാട്ടീന്നുള്ള വണ്ടീം.""രജിസ്ട്രഷനെ അവിടുന്നുള്ളച്ചാ. ഈവണ്ടി ആ നാടുകണ്ടിട്ട് കൊല്ലങ്ങളു കഴിഞ്ഞു.""ഞാന്‍ ചുമ്മാ പറഞ്ഞതാ. ഇയാളുടെ കാറിലിരിക്കുന്നതാരാ, യാത്രക്കാരുവല്ലവരുമാണോ?"

"അല്ലച്ചാ, ഭാര്യയാ. അവളെക്കൂടെ വിളിക്കട്ടെ."

"ഏയ്, ഒട്ടുംവേണ്ട, വേഗം പറ, എന്താ ചോദിക്കാനുണ്ടെന്നു പറഞ്ഞകാര്യം?" അതും പറഞ്ഞു ഞാന്‍ എന്‍റെ വണ്ടിയുടെ മറവിലേയ്ക്കു മാറിനിന്നു.

"ഞാനൊരു വലിയ വിഷമത്തിലാണച്ചാ. ഇപ്പോള്‍തന്നെ ഒരു ധ്യാനമന്ദിരത്തില്‍ പോയിട്ടു വരുന്ന വഴിയാണു ഞാനും ഭാര്യയും."

"കുടുംബപ്രശ്നം വല്ലതുമാണെങ്കില്‍ ഞാന്‍ ഇടപെടില്ല. കാരണം അതു വഴീല്‍നിന്നു പറഞ്ഞാല്‍ തീരാന്‍ പോകുന്നില്ല."

"അല്ലച്ചാ, ഭാര്യയ്ക്ക് ഒരു കുഴപ്പവുമില്ല. പമ്പില്‍വച്ച് അച്ചന്‍ കാറില്‍നിന്നിറങ്ങി പോകുന്നതുകണ്ടത് അവളാണ്. ഞാന്‍ ഡീസലടിച്ചോണ്ടിരുന്നപ്പോള്‍ അച്ചന്‍ ബില്ലെഴുതിക്കുന്നതുകണ്ടു. അപ്പോളവളാ പറഞ്ഞത്, ഇതുപോലത്തെ ഉടുപ്പിട്ട അച്ചന്മാരാ കഴിഞ്ഞകൊല്ലം ധ്യാനിപ്പിക്കാന്‍ ഇടവകപ്പള്ളീല്‍ വന്നത്. ആ അച്ചന്മാരു നല്ലപോലെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിത്തന്നതുകൊണ്ടാ അവള്‍ക്കിത്രയും പിടിച്ചുനില്‍ക്കാന്‍ പറ്റുന്നതെന്ന്. എനിക്കുവേണ്ടി ദൈവം കൊണ്ടുവന്നതാ ഇപ്പോളച്ചനെ ഇവിടെ, ഇറങ്ങിച്ചെന്നുകാണാന്‍. ഡീസലടിച്ചു തീര്‍ന്നപ്പോളേക്കും അച്ചന്‍ ചെന്നു വണ്ടിയില്‍ കയറി. അതുകൊണ്ടായിരുന്നു കാശുപോലും കൊടുക്കാതെ ഓടിവന്ന് അച്ചന്‍റെ വണ്ടീടെ മുമ്പില്‍ കയറ്റിയിട്ടത്. കൊറോണാ തന്നെയാ അച്ചാസ ഇപ്പോളെന്‍റെയും പ്രശ്നം."

കേട്ടപാടെ ഒറ്റച്ചാട്ടത്തിനു ഞാന്‍ നാലഞ്ചടി പുറകിലേക്കുമാറി.

"തമ്പുരാനെ, എന്നിട്ടാണോ ഇയാളിങ്ങനെ നാടുനീളെ നടക്കുന്നത്."

"എനിക്കു കൊറോണ പിടിച്ചെന്നല്ലച്ചാ ഞാന്‍ പറഞ്ഞത്. അച്ചാ, എനിക്കു രണ്ടു മക്കളാ, ഒരാണും ഒരു പെണ്ണും. രണ്ടും നേഴ്സുമാര്. രണ്ടുപേരും വിദേശത്ത്. രണ്ടുപേരുമിപ്പോള്‍ കൊറോണായുടെ നടുക്കാ."

"അവര്‍ക്കിങ്ങു തിരിച്ചു പോന്നാപ്പോരെ, സര്‍ക്കാരതിനുള്ള സൗകര്യങ്ങളൊക്കെ ചെയ്യുന്നുണ്ടല്ലോ."

"മകനു പോരാം. അവനവധിയുണ്ട്. പക്ഷേ മകള്‍ക്കവധി കിട്ടത്തില്ല. ഏജന്‍റുവഴി പോയതാ. പകരം ആളില്ലാതെ ജോലി ഉപേക്ഷിച്ചായാലും പോരാന്‍ പറ്റത്തില്ല. അവളില്ലാതെ അവന്‍ പോരത്തുമില്ല."

"ഇതിപ്പം എന്നോടു പറഞ്ഞിട്ടു ഞാനെന്തുചെയ്യാനാ, തന്‍റെ ഒരാശ്വാസത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്നു പറയാമെന്നല്ലാതെ ഞാനെന്തു പോംവഴിയുണ്ടാക്കാനാ."

"അതുമല്ലച്ചാ എന്‍റെ പ്രശ്നം. എന്‍റെ മക്കള്‍ക്കിങ്ങനെ വന്നതു ഞാന്‍ കാരണമാണെന്നാണെന്നാണ് എന്‍റെ മനസ്സുപറയുന്നത്. ഇന്നിപ്പോള്‍ ഞാന്‍ പോയി കണ്ട ധ്യാനഗുരുവും അങ്ങനെതന്നെയാണെന്നാണു തറപ്പിച്ചു പറഞ്ഞത്."

"സഹോദരാ, എന്നെവിട്. എനിക്കു കേള്‍ക്കാനും സംസാരിക്കാനും തീരെ താത്പര്യമില്ലാത്ത വിഷയമാണ് ഇയാളു പറഞ്ഞുവരുന്നത്."

ഞാന്‍ ചെന്നു വണ്ടിയില്‍ കയറിയതായിരുന്നു. ആ നേരത്തു, കണ്ണുനിറഞ്ഞു കൈയ്യുംകൂപ്പി 'അച്ചാ, ഒന്നു സഹായിച്ചിട്ടു പോണേ' എന്നുള്ള യാചന കേട്ടപ്പോള്‍ മനസ്സുമാറ്റി, പിന്നെയും ഇറങ്ങിച്ചെന്നു.

"താങ്ക് യൂ അച്ചാ. അച്ചാ ഞാനും ഭാര്യയും ഇവിടെയടുത്ത് ഒരുവീട്ടില്‍ സഹായിക്കാന്‍ നില്‍ക്കുകയാണ്. അവിടെ പത്തെണ്‍പത്തഞ്ചുവയസ്സുള്ള ഒരച്ചായനും അമ്മച്ചിയുമുണ്ട്. അവരെ എല്ലാദിവസവും പള്ളീല്‍ കൊണ്ടുപോകണം, പിന്നെ ആവശ്യമുള്ളപ്പോളൊക്കെ ആശുപത്രീല്‍ കൊണ്ടുപോകണം ഇത്രയും പണിയേ ഉള്ളു. ഭാര്യ അമ്മച്ചിയുടെ കാര്യങ്ങളും നോക്കും അടുക്കളപ്പണിയും ചെയ്യുന്നു. ഈ അച്ചായന്‍ പറഞ്ഞിട്ടാണ് ഞാനിപ്പോളീ ധ്യാനമന്ദിരത്തില്‍ പോയത്. ഞാനെന്‍റെ പഴയകാലത്തെപ്പറ്റി അല്‍പം പറഞ്ഞാലേ അച്ചനെന്‍റെ വിഷമം മനസ്സിലാകൂ.

അപ്പന്‍ ലോറിഡ്രൈവറായിരുന്നു. പത്തുസെന്‍റില്‍താഴെമാത്രം സ്ഥലത്ത് ഒരു കൊച്ചുവീടും. അപ്പന്‍ നല്ല ഡ്രൈവറായിരുന്നു. തന്നെയല്ല, ലോഡുചെയ്ത തടി കെട്ടിയുറപ്പിക്കാന്‍ അപ്പന് ഒരു പ്രത്യേക വശവുമുണ്ടായിരുന്നു. മാത്രമല്ല ലോഡിങ്ങിന് ആളുതികഞ്ഞില്ലെങ്കില്‍ അതിനും അപ്പന്‍ കൂടുമായിരുന്നു. അതെല്ലാംകൊണ്ട് സാമാന്യം നല്ല വരുമാനം അപ്പനുണ്ടായിരുന്നെങ്കിലും മിക്കവാറും മദ്യപിക്കാറുണ്ടായിരുന്നതുകൊണ്ട് അമ്മയും അയലത്തെ വീടുകളിലൊക്കെപ്പോയി ചെറിയ പണികളൊക്കെചെയ്താണ് ഞങ്ങളു പട്ടിണികൂടാതെ കഴിഞ്ഞിരുന്നത്. ഞങ്ങളു രണ്ട് ആണ്‍മക്കളാണ്. അനുജന്‍ എന്നെക്കാളും നാലഞ്ചുവയസ്സിന് ഇളപ്പമാണ്. അവനിപ്പോഴും കുടുംബമായി എന്‍റെ വീട്ടില്‍തന്നെയുണ്ട്. അമ്മയും അവന്‍റെ കൂട്ടത്തിലാണ്."

"അപ്പന്‍ ആരുടെ കൂട്ടത്തിലാ?"

"അതാ അച്ചാ, ഞാനീ പറയാന്‍ വരുന്നത്. മദ്യപിച്ചുവന്നു വീട്ടില്‍ ബഹളംവയ്ക്കുമായിരുന്നെങ്കിലും അപ്പന്‍ ഒരിക്കലും അമ്മയേയോ, ഞങ്ങളെയോ ദേഹോപദ്രവം ചെയ്തിട്ടില്ല. മിക്കദിവസങ്ങളിലും ലോഡുംകൊണ്ടു വൈകുന്നേരം പെരുമ്പാവൂര്‍ക്കും മറ്റും പോകും. എന്നുപോയാലും വെളുപ്പിനു രണ്ടുമണി കഴിഞ്ഞേ തിരിച്ചെത്താറുണ്ടായിരുന്നുള്ളു. എപ്പോള്‍വന്നാലും അമ്മയും അത്താഴമുണ്ണാതെ ചോറും കറിയുമായി കാത്തിരിക്കുമായിരുന്നു. മദ്യപിച്ചിട്ടാണു വരുന്നതെങ്കിലും ചിലദിവസങ്ങളില്‍ ശാന്തമായിരുന്ന് ഉണ്ണും, ഊണു കഴിയുമ്പോള്‍ കൈയ്യില്‍ ബാക്കിയുള്ളത്രയും കാശും അമ്മയുടെ മുന്നിലേക്ക് വയ്ക്കും. എന്നാല്‍ പലദിവസങ്ങളിലും കുടിച്ചിട്ടു വന്നുകഴിഞ്ഞാല്‍ അമ്മയുടെനേരെ തട്ടിക്കയറുമായിരുന്നു. കഞ്ഞിയും കറിയുമെടുത്തെറിയും, അമ്മയ്ക്കു വിളമ്പിവച്ചിരുന്നതുപോലും കമിഴ്ത്തിക്കളയും. ഇതു സ്ഥിരം സംഭവമായിരുന്നതുകൊണ്ട് ഞാനും അനുജനും ഉണര്‍ന്നാലും എഴുന്നേറ്റു ചെല്ലാറുമില്ലായിരുന്നു. അപ്പനെന്തൊക്കെ ചെയ്താലും അമ്മയൊന്നും മിണ്ടാതെ കരഞ്ഞിട്ടുള്ളതല്ലാതെ അപ്പനെ കുറ്റപ്പെടുത്തി പറയാറുമില്ലായിരുന്നു.

ഞാന്‍ പത്താംക്ലാസ്സില്‍ തോറ്റു കഴിഞ്ഞ് ഒരു വര്‍ക്ഷോപ്പില്‍ പണിക്കുപോയി. അവിടെ നിന്നുകൊണ്ടുതന്നെ ഡ്രൈവിങ്ങും പഠിച്ചു. പിന്നെ വര്‍ക്ഷോപ്പുകാരന്‍റെ ഓട്ടോ രാത്രിയില്‍ ഓട്ടത്തിനെടുത്തു. നാലഞ്ചു കിലോമീറ്ററകലെ റെയില്‍വേ സ്റ്റേഷനുണ്ടായിരുന്നതുകൊണ്ട്, നാലഞ്ചു രാത്രിവണ്ടികള്‍ വരുമ്പോള്‍ എങ്ങനായാലും പത്തുമുന്നൂറു രൂപായ്ക്ക് ഓട്ടം കിട്ടുമായിരുന്നു. അതുകൊണ്ടുപിന്നെ അമ്മ പുറത്തുപണിക്കു പോകേണ്ടിവന്നില്ല. വെളുപ്പിനു മൂന്നുമണിക്കുള്ള ട്രെയിനിനു വരുന്നവരുടെ ഓട്ടം കഴിഞ്ഞാല്‍ ഓട്ടോ, വര്‍ക് ഷോപ്പില്‍ കൊണ്ടിട്ടിട്ടു സൈക്കിളിനു വീട്ടില്‍ പോയിക്കിടന്നുറങ്ങുകയായിരുന്നു പതിവ്. ഏഴുമണിക്കെഴുന്നേറ്റ് പിന്നേം വര്‍ക് ഷോപ്പിലേക്കും പോകും. അനുജനും പത്തുകഴിഞ്ഞു വയറിങ്ങുകാരുടെ കൂടെ പോയി കാശുണ്ടാക്കാന്‍ തുടങ്ങി.

ഒരുദിവസം വെളുപ്പിനു ഞാന്‍ ഓട്ടംകഴിഞ്ഞു ചെല്ലുമ്പോള്‍ അപ്പന്‍ ലോഡുമായിപ്പോയിട്ടു തിരിച്ചുവന്നിട്ടേയുള്ളു. നല്ല ബഹളത്തിനിടയിലായിരുന്നു ഞാന്‍ കയറിച്ചെന്നത്. ഊണുമേശയുടെ അപ്പുറത്ത് അപ്പനിരിപ്പുണ്ടായിരുന്നു. അമ്മ ഇപ്പുറത്തുനില്‍ക്കുന്നുമുണ്ടായിരുന്നു. മേശയില്‍ ചോറു മറിച്ചിട്ടിട്ടുണ്ട്, കറിപ്പാത്രം കമിഴ്ന്നു കിടപ്പുണ്ട്. അരിശം വന്നെങ്കിലും ഒന്നുംമിണ്ടാതെ ഞാനും മേശയുടെ ഇപ്പുറത്തിരുന്നു. അമ്മ വീണ്ടും ചോറു വളമ്പികൊണ്ടുവന്നു. അത് അമ്മയ്ക്കു വച്ചിരുന്ന ചോറാണെന്നെനിക്കറിയാമായിരുന്നു. 'കറിയിനിയില്ലേടീ'ന്നു ചോദിച്ചു, അമ്മ കറിയെടുക്കാന്‍ പോയി. 'ചോറുകൊണ്ടുവന്നു വച്ചാല്‍ കറിവേണമെന്നറിയാന്‍മേലേ'ന്നും ചോദിച്ച് അപ്പന്‍ ആ ചോറും എടുത്ത് എറിയാന്‍ ഓങ്ങി. ഞാന്‍ കയറിപ്പിടിച്ചു. ചോറും പാത്രത്തില്‍നിന്നു പിടിവിടാതെ അപ്പന്‍ ഇടത്തുകൈകൊണ്ട് എനിക്കിട്ട് അടിക്കാനോങ്ങി. ഞാന്‍ വലത്തുകൈകൊണ്ട് അടി തടഞ്ഞു. അപ്പന്‍ എന്നെ ചവിട്ടാന്‍ ഇടത്തെക്കാലു പൊക്കി, സത്യമായിട്ടും അച്ചാ, അപ്പനെ ചവിട്ടാനല്ലായിരുന്നു, അപ്പന്‍റെ ചവിട്ടു തടയാന്‍വേണ്ടി ഞാന്‍ വലത്തെക്കാലു പൊക്കി. അപ്പന്‍റെ തൊഴി എന്‍റെ കാലില്‍കൊണ്ടു, ബാലന്‍സു തെറ്റി അപ്പന്‍ കസേരേം മറിച്ചിട്ട് അടിച്ചുകെട്ടി താഴെ. അമ്മ ഓടിവന്നു. അനിയനും എഴുന്നേറ്റോടിവന്നു.

അപ്പന്‍ നിലത്തുനിന്നെഴുന്നേറ്റു വരുന്നതല്ലാതെ സംഭവിച്ചതൊന്നും ആരും കണ്ടില്ല. 'നീ അപ്പനെ തൊഴിച്ചു താഴെയിടും അല്ലേടാ'ന്നു ചോദിച്ചതല്ലാതെ മറ്റൊന്നും മിണ്ടാതെ അപ്പന്‍ മുറ്റത്തേക്കിറങ്ങിപ്പോകുന്നതുകണ്ടു. അനിയന്‍ ഒന്നും മിണ്ടാതെ കയറിപ്പോയി, അമ്മയും ഒന്നും ചോദിച്ചില്ല. ഇന്നുവരെയും ആ സംഭവത്തെപ്പറ്റി ഒരിക്കലും ആരും ചോദിച്ചിട്ടുമില്ല, ആരും പറഞ്ഞിട്ടുമില്ല. അമ്മയ്ക്കുവേണ്ടി വച്ചിരുന്ന ചോറുംകൂടെ അപ്പനെടുത്തെറിയുമല്ലോ എന്നോര്‍ത്താണ് ഞാന്‍ കയറിപ്പിടിച്ചത്, തൊഴിവന്നതു തടുക്കാനല്ലാതെ ഞാന്‍ അപ്പനെ തൊഴിക്കാന്‍ മനസ്സില്‍പോലും ഓര്‍ത്തതുമല്ലച്ചാ. അതുകൊണ്ട് എന്‍റെ ഭാഗത്ത് തെറ്റില്ലെന്നുതന്നെ ഞാന്‍ വിശ്വസിച്ചു. എന്തായാലും അതില്‍പിന്നെ അപ്പന്‍ ഒരിക്കലും ഭക്ഷണമെടുത്തെറിഞ്ഞിട്ടില്ല. പക്ഷേ എന്നോടെപ്പോഴും എന്തോ അകലം പാലിക്കുന്നതുപോലെ തോന്നി.

എനിക്കു കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ടായിരുന്നെങ്കിലും അപ്പന്‍ അതിനൊരു ഉത്സാഹവും കാണിച്ചില്ല. പിന്നെ അമ്മവീട്ടുകാര് ഇടപെട്ടാണ് എന്‍റെ കല്യാണം നടത്തിയത് എങ്കിലും അപ്പന്‍ വേണ്ടതുപോലെ സഹകരിച്ചു. പിന്നെപിന്നെ അപ്പന് ഇടയ്ക്കിടക്ക് ശക്തമായ തലവേദന വന്നുതുടങ്ങി. ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞിട്ട് ഒരിക്കലും കൂട്ടാക്കിയില്ല. അതോടെ ഡ്രൈവറുപണി അനിയനെ ഏല്‍പിച്ചു. വല്ലപ്പോഴുമൊക്കെ അപ്പനും പോകാറുണ്ടായിരുന്നു. അനിയന്‍റെ കല്യാണക്കാര്യത്തില്‍ അപ്പന്‍തന്നെ വേണ്ടതുചെയ്തു. എനിക്കൊരു കുട്ടിയും കൂടി ആയപ്പോള്‍ വീട്ടില്‍ തീരെ ഇടയില്ലാതായി. വീടുവയ്ക്കുന്നതിനെപ്പറ്റി ഒരിക്കല്‍ അപ്പന്‍തന്നെ പറഞ്ഞു: 'പുതിയ വീടു വയ്ക്കണോ? എല്ലാരും രാത്രിപ്പണിക്കാരായതുകൊണ്ട് വീട്ടില്‍ രാത്രീല്‍ പെണ്ണുങ്ങളുതന്നെ ആകാതിരിക്കാന്‍ ഉള്ള വീടിനോടു ചേര്‍ത്ത് രണ്ടു മുറി ചാര്‍ത്തു പിടിക്കുകയാകും നല്ലത്.' പറയുക മാത്രമല്ല. അതിനുള്ള വഴി അപ്പന്‍ നോക്കുകയും ചെയ്തു. അങ്ങനെ ഞങ്ങളു മൂന്നു കുടുംബങ്ങള്‍ ഒരു കൂരയ്ക്കു കീഴിലായി. സമാധാനത്തിലായിരുന്നു ജീവിതം. കൊച്ചുമക്കളുണ്ടായതോടെ അപ്പന്‍റെ കുടിയൊക്കെ കുറയുകയും ചെയ്തു.

ഒരു ദിവസം ഒരു ചെറിയ ലോഡുമായിട്ടു പോകുന്നവഴി അപ്പനു ഭയങ്കര തലവേദനയുണ്ടായി. പരവേശമെടുത്തപ്പോള്‍ വണ്ടിനിര്‍ത്തി ഒരു മാടക്കടയില്‍ കയറി ഉപ്പിട്ട നാരങ്ങാവെള്ളം രണ്ടു ഗ്ലാസ്സുകുടിച്ചു. പത്തുമിനിറ്റുകഴിഞ്ഞപ്പോള്‍ അവിടെത്തന്നെ തലകറങ്ങിവീണു. അറിഞ്ഞ് ഓടിച്ചെന്ന് ആശുപത്രിയിലാക്കിയെങ്കിലും പിന്നെ ബോധം തെളിഞ്ഞില്ല. തലയിലെ ഞരമ്പു പൊട്ടിയതായിരുന്നു. മൂന്നാംദിവസം മരിച്ചു.

കുട്ടികളു രണ്ടായി. വരുമാനമാര്‍ഗ്ഗമായി അനിയനുംകൂടെ സഹായിച്ച് ഒരു ഓട്ടോ സ്വന്തമായി വാങ്ങി ഞാന്‍ റെയില്‍വേസ്റ്റേഷനില്‍ സ്ഥിരം ഓട്ടം തുടങ്ങി. ഓട്ടോയില്‍ കയറുന്നവര്‍ക്കു ഭക്ഷണം കഴിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ വെയിറ്റിംങ് ചാര്‍ജ് വാങ്ങിക്കാതെ ഞാന്‍ സ്ഥിരമായിട്ട് ഒരു ഹോട്ടലില്‍ അവരെ എത്തിക്കാറുണ്ടായിരുന്നു. അങ്ങനെയൊരു സൗഹൃദം ഉടമയുമായി ഉണ്ടായിരുന്നതുകൊണ്ട് ചായയോ ചിലപ്പോളൊക്കെ ഊണോ ഫ്രീയായിട്ട് കിട്ടാറുമുണ്ടായിരുന്നു. ഒരുദിവസം ഹോട്ടലുടമ നല്ല പാചകക്കാരില്ലെന്ന് ഒരു സങ്കടം പറഞ്ഞു. വല്ലവരെയും കണ്ടുപിടിച്ചു കൊടുക്കാമോന്നും ചോദിച്ചു. ആവിവരം വീട്ടില്‍ പറഞ്ഞപ്പോള്‍ ഭാര്യയാണു പറഞ്ഞത് പകലുമതിയെങ്കില്‍ അവളുപോയി ചെയ്തുകൊടുക്കാമെന്ന്. ആദ്യം അനുജനും ഭാര്യയും അതുമോശമാണെന്ന് എതിരഭിപ്രായം പറഞ്ഞെങ്കിലും, 'ഏതു ജോലിയായാലെന്താ, കാശുകിട്ടുന്നതല്ലെ, പിന്നെ ദൂരെയെങ്ങുമല്ലല്ലോ, അവളെക്കൊണ്ടു പറ്റുന്നത് അവളു ചെയ്യട്ടെ' എന്ന് അമ്മതന്നെ പറഞ്ഞു കഴിഞ്ഞപ്പോള്‍ കൊച്ചുങ്ങളുടെ കാര്യമോര്‍ത്തു വിഷമിക്കണ്ട, അവരെ നോക്കിക്കൊള്ളാമെന്ന് അനിയത്തിയും സമ്മതിച്ചു. ഹോട്ടലുകാരനും സന്തോഷമായി. രാവിലെ ഓടാന്‍ പോകുന്നവഴി അവളെ ഹോട്ടലില്‍ കൊണ്ടുപോയി വിടും, വൈകുന്നേരം ഓട്ടംകഴിഞ്ഞ് അവളെയും കൂട്ടി തിരിച്ചുംപോരും. അങ്ങനെ പത്തുപതിനെട്ടു വര്‍ഷങ്ങളങ്ങുപോയി. എന്‍റെ പിള്ളേരും അനുജന്‍റെ പിള്ളേരും പഠിച്ചു. അനുജന്‍റെ മക്കള്‍ക്കു രണ്ടുപേര്‍ക്കും അവന്‍റെ ഭാര്യയുടെ അനുജത്തി ബാംഗ്ലൂരുള്ള സിസ്റ്റര്‍വഴി ജോലികിട്ടി. എന്‍റെ മക്കള്‍ക്കു ജോലി അടുത്തടുപ്പിച്ചു വരും, പക്ഷേ അവസാനനിമിഷം തട്ടിപ്പോകും. അങ്ങനെ കുറെനാളങ്ങു പോയി.

പണി മുടക്കാനുള്ള മടികാരണം ഞാന്‍ ഞായറാഴ്ച മാത്രമേ പള്ളീപ്പോക്കുണ്ടായിരുന്നുള്ളു. ഭാര്യ എന്നാ തിരക്കുണ്ടെങ്കിലും പള്ളീലെ പരിപാടികളും ധ്യാനോമൊക്കെ കൂടാറുണ്ടായിരുന്നു. അങ്ങനെ ഭാര്യയുടെ നിര്‍ബ്ബന്ധംകൊണ്ട് ഞാനും ഒരിടത്തു ധ്യാനംകൂടാന്‍ പോയി. അവിടെവച്ച് കൗണ്‍സിലിങ്ങില്‍ എല്ലാം തുറന്നു പറഞ്ഞപ്പോളാണ്, മക്കള്‍ക്കു ജോലികിട്ടാത്തത് എന്‍റെ അപ്പന്‍റെ ശാപം എനിക്കുള്ളതുകൊണ്ടാണെന്നു മനസ്സിലായത്. സത്യമായും ഞാന്‍ അപ്പനെ ഉപദ്രവിക്കാനല്ല കയറിപ്പിടിച്ചതെന്നും കാലുപൊക്കിയതു തൊഴിക്കാനല്ലായിരുന്നെന്നും വിശദീകരിച്ചപ്പോളാണ്, സുവിശേഷപ്രകാരം ഞാന്‍ ചെയ്തതെല്ലാം അതിഗുരുതരമായ തെറ്റാണെന്നു വിശദീകരിച്ചുതന്നത്. കൊലപാതകം ചെയ്തോ എന്നല്ല, ഭോഷാ എന്നു വിളിക്കുന്നതുന്നെ, വ്യഭിചാരം ചെയ്തോ എന്നല്ല, ദുരാശയോടെ നോക്കുമ്പോള്‍തന്നെ ഗുരുതരമായി പാപം ചെയ്തു എന്നു സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, തൊഴിച്ചോ എന്നല്ല നിലത്തുനിന്നു കാലുയര്‍ന്നപ്പോള്‍തന്നെ തൊഴിച്ചതിനു തുല്യമാണെന്നും, കൈയ്യില്‍ കടന്നു പിടിച്ചപ്പോള്‍തന്നെ തല്ലിയതിനു തുല്യമാണെന്നും അതും പ്രത്യേകിച്ചും അപ്പന് എതിരെയായതുകൊണ്ട് പിതൃശാപമുണ്ടെന്നും, അതുകൊണ്ടാണ് മക്കള്‍ക്ക് ഗുരുത്വം ഇല്ലാതെ ജോലികിട്ടാതെ പോകുന്നതെന്നുമൊക്കെ അവിടെവച്ചു മനസ്സിലായി. പറഞ്ഞുതന്ന പ്രതിവിധി പ്രകാരം ആവശ്യപ്പെട്ട തുക സംഭാവന ചെയ്തു, കുര്‍ബ്ബാന ചൊല്ലിച്ചു, ആരാധന നടത്തി, കരുണക്കൊന്ത ഇപ്പോളും ചൊല്ലുന്നുമുണ്ട്.

ധ്യാനം കഴിഞ്ഞെത്തി നാലാം ദിവസംതന്നെ ഫലം കണ്ടുതുടങ്ങിയച്ചാ. അന്നുരാവിലെ 8 മണിക്കു റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പ്രായമുള്ള ഒരച്ചായന്‍ അടുത്തുവന്നു. വൈകുന്നേരംവരെ ഓട്ടമുണ്ട്. അഞ്ചാറു സ്ഥലങ്ങളില്‍ പോകണം ന്യായമായ ഓട്ടക്കൂലി തന്നേക്കാമെന്നുപറഞ്ഞു. പ്രായമായ ആളല്ലേ പേടിക്കേണ്ടകാര്യമില്ലല്ലോ എന്നോര്‍ത്തു സമ്മതിച്ചു. അച്ചായന്‍റെ ബാഗു ഞാന്‍തന്നെ എടുത്തു വണ്ടിയില്‍വച്ചു. ആദ്യം പറഞ്ഞ സ്ഥലത്തുപോയി. അതൊരു കോണ്‍വന്‍റായിരുന്നു. അവിടുന്ന് അടുത്തതൊരുവീട്. അങ്ങനെ അഞ്ചെട്ടിടത്തു പോയിടത്തൊക്കെ എനിക്കും ചായയും ഊണുമൊക്കെ ഏര്‍പ്പാടാക്കിത്തന്നു. ഓരോ സ്ഥലത്തോട്ടുമുള്ള യാത്രയിക്കിടയില്‍ അദ്ദേഹം എന്‍റെ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. പലപ്പോള്‍ പലപ്പോളായി ഒരുപാടുസമയംകിട്ടിയതുകൊണ്ട് ഏതാണ്ട് എന്‍റെ ചരിത്രം മുഴുവന്‍ പറയാന്‍സമയംകിട്ടി. അവസാനം മക്കളുടെ ജോലികിട്ടാത്ത അവസ്ഥയെപ്പറ്റിയും പറഞ്ഞു. സന്ധ്യയായപ്പോളേക്കും തിരിച്ചു സ്റ്റേഷനില്‍ കൊണ്ടുചെന്നെത്തിച്ചപ്പോള്‍, ഞാന്‍ ചോദിക്കാനുദ്ദേശിച്ചിരുന്നതിന്‍റെ രണ്ടിരട്ടി കാശെടുത്തുനീട്ടി. എനിക്കത്രയും വേണ്ട എന്നുപറഞ്ഞപ്പോള്‍, 'മൊബൈല്‍നമ്പര്‍ എന്‍റെ കൈയ്യിലുണ്ടല്ലോ, കണക്കു ഞാന്‍ രാത്രിയില്‍ വിളിച്ചു പറയാം, ഇപ്പോള്‍ ഇതിരിക്കട്ടെ' എന്നു പറഞ്ഞ് ആ രൂപ എന്‍റെ പോക്കറ്റിലിട്ടുതന്നു. ഞാനാക്കാര്യമെല്ലാം രാത്രിയില്‍ വീട്ടിലിരുന്നു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വന്നു. ആ അച്ചായന്‍റേതായിരുന്നു.

അദ്ദേഹം വീട്ടില്‍ചെന്ന് ഭാര്യയുമായി ആലോചിച്ചു, വിദേശത്തുള്ള മൂന്നുമക്കളെയും വിളിച്ചു ചോദിച്ചു, എനിക്കു മനസ്സാണെങ്കില്‍ അച്ചായന്‍റെ ഡ്രൈവറും സഹായിയുമായി അങ്ങോട്ടു ചെല്ലാന്‍. മാത്രമല്ല, ഭാര്യ തയ്യാറാണെങ്കില്‍ അമ്മച്ചിയെ സഹായിക്കാനും ഭക്ഷണം പാകം ചെയ്യാനും അവളെയും കൊണ്ടുചെല്ലാന്‍. രണ്ടുപേര്‍ക്കുംകൂടെ മാസം നാല്‍പതിനായിരം രൂപാതരാമെന്നും, മക്കളുടെ ജോലികാര്യം വിദേശത്തു ശരിയാക്കാമെന്നു അങ്ങേരുടെ മകന്‍ സമ്മതിച്ചിട്ടുണ്ടെന്നും. ഫോണും പിടിച്ചു ഞാനങ്ങനെ കണ്ണുംമിഴിച്ചിരിക്കുന്നതു കണ്ടിട്ട് അനിയത്തി കാര്യം ചോദിച്ചപ്പോളാണ് ഫോണ്‍ കട്ടായ വിവരം ഞാനറിഞ്ഞതുപോലും. അമ്മയോടും അനുജനോടും ആലോചിച്ച് പിറ്റേദിവസംതന്നെ ഞാന്‍ തിരിച്ചുവിളിച്ച് എന്‍റെകാര്യം സമ്മതം അറിയിച്ചു. മക്കളുടെ കാര്യംശരിയായിക്കഴിഞ്ഞ് ഭാര്യയെയും കൂട്ടാം എന്നു പറഞ്ഞത് ആള്‍ക്കു പൂര്‍ണ്ണ സമ്മതമായിരുന്നു. എന്‍റെ ഓട്ടോ അനുജനു കൊടുത്തിട്ട് ഞാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇവിടെയെത്തി. ആറുമാസംകൊണ്ടു മക്കളുടെ ജോലികാര്യം ശരിയായി. അവരു പോയിട്ടിപ്പോള്‍ മൂന്നാമത്തെ വര്‍ഷമാണ്. അവരു പോയിക്കഴിഞ്ഞപ്പോള്‍ ഭാര്യയും ഇവിടെയെത്തി. അച്ചായന്‍റെ യാത്രാവണ്ടി ബെന്‍സാണ്. വേറെയും വണ്ടിയുണ്ട്. അധികം ഓടാതെ കിടന്ന ഈ കാറിനു പെര്‍മിറ്റ് എടുത്തുതന്ന് വെറുതെയിരിക്കുമ്പോള്‍ ടാക്സിയോടിക്കോളാന്‍ പറഞ്ഞ് എനിക്കു തന്നതാണ്.

ഒരു കുഴപ്പവുമില്ലാതെ എല്ലാം അങ്ങനെ സമാധാനമായി പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. മക്കള്‍ അവരുടെ ശമ്പളം സൂക്ഷിച്ചുവച്ച് ഇവിടെയടുത്ത് ഒരു ചെറിയവീടും സ്ഥലവും വാങ്ങാനും ഏതാണ്ട് ഏര്‍പ്പാടായിവരികയായിരുന്നു. അപ്പോളാണ് ഈ കൊറോണയുടെ വരവ്. അപ്പന്‍റെ ശാപം തീര്‍ന്നിട്ടില്ലച്ചാ. അല്ലെങ്കില്‍ ഇത്രയുമെല്ലാം ആശിപ്പിച്ചിട്ട് ഇതുപോലെ തകരുമോ?"അയാള്‍ വല്ലാതെ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഒന്നുരണ്ടുപ്രാവശ്യം കാറില്‍നിന്നിറങ്ങി നോക്കിയ ഭാര്യയോടു വരണ്ട എന്ന് അയാള്‍ ആംഗ്യം കാണിക്കുന്നതു ഞാന്‍ കണ്ടായിരുന്നു.

"എല്ലാം തകര്‍ന്നെന്നിയാളോടാരാ പറഞ്ഞത്?"

"കൊറോണ വന്നാല്‍പിന്നെ രക്ഷപെടുമോ അച്ചാ? ഞാനിങ്ങനെ വിഷമിക്കുന്നതുകണ്ടപ്പോള്‍ അച്ചായന്‍തന്നെയാണ് ഭാര്യയെയുംകൂട്ടി, ഏതെങ്കിലും ധ്യാനമന്ദിരത്തില്‍ പോകാന്‍ പറഞ്ഞുവിട്ടത്. അവിടെച്ചെന്നു കാര്യങ്ങളൊക്കെപ്പറഞ്ഞുകഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വളരെ ഗുരുതരമാണെന്നാണവരും പറഞ്ഞു. മാതാപിതാക്കളെ അവഹേളിക്കുന്നവനെ ദൈവം കൈവിടുമെന്നു പറഞ്ഞിരിക്കുന്ന, പഴയനിയമത്തിലുള്ള ഭാഗങ്ങളൊക്കെ വായിച്ചു കേള്‍പിച്ചാണ് എല്ലാം വിശദീകരിച്ചുതന്നത്. എത്രയുംവേഗം ധ്യാനംകൂടാന്‍ അവിടെ എത്തണമെന്നും, എന്തൊക്കെയാണ് ഇനിയും ചെയ്യേണ്ടതെന്ന് അപ്പോള്‍ പറഞ്ഞുതരാമെന്നും പറഞ്ഞു. അടുത്തയാഴ്ചതന്നെ ധ്യാനത്തിനു പോകാമെന്നു തീരുമാനിച്ചു വരുന്നവഴിയാണ് അച്ചനെ പമ്പില്‍നിന്നും കാണുന്നത്. ഭാര്യ, അവരു പറയുന്നതിനോടും ഞാന്‍ പറയുന്നതിനോടുമൊന്നും യോജിക്കുന്നില്ല. അവളു പിന്നേംപിന്നേം പറയുന്നതു ദൈവമറിയാതെ ഒന്നും സംഭവിക്കില്ല. ഏതു കൊറോണാ വന്നാലും അവര്‍ക്കു തമ്പുരാന്‍ സൗഖ്യം കൊടുക്കും എന്നൊക്കെയാ. കാപ്പിപ്പൊടിനിറത്തിലുള്ള ഉടുപ്പിട്ട അച്ചന്മാരു ധ്യാനിപ്പിക്കാന്‍ വന്നപ്പോള്‍ അതിനെപ്പറ്റിയെല്ലാം നന്നായിട്ടു പറഞ്ഞുതന്നതാണെന്ന് അവളു പറഞ്ഞുകൊണ്ടിരുന്നപ്പോളായിരുന്നു അച്ചനെ ഇപ്പളീ പമ്പില്‍വച്ചു കാണുന്നത്."

"നിങ്ങളുടെ ഭാര്യ പറഞ്ഞതു മുഴുവന്‍ തെറ്റ്. നിങ്ങള്‍ക്ക് അപ്പന്‍റെ ശാപം കിട്ടിയതുതന്നെയാ. അതിനുപോയി ധ്യാനംകൂടി, അവരുപറയുന്ന പരിഹാരകര്‍മ്മങ്ങളൊക്കെ ചെയ്തേതീരൂ."

"ഹോ, സമാധാനമായി, ഉടനെപോയി ധ്യാനം കൂടിക്കോളാം അച്ചാ. ഏതായാലും എന്‍റെ മക്കള്‍ക്കൊന്നും സംഭവിക്കാതിരിക്കാന്‍ അച്ചന്‍ പ്രാര്‍ത്ഥിക്കണം."

ഞാന്‍ കളിയാക്കി പറഞ്ഞകാര്യം അയാളു കാര്യമായിട്ടെടുത്തു!

"ഇയാളുടെ ഈ വൈറസിനു മരുന്നില്ല സഹോദരാ. കൊറോണയൊന്നും സാരമില്ല. അതില്‍നിന്നൊക്കെ ഏറെപ്പേരും സുഖപ്പെടും. പക്ഷേ ഇയാളെ പിടികൂടിയിരിക്കുന്ന ഈ വൈറസ് ഇയാളേം കൊണ്ടേപോകൂ. ഇതിനെ കൊറോണയെന്നല്ല, 'കൊക്രോണ'യെന്നു തന്നെ പേരിട്ടു വിളിക്കണം."

"അപ്പോ ഞാന്‍ ധ്യാനത്തിനു പോയിട്ടും കാര്യമില്ലേ?""കൊറോണാ ചൈനാക്കാര് ഉണ്ടാക്കിവിട്ട വൈറസ് ആണെന്നൊക്കെ വാര്‍ത്ത ഇയാളും കേട്ടതല്ലേ? അതുപോലെ ചില ധ്യാനഗുരുക്കന്മാരു പടച്ചുവിട്ട വൈറസാണ്, തന്നെയും തന്നെപ്പോലെയുള്ളവരെയും പിടികൂടിയിരിക്കുന്ന ഈ കുറ്റബോധം. അതുണ്ടാക്കിയെടുത്താല്‍ ആരെയും ആശ്രിതരാക്കാം, പറയുന്നതുപോലെ അവരെക്കൊണ്ടു ചെയ്യിക്കാം. അവരെക്കൊണ്ടു മുതലെടുക്കാം. അതുകൊണ്ട് അവരുചെയ്യുന്നത്, കുറ്റബോധമുണ്ടെങ്കില്‍ അത് ഊതിപ്പെരുപ്പിക്കുക, ഇല്ലെങ്കില്‍ അതെങ്ങനെയെങ്കിലും ഉണ്ടാക്കിയെടുക്കുക; ഇയാളുടെ കാര്യം തന്നെനോക്ക്. പണ്ടുകാണിച്ച ഒരു കൈയ്യബദ്ധം, അതു തെറ്റല്ലെന്ന് ഇയാള്‍ക്കു നേരത്തെ നല്ല ബോദ്ധ്യമുണ്ടായിരുന്നു. പക്ഷേ ഇപ്പോളോ, അത് ഒരിക്കലും പൊറുക്കപ്പെടാത്ത തെറ്റായി, അപ്പന്‍റെ ശാപമായി, നേരത്തെ ഇല്ലാതിരുന്ന കുറ്റബോധം, അതിപ്പോള്‍ തന്നെ കടന്നു പിടിച്ചിരുക്കുന്നു. കൊറോണ ഭീകരമാണെങ്കില്‍ അതിനെക്കാള്‍ പത്തുമടങ്ങു ഭീകരമാണ് ഈ വൈറസ്.

കുറ്റമെല്ലാം പൊറുത്തു, മക്കള്‍ക്കു ജോലിയൊക്കെക്കിട്ടി, ദൈവം അനുഗ്രഹിച്ചു എന്നൊക്കെ ആദ്യത്തെ ധ്യാനംകഴിഞ്ഞ് അനുഭവത്തിലൂടെ ബോദ്ധ്യപ്പെട്ടന്നല്ലേ ഇയാള് ആദ്യം പറഞ്ഞത്? എന്നിട്ടിപ്പോളോ? അനിഷ്ടമായതെന്തോ സംഭവിച്ചു, ഉടനിതാ, അതേപടി അതു വീണ്ടും വന്നിരിക്കുന്നു. ഇതാണു ഞാന്‍ പറഞ്ഞ 'കൊക്രോണ' വൈറസ്. അതുകൊണ്ടുള്ള നേട്ടം ധ്യാനഗുരുക്കന്മാര്‍ക്കും ധ്യാനമന്ദിരത്തിനുമൊക്കെയാ. എത്ര മാസ്ക്കു വച്ചാലും ഇനിയുമിതു തന്നെ പിടികൂടും. തനിക്കു രക്ഷപെടാന്‍ ഒറ്റമാര്‍ഗ്ഗമേയുള്ളു കുറ്റബോധം അടിച്ചുകയറ്റുന്ന ധ്യാനഗുരുക്കന്മാര്‍ക്കു ചെവികൊടുക്കാതെ, പാവം തന്‍റെ സ്വന്തം ഭാര്യ പറയുന്നചെറിയ കാര്യങ്ങള്‍ക്കു ചെവിതുറന്നുകൊടുക്ക്."

ഞാന്‍ കാറില്‍ കയറുമ്പോഴും എന്തോ ബാക്കി പറയാനുളളതുപോലെ ആളവിടെ നില്‍പുണ്ടായിരുന്നു! 


ഫാ. ജോസ് വെട്ടിക്കാട്ട്

0

0

Featured Posts