top of page

വർത്തമാനം

Writer: George Valiapadath Capuchin
George Valiapadath Capuchin
Feb 12
1 min read

ചരിത്രം ശക്തിയാണ്. ചരിത്രമുള്ളവർക്ക് എപ്പോഴും മേൽക്കൈ ഉണ്ടായിരിക്കും. ഭൂതമുള്ളവരുടേതാവും വർത്തമാനവും ഭാവിയും. അതുകൊണ്ടാണ് കാലാകാലങ്ങളായി ആധിപത്യ സമൂഹങ്ങൾ തങ്ങൾക്കനുകൂലമായ ചരിത്ര നിർമ്മിതികൾ നടത്തിക്കൊണ്ടിരിക്കുന്നത്.


ചരിത്രം ഇക്കാലമത്രയും സ്വാധീനമുള്ളവരുടേതായിരുന്നു. എന്നാൽ കാലം മാറുകയാണ്. കാലാകാലങ്ങളായി ചരിത്രത്തിൽനിന്ന് സംഘാതമായി മായിച്ചുകളയപ്പെട്ടുകൊണ്ടിരുന്ന ജനതകളും അവരുടെ അടയാളപ്പെടുത്തലുകളും 'ചരിത്രം' എന്ന ഒരൊറ്റ മേഖലയിൽ മാത്രം അന്വേഷിച്ചാൽ ഇനി തെളിഞ്ഞുവന്നു എന്ന് വരില്ല. അതുകൊണ്ടുതന്നെയാണ് ഇൻ്റർ-ഡിസിപ്ലിനറി ആയ പുതുമേഖലകൾക്ക് പ്രാമുഖ്യം കൈവരുന്നത്. ചരിത്രരചനാ വിശകലനത്തിൽ തുടങ്ങി, പാരിസ്ഥിതിക ചരിത്രവുമായും, ലൈംഗികതയുടെ ചരിത്രവുമായും മറ്റും ഇഴചേർന്ന് ആഗോളതലത്തിൽ പരസ്പരാശ്രിതവും ബന്ധിതവുമായ ചരിത്രാഖ്യാനങ്ങൾ മെല്ലെ ഉണ്ടായി വരുന്നുണ്ട്. ഉയിർത്തെഴുന്നേൽപ്പുകൾ സംഭവിക്കുക തന്നെ ചെയ്യും. അധീശത്വക്രമങ്ങൾ ഇല്ലാതാകും. സാമ്പ്രദായികമല്ലാത്ത ആഖ്യാനങ്ങൾ മുളയെടുക്കും. അപഖ്യാതിപ്പെടുത്തുന്ന, നിന്ദിക്കുന്ന, ദോഷാരോപണം നടത്തുന്ന - ആഖ്യാനങ്ങൾക്ക് നിറം മങ്ങിപ്പോവും.


ചോദ്യം: വിദ്യാഭ്യാസത്തിൻ്റെ മാനദണ്ഡം സ്കൂളുകളാണോ? ഉത്തരം പെട്ടന്നുതന്നെ: അല്ല. ചോദ്യം: ആരോഗ്യത്തിൻ്റെ മാനദണ്ഡം ആസ്പത്രികളാണോ? അല്ലേയല്ല.

ചോദ്യം: അറിവിൻ്റെ മാനദണ്ഡം ലൈബ്രറികളാണോ? ആണെന്ന് പറയുന്നവർ നമ്മുടെയിടയിൽ എത്രയെങ്കിലുമുണ്ട്.

എന്നാൽ, നികുതിദായകരുടെ നികുതിപ്പണം പറ്റി പ്രവർത്തിക്കുന്ന പബ്ളിക് ലൈബ്രറികൾ ഏറ്റവും കൂടുതൽ ഉള്ള സ്ഥലങ്ങളിൽപ്പോലും ഏതുതരം അറിവാണ് വിനിമയം ചെയ്യപ്പെടുന്നത് എന്നതിനെക്കുറിച്ച് അന്വേഷണങ്ങൾ ആവശ്യമില്ലേ? ആരുടെ ചരിത്രമാണ് അവിടെ ആലേഖനം ചെയ്യപ്പെടുന്നത് എന്ന് അന്വേഷിക്കണ്ടേ?

ബഹുസ്വരമായ ഒരു സമൂഹത്തിൻ്റെ പൊതുപ്പണം ഉപയോഗിച്ച് വാർത്തെടുക്കപ്പെടുന്ന അറിവുകളും ചരിത്രങ്ങളും വേണ്ടത്ര ബഹുസ്വരതയുള്ളതാണോ എന്നും അന്വേഷണം വേണ്ടേ?


bottom of page