

"ദൈവം അരുൾച്ചെയ്യുന്നു, ആശ്വസിപ്പിക്കുവിൻ. എൻ്റെ ജനത്തെ സമാശ്വസിപ്പിക്കുവിൻ. അവളോട് സൗമ്യമായി സംസാരിക്കുകയും പ്രഘോഷിക്കുകയും ചെയ്യുവിൻ" - ഈ നിയോഗവുമായാണ് ഒരു പ്രവാചകൻ രംഗപ്രവേശം ചെയ്യുന്നത് (ഏശ. 40:1-2).
എന്തൊരു കരുണയാണ്, സഹാനുഭൂതിയാണ് ദൈവത്തിന് ! ഒത്തിരി കണ്ണീരുകുടിച്ച്, ഒട്ടേറെ സഹനങ്ങളിലൂടെ കടന്നുവന്നിട്ടുള്ളവരാണ്. ഇനിയും അവർ വേദന താങ്ങില്ല. അവരുടെ മുറിവുകളിൽ അവർക്ക് തൈലമാണ് വേണ്ടത്. അവരുടെ വടുക്കളിൽ അവർക്ക് കനിവിൻ്റെ തലോടലാണ് വേണ്ടത്. അവരുടെ വിങ്ങുന്ന ഹൃദയങ്ങൾക്കുമേൽ സഹ-താപത്തിൻ്റെയും പ്രായശ്ചിത്തത്തിൻ്റെയും കണ്ണീരാണ് ഇറ്റേണ്ടത്.
കാണുന്നില്ലേ നിങ്ങളവരെ?
തകർന്നുപോയവരുടെ തകർക്കപ്പെട്ട മക്കളെ?
പിളർന്നുപോയ കുടുംബങ്ങളുടെ പിളർത്തപ്പെട്ട മാർവ്വുകളെ?
കലങ്ങിപ്പോയ പ്രജ്ഞകളുടെ കലുഷിതമാക്കപ്പെട്ട വേവുകളെ?
ഒറ്റതിരിഞ്ഞു പോയവരുടെ കൂട്ടമായ നിരാശതകളെ?
മരണം വരിഞ്ഞുമുറുക്കിയവരുടെ നിസ്സഹായതകളെ?
സ്വയം ഒടുക്കാൻമാത്രം വെളിച്ചം കെട്ടുപോയവരുടെ ഇരുട്ടുകളെ?
തുറുങ്കിലെ അന്നം വെളിച്ചപ്പെടാത്ത ജീവനും പകുത്തുനല്കുന്ന നൊമ്പരങ്ങളെ?
ജീവനുണ്ടായിട്ടും കളിമൺ പ്രതിമകളായിപ്പോയ ജന്മങ്ങളെ?





















