

'ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാകുന്നു. നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും പരിശുദ്ധരായിരിക്കുകയും ചെയ്യുവിന്‍. കാരണം ഞാന്‍ പരിശുദ്ധനാകുന്നു" (ലേവ്യര്‍ 11: 44)
കുമ്പസാരം അനുതാപത്തിന്‍റെ കൂദാശയാണ്. ചെയ്തുപോയ തെറ്റുകള്‍ 'എന്‍റെ പിഴ, എന്‍റെ പിഴ' എന്നേറ്റുചൊല്ലി പാപങ്ങളുടെ പൊറുതിക്കായുള്ള ആത്മാര്‍ത്ഥമായ യാചനയാണത്. പാപങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞു പരിഹാരം നേടുമ്പോള്‍ ഒരുവന്‍ അനുഭവിക്കുന്ന ആത്മസംതൃപ്തി അവര്‍ണ്ണനീയമാണ്. ഒരു കുമ്പസാരക്കൂട് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കുന്നവരുടെ ഉള്ളം കൊതിക്കുന്നത് ഈ ആത്മസംതൃപ്തിയാണ്. കഠിനമനസ്സുകളെ മാറ്റിമറിക്കാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ. എസക്കിയേല്‍ പ്രവാചകന്‍ പ്രാര്‍ത്ഥിക്കുന്നത് ഇങ്ങനെയാണ്, "ദൈവമേ, ഒരു പുതുഹൃദയം നീ മനുഷ്യര്‍ക്കു നല്കണമേ.' ഒരു പുതുഹൃദയത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനാനിര്‍ഭരമായ നിലവിളിയാണ് കുമ്പസാരം. ഉള്ളിന്‍റെ ഈ തേങ്ങല്‍ ദൈവത്തിലേക്കു തിരികെയെത്താനുള്ള ആത്മാവിന്‍റെ തീവ്രമായ അഭിലാഷമാണ്.
കരുണയുടെ കൂടാരം എന്നും അത്ഭുതപ്പെടുത്തുന്നു. അത്ഭുതങ്ങളുടെ കൂടാരമാണത്. ആ കൂടാരത്തില്‍ ഒരുക്കത്തോടെ അണയുന്നവനില്‍ ദൈവം തന്‍റെ നിത്യചൈതന്യം വീണ്ടും നിക്ഷേപിക്കുന്നു. ദൈവമക്കളായി മാമ്മോദീസാ നമ്മെ ഉയര്‍ത്തുന്നു. പാപസാഹചര്യങ്ങളില്‍പ്പെട്ട് മക്കളുടെ സ്ഥാനം മനുഷ്യന്‍ പലപ്പോഴും നഷ്ടപ്പെടുത്തുന്നു. അതുകൊണ്ടാണ് ദൈവവുമായി രമ്യപ്പെടാന്‍ നമുക്ക് മറ്റൊരു സ്ഥലം ആവശ്യമായിത്തീരുന്നത്. ആ വിശുദ്ധ ഇടമാണ് കുമ്പസാരക്കൂട്. അവിടെ വേദനകളെല്ലാം ഇറക്കിവച്ച് സന്തോഷവാനായി തിരികെയെത്തുന്ന മനുഷ്യനായിരുന്നു ആര്‍ച്ചുബിഷപ്പായിരുന്ന ഫുള്‍ട്ടന്‍ ജെ. ഷീന്‍.
സുഖപ്പ െടുത്തലിന്റെ കൂദാശയാണ് കുമ്പസാരം. മുറിവേറ്റവനെ കാരുണ്യത്തോടെ മരുന്നുകള്‍ വച്ചുകെട്ടി ശുശ്രൂഷിച്ച് സുഖപ്പെടുത്തുന്ന വലിയ അത്ഭുതത്തിന്‍റെ വേദിയാണിത്. പാപസങ്കീര്‍ത്തനവേദിയിലെത്തുന്ന ഓരോ വ്യക്തിയും മിശിഹായില്‍ നവജീവിതത്തിനുടമകളായിത്തീരുന്നു. പഴയ ലോകത്തെ ത്യജിച്ച് പുതുലോകത്തിലേക്ക് പ്രവേശിക്കുകയാണീ കൂദാശയിലൂടെ.
കുമ്പസാരത്തില്‍ ഏറ്റുപറയുന്നത് പാപങ്ങളാണെങ്കിലും അതിലൂടെ അവന്‍ നടത്തുന്നതു വിശ്വാസം ഏറ്റുപറച്ചിലാണ്. തെറ്റുകള്‍ ഏറ്റുപറഞ്ഞ് പരിഹാരം തേടുന്നതിനൊപ്പം മനുഷ്യന്‍റെ ഉള്ളിന്‍റെയുള്ളില്‍ നിന്നുമുയരുന്ന വിശ്വാസത്തിന്‍റെ ആത്മാര്‍ത്ഥമായ ഉരുവിടലിനുകൂടിയാണ് ഓരോ കുമ്പസാരവും സാക്ഷ്യം വഹിക്കുന്നത്. ഉണ്മയായവനില്‍നിന്നും ഒരുപാടു ദൂരം മാറിയാണ് സഞ്ചരിക്കുന്നതെന്ന തിരിച്ചറിവിന്‍റെ വെളിച്ചം ഉള്ളില്‍ പടരുന്ന ആത്മാവിന്‍റെ രോദനമാണ്. വിശ്വാസത്തിന്‍റെ ഏറ്റുപറച്ചിലില്‍ പരിണമിക്കുന്നത് തിരിച്ചറിവിന്‍റെ വെളിച്ചം ഉള്ളില്‍ പടര്‍ന്നിട്ടും ദൈവം തുണ എന്ന ആശ്രയബോധം നഷ്ടപ്പെട്ടതുകൊണ്ട് കാനാന്‍ദേശം ഒറ്റുനോക്കാന്‍ മോശ അയച്ച നേതാക്കന്മാര്‍ അതികായരായ മനുഷ്യരെ കണ്ട് പേടിച്ചുവിറച്ചു തിരിച്ചുവന്ന് തെറ്റായ വിവരം നല്കി. തന്മൂലം കാനാന്‍ദേശം ഇസ്രായേല്‍ ജനത്തിനു കൈയെത്തിപ്പിടിക്കാവുന്നതിലും ദൂരെയായി. അതുപോലെ തന്നെ പാപത്തെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ ജീവിതത്തിലുണ്ടാകുമ്പോള്‍ അതിനോടു പ്രതികരിച്ചു ദൈവവരപ്രസാദത്തിന്‍റെ പാതയിലൂടെ കടക്കുമ്പോള്‍ കുമ്പസാരക്കൂടുകള്‍ നമ്മില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.
വിശ്വാസം ഏറ്റുപറയുന്നവന്‍റെ ഹൃദയം ശുദ്ധിക്കായി തുടിക്കുന്നതാകണം. ഉള്ളൂര്‍ പാടി:
'വിളക്കു കൈവശമുള്ളവനെന്നും വിശ്വം ദീപമയം
വെണ്മ മനസ്സില്‍ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം'
മനസ്സിന്‍റെ വെണ്മ അമൃതേത്തിനു തുല്യമാണ്. ഓരോ കുമ്പസാരവും മനസ്സിനു ശുഭ്രവസ്ത്രമാണ് പ്രദാനം ചെയ്യുന്നത്. റോമിലെ വി. ക്ലമന്‍റ് പറയുന്നതിപ്രകാരമാണ്: "മനുഷ്യന്‍ അവന്‍റെ ഹൃദയം കഠിനമാക്കുന്നതിലും നല്ലത്, ചെയ്തുപോയ തെറ്റുകള്‍ ഏറ്റുപറയുന്നതാണ്." ഇത്തരം ഏറ്റുപറച്ചിലുകള്‍ മനുഷ്യനെ രൂപാന്തരപ്പെടുത്തും. രൂപാന്തരപ്പെട്ടവന്‍ മിശിഹായുടെ ഭാഷയില്‍ പറഞ്ഞാല്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമായിത്തീരും. വിഷം തീണ്ടിയ മനസ്സുമായി ജീവിക്കുന്നവനെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പാ പറയുന്നതിങ്ങനെയാണ്: "എപ്പോഴെല്ലാം നമ്മുടെ ആന്തരികമനുഷ്യനെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ പിടികൂടുന്നുവോ അപ്പോഴെല്ലാം അവന്‍റെ ഹൃദയം മറ്റുള്ളവന്‍റെ മുമ്പില്‍ അടയ്ക്കപ്പെട്ടതായിരിക്കും. അവിടെ പാവപ്പെട്ടവനു സ്ഥാനമില്ല. ദൈവസ്വരം അവിടെ അന്യമായിരിക്കും. ഒപ്പം നന്മ ചെയ്യാനുള്ള അവന്‍റെ വാസന നശിക്കുകയും ചെയ്യും."ദൈവത്തിന്‍റെ മുമ്പില്‍ നഗ്നനായിനിന്ന ഫ്രാന്‍സിസ് അസ്സീസിയുടെ മുറിയില്‍ പ്രാര്‍ത്ഥനാപുരസ്സരം നിന്നുകൊണ്ടു പരിശുദ്ധപിതാവ് പിന്നീട് ലോകത്തെ ഉപദേശിച്ചതിങ്ങനെയാണ്: ഉരിഞ്ഞുകളയുക ലോകത്തിന്‍റെ ആര്‍ഭാടങ്ങള്‍, നഗ്നനായി ദൈവത്തിന്‍റെ മുന്നിലായിരിക്കുക. ശുദ്ധിയുടെ ഔന്നത്യഭാവമാകണം നഗ്നത. പാപമറിയുന്നതിനുമുമ്പ് ആദിമാതാപിതാക്കള്‍ നഗ്നരായിരുന്നല്ലോ. ശുദ്ധിയോടെ മിശിഹായെ ജീവനുതുല്യം സ്നേഹിക്കുന്നുവെന്ന് ഏറ്റുപറയുവാനുള്ള സ്വാതന്ത്ര്യമാണ് ഓരോ കുമ്പസാരക്കൂടും നമുക്കു നേടിത്തരുന്നത്. ശിഷ്യപ്രമുഖനായ പത്രോസ് ഗുരുവിനെ തള്ളിപ്പറഞ്ഞതിനു ശേഷം തിരിച്ചറിവുണ്ടായപ്പോള്‍ നെഞ്ചുരുകി കരഞ്ഞു. പിന്നീടദ്ദേഹം സധൈര്യം മിശിഹായെ പ്രഘോഷിക്കുന്ന മനോഹരമായ കാഴ്ചയാണ് വി. ഗ്രന്ഥം അവതരിപ്പിക്കുന്നത്.
വിശ്വാസമാണ് സ്വര്‍ഗ്ഗോന്മുഖ യാത്രയില്‍ നിറം പകരുന്നത്. അനുതാപത്തില്‍ അടിയുറച്ച വിശ്വാസമായിരുന്നു പത്രോസിന്‍റേത്. ഒരുവന്‍റെ പശ്ചാത്താപമാണ്, രക്ഷകനിലുള്ള അടിയുറച്ച വിശ്വാസമാണ് ദൈവനീതികരണത്തിന്‍റെ അടിസ്ഥാനം. നീതിമാന്‍ വിശ്വാസം വഴി ജീവിക്കും എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്. ഈ നീതീകരണം മിശിഹായില്‍ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് ട്രെന്‍റ് സൂനഹദോസ് പഠിപ്പിക്കുന്നത്. നീതികരണം വിശുദ്ധീകരണമല്ല, കേവലം പാപങ്ങളെ മറയ്ക്കുവാനുള്ള ഉപാധി മാത്രമാണ് എന്നു ലൂതര്‍ വാദിച്ചപ്പോള്‍ നീതികരണം ദാനമായി ലഭിക്കുന്ന കൃപയാണെന്നും അതു നിത്യരക്ഷയ്ക്കനിവാര്യമാണെന്നും സഭ പഠിപ്പിച്ചു. കാരണം മിശിഹാ നല്കുന്ന നീതികരണം പാപിയെ അവന്‍റെ അശുദ്ധിയില്‍ നിന്നു മോചിപ്പിക്കാന്‍ പര്യാപ്തമാണ്. അതുകൊണ്ടുതന്നെ ഈ കൃപ ലഭിച്ചവര്‍ പിന്നീട് പാപിയായി തുടരുന്നില്ല, മറിച്ച് സദ്വാര്‍ത്തയുടെ പ്രഘോഷകനായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. കൊച്ചുകുഞ്ഞുങ്ങള്‍ സ്വന്തം നിഴലിനോട് പടവെട്ടുന്നതുപോലെ ഒരുതരം ഫലരഹിതമായ യുദ്ധമാണ് നമ്മള്‍ നടത്തുന്നത്. സൂര്യന് അഭിമുഖമായി നിന്ന് നിഴലിനെ പിന്തള്ളാമെന്നതുപോലെ നീതിസൂര്യനായ മിശിഹായെ നോക്കി വിശുദ്ധിയുടെ വെള്ളവസ്ത്രം ധരിക്കാം. കുമ്പസാരക്കൂടുകള്‍ക്കു മുമ്പില്‍ മുട്ടുമടക്കി അപരന്‍ ദൈവമാണെന്നും ഈ പ്രകൃതി ദൈവത്തിന്‍റെ കരവേലയാണെന്നും ഒപ്പം സ്വന്തം ശരീരം ദേവാലയമാണെന്നും പ്രഖ്യാപിക്കാം. അപ്പോള്‍ മിശിഹായെന്ന വലിയ ചിത്രകാരന്‍ ആദത്തിന്‍റെ നഷ്ടപ്പെട്ട ചിത്രം നിത്യനാശമടയാന്‍ അനുവദിക്കാതെ അതിനെ സ്വന്തം ശരീരരക്തങ്ങള്‍ നല്കി വീണ്ടെടുത്തപോലെ" (സാറൂഗിലെ വി. ജേക്കബ്) നമ്മെയും തന്‍റേതാക്കിത്തീര്‍ക്കും. അപ്പോള്‍ ദൈവനിക്ഷിപ്തങ്ങളായ പദ്ധതികള്‍ക്ക് ആമ്മേന്‍ എന്നു പറയാന്‍ പര്യാപ്തരാകും.
ഒരു രാത്രി കെര്‍മാനിലെ അവാര്‍ദ്ധി എന്ന കവി തന്‍റെ വീടിന്‍റെ പൂമുഖത്തു കൈയിലൊരു കോപ്പയുമായി നില്‍ക്കുകയായിരുന്നു. ഷാംസ് - എ- തബ് എന്ന സൂഫി അപ്പോള്‍ അതിലെ കടന്നുപോയി. "നിങ്ങള്‍ എന്താണ് ചെയ്യുന്നത്?" അദ്ദേഹം കവിയോടു ചോദിച്ചു. "ഒരു കോപ്പയ്ക്കകത്തെ വെള്ളത്തില്‍ ചന്ദ്രനെ കണ്ടുകൊണ്ടിരിക്കുകയാണ്." കവി മറുപടി പറഞ്ഞു. "നിങ്ങളുടെ കഴുത്ത് ഒടിഞ്ഞിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണ് ആകാശത്തില്‍ ചന്ദ്രനെ നേരെ നോക്കാത്തത്?" സൂഫി ചോദിച്ചു.
നിലാവുള്ള രാത്രിയില്‍ ചന്ദ്രനെക്കാണുവാന്‍ ആകാശത്തേക്കു നോക്കാതെ കോപ്പയ്ക്കുള്ളിലെ വെള്ളത്തില്‍ ചന്ദ്രന്‍റെ പ്രതിഫലനം നോക്കിക്കൊണ്ടു നില്‍ക്കുന്ന കവിയെപ്പോലെയാണ് പലപ്പോഴും നമ്മള്‍. മിശിഹായെന്ന ഇത്ര സമീപസ്ഥനായ ദൈവം അധരവ്യായാമത്തിലൊതുങ്ങിപ്പോകുന്നു. അതുകൊണ്ടുതന്നെ അവന്‍റെ വാക്കുകള്‍, നോട്ടം, ചിന്തകള്‍, എല്ലാം ഒരുക്കാത്ത നിലത്തുവീണ വിത്തുകളായിത്തീര്‍ന്നു. യാഥാര്‍ത്ഥ്യത്തിന്‍റെ അപര്യാപ്തത പ്രതിഫലനമായി അവന്‍ നമുക്കു മാറിയപ്പോള്‍ നമ്മള്‍തന്നെ നമ്മുടെ വഴിയില്‍ തടസ്സം സൃഷ്ടിച്ചു. അങ്ങനെ അനുതാപത്തിന്‍റെ കൂദാശയിലൂടെ അവനിലേക്കു നടന്നടുക്കുവാനുള്ള നമ്മുടെ പ്രയാണങ്ങള്‍ പാഴായി. അങ്ങനെ ജീവിതത്തില്‍ കുമ്പസാരത്തിനുള്ള പ്രസക്തി നഷ്ടപ്പെട്ടു. വാക്കുകള്‍ക്കുള്ളില്‍ മാത്രം മിശിഹാ വിരാചിക്കുമ്പോള്‍ ഉള്ളറകള്‍ ശൂന്യമായിത്തീരുന്നു. അനുതാപത്തിന്‍റെ കൂടാരവാതിലില്‍ നിറകണ്ണുകളോടെ മുട്ടുമ്പോള്‍ ഈ ശൂന്യത അവനാല്‍ നിറയും. ശൂന്യതയില്‍ മിശിഹാ നിറയുമ്പോള്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമായി അവനു സാക്ഷ്യം വഹിക്കാന്‍ നാം സജ്ജരാകും.
ദേവാലയത്തില്‍ നിര്‍ഭയനായി കടന്നുവന്ന ഒരു പാപിയോട് അതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ആകാശം ആവരണം ചെയ്യാത്ത ഒരു മനുഷ്യനുമില്ല. ഭൂമി താങ്ങിനിര്‍ത്താത്ത ഒരു മനുഷ്യനുമില്ല. ദൈവം - അവിടുന്ന് ഓരോരുത്തര്‍ക്കും ആകാശവും ഭൂമിയുമല്ലേ.





















