Delicia Devassy
Oct 21
പ്രശ്നം ചുമ്മാ ഒരു Gathering ആണ്. അല്ലാതെ വലിയ അന്താരാഷ്ട്രവിഷയമൊന്നുമായിരുന്നില്ല...
പക്ഷേ ഫോണിന്‍റെ അങ്ങേ തലയ്ക്കല്‍ നീളുന്ന പരാതികള്‍.. പരിഭവം ചീറ്റുന്ന വാക്കുകള്‍...
ഇപ്പുറത്ത് പ്രതിക്കൂട്ടില്‍നിന്ന്, ചെല്ലാതിരുന്നതിനെ ന്യായീകരിക്കാന്‍ നോക്കിയത് ഒക്കെ വെറുതെയായി... ഒടുവില്‍ കാര്യങ്ങള്‍ ഒരു സമവായത്തില്‍ പറഞ്ഞൊതുക്കി ഫോണ്‍ താഴെവച്ച് പിരിയുന്നതിനു മുമ്പായി വേറെ എന്തൊക്കെയോ ചിലതുകൂടി പറഞ്ഞത് കേട്ടതാണ്... എങ്കിലും ഈ പരാതിയും പരാതിയെ ബലപ്പെടുത്തുന്ന വേറെ ചില പരാതികളും മാത്രം ഹൃദയം പിടിച്ചുവച്ചതെന്തേ...!!?
എന്തേ കണ്ണുകള്‍ നിറഞ്ഞത്?! സ്നേഹം ഉള്ളില്‍ നിറഞ്ഞ് വഴിമുട്ടുമ്പോള്‍ കണ്ണുകള്‍ ഒഴുകാനൊരു വഴി കണ്ടെത്തുന്നു... അപ്പോള്‍ പരാതിയോ?
അവന്‍ പറഞ്ഞു,
"പരാതി എന്തിനോടു സദൃശമാണ്? എന്തിനോട് ഞാന്‍ അതിനെ ഉപമിക്കും? അത് ഒരുവന്‍ തന്‍റെ തോട്ടത്തില്‍ പാകിയ കടുകുമണിക്ക് സദൃശമാണ്. അത് വളര്‍ന്നു മരമായി...
"എന്നിട്ട്....?
എന്നിട്ട് പടര്‍ന്ന് പന്തലിച്ച് തണലായി.
തണലില്‍,
തളര്‍ന്ന മനസ്സിനോട്
മരം വേദമോതി...
പരാതിയുടെ വേദം...
ആ സദ്വാര്‍ത്ത കേട്ട ജീവിതം
ഇവിടെ വീണ്ടും ജീവനിലേക്ക്
പിച്ച വയ്ക്കുന്നു .... ദാ.... നോക്കൂ...
***
പരാതികള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരല്ല നമ്മള്‍. ജീവിതത്തിന്‍റെ കുറ്റങ്ങളെയും കുറവുകളെയും കുറിച്ചുള്ള പരാതികള്‍...! പലപ്പോഴും പരാതികള്‍ നമ്മെ അലോസരപ്പെടുത്തുകയാണ് പതിവും.
" നിനക്കെന്നും ഈ പരാതിയേയുള്ളൂ... നിന്‍റെയീ പരാതി എന്നാണിനി ഒന്ന് നിര്‍ത്തുക...?" എന്ന് എത്രയോ പേരോട് നമ്മള്‍ ചോദിച്ചിരിക്കുന്നു. പക്ഷേ പരാതികള്‍ ജീവിതത്തിന്‍റെ 'പച്ചപ്പ് നിലനിര്‍ത്തുന്നു' എന്ന സദ്വാര്‍ത്ത ഇവിടെ പ്രഘോഷിക്കപ്പെടുമ്പോള്‍ വിയോജിപ്പുണ്ടാകുമോ...?
നോക്കൂ... മറ്റുള്ളവരുടെ പരാതികള്‍ സത്യത്തില്‍ നമുക്ക് ഊര്‍ജ്ജം പകരുന്ന ഒന്നായി മാറുന്നുണ്ട്... നമുക്ക് അത് ഉന്മേഷം പകര്‍ന്നുതരുന്നുണ്ട്... ഇതെക്കുറിച്ച് നിങ്ങള്‍ ഇതിനുമുന്‍പ് ഒരിക്കലും ചിന്തിച്ചിട്ടില്ലായിരിക്കാം. പരാതികള്‍കേട്ട് നെറ്റിചുളിക്കുന്നതിനിടയില്‍ നിങ്ങളിലെ കര്‍ത്തവ്യബോധം ഉണരുന്നതും അപരനിലേക്ക് ഹൃദയം തുറന്നുവരുന്നതും നിങ്ങള്‍ അറിഞ്ഞിട്ടുപോലുമുണ്ടാകില്ല. പക്ഷേ അങ്ങനെയെന്തൊക്കെയോ ചിലത് സംഭവിക്കുന്നുണ്ട്... നിങ്ങളില്‍... നിങ്ങളറിയാതെ...
കവി കടമ്മനിട്ട പാടുന്നത് കേള്‍ക്കൂ...
പറയൂ പരാതി നീ കൃഷ്ണേ
നിന്‍റെ വിറയാര്‍ന്ന ചുണ്ടുമായ്
നിറയുന്ന കണ്ണുമായ്
പറയൂ പരാതി നീ കൃഷ്ണേ
നിറയുമാ കണ്‍കളില്‍ കൃഷ്ണമണികളില്‍
നിഴലുപോല്‍ എന്നെ ഞാന്‍ കാണ്‍മൂ...
പരാതി, അത് ആരുടേതുമാകാം... അമ്മയുടെ, അപ്പന്‍റെ- സഹോദരന്‍റെ - സ്നേഹിതന്‍റെ- പ്രിയമുള്ള ആരുടേതുമാകാം... അവരുടെ വിറയ്ക്കുന്ന ചുണ്ടുകളും നിറയുന്നകണ്ണുകളും അഗ്നിവാറ്റുന്ന വാക്കുകളും നമ്മോട് ഒരു സത്യം ഓതുന്നുണ്ട്... പാരസ്പര്യത്തിന്‍റെ മഹോന്നതമായ സന്ദേശമാണത്. അവരുടെ നിറയുന്ന കണ്ണുകളില്‍, കൃഷ്ണമണികളില്‍ നമ്മുടെ രൂപം കാണുന്നു എന്ന് കവി...
സത്യമല്ലെ... അതെ... നമ്മുടെ ജീവിതത്തിന് അര്‍ത്ഥം കൈവരുന്നത് നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരുടെ പരാതികളില്‍ കൂടിയാണെന്ന തിരിച്ചറിവ്, നമ്മുടെ അസ്തിത്വത്തിന്‍റെ അടിസ്ഥാനംതന്നെ പ്രിയപ്പെട്ടവരുടെ പരാതിയാണെന്ന തിരിച്ചറിവ്- നോക്കൂ നിസ്സാരകാര്യമല്ലിത്.
ആരെങ്കിലും ഒക്കെ വേണം നമുക്ക് - നമ്മുടെ ജീവിതത്തില്‍ - നമ്മോട് പരാതികള്‍ പറയാന്‍...
"എന്നാലും ഇത്രനാളായിട്ടും നീ എനിക്ക് ഒരു കത്തയച്ചില്ലല്ലോ."
"ഒരു ഫോണ്‍പോലും നിനക്ക് വിളിക്കാന്‍ തോന്നുന്നില്ലല്ലോ"
"കാണുമ്പോള്‍ ഒന്ന് ചിരിക്കയെങ്കിലും ചെയ്തുകൂടെ"
"ഈ വയസ്സന്മാരോട് ഒരു വാക്ക് മിണ്ടിയിട്ട് പോ മക്കളെ"
"സ്കൂളിനു പുറത്തുവച്ച് കണ്ടാല്‍ ടീച്ചര്‍ നോക്കുകകൂടിയില്ല- എന്തൊരു ഗമ...!"
ഇങ്ങനെ നിങ്ങളുടെ അനുദിന ജീവിതത്തില്‍ നിങ്ങളോട് ആരെങ്കിലുമൊക്കെ പരാതിപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍ ഉള്ളുതുറന്ന്, കണ്ണുനനഞ്ഞ് ആനന്ദിക്കണം... കാരണം ആര്‍ക്കൊക്കെയോ നിങ്ങള്‍ വേണ്ടപ്പെട്ടവളാണ്... വേണ്ടപ്പെട്ടവനാണ്... സത്യം. അവരുടെ പരാതിയുടെ ശബ്ദമാണ് നിങ്ങളുടെ ഹൃദയത്തിന്‍റെ സ്പന്ദനത്തിന് സ്വച്ഛമായ ഒരു താളക്രമം പകരുന്നത്. ആ പരാതികളാണ് നിങ്ങളുടെ നിലനില്പിന്- സന്തോഷകരമായ നിലനില്പിന് ആധാരം.
ഈ പരാതികളുടെ വ്യാപ്തി വളരെ വിപുലവും അത് ജീവിതത്തിന്‍റെ വിശാലമായ മേഖലയെ പുല്‍കുന്നതുമാണെന്ന കവിവാക്യം ശ്രദ്ധിക്കൂ... പാല്‍മണം മണക്കുന്ന കുഞ്ഞ് മുതല്‍ തൊലി ചുക്കിചുളിഞ്ഞ് പീള ഈറനുടുപ്പിച്ച കണ്ണുമായി ആരെയൊ കാത്തിരിക്കുന്ന വൃദ്ധര്‍ വരെ ആരുടെ നാവുകള്‍ക്കാണ് ഈ സങ്കീര്‍ത്തനം ഇണങ്ങാത്തത്... അടുക്കളയിലും വീടിന്‍റെ ഉമ്മറത്തും ഓഫീസിലും സ്കൂളിലും - എവിടെയാണ് ഈ സങ്കീര്‍ത്തനം മുഴങ്ങികേള്‍ക്കാത്തത്? എവിടെയും ഒരു പാരസ്പര്യത്തിന്‍റെ മഹോന്നതമായ അവസ്ഥ സൃഷ്ടിക്കുന്നതിന് പരാതികള്‍ക്ക് കഴിയും. 'എനിക്ക് നിന്നെയും നിനക്ക് എന്നെയും വേണം' - ഈ പാരസ്പര്യത്തിന്‍റെ ശക്തിയാണ് പരാതികള്‍ നമുക്ക് പകരുന്നത് എന്നു തോന്നുന്നില്ലെ...?
ആരും നിങ്ങളോട് പരാതിപ്പെടുന്നില്ലേ... എങ്കില്‍ ചിന്തിക്കണം... എന്തേ ഞാന്‍ ആര്‍ക്കും വേണ്ടാത്തവളായോ? പരാതികള്‍ ആണ് നമ്മുടെയൊക്കെ ജീവിതത്തെ ചില വേളകളില്‍ ചലനാത്മകമാക്കുക - ജീവിതത്തില്‍ പുനഃക്രമീകരണങ്ങള്‍ വരുത്തുക - സ്നേഹനിര്‍ഭരമാക്കുക. ഒരു പരാതിപോലും കേള്‍ക്കാതെ ഒരു ദിനാന്തം നിന്നെ കടന്നുപോകുമ്പോള്‍ ജീവിതം തണുത്തുറഞ്ഞു തുടങ്ങിയോ എന്ന് സംശയിച്ചേക്കണം നിങ്ങള്‍. ചില പരാതികളുടെ സുകൃതബലമാണ് അപ്രതീക്ഷിതമായ ഇടങ്ങളില്‍നിന്നുള്ള ആഘാതങ്ങളെ അതിജീവിക്കാന്‍ നമ്മെ ശക്തിപ്പെടുത്തുന്നത്. ചില വിമര്‍ശനങ്ങളുടെ ആഗ്നേയാസ്ത്രങ്ങള്‍ നമ്മുടെ ഉള്ളിലെ ഉറവുകളെ വറ്റിച്ചുകളയുമ്പോള്‍ ഇങ്ങനെ ചില പരാതികളാകട്ടെ വരണ്ടുപോയ ഹൃദയത്തിനുമേല്‍ കൃപയുടെ മഴയായി പെയ്തിറങ്ങുന്നു.
പരാതി പറയുകയും പരാതി കേള്‍ക്കുകയും ചെയ്യുന്നവരാകണം നമ്മള്‍. ഒന്നിനെക്കുറിച്ചും ഒരു പരാതിയുമില്ലാത്തവളെന്ന വിശേഷണം ചാര്‍ത്തികിട്ടുന്നത് വാസ്തവത്തില്‍ അത്ര മെച്ചപ്പെട്ട ഒരു കാര്യമാണോ? കവി കടമ്മനിട്ട തുടര്‍ന്നു പറയുന്നു: 'വാസ്തവത്തില്‍ മറ്റുള്ളവരുടെ കണ്ണുകളിലാണ് നമുക്ക് നമ്മെ ചെറുതായിട്ടാണെങ്കിലും വ്യക്തമായിട്ട് കാണാന്‍ കഴിയുന്നത്... അതും ആര്‍ദ്രമായ കണ്ണുകളില്‍... അവരുടെ കണ്ണിന്‍റെ ആര്‍ദ്രതയില്‍ തെളിയുന്ന ആ രൂപമാണ് നമ്മുടെ യഥാര്‍ത്ഥമായ രൂപം.' ഇതിനെക്കാള്‍ മനോഹരമായ പ്രതിച്ഛായ തെളിമയാര്‍ന്ന പ്രതിച്ഛായയ്ക്ക് നാം എവിടെപ്പോകും..?! ആദരിക്കപ്പെടുന്നവള്‍... സ്നേഹിക്കപ്പെടുന്നവള്‍... ഒരു Wanted Feeling അതിനെക്കാള്‍ സുഖദമായ അനുഭവം മറ്റെന്താണ് ഉള്ളത്. പരാതികള്‍ നമുക്കു നല്‍കുന്ന സൗഭാഗ്യം സത്യത്തില്‍ ഇതല്ലെ?
സ്നേഹത്തില്‍നിന്നും സ്വാതന്ത്ര്യത്തില്‍നിന്നും മാത്രമെ പരാതികള്‍ ജന്മമെടുക്കൂ. മറിച്ചുള്ളത് പരാതിയല്ല... അത് ഉറകെട്ടുപോയ പരാതിയാണ്. ഉപ്പിന്‍റെ ഉറകെട്ടുപോകുമ്പോള്‍ അതിന്‍റെ ആന്തരികഗുണം നഷ്ടമായി ബാഹ്യരൂപം മാത്രം തുടരുന്നതും വലിച്ചെറിയപ്പെടുന്നതും നമുക്ക് പരിചിതമായ ജീവിതോപമയാണ്. ഇങ്ങനെ പരാതിയുടെ ഉറയും കെട്ടുപോകാം. ഉറകെട്ട പരാതി തരംതാണ് കുറ്റപ്പെടുത്തലും വിമര്‍ശനവുമായി നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെ ഒരിടത്തേക്ക് വലിച്ചെറിയാന്‍പോലും കൊള്ളാതെയാകും... പരാതികളുടെ ഉറകെട്ടുപോകാതെ കാത്തില്ലെങ്കില്‍ നാം ചവിട്ടിയരയ്ക്കപ്പെടാം. വിലപിക്കേണ്ടിയും വരാം. വിലപിക്കാതിരിക്കാന്‍ ഒന്നേയുള്ളൂ മാര്‍ഗ്ഗം. നാം പരാതികള്‍ക്ക് ഉത്തരം കൊടുക്കുന്നവരാകണം.
പരാതികളുടെ ചില്ലകളില്‍ എപ്പോഴും പൂവിരിയുമെന്ന് പറയാന്‍ ഇഷ്ടം തോന്നുകയാണ്. ഇങ്ങനെ വായിച്ചിട്ടില്ലേ... ക്ലാര ഫ്രാന്‍സീസിനോട് ചോദിക്കുകയാണ്... "അപ്പോള്‍ ഇനിയൊരിക്കലും നാം തമ്മില്‍ കാണില്ലെ?" പരാതിയുടെ ചൂടുള്ള കണ്ണുനീര്‍ ആ നീര്‍മിഴികളില്‍നിന്ന് അടര്‍ന്ന് താഴെ മഞ്ഞില്‍വീണു. മഞ്ഞുരുകി നിറയെ പുഷ്പങ്ങള്‍...! പരാതികള്‍ക്ക് ഋതുക്കളെയും മാറ്റിമറിക്കാന്‍ കഴിയും... മഞ്ഞുപോലെ തണുത്തുറഞ്ഞുപോയ ജീവിതത്തില്‍ വസന്തപുഷ്പങ്ങള്‍ വിരിയിക്കുന്ന പരാതികള്‍...
ചിലപ്പോള്‍ ഇങ്ങനെയും സംഭവിക്കാം. പരാതികള്‍ ഒരിക്കലും കേള്‍ക്കപ്പെടാതെ പോകാം. തിരമാലകള്‍ ആഞ്ഞു ചുംബിച്ചിട്ടും കാഠിന്യത്തിന്‍റെ മരണതുല്യമായ മൗനം നിശ്ചലത തുടരുന്ന സമുദ്രതീരത്തെ കരിങ്കല്‍ പാറകളെപോലെ ചിലര്‍... എന്തുചെയ്യാന്‍ പറ്റും നമുക്ക്... ഒന്നേ ചെയ്യാനുള്ളൂ...
ഒരു ഭീഷ്മശപഥം... ഞാന്‍ അങ്ങനെയാവില്ല... ആയിരം കൈകളാല്‍ തിരമാലകള്‍ തന്നെ ആഞ്ഞുപുണരുമ്പോള്‍ നനഞ്ഞ് കുതിര്‍ന്ന് പതഞ്ഞ് അവളോടുകൂടി പാതിദൂരമെങ്കിലും തിരികെ സഞ്ചരിക്കുവാന്‍ തക്ക ആര്‍ദ്രതയുള്ള തീരത്തെ മണല്‍ത്തരികളെപോലെയാവണം നമ്മള്‍. നീയെന്താ എന്‍റെ കൂടെ ഒരു മൈല്‍ ദൂരം വരാത്തതെന്ന് പരാതിപ്പെടുന്നവനോടു കൂടി രണ്ടുമൈല്‍ ദൂരം പോകണമെന്ന് ക്രിസ്തു...
ഓര്‍ത്തിരിക്കൂ... ഉള്ളവരോടെ പരാതിപ്പെടൂ... ഇല്ലാത്തവനോട് എത്രകാലം നമ്മള്‍ പരാതിപ്പെടും... സ്നേഹം നിങ്ങളില്‍നിന്ന് അസ്തമിച്ചിരിക്കുന്നു എന്ന് കൂടെയുള്ളവര്‍ക്ക് ബോധ്യമാകുമ്പോള്‍ പരാതികള്‍ പതുക്കെ പതുക്കെ നിശബ്ദമാകാന്‍ തുടങ്ങും. ജീവിതത്തിന്‍റെ സായാഹ്നം വരെയും നിങ്ങളോടാരെങ്കിലും പരാതിപ്പെടുമോ? നല്‍കാനൊന്നുമില്ലാത്തവണ്ണം ശൂന്യമായ പഴകിയ ഭാണ്ഡം കണക്ക് ജീവിതം മൂലയിലിരുന്ന് ചുക്കിചുളിയുമ്പോള്‍ ആരു വരും പരാതിപറയാന്‍... ജീവിക്കുന്നവരുടെ ഇടയില്‍നിന്ന് ഇന്നേ നമ്മള്‍ ഉപേക്ഷിക്കപ്പെടാതിരിക്കാന്‍ നമുക്ക് പരാതികള്‍ക്കായി കൊതിക്കാം... പരാതി കേള്‍ക്കാന്‍ തുടങ്ങുന്നവരാകാം... കൂടെ വസിക്കുന്ന പ്രിയപ്പെട്ടവരില്‍ നിന്നും പരാതികള്‍ കേള്‍ക്കാതെയാകുമ്പോള്‍ ഞാനറിയണം. എനിക്കെന്തൊക്കെയോ നഷ്ടപ്പെടുകയാണ് എന്ന്. ആരുടെയൊക്കെയോ സ്നേഹം എന്നില്‍നിന്ന് എടുക്കപ്പെട്ടു കഴിഞ്ഞുവെന്ന്.
പരാതികള്‍ കേള്‍ക്കുന്നത് സുഖകരമാണെന്നും പരാതി പറയുന്നത് അപരനെ വിലമതിക്കലാണെന്നുമൊക്കെ വായിക്കുമ്പോള്‍ നെറ്റിചുളിയുന്നവര്‍ക്കായി സുവിശേഷത്തിന്‍റെ താളുകള്‍ മറിയുന്നു...
'മകനെ, നീയെന്താണ് ഞങ്ങളോട് ചെയ്തത്? മൂന്നുദിവസമായി ഞങ്ങള്‍ നിന്നെ അന്വേഷിക്കുന്നു..." മറിയം പരാതിപ്പെടുകയാണ്. അമ്മയുടെ പരാതി ഈശോയ്ക്ക് ഇഷ്ടപ്പെട്ടു. അവിടുന്ന് അമ്മയോടൊപ്പം നസ്രത്തിലേക്ക് മടങ്ങി. 'കര്‍ത്താവെ നീയിവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുമായിരുന്നോ' മര്‍ത്ത കണ്ണീരടക്കാന്‍ പാടുപെട്ടു. ഹൃദയം നുറുങ്ങിയ പരാതി ഈശോയെ കരയിച്ചു. ലാസറിന് ജീവനിലേക്ക് പുനഃപ്രവേശനം...! യേശു കണ്ണീരോടെ പരാതി പറഞ്ഞു, "എന്‍റെ ദൈവമെ, എന്‍റെ ദൈവമെ എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു." ദൈവപിതാവിനും പരാതികള്‍ കേള്‍ക്കാന്‍ ഇഷ്ടമായിരുന്നു... മൂന്നാം ദിവസം യേശു ഉത്ഥാനം ചെയ്തു.
ചുരുക്കത്തില്‍ ഇത്രമാത്രമാണ് പറയാന്‍ ആഗ്രഹിക്കുന്നത്. അപരന്‍റെ പരാതികള്‍ നമുക്ക് അസ്തിത്വം നല്‍കുന്നുണ്ട്, നമ്മെ ചലനാത്മകമാക്കുന്നുണ്ട്, നമ്മിലെ നന്മയെ ഉണര്‍ത്തുന്നുണ്ട്, നമ്മുടെ മനസ്സുകളെ വിശാലമാക്കുന്നുണ്ട്. പരാതികള്‍ കേള്‍ക്കുന്നിടത്തോളം കാലം നമ്മള്‍ സൗഭാഗ്യവാന്മാരാണ്... സ്നേഹത്തിന്‍റെ - കരുണയുടെ - നന്മയുടെ അളവില്ലാത്ത സമ്പത്തിന്‍റെ ഉടമകളായ സൗഭാഗ്യവാന്മാര്‍...
***
സായാഹ്നത്തില്‍ മണിനാദത്തോടൊപ്പം പിടഞ്ഞ് ദേവാലയത്തിലേക്ക് ചെല്ലുകയാണ്. ഹന്നാന്‍വെള്ളം നെറ്റിയില്‍ തൊട്ട് കുരിശുവരച്ച് മുന്നിലേക്ക് നീങ്ങുമ്പോള്‍... സക്രാരിയില്‍നിന്ന് ഒഴുകിയെത്തുന്ന സൗമ്യമായ പരാതി...
എന്തേ എന്നും നീയിത്ര വൈകുന്നു?
എത്രനേരമായി ഞാന്‍ കാത്തിരിക്കുന്നു...
ദൈവത്തിനും പരാതിയാണ്...
ഊറിയൂറി ചിരിക്കാം നമുക്ക്...
ജീവിതം എത്ര സുന്ദരം
പരാതികള്‍ മഴപോല്‍
നമ്മില്‍ പെയ്തിടട്ടെ...
ഓ...! പറയൂ പരാതി നീ ചങ്ങാതി...