top of page

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ...

Nov 1, 2011

2 min read

സിവിക് ചന്ദ്രന്‍
Image : Soldiers patrolling through the borders
Image : Soldiers patrolling through the borders

'വരുന്നോ, ഒഴിവുദിനങ്ങള്‍ ആസ്വദിക്കാന്‍ ഞങ്ങള്‍ക്കിടയിലേക്ക്? ക്ഷണം സ്വീകരിക്കുന്നെങ്കില്‍ ഇത്രാം തീയതി വൈകിട്ട് അഞ്ചുമണിക്ക് ഇന്ന ക്ഷേത്രത്തില്‍ ഭക്തന്മാര്‍ക്കിടയില്‍ ഒരു ഭക്തയായി വരിക. ഒരു പയ്യന്‍ വന്ന് ചോദിക്കും: സുഖമല്ലേ? സുഖംതന്നെ, നിനക്കോ? എന്നു തിരിച്ചുചോദിക്കുക. അവന്‍റെ കൈവശം പുതിയ 'ഔട്ട്ലുക്ക്' ഹിന്ദി പതിപ്പിന്‍റെ കോപ്പിയുണ്ടാകും. ഒരു നേന്ത്രപ്പഴവും. അവന്‍റെകൂടെ പോരുക. മറ്റെല്ലാം ഇവിടെ വന്നിട്ട്.

'ഒരു ഭക്തയുടെ വിചിത്രവേഷം ധരിച്ച്, ഛേ, ഇപ്പോഴോര്‍ക്കുമ്പോഴും ചമ്മിപ്പോകുന്നു, കാത്തിരിക്കുന്നു അമ്പലത്തിലെ ഭക്തജനത്തിരക്കില്‍. അതെ, പയ്യന്‍ വരുന്നു. പക്ഷേ കൈവശം 'ഔട്ട്ലുക്ക്' ഇല്ല, പകരം ഒരു കുറിപ്പ്: 'ഔട്ട്ലുക്ക്' കിട്ടിയില്ല, മാപ്പാക്കുക. സുഖമല്ലേ? പയ്യനോട് മറുപടി പറയുന്നതിനുമുന്‍പേ നേന്ത്രപ്പഴമെവിടെ എന്നു നോക്കുന്നു: ഓ, പഴം! വിശന്നപ്പോള്‍ ഞാനതങ്ങ് തിന്നു. ക്ഷമീക്കു സഖാവേ. രണ്ടും കല്‍പ്പിച്ച് ഞാനവന്‍റെ കൂടെ പോകുന്നു. ചുവപ്പന്‍ സഖാക്കളുടെ വിമോചിത മേഖലകളിലേക്ക്....'

ദല്‍ഹിയിലേക്കുള്ള ഒരു യാത്രയിലായിരുന്നു ഞങ്ങള്‍. ഹിന്ദ് സ്വരാജ് എന്ന ഗാന്ധി പുസ്തകത്തിന്‍റെ ശതാബ്ദിയോടനുബന്ധിച്ച് പ്ലാന്‍ചെയ്ത ചേര്‍ത്തല-ഇംഫാല്‍ സമാധാനയാത്രയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് സാറാ ജോസഫും ഞാനും. ആദിവാസി വനാവകാശ നിയമവുമായി ബന്ധപ്പെട്ട് ഒരു പ്രകടനത്തിനായി സഖാക്കളുമായി സി.കെ.ജാനുവും ഗീതാനന്ദനും. ഞങ്ങള്‍ക്കിടയില്‍ അരുന്ധതീ റോയിയുടെ 'ഔട്ട്ലുക്ക്' കവര്‍ സ്റ്റോറി. ധഅതിലെ ചില ഭാഗങ്ങളാണ് ആദ്യം എഴുതിയത്.

ആദിവാസി മേഖലകളിലേക്ക് പോലീസിന്‍റെ ഭീകരത ഭയന്ന് ഓടിയെത്തിയ മാവോയിസ്റ്റുകള്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിന്‍റേയും ചുവപ്പന്‍ മേഖല രൂപപ്പെട്ടു വരുന്നതിന്‍റേയും നിറംപിടിപ്പിച്ച കഥകള്‍ അത്യാവേശപൂര്‍വം വിശദീകരിക്കുകയാണ് 'കൊച്ചു കൊച്ചു കാര്യങ്ങളുടെ തമ്പുരാന്‍' എഴുതിയ ഈ ആക്ടിവിസ്റ്റ് എഴുത്തുകാരി. കൊള്ളാം. പക്ഷേ, മാവോയിസ്റ്റുകളും ആദിവാസികളും തമ്മിലെന്ത്? രണ്ട് നിസ്സഹായ വിഭാഗങ്ങള്‍ തമ്മില്‍ കൈ കോര്‍ക്കുന്നതൊഴിച്ചാല്‍ ആദിവാസികളില്‍ മാവോയിസ്റ്റുകള്‍ക്കെന്ത് കാര്യം? മാവോയിസ്റ്റുകളില്‍ ആദിവാസികള്‍ക്ക് എന്തു കാര്യം?

തൊഴിലാളി സര്‍വാധിപത്യം സ്ഥാപിക്കാനായി നിലവിലുള്ള ഭരണകൂടത്തെ സായുധസമരത്തിലൂടെ അട്ടിമറിക്കാന്‍ ഒരുങ്ങുകയാണ് മാവോയിസ്റ്റുകള്‍. അതുകൊണ്ട് ആദിവാസികള്‍ക്ക് എന്തു ഗുണം? മുതലാളിത്തത്തിനും അതിനു മുമ്പുള്ള ഫ്യൂഡലിസത്തിനും മുമ്പുള്ള ആദിവാസികളുടെ കാര്യം, അവരുടെ സ്വത്വത്തിന്‍റെ കാര്യം മാവോയിസ്റ്റുകളല്ല, ഒരു കമ്യൂണിസ്റ്റുകളും ഗൗരവമായെടുത്തിട്ടില്ല. അവര്‍ക്കാര്‍ക്കും ഒരാദിവാസി പോളിസിയേ ഇല്ല, ഇപ്പോഴുമില്ല. പാവം ആദിവാസികളെ വെറും വൈക്കോലും ചകിരിയുമായി ഉപയോഗിക്കുകയാണ് മാവോയിസ്റ്റുകള്‍.

വിപ്ലവ പ്രവര്‍ത്തനം നടന്ന സ്ഥലങ്ങളിലോ (ഉദാഹരണമായി വയനാട്)

വിപ്ലവം ജയിച്ച നാടുകളിലോ(റഷ്യ, ചൈന.....) ആദിവാസികളുടെ പ്രശ്നം സവിശേഷമായി അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ല. അക്രമത്തിലൂടെ കെട്ടിപ്പടുക്കപ്പെട്ട പ്രസ്ഥാനമോ ഭരണകൂടമോ ആവട്ടെ, ആദ്യം അത് സ്വന്തം കുഞ്ഞുമക്കളെ തന്നെയാണ് കൊന്നുതിന്നു തുടങ്ങുന്നത്. ഇത് ചരിത്രാനുഭവം. അങ്ങനെയെങ്കില്‍ ആദിവാസികളുടേയും മാവോയിസ്റ്റുകളുടേയും പ്രശ്നങ്ങള്‍ അരുന്ധതി കൂട്ടികുഴക്കുന്നതെന്തിന്? അക്രമത്തെ ഇവര്‍ വിശുദ്ധവല്‍ക്കരിക്കുന്നതെന്തിന്?

ഇങ്ങനെയാണ് ഞങ്ങള്‍ നാല്‍വരുടെ പ്രസ്താവന വരുന്നത്: സോറി, അരുന്ധതീ റോയ്. ഇംഗ്ലീഷിലെഴുതപ്പെട്ട മികച്ച മലയാള രാഷ്ട്രീയ നോവലിലൂടെ, പിന്നീട് മുത്തങ്ങയിലും ചെങ്ങറയിലും നടത്തിയ അവസരോചിതമായ ഇടപെടലുകളിലൂടെ അധഃസ്ഥിതരുടെ കൂടെ നിന്ന പാരമ്പര്യമുണ്ട് നിങ്ങള്‍ക്ക്. എന്നാല്‍, ഇത്തവണ, സോറി. ആദിവാസികള്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഉന്മൂലനസമരത്തെ നേരിടുകയാണ്. അവരുടെ ഭൂമിയും ജീവിതവും ബഹുരാഷ്ട്ര കുത്തകകളുടെ മൈനിങ് കോര്‍പ്പറേഷനുകള്‍ക്ക് തീറെഴുതി കൊടുത്തിരിക്കുന്നു. അതിനെതിരായ ചെറുത്തുനില്‍പ്പ് അവര്‍ക്ക് വിട്ടുകൊടുക്ക്. കഴിയുമെങ്കില്‍ ഈ കോര്‍പ്പറേറ്റ് കുത്തകകളെ പ്രത്യേകമായി നേരിട്ട് ആദിവാസികളെ സഹായിക്ക്. സ്വന്തമായൊരു ആദിവാസി നയം രൂപപ്പെടുത്തിയെടുക്കാന്‍ നോക്ക്. സ്വയം രക്ഷക്ക് ആദിവാസികളെ പരിചയാക്കാന്‍ നോക്കല്ലേ, ആദിവാസികളെ വെറുതെ വിട് എന്ന് മാവോയിസ്റ്റുകളെ ഉപദേശിക്കുകയാണ് അരുന്ധതി ചെയ്യേണ്ടത്. ദണ്ഡകാരണ്യത്തിലെ പ്രശ്നം MOU(Memorandum of understanding) വാദികളുടേതാണ് MAO (Maoish)വാദികളുമായി ബന്ധപ്പെട്ടതല്ല.

ഈ പ്രസ്താവന കേരളത്തിലെ ഏതാണ്ടെല്ലാ പ്രിന്‍റ്-ഇലക്ട്രോണിക് മാധ്യമങ്ങളും തമസ്ക്കരിക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഫോര്‍ത് എസ്റ്റേറ്റ് അവസാനിക്കുന്നിടത്ത് ഫിഫ്ത്ത് എസ്റ്റേറ്റ് പിറന്നുകഴിഞ്ഞിരിക്കുന്നുവല്ലോ. നെറ്റിലിത് ചര്‍ച്ചയായപ്പോള്‍ ആ പ്രസ്താവന പക്ഷേ ചില വാരികകളില്‍ വന്നു- 'മാതൃഭൂമി'യിലും 'മലയാള'ത്തിലും ചില ദലിത് പ്രസിദ്ധീകരണങ്ങളിലും. ഇവയില്‍ കൂടാതെ 'മാധ്യമ'ത്തിലും ചര്‍ച്ചയായി. മലയാള മാധ്യമങ്ങളിലെ ആദര്‍ശവാദിപ്പരിഷകള്‍ക്ക് അവര്‍ക്കിഷ്ടമില്ലാത്തത് മറച്ചുവെക്കാവുന്ന, മായ്ച്ചുകളയാവുന്ന കാലം കഴിഞ്ഞുവല്ലോ.

ചേര്‍ത്തലയില്‍നിന്ന് ഇംഫാലിലേക്ക് ഒരു സമാധാന യാത്ര എന്ന് ഈ ലേഖനത്തിന്‍റെ മൂന്നാം ഖണ്ഡികയില്‍ ഒരു പരാമര്‍ശമുണ്ടല്ലോ. എന്തുകൊണ്ട് ചേര്‍ത്തല? അത് നമ്മുടെ പ്രതിരോധ മന്ത്രി എ.കെ.ആന്‍റണിയുടെ നിയോജക മണ്ഡലമായതിനാല്‍. എന്തുകൊണ്ട് ഇംഫാല്‍? അത് പട്ടാളാതിക്രമങ്ങള്‍ക്കെതിരെ പത്തു വര്‍ഷമായി അഹിംസാത്മക നിരാഹാര സമരം നടത്തുന്ന ഒരു യുവ കവയത്രിയുടെ നാടായതിനാല്‍. മെയ്രാ പെയ്ബി(പന്തമേന്തിയ പെണ്ണുങ്ങള്‍) എന്ന നാടകത്തിന്‍റെ ഹിന്ദി-മലയാളം രൂപങ്ങളുമായി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൂടെ ചേര്‍ത്തലയില്‍നിന്ന് ഇംഫാലിലെത്തുകയായിരുന്നു ഞങ്ങള്‍. കിഷന്‍ജി മുതല്‍ ആസാദ് വരെ നയിക്കുന്ന, അരുന്ധതീ റോയിമാര്‍ പിന്തുണയ്ക്കുന്ന സായുധ ഗറില്ലാ സമരമോ, അതോ ഇറോം ശര്‍മിളമാര്‍ നടത്തുന്ന അഹിംസാത്മകവും സമാധാനപരവുമായ ജനകിയ ചെറുത്തുനില്‍പ്പുകളോ? ഹിന്ദ്സ്വരാജിന്‍റെ ശതാബ്ദിയോടനുബന്ധിച്ച് ദേശീയ തലത്തില്‍തന്നെ ഇത്തരമൊരു സംവാദമുയര്‍ത്താന്‍ ഞങ്ങള്‍ക്കായി.

'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'പ്രസിദ്ധീകരിക്കപ്പെട്ടിട്ട് നൂറ്ററുപത് വര്‍ഷം. 'ഹിന്ദ് സ്വരാജ്' പ്രസിദ്ധീകരിക്കപ്പെട്ടിട്ട് നൂറ് വര്‍ഷം. ആദ്യത്തെ പുസ്തകം, അത് സൃഷ്ടിച്ച ഭരണകൂടങ്ങളും ചരിത്രത്താല്‍ നിരാകരിക്കപ്പെട്ടു കഴിഞ്ഞു. രണ്ടാമത്തെ പുസ്തകവും അത് പ്രതിനിധീകരിക്കുന്ന ബദല്‍ സംസ്കൃതിയുമാവട്ടെ, ലോകം ചര്‍ച്ചചെയ്യാന്‍ തുടങ്ങുന്നതേയുള്ളൂ. വെറും പത്തുരൂപക്ക് പുസ്തകത്തിന്‍റെ മനോഹരമായൊരു വിവര്‍ത്തനം മലയാളത്തില്‍ ലഭ്യമാണ്. ചുമ്മാ ആ പുസ്തകമൊന്നു വായിച്ചു നോക്കൂ പ്രിയ വായനക്കാരാ/കാരീ....

Featured Posts

bottom of page