top of page
ആമുഖം
"നിന്‍റെ ദൈവമായ കര്‍ത്താവ് തന്‍റെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നീയും നിന്‍റെ മകനും മകളും ദാസനും ദാസിയും നിന്‍റെ പട്ടണത്തിലുള്ള ലേവ്യനും നിന്‍റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും അവിടുത്തെ മുമ്പില്‍ സന്തോഷിക്കണം. ഈജിപ്തില്‍ നീ അടിമയായിരുന്നു എന്ന് ഓര്‍മ്മിക്കുക. ഈ കല്പനകളെല്ലാം ശ്രദ്ധാപൂര്‍വ്വം അനുസരിക്കണം" (നിയ 16,11-12).
ആഘോഷങ്ങളില്ലാത്ത ജനതകളില്ല. ഏതെങ്കിലും വിധത്തില്‍, ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ ആഘോഷിക്കുക സകല ജനതകളുടെയും ജീവിതത്തിന്‍റെ തന്നെ ഭാഗമാണ്. അനുദിന ജീവിതത്തിന്‍റെ വിരസതകളും അധ്വാനഭാരവും ദുഃഖങ്ങളും തകര്‍ച്ചയും നിരാശയും ഒക്കെ മറന്ന് അല്പസമയത്തേക്കെങ്കിലും സന്തോഷിക്കാനുള്ള അവസരങ്ങളാണ് ആഘോഷങ്ങള്‍. അതു വ്യക്തികളുടെയും കുടുംബങ്ങളുടെയും പശ്ചാത്തലത്തിലായിരിക്കാം. വിവാഹം, ജന്മദിനം മുതലായവ ഇപ്രകാരമുള്ള ആഘോഷങ്ങളാകുന്നു. അല്ലെങ്കില്‍ സമൂഹത്തിന്‍റെ മുഴുവന്‍ ആഘോഷമാകാം. അത് വിളവെടുപ്പുമായി ബന്ധപ്പെട്ടതോ, വര്‍ഷത്തിന്‍റെ ചില പ്രത്യേകതകളുടെ അടിസ്ഥാനത്തിലോ ആയിരിക്കാം - നമ്മുടെ നാട്ടിലെ ഓണവും വിഷുവും പോലെ.
ഈ ആഘോഷങ്ങള്‍ക്ക് സാവകാശം മതാത്മകമായ വിശദീകരണങ്ങളും നിബന്ധനകളും ചട്ടക്കൂടുകളും കൈവന്നു. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും മതാത്മകതയുടെ സ്വാധീനം ഉണ്ടായതിന്‍റെ ഫലമാണിത്. അപ്പോള്‍ കാര്‍ഷികാഘോഷങ്ങള്‍ മതാചാരങ്ങളുമായി ബന്ധപ്പെട്ടു; പോരാ മതാചാരങ്ങളായി മാറി. ഓരോ മതത്തിന്‍റെയും വിശ്വാസസംഹിതകള്‍ക്കനുസൃതമായി തിരുനാളുകള്‍ക്കു വിശദീകരണങ്ങള്‍ നല്കപ്പെട്ടു; ആഘോഷങ്ങള്‍ക്ക് ആചാരക്രമങ്ങളും.
1. ഇസ്രായേലിലെ തിരുനാളുകള്‍
ഇപ്രകാരമുള്ള തിരുനാളുകള്‍ ഇസ്രായേല്‍ ജനതയ്ക്കിടയിലുമുണ്ടായിരുന്നു. ഇസ്രായേല്‍ ജനം ആഘോഷിച്ചിരുന്ന തിരുനാളുകളുടെ പട്ടിക ലേവ്യര്‍ 23, 25 അദ്ധ്യായങ്ങളില്‍ കാണാം; നിയ. പതിനാറാം അധ്യായത്തിലും. ഈ തിരുനാളുകളില്‍ ചിലത് ക്രിസ്തുസഭയും ഏറ്റെടുത്ത് ആഘോഷിക്കുന്നുണ്ട്; അവയ്ക്കു പുറമേ പല തിരുനാളുകളും കത്തോലിക്കാ സഭ ആഘോഷിക്കുന്നു.
പെസഹാ, പന്തക്കുസ്താ, കൂടാരത്തിരുനാള്‍ എന്നിവയായിരുന്നു ഇസ്രായേലിലെ ഏറ്റം പഴയതും പ്രധാനപ്പെട്ടതുമായ തിരുനാളുകള്‍. ഈജിപ്തിലെ ആദ്യജാതന്മാരെ വധിച്ച സംഹാരദൂതന്‍ ഇസ്രായേല്‍ക്കാരുടെ ഭവനങ്ങളെ തൊടാതെ കടന്നുപോയതിന്‍റെ അനുസ്മരണമാണ് പെസഹാത്തിരുനാളിന്‍റെ മുഖ്യവിഷയം. കടന്നുപോകുക എന്നാണ് 'പാസഹ്' എന്ന ഹീബ്രു വാക്കിനര്‍ത്ഥം; പെസഹാ എന്നാല്‍ കടന്നുപോകല്‍ എന്നും. അതോടൊപ്പം ദാസ്യഭവനമായ ഈജിപ്തില്‍നിന്ന് ചെങ്കടലും മരുഭൂമിയും കടന്നു സ്വാതന്ത്ര്യത്തിന്‍റെ നാടായ വാഗ്ദത്തഭൂമിയിലേക്കു യാത്രചെയ്തതും ഈ തിരുനാളിന്‍റെ ആഘോഷവിഷയമാണ്. സീനായ് മലയില്‍ വച്ച് ദൈവം ഇസ്രായേല്‍ ജനവുമായി ചെയ്ത ഉടമ്പടിയുടെ അനുസ്മരണവും ആഘോഷവുമായിരുന്നു അമ്പതാംദിവസം എന്നര്‍ത്ഥമുള്ള പന്തക്കുസ്താതിരുനാള്‍. മരുഭൂമിയിലൂടെയുള്ള യാത്രാമദ്ധ്യേ ദൈവം നല്കിയ സംരക്ഷണത്തെ കൂടാരതിരുനാളില്‍, കൂടാരങ്ങളില്‍ വസിച്ചുകൊണ്ട് ആഘേഷിക്കുന്നു.
എന്നാല്‍ ഈ മൂന്നുതിരുനാളുകളും തുടക്കത്തില്‍ ആ ജനത്തിന്‍റെ അനുദിനജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍നിന്നു രൂപം കൊണ്ടതാണെന്ന് അധികമാര്‍ക്കും അറിയില്ല. പെസഹാത്തിരുനാള്‍ മരുഭൂമിയില്‍നിന്ന് ആട്ടിന്‍പറ്റവുമായി കൊയ്ത്തു കഴിഞ്ഞ വിളഭൂമിയിലേക്കു കടന്നുപോകുന്ന ഇടയജനത്തിന്‍റെ ആഘോഷമായിരുന്നു. കര്‍ഷകരായിരുന്ന കാനാന്‍കാരുടെ പുത്തിരിതിരുനാളാണ് ഇസ്രായേല്‍ക്കാര്‍ പെസഹായോടനുബന്ധിച്ച് പുളിപ്പില്ലാത്ത അപ്പങ്ങളുടെ തിരുനാളായി ആഘോഷിച്ചത്. ധാന്യക്കൊയ്ത്ത് അവസാനിക്കുന്നതിന്‍റെ ആഘോഷമായിരുന്നു പന്തക്കുസ്താ - ആഴ്ചകളുടെ തിരുനാള്‍. പഴവര്‍ഗ്ഗങ്ങള്‍ ശേഖരിച്ചു കഴിയുമ്പോള്‍ പുതുവീഞ്ഞ് കുടിച്ച് ആഘോഷിച്ചിരുന്നതാണ് കൂടാരത്തിരുനാളായി പരിണമിച്ചത്.
ഇവയ്ക്കു പുറമെ സുപ്രധാനമായ ഒരു തിരുനാളായിരുന്നു പാപപരിഹാരദിനം(ലേവ്യര്‍ 16), പ്രധാനപുരോഹിതന്‍ തന്‍റെയും പുരോഹിതരുടെയും ജനം മുഴുവന്‍റെയും പാപത്തിനു പരിഹാരമായി ബലിയര്‍പ്പിക്കുന്ന ദിവസം. ബലിയര്‍പ്പണത്തിലൂടെ പാപം മറയ്ക്കുന്നു, ദൈവം ഇനി അവ അനുസ്മരിക്കുകയില്ല എന്നു സൂചിപ്പിക്കാനാണ് മറയ്ക്കുക എന്നര്‍ത്ഥമുള്ള 'കാപ്പെര്‍' എന്ന ക്രിയയില്‍ നിന്നു രൂപംകൊണ്ട 'യോം കിപ്പൂര്‍' എന്ന പേര് ഈ തിരുനാളിനു കൈവന്നത്; മറയ്ക്കപ്പെടുന്ന ദിവസം എന്നര്‍ത്ഥം. എസ്തേര്‍ രാജ്ഞിയുടെ മാധ്യസ്ഥ്യത്തിലൂടെ ഇസ്രായേല്‍ ജനത്തിനു കൈവന്ന രക്ഷയെ അനുസ്മരിപ്പിക്കുന്നതായിരുന്നു 'പൂരിം' തിരുനാള്‍(എസ്തേര്‍ 9, 20-22). ഗ്രീക്കു രാജാവായ അന്തിയോക്കസ് നാലാമന്‍ അശുദ്ധമാക്കിയ ജറുസലെം ദേവാലയം യൂദാസ് മക്കബേയൂസിന്‍റെ നേതൃത്വത്തില്‍ വീണ്ടെടുത്ത്, വിശുദ്ധീകരിച്ച്, പുനഃപ്രതിഷ്ഠിച്ചതിനെ പ്രതിഷ്ഠയുടെ തിരുനാള്‍(1മക്ക4, 36-61; 2 മക്ക 10, 1-9) ആഘോഷിക്കുന്നു.
ഇവയ്ക്കു പുറമേ ആഴ്ചതോറും ആഘോഷിച്ചിരുന്നതാണ് സാബത്ത്. ഇത് ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് ദൈവം നല്കിയ വിടുതലിനെയും (നിയ5, 12-15) ആറുദിവസം കൊണ്ട് സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കിയ ദൈവം ഏഴാം ദിവസം വിശ്രമിച്ചതിനെയും(പുറ 20, 8-11) അനുസ്മരിച്ച് ആഘോഷിക്കുന്നു. ഓരോ ഏഴാം വര്‍ഷവും ആചരിക്കേണ്ട ജൂബിലിവര്‍ഷവും (ലേവ്യര്‍ 24) ആഘോഷാവസരങ്ങളുടെ പട്ടികയില്‍പ്പെടുന്നു. ഈ തിരുനാളുകള്‍ക്കെല്ലാം വ്യക്തമായ മതാത്മകവും സാമൂഹികവുമായ മാനങ്ങളുണ്ടായിരുന്നു. രണ്ടു മാനങ്ങള്‍ക്കും ഊന്നല്‍ നല്കുന്നതായിരുന്നു തിരുനാളുകളെക്കുറിച്ച് തുടക്കത്തിലുണ്ടായിരുന്നതും പ്രവാചകന്മാര്‍ നല്കിയ വിമര്‍ശനാത്മക പ്രബോധനങ്ങളും.
തിരുനാളുകളുടെ ലക്ഷ്യം
മുഖ്യമായും നാലു കാര്യങ്ങളാണ് തിരുനാളാചരണങ്ങള്‍ ലക്ഷ്യം വച്ചിരുന്നത്. 1. അനുസ്മരണം 2. കൃതജ്ഞത 3. അനുസരണം-വിശ്വസ്തത 4. സന്തോഷം-ആഘോഷം.
1. അനുസ്മരണം
ദൈവത്തെയും ദൈവം നല്കിയ അനുഗ്രഹങ്ങളെയും പ്രത്യേകമാം വിധം അനുസ്മരിക്കാനുള്ള അവസരങ്ങളായിരുന്നു തിരുനാളുകള്‍. അതിനാല്‍ത്തന്നെ എല്ലാ തിരുനാളുകളും ഏതെങ്കിലും വിധത്തില്‍ രക്ഷാചരിത്രവുമായി ബന്ധപ്പെടുത്തിയിരുന്നു. തങ്ങളുടെ അസ്തിത്വവും നിലനില്പും എല്ലാം ദൈവത്തിന്‍റെ പ്രത്യേകദാനവും അവിടുത്തെ സ്നേഹത്തിന്‍റെയും തിരഞ്ഞെടുപ്പിന്‍റെയും പ്രകടനവുമാണെന്ന് ജനം അനുസ്മരിക്കണം. അതിനായി തിരുനാളവസരങ്ങളിലെ ഒരു മുഖ്യകര്‍മ്മമായിരുന്നു പുറപ്പാടിന്‍റെയും സീനായ് ഉടമ്പടിയുടെയും വിശദീകരണം. തങ്ങള്‍ ആരെന്ന അവബോധം ജനങ്ങളില്‍ രൂഢമൂലമാക്കാനും അവരുടെ വിശ്വാസം ശക്തിപ്പെടുത്താനും തിരുനാളുകള്‍ അവസരമൊരുക്കി.
"നിങ്ങളുടെ കണ്ണുകള്‍ കണ്ട കാര്യങ്ങള്‍ മറക്കാതിരിക്കാനും ജീവിതകാലം മുഴുവനും അവ ഹൃദയത്തില്‍ നിന്നു മായാതിരിക്കാനും ശ്രദ്ധിക്കുവിന്‍; ജാഗരൂകരായിരിക്കുവിന്‍. അവയെല്ലാം നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അറിയിക്കണം" (നിയ 4,9). പെസഹാതിരുനാളിനെ സംബന്ധിച്ച് ഈ ലക്ഷ്യം വളരെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്: "ഇതിന്‍റെ അര്‍ത്ഥമെന്തെന്ന് നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം: ഇതു കര്‍ത്താവിന് അര്‍പ്പിക്കപ്പെടുന്ന പെസഹാബലിയാണ്. അവിടുന്ന് ഈജിപ്തിലുണ്ടായിരുന്ന ഇസ്രായേല്‍ക്കാരുടെ ഭവനങ്ങള്‍ കടന്നുപോയി. ഈജിപ്തുകാരെ സംഹരിച്ചപ്പോള്‍ ഇസ്രായേല്‍ക്കാരെ രക്ഷിച്ചു(പുറ 12, 26-27).
2. കൃതജ്ഞത
ദൈവത്തിന്‍റെ അനന്തകാരുണ്യവും കൃപയുമാണ് തങ്ങളെ ഒരു ജനമാക്കി നിലനിര്‍ത്തുന്നത് എന്ന അവബോധം അവരില്‍ ജനിപ്പിക്കേണ്ട ആദ്യവികാരം നന്ദിയുടേതാണ്. "കര്‍ത്താവു നിങ്ങളെ സ്നേഹിച്ചതും തിരഞ്ഞെടുത്തതും ............. നിങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നതുകൊണ്ടാണ്"(നിയ 7, 6-8). കൃതജ്ഞതയായിരിക്കണം അവര്‍ അര്‍പ്പിക്കുന്ന ശ്രേഷ്ഠബലി. അതിനായി കഴിഞ്ഞ കാര്യങ്ങളെല്ലാം നന്ദിയോടെ ഓര്‍മ്മിക്കണം; മക്കളെ പഠിപ്പിക്കണം. തലമുറതോറും ഈ പ്രബോധനവും നന്ദിപ്രകടനവും തുടരാന്‍ തിരുനാളുകള്‍ അവസരങ്ങളാകണം.
വിളവുകളുടെ ആദ്യഫലം അര്‍പ്പിക്കുമ്പോള്‍ നടത്തേണ്ട വിശ്വാസ-കൃതജ്ഞതാ പ്രകടനത്തെക്കുറിച്ചു നല്കുന്ന നിര്‍ദ്ദേശം ഒരു ഉദാഹരണമാണ്: "ദൈവമായ കര്‍ത്താവിന്‍റെ സന്നിധിയില്‍ നീ ഇങ്ങനെ പറയണം: അലയുന്ന ഒരു അരമായനായിരുന്നു എന്‍റെ പിതാവ്. ചുരുക്കം പേരോടുകൂടെ അവന്‍ ഈജിപ്തില്‍ ചെന്ന് അവിടെ പരദേശിയായി പാര്‍ത്തു...... ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനോട് നിലവിളിച്ചപേക്ഷിച്ചു. അവിടുന്ന് അവരുടെ നിലവിളി കേട്ടു...... മോചിപ്പിച്ചു. ഇവിടേക്കു കൂട്ടിക്കൊണ്ടുവന്നു....." (നിയ 26, 1-10).
3. അനുസരണം-വിശ്വസ്തത
ദൈവം നല്കിയ ദാനങ്ങളില്‍ ഏററവും ശ്രേഷ്ഠമായ ദാനമാണ് ദൈവത്തിന്‍റെ സ്വന്തം ജനം എന്ന സ്ഥാനം. സീനായ് ഉടമ്പടിയിലൂടെ ഉറപ്പുനല്കിയിരിക്കുന്നതാണ് ഈ സ്ഥാനം. എന്നാല്‍ സീനായ് ഉടമ്പടി നിരുപാധികമായിരുന്നില്ല. ഉടമ്പടിയുടെ പ്രമാണങ്ങള്‍ അനുസരിക്കുന്നിടത്തോളം കാലംമാത്രമേ ഉടമ്പടി നിലനില്ക്കൂ; ദൈവജനം എന്ന സ്ഥാനവും. "നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കുകയും എന്‍റെ ഉടമ്പടിയുടെ നിയമങ്ങള്‍ പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനതകളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും"(പുറ19,5). ഉടമ്പടിയുടെ നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ദൈവജനം എന്ന സ്ഥാനം നഷ്ടപ്പെടും എന്നു ചുരുക്കം. എല്ലാ തിരുനാളുകളും ഈ യാഥാര്‍ത്ഥ്യം അനുസ്മരിക്കാനും ദൈവത്തോടുള്ള അനുസരണവും വിശ്വസ്തതയും ഏറ്റുപറയാനുമുള്ള അവസരങ്ങളായിരിക്കണം,
4. ആഘോഷം
ജനഹൃദയങ്ങളിലും സമൂഹജീവിതത്തിലും മുന്നിട്ടുനില്‍ക്കേണ്ട വികാരം സന്തോഷത്തിന്‍റേതായിരിക്കണം. തിരുനാളുകള്‍ സന്തോഷത്തിന് ആഴവും വ്യാപ്തിയും അര്‍ത്ഥവും പകരുന്നു. ദൈവം എന്നെ, ഞങ്ങളെ, നമ്മെ സ്നേഹിക്കുന്നു എന്ന അവബോധമാണ് സന്തോഷത്തിന്‍റെ അടിത്തറ. തീര്‍ത്ഥാടനം, ഭക്ഷണം, പാനീയം, ഗാനാലാപം, നൃത്തം തുടങ്ങിയ ബാഹ്യപ്രകടനങ്ങള്‍ ആന്തരികമായ സന്തോഷത്തെ പ്രകാശിപ്പിക്കണം. ഈ സന്തോഷത്തില്‍ എല്ലാവര്‍ക്കും പങ്കുചേരാന്‍ കഴിയണം. ആരംഭത്തില്‍ ഉദ്ധരിച്ച തിരുവചനം ഈ പ്രബോധനം അടിവരയിട്ടുറപ്പിക്കുന്നു. എല്ലാവര്‍ക്കും ദൈവസന്നിധിയില്‍ സന്തോഷിക്കാനുള്ള അവസരങ്ങളായിരിക്കണം തിരുനാളുകള്‍. ആദ്യഫലങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചതിനുശേഷം ദൈവസന്നിധിയില്‍വച്ച് സന്തോഷിച്ച് ആഘോഷിക്കണം എന്ന് പ്രത്യേകം അനുശാസിക്കുന്നത് ഈ വിഷയത്തിലേക്കു കൂടുതല്‍ വെളിച്ചം വീശുന്നു. "അവിടുന്ന് നിങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും തന്നിട്ടുള്ള എല്ലാ നന്മയെയും പ്രതി നിങ്ങളും ലേവ്യരും നിങ്ങളുടെ മധ്യേയുള്ള പരദേശിയും സന്തോഷിക്കണം(നിയ 26, 11).
(തുടരും)