

ഉള്ളിലെ നീറുന്ന തീയും പുകയും അണയ്ക്കാനാണ് ആദ്യമായി ഇവനെന്‍റെ ചുണ്ടില്‍ ചേരുന്നത്. അന്നെനിക്ക് 18 വയസ്സ്. ഏതോ ഒരു സുഹൃത്ത് പാതി വലിച്ചു നീട്ടിയതാണ്. ഒന്നില്‍ കൂടുതല്‍ പേര്‍ വലിച്ച് പാതിയോളം തീര്‍ത്ത ആ സിഗരറ്റ്കുറ്റിയിലെ അവസാനത്തെ പുക ഞാന്‍ അന്ന് ആവേശത്തോടെ ഉള്ളിലേക്കെടുത്തു. അവരുടെയെല്ലാം ഉമിനീരിന്‍റെ നനവ് അതില്‍ പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. എങ്കിലും ഉള്ളിലെ തീ അണയ്ക്കാന്‍ ആ എരിയുന്ന മറ്റൊരു തീയ്ക്ക് ആയി എന്ന യാഥാര്‍ത്ഥ്യം അതിശയിപ്പിക്കുന്നതാണ്.
പിന്നീടും ഞാനിവനെ കൂട്ടു പിടിച്ചു. പ്രണയം നഷ ്ടപ്പെട്ടപ്പോഴും ഇന്‍റര്‍വ്യൂകളില്‍ പരാജയപ്പെട്ടപ്പോഴും അമ്മ ആശുപത്രിയിലായിരുന്നപ്പോഴും അച്ഛന്‍ മരിച്ചപ്പോഴും കടങ്ങള്‍ തലയ്ക്കു മീതെ ഒരു വാളായി തൂങ്ങിക്കിടന്നപ്പോഴും ഭാര്യ പ്രസവമുറിയില്‍ കിടക്കുമ്പോഴുമെല്ലാം ഇവനെന്‍റെ ചുണ്ടില്‍ ഞാന്‍ പോലും അറിയാതെതന്നെ ചേര്‍ന്നു.
