top of page

ക്രൈസ്തവസഭകള്‍ മറിയത്തോടടുക്കുന്നു

Nov 4, 2009

3 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

ആദ്യത്തെ ആറു നൂറ്റാണ്ടുകളില്‍ മറിയത്തോടുള്ള സഭയുടെ സമീപനം ബൈബിളിനെ ആധാരമാക്കിയുള്ളതായിരുന്നു. ബൈബിളില്‍ പരോക്ഷമായി സൂചിപ്പിച്ചിട്ടുള്ള ചില കാര്യങ്ങള്‍ കുറെക്കൂടി ഊന്നല്‍ കൊടുത്തും വ്യക്തമാക്കിയും സഭാ പിതാക്കന്മാര്‍ എടുത്തുപറഞ്ഞിട്ടുണ്ടെന്നതു വാസ്തവമാണ്. എങ്കിലും ബൈബിളില്‍ നിന്നു വഴിപിരിയാനോ അകന്നുപോകാനോ അവര്‍ ഒരിക്കലും തയ്യാറായിരുന്നില്ല. എന്നാല്‍, ആറാം നൂറ്റാണ്ടിനുശേഷം മറിയത്തോടുള്ള അതിശയോക്തിപരമായ ചില നിലപാടുകളും സമീപനങ്ങളും സഭയില്‍ കടന്നുകൂടി. മധ്യയുഗങ്ങളുടെ പ്രത്യേകതകളായിരുന്ന വൈകാരികതയും വ്യക്തിത്വവാദവും (individualism) എല്ലാം അതിശയോക്തിപരമായ ഈ പ്രവണതകളെ ഒന്നുകൂടെ സജീവമാക്കി. മധ്യയുഗങ്ങളിലെ മറിയത്തോടുള്ള സമീപനങ്ങളില്‍ ഒരു നവീകരണം ആവശ്യംതന്നെയായിരുന്നു.

ഇങ്ങനെ മറിയത്തോടുള്ള ഭക്ത്യാദരവുകളുടെ കാര്യത്തില്‍ കടന്നുവന്ന അതിശയോക്തികളെയാണ് ആദ്യമെല്ലാം മതനവീകരണക്കാര്‍ എതിര്‍ത്തത്. എന്നാല്‍, കാലക്രമത്തില്‍ മറിയത്തിന്‍റെ നേര്‍ക്കുള്ള എല്ലാ സ്നേഹബഹുമാനാദികളെയും അവര്‍ എതിര്‍ത്തു തുടങ്ങി. മറിയത്തിന്‍റെ നേര്‍ക്കുള്ള സ്നേഹവും ആദരവും ദൈവപുത്രനായ യേശുവിന്‍റെ നേര്‍ക്കും പിതാവായ ദൈവത്തിന്‍റെ നേര്‍ക്കുമുള്ള ആരാധനാസ്തുതിസ്തോത്രങ്ങള്‍ക്ക് എതിരാകുമെന്ന് അവര്‍ ശങ്കിക്കുകയും ജനങ്ങളുടെ ഭക്തി വിശ്വാസമണ്ഡലങ്ങളില്‍ നിന്നു മറിയത്തെ മിക്കവാറും പൂര്‍ണ്ണമായി മാറ്റിനിര്‍ത്തുകയും ചെയ്തു. മാര്‍ട്ടിന്‍ ലൂഥര്‍ മാത്രം ഇതിന് ഒരപവാദമായിരുന്നു. മറിയത്തിന്‍റെ പേരില്‍ കാണപ്പെട്ട അനാചാരങ്ങളെ എതിര്‍ത്തെങ്കിലും, മരിയ ഭക്തിയെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്. "മാഗ്നിഫിക്കാത്ത്" എന്ന സ്ത്രോത്രഗീതത്തിന് അദ്ദേഹം നല്കിയ വ്യാഖ്യാനം അദ്ദേഹത്തിന്‍റെ മരിയഭക്തിയുടെ ഉദാത്തമായ ഉദാഹരണമാണ്. "ദൈവത്തെ മുലയൂട്ടുകയും തൊട്ടിലാട്ടി ഉറക്കുകയും സൂപ്പുണ്ടാക്കി പോറ്റുകയും ചെയ്ത" മറിയത്തോട് അഗാധമായ ഭക്തിയും സ്നേഹവുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍, പിന്നീടുവന്ന ലൂഥറന്മാരും മറ്റു പ്രോട്ടസ്റ്റന്‍റ് വിഭാഗങ്ങളും സഭ മറിയത്തിനു നല്കിയ സ്നേഹാദരവുകളെ പൂര്‍ണ്ണമായി നിരാകരിച്ചു. അവരുടെ നിഷേധാത്മകമായ നിലപാടിനു മുമ്പില്‍ കത്തോലിക്കരായ വിശ്വാസികള്‍ ഒന്നുകൂടെ മരിയ ഭക്തിക്കു ഊന്നല്‍ നല്കി. മറുഭാഗത്തെ അത് ഒന്നുകൂടെ മറിയത്തില്‍ നിന്നകറ്റി. ഇങ്ങനെയുള്ള ഒരു ദൂഷിതവലയത്തില്‍ ആയിരുന്നു നൂറ്റാണ്ടുകളായി കത്തോലിക്കരും പ്രോട്ടസ്റ്റന്‍റുകാരും. എന്നാല്‍ ഈയിടെയായി പ്രോട്ടസ്റ്റന്‍റ് സഭാവിഭാഗങ്ങള്‍ മറിയത്തോട് ഒരു പുതിയ സമീപനം സ്വീകരിക്കുന്നതായി നാം കാണുന്നു.

യാഥാസ്ഥിതിക പ്രസിദ്ധീകരണമായ Christianity Today, ലിബറല്‍ പ്രസിദ്ധീകരണമായ Christian Century തുടങ്ങിയ ആനുകാലികങ്ങളില്‍ മറിയത്തിന് അനുകൂലമായി എഴുതപ്പെടുന്ന പണ്ഡിതോചിതമായ പ്രബന്ധങ്ങളും ജനപ്രീതികരമായ ലേഖനങ്ങളും ഇന്നു കാണുവാന്‍ കഴിയും. അതുപോലെതന്നെ, മറിയത്തെ വിഷയമാക്കിയുള്ള ധാരാളം പ്രസംഗങ്ങള്‍ പേരെടുത്ത വലിയ പള്ളികളിലെ പ്രസംഗപീഠങ്ങളില്‍നിന്നു കേള്‍ക്കുന്നത് അപൂര്‍വ്വമല്ല. ചിക്കാഗോയിലെ Fourth Presbyterian Church സുപ്രസിദ്ധ പ്രസംഗപീഠത്തില്‍ നിന്നാണ് ദീര്‍ഘകാലം പാസ്റ്റര്‍ ആയിരുന്ന John Buchanan കന്യകാമറിയത്തെപ്പറ്റി സുദീര്‍ഘമായ ഒരു പ്രസംഗം നടത്തിയത്.

Systematic Theology എന്ന ഈടുറ്റ ഗ്രന്ഥത്തിന്‍റെ കര്‍ത്താവും ലൂഥറന്‍ ദൈവശാസ്ത്രജ്ഞനുമായ Robert Jenson പറയുന്നത്, പ്രോട്ടസ്റ്റന്‍റുകാരും കത്തോലിക്കരെപ്പോലെ തന്നെ മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നത്രേ. ഇന്ന് പ്രോട്ടസ്റ്റന്‍റുകാരും കത്തോലിക്കരും മറുഭാഗത്തിന്‍റെ വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും ആഴത്തില്‍ പഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു കരുതുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറിയത്തിന്‍റെ മംഗളവാര്‍ത്തത്തിരുനാള്‍ മാര്‍ച്ചുമാസം 25-നാണ് കത്തോലിക്കര്‍ ആഘോഷിക്കുന്നത് - ഡിസംബര്‍ 25-നു കൃത്യം ഒന്‍പതുമാസം മുമ്പ്. ഗബ്രിയേല്‍ ദൈവദൂതന്‍ യേശുവിന്‍റെ ജനനത്തെപ്പറ്റിയുള്ള ദൈവികസന്ദേശം കന്യകാമറിയത്തെ അറിയിച്ചതും അവള്‍ അതിനു സമ്മതം നല്കിയതുമായ സംഭവത്തിന്‍റെ അനുസ്മരണമാണ് അന്ന് ആഘോഷിക്കപ്പെടുക. പ്രോട്ടസ്റ്റന്‍റ് സഭാവിഭാഗങ്ങള്‍ക്ക് അങ്ങനെ ഒരു തിരുനാളേയില്ല. എന്നാല്‍ Ohio-ലെ Xenia എന്ന സ്ഥലത്തുള്ള Westminster Presbyterian Church-ന്‍റെ പാസ്റ്ററായ Brian Maguire ഈ തിരുനാള്‍ ആഘോഷം ഒരു നിര്‍ബന്ധമായിരുന്നു. പക്ഷേ അക്കൊല്ലം (2005) മാര്‍ച്ച് 25-നു തന്നെയായിരുന്നു യേശു മരിച്ച ദിവസമായ ദുഃഖവെള്ളിയും. അങ്ങനെ വരുമ്പോള്‍ കത്തോലിക്കര്‍ മറിയത്തിന്‍റെ മംഗലവാര്‍ത്തത്തിരുനാള്‍ മറ്റൊരു ദിവസത്തേക്കു മാറ്റി വെക്കുകയാണ് പതിവ്. പ്രോട്ടസ്റ്റന്‍റ് സഭകളില്‍ ദുഃഖവെള്ളി ആണ്ടുവട്ടത്തിലെ മുഖ്യമായ ഒരു തിരുനാളാണ്. മറിയത്തിന്‍റെ മംഗളവാര്‍ത്താതിരുനാളിന്‍റെയും കൂടി ഒരു സംയുക്താഘോഷമായി അതു നടത്തുവാന്‍ Maguire തീരുമാനിച്ചു. വിശ്വാസികളുടെ സമൂഹത്തിന് അദ്ദേഹം നല്കിയ വിശദീകരണം ഇതായിരുന്നു: "യേശുവിന്‍റെ ജനനവും മരണവും ഒരു ദിവസംതന്നെ വന്നെങ്കില്‍, മറിയത്തിന് ഈ രണ്ടു സംഭവങ്ങളിലും നിര്‍ണ്ണായകമായ പങ്കാണ് വഹിക്കാനുണ്ടായിരുന്നത്. കാരണം മറിയമായിരുന്നല്ലോ യേശുവിന്‍റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ശിഷ്യ". Maguire ന്‍റെ ബൈബിള്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന പലര്‍ക്കും മറിയത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ വളരെ ആകര്‍ഷകമായിട്ടാണ് അനുഭവപ്പെടാറുള്ളത്.

പ്രോട്ടസ്റ്റന്‍റ് വൃത്തങ്ങളില്‍ ദീര്‍ഘവര്‍ഷങ്ങളായി മറിയത്തിനുചുറ്റും നിലനിന്നിരുന്ന ഭിത്തി ഇന്നു പതുക്കെപതുക്കെ തകരുകയാണ്.

പല പ്രോട്ടസ്റ്റന്‍റ് സഭാവിഭാഗങ്ങളും തങ്ങള്‍ ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന കാര്യമായ ബൈബിളിന്‍റെ സൂക്ഷ്മവായനയിലും പഠനത്തിലും മറിയത്തിന് അര്‍ഹമായ ശ്രദ്ധ കൊടുക്കാതെ പോയതോര്‍ത്ത് ഇന്നു ദുഃഖിക്കുന്നുണ്ട്. Princetonലെ ബൈബിള്‍ പ്രൊഫസറായ Beverly Gaventa പറയുന്നത്, ദൈവശാസ്ത്രപരമായും ആരാധനക്രമപരമായും ഭക്തിപരമായും മൗനം പാലിക്കാനുള്ള പ്രോട്ടസ്റ്റന്‍റ് ഗൂഢാലോചനയുടെ ഇരയാണ് മറിയം എന്നത്രേ. പ്രസംഗപീഠങ്ങളില്‍ നിന്നുള്ള ഈ മൗനം ഏറെക്കുറെ മനസ്സിലാക്കാം, എന്നാല്‍ ബൈബിള്‍ പണ്ഡിതന്മായ തന്‍റെ സഹപ്രവര്‍ത്തകരുടെ മൗനമാണ് തന്നെ അത്ഭുതപ്പെടുത്തുന്നത് എന്നവര്‍ നിരീക്ഷിക്കുന്നു. പുതിയ നിയമത്തിലെ വിശിഷ്ടവ്യക്തികളെപ്പറ്റി ഒരു ലേഖനപരമ്പര എഴുതാന്‍ 1989-ല്‍ ഗാവെന്‍റാ ക്ഷണിക്കപ്പെട്ടു.

നമുക്കു കാര്യമായി ഒന്നുംതന്നെ അറിഞ്ഞുകൂടാത്ത മഗ്ദലന മറിയത്തെപ്പറ്റിയും സംശയിക്കുന്ന തോമസിനെപ്പറ്റിയും വാഗ്വിലാസത്തോടെ പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള ധാരാളം ആളുകളുണ്ടായിരുന്നെങ്കിലും കുരിശിന്‍ചുവട്ടിലെ മറിയത്തെപ്പറ്റി എഴുതിയവര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. തങ്ങളുടെ പള്ളികളില്‍ പ്രസംഗിക്കുന്നതിന് പ്രൊഫ. ഗാവെന്‍റായെ പലരും ക്ഷണിക്കാറുണ്ടായിരുന്നു. മറിയത്തെപ്പറ്റി അല്പം പ്രസംഗിക്കാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ പ്രതികരണം അസ്വസ്ഥമായ ഒരു മൗനവും, പിന്നെ "ങാ! ഞങ്ങളൊക്കെ മിക്കവാറും പ്രോട്ടസ്റ്റന്‍റ്കാരാണ്" എന്ന മറുപടിയുമായിരുന്നു. അതുകൊണ്ട് തന്‍റെ പ്രസംഗങ്ങളെയും ലേഖനപരമ്പരയെയും പ്രോട്ടസ്റ്റന്‍റ് രീതിയില്‍ത്തന്നെ സമീപിക്കാന്‍ അവര്‍ തീരുമാനിച്ചു. "നമ്മള്‍ പ്രോട്ടസ്റ്റന്‍റുകാര്‍ ബൈബിള്‍ വായിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവരാണല്ലോ. അതിനാല്‍ ബൈബിള്‍ വായിച്ച് അതില്‍ കാണുന്നതെന്തെന്ന് നമുക്കു പരിശോധിക്കാം."

പ്രോട്ടസ്റ്റന്‍റുകാര്‍ നൂറ്റാണ്ടുകളായി പെട്ടെന്നു വായിച്ചു തള്ളുന്ന ചില ഭാഗങ്ങള്‍ ഗാവെന്‍റാ ശ്രദ്ധാപൂര്‍വ്വം വായിച്ചപ്പോള്‍ മനസ്സിലായത്, അവ പുതിയ നിയമത്തിന്‍റെ സുപ്രധാനമായ സ്ഥാനങ്ങളില്‍ വളരെ ആലോചിച്ച് സുവിശേഷകര്‍ എഴുതിയിട്ടുള്ള വചനങ്ങളാണെന്നാണ്. യേശുകഴിഞ്ഞാല്‍, സുവിശേഷത്തില്‍ മറ്റേതൊരു വ്യക്തിയെയുംകാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് മറിയത്തെപ്പറ്റി എഴുതിയിട്ടുള്ള വചനങ്ങളാണിവ. സുവിശേഷത്തിലെ ഇങ്ങനെയുള്ള ആദ്യവാക്യങ്ങളാണ്, ഗബ്രിയേല്‍ ദൈവദൂതന്‍ മറിയത്തോടു മംഗളവാര്‍ത്ത അറിയിക്കുന്നതും, താന്‍ കന്യകയായതിനാല്‍ തനിക്ക് ഇത് എങ്ങനെ സംഭവിക്കുമെന്ന ചോദ്യവും ദൈവദൂതന്‍റെ മറുപടിയും തുടര്‍ന്നുള്ള മറിയത്തിന്‍റെ സമ്മതം നല്കലും സമ്പൂര്‍ണ്ണ സമര്‍പ്പണവും. അത്രയുംപോലും ശ്രദ്ധിക്കപ്പെടാതെ പോയ കാര്യമാണ്, തന്‍റെ ബന്ധുവും സ്നാപകയോഹന്നാന്‍റെ അമ്മയുമായ എലിസബത്തുമായുള്ള മറിയത്തിന്‍റെ കൂടിക്കാഴ്ചയും, 'മാഗ്നിഫിക്കാത്ത്' എന്ന മറിയത്തിന്‍റെ സ്തോത്രഗീതവും. "ശക്തന്മാരെ സിംഹാസനത്തില്‍നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു" (ലൂക്കാ. 1:52-53) എന്ന മറിയത്തിന്‍റെ വാക്കുകള്‍തന്നെ ദൈവത്തെപ്പറ്റിയുള്ള എത്ര ശക്തവും സുന്ദരവുമായ ഈരടികളാണ്. യേശുവിന്‍റെ ജനനത്തില്‍ മറിയത്തിന്‍റെ പേര് എല്ലാ ഡിസംബറിലും പരാമര്‍ശിക്കുന്നുണ്ടെങ്കിലും നാല്പതാം ദിവസം യേശുവിനെ ദേവാലയത്തില്‍ കാഴ്ചകൊടുക്കാന്‍ ചെന്നപ്പോള്‍, "നിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും" (ലൂക്കാ 2:35) എന്ന് പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ ദേവാലയത്തില്‍ വന്ന ശിമയോന്‍ പറഞ്ഞ വാക്കുകള്‍ ആരും ശ്രദ്ധിക്കാറേയില്ല. 12-ാം വയസ്സില്‍ ജറുസലേമിലേക്കു തിരുനാളിനു പോയ യേശു ദേവാലയത്തില്‍ ഉപാധ്യായന്മാരുമായി തര്‍ക്കിച്ചുകൊണ്ട് അവിടെ തങ്ങിയതും യേശുവിനെ കാണാഞ്ഞ് തിരിച്ചെത്തിയ മറിയത്തിന്‍റെ മാതൃസഹജമായ പാരവശ്യവും, കാനായിലെ കല്യാണവിരുന്നില്‍വച്ച് മറിയത്തിന്‍റെ അപേക്ഷയനുസരിച്ച് വെള്ളം വീഞ്ഞാക്കിക്കൊണ്ട് യേശു പ്രവര്‍ത്തിച്ച അത്ഭുതവുമെല്ലാം സാധാരണമായി അവഗണിക്കപ്പെടുകയാണ് പതിവെന്നു ഗാവെന്‍റാ നിരീക്ഷിക്കുന്നു.

കാല്‍വരിയിലെ കുരിശിന്‍ചുവട്ടില്‍ നിന്നുകൊണ്ട് മറിയം വഹിച്ച പങ്കിനെപ്പറ്റി പ്രോട്ടസ്റ്റന്‍റ് പ്രസംഗങ്ങളില്‍ യാതൊരു പരാമര്‍ശവുമില്ലാത്തതാണ് ഒരുവനെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം. ആദ്യത്തെ മൂന്നു സുവിശേഷങ്ങളിലും മറിയം കുരിശിന്‍ ചുവട്ടില്‍ നിന്നിരുന്നതായി പറയുന്നില്ലെങ്കിലും, പല പാഠഭേദങ്ങളും സൂചിപ്പിക്കുന്നതുപോലെ പുരുഷന്മാരായ ശിഷ്യരെല്ലാം യേശുവിനെ ഉപേക്ഷിച്ച് ഓടിപ്പോയി ക്കഴിഞ്ഞിട്ടും, അവിടെ നിലയുറപ്പിച്ചുകൊണ്ട് യേശുവിന്‍റെ പീഡാസഹനം കണ്ടുനിന്ന സ്ത്രീകളില്‍ ഒന്നു മറിയമായിരുന്നു. യോഹന്നാന്‍റെ സുവിശേഷമനുസരിച്ച്, പേരുപറയാത്ത ഒരു ശിഷ്യനോടുകൂടെ (യോഹന്നാന്‍ തന്നെയായിട്ടാണ് ആ ശിഷ്യന്‍ കരുതപ്പെടുക) യേശുവിന്‍റെ പീഡാനുഭവത്തിനു സാക്ഷിയായി കുരിശിന്‍ ചുവട്ടില്‍ നിന്നിരുന്ന മറിയത്തോട് യോഹന്നാനെ കാണിച്ചുകൊണ്ട് മരണത്തിനു തൊട്ടുമുമ്പ് യേശുപറഞ്ഞു: "സ്ത്രീയേ, ഇതാ നിന്‍റെ മകന്‍" യോഹന്നാനോട് അവിടുന്നു പറഞ്ഞു: "ഇതാ നിന്‍റെ അമ്മ". അങ്ങനെ യേശു അവരെ പരസ്പരം ഭരമേല്പിക്കുന്നു. അവസാനമായി സുവിശേഷത്തില്‍ മറിയം പ്രത്യക്ഷപ്പെടുന്നത്, പേരെടുത്ത പറയുന്ന ഏക സ്ത്രീയായി, മുകളിലത്തെ നിലയിലുള്ള മുറിയില്‍ പ്രാര്‍ത്ഥനാനിരതരായി സമ്മേളിച്ചിരിക്കുന്നവരും പരിശുദ്ധാരൂപിയാല്‍ നയിക്കപ്പെട്ട പുതിയ സഭയുടെ ആദ്യത്തെ അംഗങ്ങളാകുവാന്‍ പോകുന്നവരുമായ പുരുഷന്മാരുടെ ഇടയിലാണ് (അപ്പോ 1:14). (തുടരും)

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

0

0

Featured Posts