

സഭയ്ക്കുവേണ്ടി തീക്ഷ്ണമായി പ്രതികരിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സംഘടന, സഭാവിരുദ്ധരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍, അതിനെ തീവ്രവാദി പ്രസ്ഥാനം എന്നു വിശേഷിപ്പിച്ചതില്‍ ചിലര്‍ക്ക് കാര്യമായ അസ്വസ്ഥത ഉണ്ടായതായി മനസ്സിലാക്കുന്നു. കാര്യങ്ങള്‍ക്ക് വ്യക്തത വരുത്താം.
മലയാള ഭാഷയിലുള്ള നാലുപദങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്. സാമുദായികത, വര്‍ഗീയത, തീവ്രവാദം, ഭീകരവാദം എന്നീ പദങ്ങളെക്കുറിച്ച് വേണ്ടത്ര വ്യക്തത മലയാളിക്ക് ഉണ്ടെന്നു തോന്നുന്നില്ല.
സാമുദായികത എന്ന പദം പണ്ടുമുതലേ പ്രചാരത്തിലുള്ളതാണ്. സ്വന്തം സമുദായം വളരണം എന്ന ശരിയായ ചിന്തയാണ് അതിനു പിന്നിലുള്ളത്. ഇത് മറ്റു സമുദായങ്ങളുടെ തളര്‍ച്ച ആഗ്രഹിക്കലല്ല. ശരിയായ സാമുദായിക ബോധമുള്ളവര്‍ മറ്റുള്ള സമുദായങ്ങളോട് അനീതി കാണിക്കുകയോ മറ്റു സമുദായങ്ങളെ താറടിക്കുകയോ ചെയ്യുകയില്ല. എല്ലാവരോടുമൊപ്പം സ്വന്തം സമുദായത്തിനും വളര്‍ച്ചയുണ്ടാകണം എന്ന് അവര്‍ ആഗ്രഹിക്കും. സ്വന്തം സമുദായത്തിനുണ്ടാകുന്ന തകര്‍ച്ചകളും ക്ഷീണങ്ങളും അവഗണനകളും അവര്‍ക്കു വലിയ മനോവേദന സമ്മാനിക്കും.
വര്‍ഗീയത എന്നാല്‍ ഒരു ഇട്ടാവട്ടത്തില്‍പെട്ടുപോകലാണ്. 'ശബ്ദതാരാവലി'യനുസരിച്ച്, ഒരാള്‍ക്ക് തന്‍റെ വര്‍ഗത്തില്‍പെട്ടവരോട് താല്പര്യവും മറ്റുള്ളവരോടു വിരോധവും തോന്നുന്നഭാവമാണത്. ഏതു വിഷയത്തിലും അത്തരക്കാര്‍ക്ക് സ്വന്തം ഗണത്തെക്കുറിച്ചേ ചിന്തിക്കാനാകൂ. പൊതുനന്മ അവര്‍ക്ക് അന്യമാണ്. ഇടുങ്ങിയ ചിന്താഗതിയോടെയേ അവര്‍ക്ക് ഏതു വിഷയത്തെയും സമീപിക്കാനാകൂ. നീതിയോ ന്യായമോ മാനവികതയോ മനുഷ്യാവകാശങ്ങളോ ഒന്നും വര്‍ഗീയവാദികളുടെ ദൃഷ്ടിപഥത്തിലില്ല. മറ്റുള്ളവര്‍ തകര്‍ന്നാലും കുഴപ്പമില്ല, തങ്ങള്‍ക്കു മാത്രം വളര്‍ച്ചയുണ്ടാകണം എന്ന ചിന്താഗതി വര്‍ഗീയതയുടെ അസ്സല്‍ കാഴ്ചയാണ്. വര്‍ഗീയതയ്ക്ക് മതമോ ജാതിയോ നിറമോ തൊഴിലോ സഭയോ റീത്തോ ഒക്കെ നിമിത്തമാകാം. ഈ പദവും നമ്മുടെ സമൂഹത്തില്‍ വര്‍ഷങ്ങളായി പ്രയോഗത്തിലുണ്ട്.
മാരകമായ രണ്ടു പദങ്ങള്‍
