

നീയറിഞ്ഞോ മേരീ, ഉണ്ണിയെ മുത്തിയപ്പോള്‍ ദൈവത്തെ ചുംബിക്കുകയായിരുന്നുവെന്ന്.' - ഈ വരികള്‍ ഉള്‍പ്പെടുന്ന കരോള്‍ഗീതം നിശ്ചയമായും കേള്‍ക്കണം. ഓരോ കുഞ്ഞിനുമുള്ള വാഴ്ത്താണത്, ഇഴയുകയും കരയുകയും കൈകാലിട്ടടിക്കുക യുമൊക്കെ ചെയ്യുന്ന ഒരു ഇത്തിരിപ്പൈതല്‍ ആരെയാണ് ഉള്ളില്‍ വഹിക്കുന്നതെന്ന്.
പല കാരണങ്ങള്‍ കൊണ്ട് വൈകിയെത്തുന്ന കുഞ്ഞുങ്ങളെ precious baby എന്നു വിളിക്കുന്ന രീതിയുണ്ട്. നേരത്തെ ലഭിച്ചതുകൊണ്ടും കാത്തിരിപ്പിന്‍റെ വ്യാകുലമറിയാത്തതുകൊണ്ടും മടിയിലെ കുഞ്ഞുങ്ങളെ അത്രയും വിസ്മയത്തോടു കൂടി നാം ഇനിയും കണ്ടിട്ടില്ല.
ടഗോറിന്‍റെ ഒരു കഥയുണ്ടായിരുന്നു, The Child's Return. റായി ചരണ്‍ എന്ന അതിവിശ്വസ്തനായ ഒരു സേവകന്‍. ഒരു കാലവര്‍ഷത്തില്‍ പത്മാനദിക്കര യിലേക്ക് കുഞ്ഞുമായി പോയ അയാള്‍ അവന്‍റെ ശാഠ്യത്തിന് ഒരു കടമ്പിന്‍ പൂങ്കുല പൊട്ടിച്ചുകൊടു ക്കാനായി ഒന്ന് ശ്രദ്ധ തിരിച്ചപ്പോള്‍ കുഞ്ഞ് പുഴയില്‍ പെട്ടുപോയി. സങ്കടം കൊണ്ടാവണം, അയാള്‍ തന്‍റെ കുഞ്ഞിനെ മോഷ്ടിച്ചെടുത്തുവെന്ന് യജമാനന്‍റെ ഭാര്യ ആരോപിക്കുന്നു. മനസ്സു നുറുങ്ങിയ അയാള്‍ ഗ്രാമത്തിലേക്കു മടങ്ങി. ഒരു അത്ഭുതമുണ്ടായി; വയോധികരായ അയാള്‍ക്കും ഭാര്യക്കും ഒരു ഉണ്ണി പിറന്നു. പുഴ കൊണ്ടുപോയ കുഞ്ഞ് പിരിയാനാവാത്ത തുകൊണ്ട് തന്‍റെ അടുക്കലേക്കെത്തിയതാണെന്ന് അയാള്‍ സത്യമായും വിശ്വസിച്ചു. അതുകൊണ്ടു തന്നെ സ്വന്തം മകനെന്ന നിലയിലല്ല, യജമാനന്‍റെ കുഞ്ഞായിട്ടാണ് അവനെ ഗണിച്ചതും പരിചരിച്ചതും. കുറേക്കൂടി മുമ്പോട്ടു പോകുമ്പോള്‍ കുഞ്ഞിന്‍റെ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള പ്രാപ്തി തനിക്കില്ലെന്ന് പണി കൂടി നഷ്ടമായ അയാള്‍ തിരിച്ചറിയുന്നു.
കുഞ്ഞിനെ യജമാനന് തിരികെ കൊടുക്കാമെന്നു തീരുമാനിച്ചു. അയാള്‍ യജമാനന്‍റെ മുമ്പില്‍ കുമ്പസാരിക്കുന്നു, താനായിരുന്നു കുഞ്ഞിനെ മോഷ്ടിച്ചതെന്ന്. തെല്ല് അയുക്തി ഉണ്ടെങ്കിലും, ഭാര്യ ആ തിരയില്‍ പെട്ടുപോയി എന്നു മനസ്സിലാക്കിയ ന്യായാധിപന്‍ കൂടിയായ യജമാനന്‍ കുട്ടിയെ സ്വീകരിക്കുന്നു. 'അയാള്‍ക്ക് എന്തെങ്കിലുമൊരു തുക മാസാവസാനം അയച്ചുകൊടുക്കണം' എന്നു പറഞ്ഞ് കുട്ടി ഉദാരനാവുന്നുണ്ട്. ആളില്ല എന്ന കാരണത്താല്‍ ആദ്യമയച്ച തുക തന്നെ മടങ്ങിവരികയും ചെയ്യുന്നു. ഗുണപാഠം സുവ്യക്തമാണ് സര്‍; കുഞ്ഞുങ്ങളെ യജമാനന്‍റേതാണെന്ന് ഓര്‍ത്തിട്ടും യജമാനനു വേണ്ടിയും ഗ്രൂം ചെയ്യുക.
ചരിത്രം നിശ്ചലമാവില്ല എന്നതിന് കുഞ്ഞുങ്ങളേക്കാള്‍ ഭേദപ്പെട്ട സാക്ഷ്യമെന്ത്? മാനവികതയല്ലാതെ മറ്റൊന്നിലും പെട്ടുപോകരുതെന്ന് ആര്‍ജ്ജവമുള്ള ആ മക്കളാണ് പൊലീസിനു നേരെ പനിനീര്‍പ്പൂക്കള്‍ വച്ചുനീട്ടുന്നത്; അവരോടു പോലും കൂട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്. അവര്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡുകളിലൊന്നിലാണ് ഈയാണ്ടിലെ ഏറ്റവും നല്ല കോപ്പിറൈറ്റിങ് കണ്ടത്: My dad thinks I'm studying history. He doens't know that I'm busy making one.
പെട്ടെന്ന് നഭസ്സില്‍ തെളിഞ്ഞ ഈ കുഞ്ഞുനക്ഷത്രങ്ങളും പറയുന്നത് അതാണ്, ദൈവം ഭൂമിയേക്കൊണ്ട് ഇനിയും മടുത്തിട്ടില്ല.
























