top of page

സ്നേഹത്തിന്‍റെ സവിശേഷതകള്‍

May 1, 2010

2 min read

ഡപ

Image of Friendship
Image of Friendship

മറ്റുള്ളവരുമായുള്ള ഒരു വ്യക്തിയുടെ ബന്ധങ്ങളെ പൊതുവെ മൂന്നായി തരംതിരിക്കാം. സ്നേഹത്തിന്‍റെ ബന്ധങ്ങള്‍, വെറുപ്പിന്‍റെ ബന്ധങ്ങള്‍, സ്നേഹവും വെറുപ്പുമില്ലാത്ത തികഞ്ഞ നിസ്സംഗത. ഈ ലേഖനത്തില്‍ നമുക്കു സ്നേഹത്തെക്കുറിച്ചു സംസാരിക്കാം.

സ്നേഹം വ്യക്തിയും വ്യക്തിയും തമ്മിലുള്ള ബന്ധമാണ്. മറ്റുള്ളവരോടൊത്തായിരിക്കുക എന്നത് എന്‍റെ സഹജസ്വഭാവമായതിനാല്‍, ഒരു ദ്വീപില്‍ ഏകാകിയായിരിക്കുമ്പോഴും ഒരു ചന്തസ്ഥലത്ത് ആള്‍ക്കൂട്ടത്തിലായിരിക്കുമ്പോഴും ആ പ്രത്യേകത എന്നില്‍നിന്നും എടുത്തു മാറ്റാനാകില്ല. സംസാരിക്കാനാകുന്നവനേ നിശ്ശബ്ദനായിരിക്കാനാകൂ എന്നതു പോലെ, അപരര്‍ക്കൊപ്പമായിരിക്കാന്‍ കഴിവുള്ളവനേ ഏകാകിയായിരിക്കാനും ആകൂ. അപരരിലേക്കുള്ള ഒരു ആഭിമുഖ്യവുമായിട്ടാണ് ഓരോ മനുഷ്യനും ജനിച്ചു വീഴുക.

മറ്റുള്ളവരുമായി ബന്ധപ്പെടാതെ ഞാന്‍ ഞാനാകുന്നതേയില്ല. ഞാന്‍ സംസാരിക്കുന്ന ഭാഷയും എന്‍റെ മുഖത്തിന്‍റെ ആകൃതിയുമെല്ലാം മറ്റുള്ളവരുടെ സംഭാവനയാണ്. ഞാന്‍ എന്തൊക്കെയാണോ അവയൊക്കെ സാക്ഷാത്കരിച്ചത് അപരരുമായുള്ള ബന്ധത്തിലൂടെയാണ്. എത്ര ആഴത്തിലും ആത്മാര്‍ത്ഥമായും ഞാന്‍ അപരരോടു ബന്ധപ്പെടുന്നുവോ, അത്രയും എന്‍റെ ജീവിതം സമ്പന്നമാവുകയാണ്.

മാര്‍ട്ടിന്‍ ബ്യൂബറിന്‍റെ അഭിപ്രായത്തില്‍ അപരനോട് എന്നെപ്പോലുള്ള ഒരു വ്യക്തിയെന്ന വിധത്തില്‍ - വസ്തുവെന്ന രീതിയിലല്ല - പ്രതികരിക്കാനുള്ള എന്‍റെ കഴിവാണ് സ്നേഹം. എന്‍റെ വിജയങ്ങളിലും പരാജയങ്ങളിലും സുഖത്തിലും ദുഃഖത്തിലും ഞാന്‍ എന്നോട് പ്രതികരിക്കുന്നതുപോലെതന്നെ, എനിക്ക് അപരനോടും പ്രതികരിക്കാനാകുമ്പോഴാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ അയാളെ സ്നേഹിക്കുക. ഉദാഹരണത്തിന്, പരീക്ഷയില്‍ തോല്ക്കുമ്പോള്‍ ഞാന്‍ ദുഃഖിതനാകുന്നു, റാങ്ക് കിട്ടുമ്പോള്‍ ആഹ്ലാദിക്കുന്നു, അഭിമാനിക്കുന്നു. ഇതേ രീതിയില്‍ അപരന്‍റെ പരാജയത്തോടും വിജയത്തോടും പ്രതികരിക്കാനാകുമ്പോഴാണ് ഞാന്‍ അയാളെ ശരിക്കും സ്നേഹിക്കുന്നുണ്ടെന്നു പറയാനാകുക. പക്ഷേ ഇത് ഒട്ടുമേ സാധാരണമല്ലാത്തതാണെന്നു നമുക്കറിയാം. ഇത്തരം സ്നേഹം അമ്മമാരുടെ സ്നേഹത്തില്‍ മാത്രമാണ് നാം കാണുക. യഥാര്‍ത്ഥ സ്നേഹം ഇതാണ്: എന്നോടുതന്നെ ഞാന്‍ പ്രതികരിക്കുന്നതുപോലെ അപരനോടും പ്രതികരിക്കാനാകുക.

സ്നേഹത്തില്‍ ഞാന്‍ എന്നില്‍നിന്നു വ്യത്യസ്തനായ നിന്നോടാണ് ബന്ധം സ്ഥാപിക്കുക. അതായത് സ്നേഹബന്ധത്തില്‍ ഇരു വ്യക്തികളും തമ്മില്‍ വ്യക്തമായ ഒരു അകലമുണ്ട്. സ്നേഹത്തില്‍ നിന്‍റെ അനന്യതയും വ്യക്തിത്വത്തിന്‍റെ പാവനതയും ഞാന്‍ കാത്തു സൂക്ഷിക്കും. ഈ പാവനമായ അകലമില്ലാതാകുമ്പോള്‍ ഞാന്‍ നിന്നെ ഒരു വസ്തുവെന്ന കണക്ക് കൈവശപ്പെടുത്താനും ഉപയോഗിക്കാനും ആവശ്യം കഴിയുമ്പോള്‍ ഉപേക്ഷിക്കാനും ശ്രമിക്കുന്നു. അതുകൊണ്ട് ആത്മാര്‍ത്ഥമായ സ്നേഹത്തില്‍ പരസ്പര ആദരവിന്‍റേതായ പരിശുദ്ധമായ ഒരു അകലം ഇരുവരും തമ്മില്‍ ഉണ്ടായിരിക്കും.

യഥാര്‍ത്ഥ സ്നേഹത്തിന്‍റെ മറ്റുചില സവിശേഷതകള്‍ കൂടി നമുക്കു കാണാം. യഥാര്‍ത്ഥ സ്നേഹം ഒരിക്കലും ഒരു 'വണ്‍-വേ ട്രാഫിക്' അല്ല. ആ ബന്ധത്തില്‍ ഇരുവരും ഒരേ പോലെ പങ്കാളികളാകേണ്ടതുണ്ട്. യഥാര്‍ത്ഥ സ്നേഹബന്ധത്തില്‍ ഒരു മൂന്നാമന്‍ കടന്നുവരാന്‍ പാടില്ലാത്തതാണ്. ഈ മൂന്നാമന്‍ വ്യക്തിയോ, പണമോ, വസ്തുക്കളോ ആകാം. സ്നേഹം യഥാര്‍ത്ഥമെങ്കില്‍ ഞാന്‍ നിനക്ക് ഉപകാരപ്രദമായ രീതിയില്‍ വര്‍ത്തിക്കും. വ്യക്തിയും വസ്തുവും തമ്മിലുള്ള ബന്ധത്തില്‍ നേരെ തിരിച്ചാണ് സംഭവിക്കുക: വസ്തുക്കള്‍ എനിക്ക് എത്ര പ്രയോജനപ്പെടും എന്നതിന്‍റെ അടിസ്ഥാനത്തിലാകും അവയുമായുള്ള എന്‍റെ ബന്ധം.

സ്നേഹത്തിന്‍റെ മറ്റൊരു പ്രത്യേകത, അതൊരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയാണ് എന്നുള്ളതാണ്. സ്നേഹത്തിന്‍റെ പൂര്‍ണ്ണത ഒരിക്കലും ഒരാള്‍ക്ക് സാക്ഷാത്ക്കരിക്കാനാകുന്നതല്ല. ഓരോരുത്തര്‍ക്കും അതില്‍ ഇനിയും വളരാനുണ്ട്. അതുകൊണ്ടുതന്നെ സ്നേഹത്തെക്കുറിച്ചുള്ള ഈ ചിന്ത അസ്ഥാനത്തല്ല. നമ്മുടെ സ്നേഹത്തെ കൂടുതല്‍ വിമലീകരിക്കാനും സ്നേഹത്തിന്‍റെ ചക്രവാളം കൂടുതല്‍ വികസ്വരമാക്കാനും ഈ ചിന്ത സഹായിക്കുമെന്നു പ്രത്യാശിക്കുന്നു.

ഡപ

0

0

Featured Posts