

1. സഹോദരൻ സൂര്യൻ
മുഴുവൻ കർമ്മ പഥങ്ങളും
പ്രകാശിപ്പിക്കുന്ന സോദരസൂര്യാ
നിന്നെ പ്രതി സ്തുതി
ദൈവത്തിനനവരതം.
ഈ ഭൂതലമാകെനിൻ
ഊർജ്ജവലയിൽ.
തളരുന്നയിടങ്ങളിൽ ശക്തിയായ്,
തമസ്സകറ്റുന്ന പ്രഭയായ് പടരുക.
2. സഹോദരി ചന്ദ്രിക
ഭൂമിസ്വയമിരുൾതീർക്കുമീനിശയിൽ
നിർമ്മലപ്രഭയാൽ ഞങ്ങൾക്കു
കാവലാകുമോരീ സോദരി ചന്ദ്രികേ
നിന്നെപ്രതി സ്തുതിയീശ്വരന ്.
നിഴലുകളിരുൾപടർത്തും നേരം
സ്വാന്തനപ്രകാശധാരയാൽ കഴുകുക
നിർമ്മലരാകട്ടെ ഞങ്ങളും.
3. സഹോദരി ജലം
മഴയായ് പെയ്‌തിറങ്ങും സോദരി ജലമേ
നിന്നെയോർത്തു ദൈവത്തിനു സ്തുതി.
മഴയായ് പെയ്തു പുഴയായ് ഒഴുകി
വരളുന്ന ഞങ്ങളുടെ
ഹൃദയനിലങ്ങളെ,
ഉണങ്ങി തുടങ്ങിയവേരുകളെ
നനയ്ക്കുക,
ആർദ്രമാകട്ടെയുള്ളം.
4. സഹോദരൻ അഗ്നി
ശൈത്യം പടരുമീകാലത്തു
നൽതാപം പകരുന്ന,
എല്ലാം ജ്വലിപ്പിക്കുന്ന അഗ്നിയാം
സോദരനെ പ്രതി ദൈവമേ സ്തുതി.
കെട്ടുപോയ കനലുകൾ,
തണുത്തുറയുന്ന ഹൃദയങ്ങൾ.
അഗ്നിനാളങ്ങളെ കത്തിപ്പടരുക
ഉജ്ജ്വലിപ്പിക്കുക ഞങ്ങളെ.
5. സഹോദരൻ കാറ്റ്
കുളിരുവീശി തഴുകുമി
സോദരാമാരുതേ
നിന്നെപ്രതി ദൈവത്തിനു വന്ദനം.
ഉഷ്ണമായാശയും നിരാശയും
പടരുമ്പോൾ
കുളിർകാറ്റായി വീശിതണുപ്പിക്കുക,
ശ്വാസമായി തീരുക.
ഉള്ളിൽനിന്നും ചലിപ്പിക്കൂ ഞങ്ങളെ.
6. ഭൂമിയാം അമ്മ
ഞങ്ങളുടെ അസ്ഥിത്വവും
നിലനില്പ്പുമായ അമ്മഭൂമിയെ പ്രതി
ദൈവമേ നിനക്കുസ്തുതി.
ഈ മേനിയും ശ്വാസവുമന്നവും
കൂരയുമുടുപ്പുമെല്ലാമെല്ലാമായ ഭൂമിയെ
അമ്മയായ് തിരിച്ചറിഞ്ഞു
ഹരിതപ്രപഞ്ചത്തിൻ സംരക്ഷകരായി
തലമുറകളിലേക്കു കൈമാറട്ടെ.
തകരാറുകളില്ലാതെ!
7. സഹോദരി മരണം
സോദരീമരണമേ
നിത്യതതൻകവാടമേ
നിന്നെപ്രതിസ്തുതി ദൈവത്തിന്.
ഭീതികൂടാതെ നിന്നെ
കടന്നുപോകാനായെൻ
ജീവിതമൊരുത്സവമാക്കട ്ടെ.
മിഴിപൂട്ടിയൊരു കള്ള പുഞ്ചിരി
ചൊടിയിലൊളിപ്പിച്ചു
ഞാനും നിന്നെ പുണർന്നിടട്ടെ.
8. സഹോദരൻ ഫ്രാൻസിസ്
ഈശ്വരനപ്പനും ഭൂമിയമ്മയും
പിന്നെയെല്ലാം സോദരരെന്നും
പ് രകാശം ചൊരിഞ്ഞ
സോദരാ ഫ്രാൻസിസ് നിന്നെപ്രതി
സ്തുതിയീശ്വരനനവരതം.
എല്ലാമപ്രഭാപൂരിതമെന്നും
ഒന്നും നിസാരമല്ലെന്നുമോതി
സോദരിയെന്നു ചൊല്ലി
മരണത്തെ പുല്കിയ നീ
യഥാർത്ഥത്തിലോരസ്സൽ മാടമ്പി.
വിദൂരയെങ്കിലും ഫ്രാൻസിസ്
ഞങ്ങളുമീവഴിയിൽ.























