ജോര്‍ജ് വലിയപാടത്ത്
Oct 25
കായേന്
നൊബേല്‍ സമ്മാന ജേതാവ് ഷുസെ സരമാഗുവിന്‍റെ വിഖ്യാത നോവലാണ് കായേന്‍. പഴയനിയമത്തിലെ കായേന്‍ എന്ന കഥാപാത്രത്തെ സര്‍ഗ്ഗാത്മകമായി പുനഃസൃഷ്ടിക്കുകയാണ് സരമാഗു. ഭാരതീയ പുരാണത്തിലെ അശ്വത്ഥാത്മാവിനെപ്പോലെ ചിരജ്ജീവിയായാണ് കായേനെ അവതരിപ്പിക്കുന്നത്. കാലങ്ങളിലുടെ, പുരുഷാന്തരങ്ങളിലൂടെ കായേന്‍ സഞ്ചരിക്കുകയാണ്. കായേന്‍ എന്നത് പലതിന്‍റെയും പ്രതീകമായി വളര്‍ന്നുനില്‍ക്കുന്നു. കായേന്‍ പക്ഷവും നാം മനസ്സിലാക്കേണ്ടതുണ്ട്. എല്ലാ ഹത്യകളും ഭ്രാതൃഹത്യയാണെന്ന് നാം മനസ്സിലാക്കണം. വര്‍ഗത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ഹിംസകള്‍ ചെയ്തുകൂട്ടുന്ന മനുഷ്യര്‍ക്ക് സമാന്തരമായി കായേന്‍ സഞ്ചരിക്കുന്നു. ദൈവത്തെ വിചാരണ ചെയ്യാനും സരമാഗു മടിക്കുന്നില്ല. ബൈബിള്‍ കഥയെ നോവലിസ്റ്റ് മറ്റൊരു പരിപ്രേഷ്യത്തില്‍ നോക്കിക്കാണുകയാണ്. ആദവും ഹൗവ്വയും കായേനും ആബേലും ദൈവവുമെല്ലാം പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു.
കായേന്‍ എന്ന കഥാപാത്രത്തെ ചരിത്രത്തിലേക്ക് തുറന്നുവിടുകയാണ് സരമാഗു. അയാള്‍ പലതിനും സാക്ഷിയായി കാലത്തിന്‍റെ വഴിത്താരയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പാപത്തിന്‍റെ, വ്യഥയുടെ ചുമടുമേന്തി അയാള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പറുദീസയില്‍ നിന്ന് പുറത്താക്കപ്പെട്ട ആദത്തിന്‍റെയും ഹവ്വയുടെയും യാത്രയും മനുഷ്യസമൂഹത്തിന്‍റെ സഞ്ചാരമായി മാറുന്നത് നാം കാണുന്നു. ഏദന്‍തോട്ടം അങ്ങനെ മനുഷ്യന്‍റെ പ്രതീക്ഷയുടെ സ്വര്‍ഗ്ഗമായി പരിണമിക്കുന്നു; മടങ്ങിപ്പോകാനുള്ള ഇടം എന്ന സ്വപ്നം. മനുഷ്യന്‍ തെരഞ്ഞെടുത്ത സ്വാതന്ത്ര്യത്തിന്‍റെ ആകാശം അവനെ/അവളെ പലതും പഠിപ്പിക്കുന്നു. അതുപോലെ കായേനും കാലത്തിന്‍റെ വീഥിയില്‍ സഞ്ചരിച്ച് വളരുകയും മാറുകയും ചെയ്യുന്നു. ഓരോ വ്യക്തിയുടെയും ഉള്ളിലുള്ള കായേന്‍ എന്ന സ്വാഭാവത്തെയാണ് നാം കണ്ടെത്തുക. "കായേന്‍ ഏതായാലും അവന്‍റേതായ ഉത്തരം നല്കിക്കഴിഞ്ഞു. ദൈവത്തെ കൊല്ലാന്‍ കഴിയാത്തതിനാല്‍ ആബേലിനെ കൊന്നുകൊണ്ട്" എന്ന് നോവലിസ്റ്റ് കുറിക്കുന്നതിന് അനേകം അര്‍ത്ഥതലങ്ങളുണ്ട്. അങ്ങനെ കായേന്‍ തന്‍റെ ഭാവിജീവിതം ഇരുള്‍മൂടിയതാക്കുന്നു.
കായേന്‍ യാത്രയില്‍ കണ്ടുമുട്ടുന്നത് നോഹയെയും അബ്രഹാമിനെയുമൊക്കെയാണ്. ബൈബിള്‍ കഥകളെ അപനിര്‍മ്മിക്കുകയാണ് നോവലിസ്റ്റ്. ഭൂതവര്‍ത്തമാനഭാവി കാലങ്ങള്‍ ഏകബിന്ദുവില്‍ സംഗമിക്കുന്നു. "മാനവചരിത്രമെന്നാല്‍ ദൈവവുമായുള്ള നമ്മുടെ അഭിപ്രായ വ്യത്യാസങ്ങളുടെ ചരിത്രമാണ്. എന്തെന്നാല്‍, ദൈവം നമ്മളെ മനസ്സിലാക്കുന്നില്ല. നമ്മള്‍ ദൈവത്തെയും മനസ്സിലാക്കുന്നില്ല" എന്ന് സരമാഗു കുറിക്കുമ്പോള്‍ കായേനിലൂടെ നമ്മിലേക്ക് ചില പുതുചിന്തകള്‍ കടത്തിവിടുകയാണെന്ന് നാമറിയുന്നു.മരുഭൂമിയും പര്‍വതങ്ങളും ജനപദങ്ങളും താണ്ടിയുള്ള കായേന്‍റെ യാത്ര ഒരു തരത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ തന്നെ യാത്രയായി മാറുന്നു. തിരിച്ചറിവിന്‍റെ പുതിയലോകങ്ങള്‍ മുന്നില്‍ വിരിച്ചിട്ടുകൊണ്ട് കാലം ഒഴുകിപ്പോകുന്നു. ആ ഒഴുക്കിന്‍റെ ഭാഗമാകാനാണ് കായേന്‍റെ വിധി. "കണ്ണടച്ചുള്ള വിശ്വാസത്തിനും കടുത്ത അവിശ്വാസത്തിനുമിടയില്‍ നിരന്തരം ചാഞ്ചാടിക്കൊണ്ടിരിക്കുന്നവരും വെറും പഴംകഥകളുടെ പുനരവതാരകരുമായ നമ്മെക്കൊണ്ട് വിശദീകരണം കണ്ടെത്താന്‍ കഴിയാത്ത കാരണങ്ങളാല്‍, കായേന്‍ ഒരതിശയോക്തിയുമില്ലാതെ പറഞ്ഞാല്‍ ഒരു പ്രചണ്ഡമായ കൊടുങ്കാറ്റിലേക്കാണ് വീണത്. ഒരു കാലഭ്രമണത്തിലേക്ക് പെട്ടെന്നു വന്നുപോയ ഒരു ചുഴലിക്കാറ്റിലേയ്ക്ക്". ഈ കാലഭ്രമണത്തില്‍പ്പെട്ട കായേന്‍ അനുഭവിക്കുന്ന തീക്ഷ്ണാനുഭവങ്ങളും നേടുന്ന തിരിച്ചറിവുകളും കഥയെ കൂടുതല്‍ സാന്ദ്രവും അഗാധവുമാക്കുന്നു.
"താനെവിടെയാണെന്ന് കായേന് യാതൊരു നിശ്ചയവുമില്ല. പോയ കാലത്തിന്‍റെ അനേകവഴികളിലൊന്നിലൂടെയാണോ അതോ വരുംകാലത്തിന്‍റെ ഏതോ ഇടുക്കുവഴിയിലൂടെയാണോ കഴുതതന്നെ ഓടിച്ചുകൊണ്ടുപോകുന്നതെന്ന് അവന് പറയുവാനേ കഴിയുന്നില്ല. ഇനിയതല്ല, പുറമേയ്ക്കു വെളിപ്പെടാത്ത വെറുമൊരു പുത്തന്‍ വര്‍ത്തമാനകാലത്തിലൂടെത്തന്നെയോ ആ കുതിച്ചുപായല്‍ എന്നും". കായേന്‍റെ യാത്ര കാലാന്തരങ്ങളിലൂടെയുള്ള സഞ്ചാരമായി മാറുന്നു. നിത്യവര്‍ത്തമാനത്തിലാകും അവന്‍ സഞ്ചരിക്കുക. കായേന്‍ നമ്മോടൊപ്പം നമ്മുടെ ഉള്ളിലുമുണ്ടെന്ന് നാം അറിയുന്നു. നേരത്തെ എഴുതിവച്ച ഭാവിയെ എങ്ങനെ വായിച്ചെടുക്കണമെന്നറിയാത്ത യാത്രയാണ് നാം നടത്തുന്നതെന്ന് മനസ്സിലാക്കുന്ന കായേന്‍ നമ്മെ പലതും പഠിപ്പിക്കുന്നു.'ഭൂമിയാകെ മനുഷ്യന്‍റെ ചെയ്തികളാല്‍ മലിനമാകുന്നത് കായേന്‍ കാണുന്നു. ഇത് മനുഷ്യന്‍റെ നാശത്തിന് ഹേതുവാകുന്നുവെന്നും അവന്‍ തിരിച്ചറിയുന്നു. യാത്രകള്‍ കായേനെ വളര്‍ത്തിക്കൊണ്ടിരിക്കുന്നു.
(കായേന്‍- ഷുസെ സരമാഗു - വിവ: അയ്മനം ജോണ്‍ - ഡി.സി. ബുക്സ്)
ചിന്തയുടെ നവലോകങ്ങള്‍
ജി. മധുസൂദനന്‍ എന്ന എഴുത്തുകാരന്‍, നിരൂപകന്‍ സഞ്ചരിക്കുന്നത് അഗാധമായ ചിന്തയുടെ ലോകത്തിലാണ്. 'ചിന്തയുടെ നവലോകങ്ങള്‍' എന്ന പുതിയ പുസ്തകം അതിനു തെളിവാണ്. ഇന്നത്തെ ലോകത്തിന്‍റെ രാഷ്ട്രീയവും സംസ്കാരവും സാമ്പത്തികശാസ്ത്രവുമെല്ലാം ഇവിടെ വിശകലനം ചെയ്യപ്പെടുന്നു. ലോകം എത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിസന്ധികളുടെ ആഴം വസ്തുനിഷ്ഠമായി മധുസൂദനന്‍ അനാവരണം ചെയ്യുന്നു. കൃത്യമായ ധാരണകളും രാഷ്ട്രീയവും ഈ പുസ്തകത്തെ ഉയര്‍ത്തിനിര്‍ത്തുന്നു. മുതലാളിത്തത്തിന്‍റെ പുത്തന്‍ അവതാരങ്ങള്‍ ഭൂമിയെയും ലോകത്തെയും എങ്ങനെ നാശത്തിന്‍റെ വക്കിലെത്തിച്ചിരിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. വര്‍ത്തമാനകാല ലോകസമസ്യകളെ മനസ്സിലാക്കാന്‍ സഹായിക്കുന്ന ദര്‍പ്പണമാണീഗ്രന്ഥം.
'നവലിബറലിസം അന്തരിച്ചു' എന്നാണ് മധുസൂദനന്‍ പറയുന്നത്. എന്നാല്‍ അത് ലോകത്തിനു നല്‍കിയ ആഘാതങ്ങള്‍ നിലനില്‍ക്കുന്നു. "മനുഷ്യകാമനകളുടെ പരമകാഷ്ഠയെന്ന് പ്രചരിപ്പിക്കപ്പെട്ട വിപണിയുടെ ഈ സ്വാതന്ത്ര്യം, ലോകത്താകമാനം കോര്‍പ്പറേറ്റ് കുത്തക അധികാരവും കൊക്കോക്കോളയും പ്രചരിപ്പിക്കാനുള്ള ഉറപ്പായിരുന്നു" എന്ന് ഇപ്പോള്‍ നാം മനസ്സിലാക്കുന്നു. സ്വന്തം മണ്ണും ആവാസവ്യവസ്ഥയും തൊഴിലും ജീവനും സംരക്ഷിക്കാനുള്ള പൗരന്‍റെ സ്വാതന്ത്ര്യമല്ല, നിക്ഷേപകരുടെയും, കോര്‍പ്പറേറ്റുകളുടെയും ലാഭനിര്‍മ്മിതിയുടെ സ്വാതന്ത്ര്യമാണ് 'സാമ്പത്തിക വളര്‍ച്ചയുടെ പേരില്‍ സംരക്ഷിക്കപ്പെടുന്നത്. ലിബറല്‍ ഉട്ടോപ്യകള്‍ നിലനിര്‍ത്താന്‍ അന്തിമമായി ഏകാധിപത്യത്തിലേക്ക് തിരിയേണ്ടിവരുന്നു' എന്ന നിരീക്ഷണം സത്യമാണെന്ന് നാം ഇപ്പോള്‍ അറിയുന്നു. സ്വാതന്ത്ര്യം ചിലരിലേക്കു മാത്രം ഒതുങ്ങുന്നതായി നാം കാണുന്നു. എല്ലാ മേഖലകളിലും അസമത്വവും അനീതിയും നിറച്ചുകൊണ്ടാണ് നവലിബറലിസം വളര്‍ന്നത്.തൊഴിലുകള്‍ ഇല്ലാതാകുന്ന ഡിജിറ്റല്‍ ലോകത്തെക്കുറിച്ചുള്ള മധുസൂദനന്‍റെ പഠനം നമ്മുടെ ഭാവി ഇരുണ്ടതായിരിക്കുമെന്ന സൂചന നല്‍കുന്നു. റോബോട്ടുകള്‍ കീഴടക്കാന്‍ പോകുന്ന തൊഴില്‍മേഖലകള്‍ മനുഷ്യാധ്വാനത്തെ അപ്രസക്തമാക്കുന്നു. കൂടുതല്‍ ലാഭം മാത്രം ലക്ഷ്യവയ്ക്കുന്ന, മൂല്യരഹിതമായ കോര്‍പ്പറേറ്റ് മുതലാളിത്തം തൊഴിലില്ലായ്മയെ സൃഷ്ടിക്കുമെന്നതാണ് ഭാവിയില്‍ നാം നേരിടുന്ന ഏറ്റവും വലിയ വിപത്ത്. എല്ലായിടത്തും റോബോട്ടുകള്‍ നിറയുന്ന കാലത്ത് മനുഷ്യരെന്തുചെയ്യും എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. കൃത്രിമബുദ്ധിയും റോബോട്ടുകളും മനുഷ്യന് പകരമാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.'ഡിജിറ്റല്‍ സ്വേച്ഛാധിപത്യം' ഇന്നിന്‍റെ യാഥാര്‍ത്ഥ്യമാണ്. ഇത് ജനാധിപത്യത്തിന് കടുത്ത ഭീഷണിയാണെന്ന് ഗ്രന്ഥകാരന്‍ എടുത്തുപറയുന്നു. സാങ്കേതികവിദ്യയെ അധികാരശക്തികള്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി മാത്രമാണ് ഉപയോഗിക്കുക. സമൂഹമെന്ന സങ്കല്പത്തെ ശിഥിലമാക്കുകയാണ് പുതിയ സാങ്കേതിക വിദ്യകള്‍. യഥാര്‍ത്ഥ മനുഷ്യബന്ധത്തിന്‍റെ 'ശല്യ'ങ്ങളില്ലാത്ത സാങ്കേതികവിദ്യകളിലൂടെ ലഭിക്കുന്ന സൗഹൃദമെന്ന മിഥ്യയിലേക്ക് ഏറെപ്പേരും ആകര്‍ഷിതരാകുന്നു. നേരിട്ടുള്ള ബന്ധങ്ങളില്ലാത്ത ലോകം വിസ്മൃതിയുടേതാണ്. സ്മൃതി നഷ്ടമാകുന്നതിന്‍റെ അര്‍ത്ഥം ചിന്തയും അസ്തമിക്കുന്നുവെന്നാണ്. ചിന്ത അസ്തമിക്കുമ്പോള്‍ സ്വേച്ഛാധിപത്യം സുഗമമാകുന്നു". ഇതാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. നവസാങ്കേതികവിദ്യകള്‍ നല്‍കുന്ന നിരവധിയായ സന്തോഷങ്ങള്‍ എങ്ങനെ സമൂഹത്തെ രാഷ്ട്രീയമായി മയക്കിക്കിടത്തുന്നുവെന്നും അരാഷ്ട്രീയമാക്കുന്നുവെന്നും ഗ്രന്ഥകാരന്‍ സൂക്ഷ്മമായി വിലയിരുത്തുന്നു. സദാജാഗ്രവത്തായ ഒരു സമൂഹത്തിനു മാത്രമേ ജനാധിപത്യാവകാശങ്ങള്‍ ഉറപ്പാക്കാന്‍ കഴിയൂ എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. സാങ്കേതികവിദ്യയും ധനവും ഉപയോഗിക്കേണ്ടത് മനുഷ്യനന്മയ്ക്കായിട്ടായിരിക്കണം എന്നതാണ് ഗ്രന്ഥകാരന്‍റെ കാഴ്ചപ്പാട്.
നമ്മുടെ ആവാസവ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുന്നതിന്‍റെ കാരണങ്ങള്‍ മധുസൂദനന്‍ ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. മുന്നറിയിപ്പുകള്‍ പലതും നാം അവഗണിക്കുന്നു. പ്രളയങ്ങളുടെ പശ്ചാത്തലത്തില്‍ കേരളവും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുവെന്നതാണ് വസ്തുത. എങ്കിലും നാം ഉറങ്ങിക്കിടക്കുകയാണ്. നമ്മെ മയക്കത്തില്‍ നിന്നുണര്‍ത്താന്‍ മധുസൂദനന്‍ നല്‍കുന്ന വിവരങ്ങള്‍ സഹായിക്കേണ്ടതാണ്. വഴിമാറി നടക്കാന്‍ സമയം വളരെ കുറച്ചു മാത്രമേയുള്ളുവെന്നും ജീവന്‍ നുരയുന്ന ഈ ഭൂമിമാത്രമാണ് നമ്മുടെ ഗേഹമെന്നും നാം മനസ്സിലാക്കണം.
മനുഷ്യത്വമല്ല, മൂലധനയുഗം, മുതലാളിത്ത വളര്‍ച്ചയ്ക്ക് കുറെ ചരമഗീതങ്ങള്‍, നവീനസമ്പദ്ശാസ്ത്രങ്ങള്‍, നവകേരള നിര്‍മ്മിതിയും പ്രകൃതിപരിണാമവും, നവകേളത്തിന് നവഊര്‍ജ്ജം, പരിസ്ഥിതിയും പ്രതിലോമരാഷ്ട്രീയവും, വളരുന്ന തീവ്രവലതുപക്ഷം, മാര്‍ക്സ് ഉയിര്‍ത്തെഴുന്നേല്ക്കുന്നു, ഇക്കോസോഷ്യലിസം; ദിശാസൂചികള്‍, ഇക്കോസോഷ്യലിസം, സിദ്ധാന്തം, മാനിഫെസ്റ്റോ വീണ്ടും എന്നീ അധ്യായങ്ങളിലൂടെ വര്‍ത്തമാനകാലം നേരിടുന്ന എല്ലാ പ്രശ്നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും മധുസൂദനന്‍ വിശദമാക്കുന്നു. ഭാവികാലത്തിലേയ്ക്കുള്ള വഴികാട്ടികളാണ് അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ എന്നു നിസ്സംശയം പറയാം. ആധികാരികമായ ഈ നിരീക്ഷണങ്ങള്‍ നമുക്ക് അവഗണിക്കാനാവില്ല.
(ചിന്തകളുടെ നവലോകങ്ങള്‍ - ജി. മധുസൂദനന്‍ - സാഹിത്യപ്രവര്‍ത്തക സഹകരണസംഘം)
ഗൗരി ലങ്കേഷ്
കൊല്ലപ്പെട്ടതിനുശേഷം ഗൗരി ലങ്കേഷ് കൂടുതല്‍ പ്രശസ്തി കൈവരിച്ചിരിക്കുന്നു. അനേകം ചോദ്യങ്ങള്‍ ബാക്കിവച്ചിട്ടാണ് അവര്‍ യാത്രയായത്. "കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്. അവര്‍ പിന്നെയും പിന്നെയും ഉയിര്‍ത്തെഴുന്നേറ്റു കൊണ്ടിരിക്കും' എന്നതാണ് സത്യം. കെ.ആര്‍.കിഷോര്‍ തയ്യാറാക്കിയ ഗൗരി ലങ്കേഷിന്‍റെ ജീവചരിത്രം അവരുടെ ജീവിതവും കര്‍മ്മങ്ങളും അടയാളപ്പെടുത്തുന്നു. അവരുടെ ഓര്‍മ്മ നമുക്ക് വിലപ്പെട്ടതാണ്. ഓര്‍മ്മയുടെ മറവിക്കെതിരായ സമരമാണ് അവരുടെ ജീവിതവും മരണവും നമ്മെ പഠിപ്പിക്കുന്നത്. ഗൗരിയുടെ പോരാട്ടം തുടരേണ്ടത് നാടിന്‍റെ ആവശ്യമാണ് എന്ന് നാമറിയുന്നു.
"എല്ലാ സംസ്കാരങ്ങളെയും സ്വീകരിക്കാന്‍ സന്നദ്ധമായ മതനിരപേക്ഷവും സ്വതന്ത്രവുമായ ഒരു സംസ്കാരമാണ് ആധുനികസമൂഹം വിഭാവനം ചെയ്യുന്നത്. വിയോജിക്കുന്നവരെയും മതന്യൂനപക്ഷങ്ങളെയും ദളിതരെയും അടിച്ചമര്‍ത്തി, ഭയപ്പെടുത്തി, ഭീതിപടര്‍ത്തി, അധികാരത്തില്‍ കയറാനുള്ള തീവ്രവലതുപക്ഷശക്തികളുടെ ശ്രമങ്ങളെ ധീരമായി എതിര്‍ക്കണം" എന്നാണ് ഗൗരി വിളിച്ചു പറഞ്ഞത്. സ്വാതന്ത്ര്യത്തിന്‍റെയും സമഭാവനയുടെയും പുതിയ ആകാശമാണ് അവര്‍ സ്വപ്നം കണ്ടത്. അച്ഛന്‍റെ പാത ഗൗരി പിന്തുടര്‍ന്നു. ആദര്‍ശത്തില്‍ ജീവിക്കണമെന്നാണ് അവര്‍ കാണിച്ചു തന്നു. ആദര്‍ശത്തിന്‍റെയും പ്രതിജ്ഞാബദ്ധതയുടെയും അടിത്തറയിലാണ് അവര്‍ തന്‍റെ ലോകം പടുത്തുയര്‍ത്തിയത്. "ജീവിതം ഹ്രസ്വമാണ്, അതൊരു സമരമാണ്, ഓരോ നിമിഷവും ധീരമായിരിക്കുകയാണ് ഏതൊരു മനുഷ്യന്‍റെ കര്‍ത്തവ്യം. യുദ്ധമുഖത്തു തുടരുക തന്നെ വേണം" എന്നതായിരുന്നു ഗൗരിയുടെ ദര്‍ശനം.
സമുദായ സൗഹാര്‍ദവേദിയുടെ ഈ ഗാനം ഗൗരിയുടെ ജീവിതത്തോടു ചേര്‍ത്തു നിര്‍ത്താവുന്നതാണ്."പുനര്‍ നിര്‍മ്മിക്കുക... പുനര്‍നിര്‍മ്മിക്കുകപൊട്ടിച്ചിതറിയ ഹൃദയങ്ങളെ,മധുരമനോജ്ഞ സ്വപ്നങ്ങളെ,പുനര്‍നിര്‍മ്മിക്കുക... പുനര്‍നിര്‍മ്മിക്കുക.ഞങ്ങള്‍ക്കതിന് കഴിവുണ്ട്,ഞങ്ങളുടെ കരളിനുറപ്പുണ്ട്,പുനര്‍നിര്‍മ്മിക്കും പുതുക്കിപ്പണിയുംപൊട്ടിച്ചിതറിയ ഹൃദയങ്ങള്‍മധുരമനോജ്ഞ സ്വപ്നങ്ങള്‍"
കാലത്തിന്‍റെ ചുവരെഴുത്തുകള്‍ പകര്‍ത്തുക മാത്രമല്ല പത്രപ്രവര്‍ത്തകരുടെ ചുവരെഴുത്തുകള്‍ സ്വയം രചിക്കുകയും അവരുടെ കടമയാണെന്നും വിശ്വസിച്ച പ്രവര്‍ത്തകയായിരുന്നു ഗൗരിലങ്കേഷ്. അനീതിക്കും അക്രമത്തിനുമെതിരെയാണ് അവര്‍ പടപൊരുതിയത്, അവസാന ശ്വാസംവരെ. 'തോക്കിന്‍റെ മുന്നില്‍ അക്ഷരങ്ങള്‍ തോറ്റുകൊടുത്ത ചരിത്രമില്ലെടാ" എന്ന് സഹോദരനോടു പറയാന്‍ ആത്മവിശ്വാസമുണ്ടായിരുന്നു ഗൗരിക്ക്. "നമ്മള്‍ മാത്രമാണ് ശരി, നമ്മള്‍ മാത്രമാണ് ഏറ്റവും വലിയ ശക്തി എന്ന ശാഠ്യം ഏതു മതത്തിന്‍റെയും വളര്‍ച്ച മുരടിപ്പിക്കും, ഒഴുക്കു നിലയ്ക്കും, പായല്‍ പിടിക്കും, ദുര്‍ഗന്ധം വമിയും" എന്ന് അവര്‍ വിശ്വസിച്ചു. അതുകൊണ്ടാണ് ലോകത്തെ പുതുക്കാന്‍ ഗൗരി പരിശ്രമിച്ചത്.
"ഞാന്‍ ആരുമായും വിരോധം വച്ചു പുലര്‍ത്തില്ല. ഞാന്‍ പഠിച്ചതും ശീലിച്ചതും മനുഷ്യനെ മതത്തിനും അതീതമായി സ്നേഹിക്കാനാണ്. വെറുപ്പും വിരോധവും മനസ്സിനെ ഇരുട്ടാക്കും. ഞാന്‍ ജീവിക്കുന്നത് വെളിച്ചത്തിലാണ്" എന്നു പറഞ്ഞ ഗൗരിയെയാണ് ഇരുട്ടിന്‍റെ ശക്തികള്‍ ഇല്ലാതാക്കിയത്. അവരുടെ ആശയങ്ങള്‍ ഇപ്പോഴും ജീവിക്കുന്നു. അവ നമുക്ക് പ്രചോദനവും വെല്ലുവിളിയുമാണ്.
(ഗൗരി ലങ്കേഷ് - കെ.ആര്‍. കിഷോര്‍ - ഗ്രീന്‍ ബുക്സ്)