

മലയാളത്തിലെ സമകാലിക എഴുത്തുകാരില്‍ ശ്രദ്ധേയനാണ് കെ. അരവിന്ദാക്ഷന്‍. കൃത്യമായ നിലപാടുകളാണ് അദ്ദേഹത്തിനുള്ളത്. വിമര്‍ശനബുദ്ധിയോടെ രാഷ്ട്രീയത്തെയും സംസ്കാരത്തെയും സമൂഹത്തെയും അദ്ദേഹം നോക്കിക്കാണുന്നു. നിര്‍ഭയമായ നിരീക്ഷണങ്ങളാണ് അരവിന്ദാക്ഷന്‍ നടത്തുന്നത്. ഭാരതം വര്‍ത്തമാനകാലത്ത് കടന്നുപോകുന്ന വ്യത്യസ്തങ്ങളായ പ്രശ്നപരിസരങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നു. 'പൂമ്പാറ്റകളുടെ പൂന്തോട്ടത്തില്‍' എന്ന പുതിയ ലേഖനസമാഹാരത്തില്‍ കാലികപ്രസക്തിയുള്ള വിവിധവിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വിധേയമാകുന്നു. ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ അരവിന്ദാക്ഷന്‍ തിരിച്ചറിയുന്നു. മദ്ധ്യകാലഘട്ടത്തിലെ ഇരുട്ടിലേക്ക് നമ്മുടെ നാടിനെ തിരിച്ചുവിടാന്‍ ശ്രമിക്കുന്നു. തമഃശക്തികള്‍ക്കെതിരെ ജാഗ്രതയോടെ വര്‍ത്തിക്കുന്ന എഴുത്തുകാരനെയും ചിന്തകനെയുമാണ് നാം ഇവിടെ കാണുന്നത്. ആനന്ദിനുശേഷം കടന്നുവന്ന ഈ എഴുത്തുകാരന്‍ ശരിക്കും അദ്ദേഹത്തിന്‍റെ പിന്‍ഗാമിയെന്നു തെളിയുന്നു.
'പൂമ്പാറ്റകളുടെ പൂന്തോട്ടത്തില്‍' എന്ന ലേഖനത്തില്‍ റോസാലക്സംബര്‍ഗിന്‍റെ കത്തുകളെക്കുറിച്ചാണ് ലേഖകന്‍ കുറിക്കുന്നത്. 'ഏതൊരു വിപ്ലവകാരിയും ജീവിതത്തിന്‍റെ അര്‍ത്ഥം കണ്ടെത്തുന്നത് പ്രകൃതിയില്‍ ലീനമായിരിക്കുന്ന ആത്മീയതയിലാണ്. മനുഷ്യവംശം ഒടുങ്ങാത്ത ആസക്തികൊണ്ട് ആത്മഹത്യാമുനമ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതികദുരന്തത്തിന്‍റെ പുതിയ കാലത്ത് റോസാലക്സംബര്‍ഗിന്‍റെ കത്തുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്' എന്ന് അരവിന്ദാക്ഷന്‍ നിരീക്ഷിക്കുന്നു. റോസയുടെ കത്തുകളിലെ ആത്മീയപ്രകാശനം മാര്‍ക്സിസത്തെ പുതിയൊരു രീതിയില്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറയുന്നു.
മനുഷ്യന്‍ ഏകമാനം മാത്രമുള്ള സത്തകളായി മാറിക്കൊണ്ടിരിക്കുന്നു. ബാര്‍ബര്‍ട്ട് മാര്‍ക്യൂസിന്‍റെ വിഖ്യാതഗ്രന്ഥമാണ് 'വണ്‍ ഡയമന്‍ഷണല്‍ മേന്‍' എന്നത്. ആ ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ സമകാലികമാനവന്‍റെ സ്വത്വത്തിലെ ഏകമാനസ്വഭാവം അപഗ്രഥിക്കുന്നു 'ഏകമാന മനുഷ്യന്‍റെ മഹാതിരസ്കാരങ്ങള്‍' എന്ന ലേഖനത്തില്‍. 'വാസവദത്തയുടെ അരിഞ്ഞിട്ട, ചോരവാര്‍ന്നൊഴുകുന്ന അവയവങ്ങള്‍ ജീര്‍ണ്ണിക്കുന്ന ഒരു വലിയ ചുടലക്കളമാണ് ഇന്ന് നമ്മുടെ കേരളം. അത്യാര്‍ത്തിയും ആസക്തിയും അന്ധവിശ്വാസവും അനാചാരങ്ങളും ചതിയും വഞ്ചനയും ഒറ്റും ഹിംസയും ആണ് ചോരയൊഴുകുന്ന നമ്മുടെ തന്നെ മാംസപിണ്ഡങ്ങള്‍ക്ക് പിന്നിലുള്ളത്' എന്നാണ് ലേഖകന്‍ എഴുതുന്നത്.
അന്യവത്ക്കര ണം വ്യക്തികളില്‍ അതിന്‍റെ ഭയാനകമായ നിലയിലെത്തിയിരിക്കുകയാണ്. വ്യാജമായ ആവശ്യങ്ങള്‍ നമ്മുടെ തലച്ചോറിനെയും ഇന്ദ്രിയങ്ങളെയും അധിനിവേശപ്പെടുത്തിയിരിക്കുന്നു. 'ആസക്തികളും ആഗ്രഹങ്ങളും രുചികളും കേള്‍വികളും സ്പര്‍ശസുഖങ്ങളും നമ്മില്‍ നിറഞ്ഞുകവിയുന്നു. വ്യാജമായ ആസക്തികളുടെ പെരുക്കം വൈവിധ്യമായി നാം ആഘോഷിക്കുന്നു.' പതുക്കെ നാം ഏകമാനമനുഷ്യരായി മാറുന്നു. മനുഷ്യവ്യക്തിത്വത്തിലെ അധികമാനങ്ങള്‍ അസംഗതമാകുന്നു.
നമ്മുടെ ഭരണാധികാരികള്‍ കാലത്തെയും സ്ഥലത്തെയും സങ്കോചിപ്പിക്കുകയാണ്. 'വാസവദത്തയെന്ന മാംസപിണ്ഡം മരണശ്വാസം വലിക്കുകയാണ്. അതു നിങ്ങളും ഞാനുമാണ്. നമ്മുടെ ഈ ദേശമാണ്. ഈ ഭൂമിയാണ്. നമ്മുടെ കാലവുമാണ്' എന്നു പറയുമ്പോള്‍ നാം കടന്നുപോകുന്ന കാലത്തിന്‍റെ യഥാര്‍ത്ഥസ്വഭാവം വ്യക്തമാകുന്നു.
തോമസ്മന്‍ എഴുതിയ മാജിക് മൗണ്ടന്‍ എന്ന പ്രശസ്തനോവലിന്‍റെ പഠനം ഈ ഗ്രന്ഥത്തിലെ ഏറ്റവും ദീര്‍ഘമായ ലേഖനമാണ്. ആ കൃതിയെ ആഴത്തില്‍ അപഗ്രഥിക്കുകയാണ് ഗ്രന്ഥകാരന്‍. "ഇത് ഹാന്‍സ് കാസ്ട്രോപ്പ് എന്ന ഇരുപത്തിമൂന്നുകാരനായ യുവാവിന്‍റെ കഥയാണ്. എന്നാല്‍ അതങ്ങനെയല്ല, ഇത് നിങ്ങളുടെയും എന്‍റെയുമാണ്. നാളെ ഭൂമിയില്‍ പിറക്കാനിരിക്കുന്നവരുടെയും, ഇന്നലെ ഭൂമിയില്‍ നിന്ന് തിരോധാനം ചെയ്തവരുടേതുമാണ്. ഇക്കഥ പറയേണ്ടത് കാലത്തിന്‍റെ അനിവാര്യതയാണ്. ഭൂതകാലത്തിന്‍റെ ആഴത്തിലേക്കുള്ള അന്വേഷണമാണിത്. വര്‍ത്തമാനത്തില്‍നിന്നുകൊണ്ട് ഭാവിയുടെ ചക്രവാളങ്ങള്‍ അനാവൃതമാക്കുന്നു" എന്ന് അരവിന്ദാക്ഷന്‍ മാജിക് മൗണ്ടനെ അടയാളപ്പെടുത്തുന്നു. 'പ്രപഞ്ചത്തിലേക്ക് സ്നേഹത്തിന്‍റെ സ്ഥലകാലാതിര്‍ത്തികളില്ലാതെ സ്വാതന്ത്ര്യങ്ങള്‍ തുറന്നിടുകയാണ് തോമസ്മന്‍. സ്വാതന്ത്ര്യത്തിന്‍റെ തുറസ്സുകളാണ് ഈ ബൃഹദാഖ്യാനത്തെ ലോകസാഹിത്യത്തിലെ ഏറ്റവും ഉദാത്തമായ ക്ലാസിക്കായി അടയാളപ്പെടുത്തുന്നത്. ആഖ്യാനങ്ങളുടെ ലാളിത്യമോ സങ്കീര്‍ണതയോ അല്ല ഒരു കൃതിയെ കാലാതീതവും ദേശാതീതവുമാക്കുന്നത്. രോഗഗ്രസ്തമായ ശരീരത്തിലും മനസ്സിലും ആത്മാവിലും ബോധവിപ്ലവങ്ങള്‍ സംഭവിക്കാന്‍ അക്ഷരങ്ങള്‍ തുറസ്സുകള്‍ നല്‍കുമ്പോഴാണ്. അത്തരം ബോധവൃക്ഷങ്ങള്‍ക്കു മാത്രമേ സമൂഹത്തിന്‍റെയും ഭൂമിയുടെയും രോഗാതുരതകള്‍ അധഃകരിക്കാനാവൂ' എന്ന് ലേഖകന്‍ വിശ്വസിക്കുന്നു.
വെറുപ്പിന്‍റെ വൈറസുകള്‍ നമ്മില്‍ പടരുന്നത് അരവിന്ദാക്ഷന്‍ അറിയുന്നു. പരസ്പരം വെറുക്കാന്‍ ആഹ്വാനം ചെയ്യുന്ന കാലമാണിത്. വെറുപ്പിന്‍റെയും ഹിംസയുടെയും വേര്‍തിരിവിന്‍റെയും സന്ദേശം എങ്ങും നിറയുന്നു. രാഷ്ട്രീയവും മതവും സംസ്കാരവുമെല്ലാം അന്യന്‍ നരകമാണ് എന്ന് പറയുന്നതുപോലെ. നാം പിന്നിലേക്കു സഞ്ചരിക്കുന്നതിന്‍റെ തെളിവുകളാണ് ചുറ്റും. 'അപരനെ തിരിച്ചറിയാനുള്ള വഴി തികഞ്ഞ ധാരണയാണ്. സചേതനമായ അഹിംസയാണ് എന്നു നാം മനസ്സിലാക്കണം. മഹത്തായ ആശയങ്ങളെ ചെറിയ മനുഷ്യര്‍ വ്യാഖ്യാനിക്കുമ്പോള്‍ ആശയവും ചെറുതാകുന്നു. അധികാരത്തിനുവേണ്ടി വെറുപ്പിന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ കാലത്തെ പുറകോട്ടാണ് കൊണ്ടുപോകുന്നത്. ഗോവര്‍ധനന്മാര്‍ പെരു കിവരുന്ന കാലത്ത് ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇരകളായി മാറുന്നു.
ജനങ്ങളെ ഒന്നിപ്പിക്കേണ്ടവര്‍തന്നെ ഭിന്നിപ്പിന്‍റെ സ്വരം പുറപ്പെടുവിക്കുന്നു. ഉപരിപ്ലവമായ ചികിത്സകൊണ്ടോ ചര്‍ച്ചകൊണ്ടോ പുതിയകാലത്തിന്‍റെ വെല്ലുവിളികളെ അഭിസംബോധന ചെയ്യാനാകില്ല. 'വിശ്രമത്തിനും ആനന്ദത്തിനും വേണ്ടത്ര സമയവും സ്പേസും സൃഷ്ടിക്കപ്പെടുന്ന പുതിയ ലോകത്തിലേ പുതുമാനവര്‍ പിറവിയെടുക്കൂ' എന്നാണ് അരവിന്ദാക്ഷന്‍ സൂചിപ്പിക്കുന്നത്.
'വിനിമയങ്ങളുടെ, സംവാദങ്ങളുടെ, സംഭാഷണങ്ങളുടെ പരസ്പരബന്ധിതമായ ഒരു മഹാശൃംഖലയാണ് ഭൂമി' എന്ന തിരിച്ചറിവില്‍ നിന്നാണ് നാം തുടങ്ങേണ്ടത്.
ഈ ഭൂമിയുടെ സമഗ്രമായ അതിജീവനം സംവാദത്തിലൂടെയേ സാധിക്കൂ. ജനാധിപത്യത്തിന്‍റെ കാതലും അതുതന്നെ. ഏകഭാഷണം കൊണ്ടു നിറയുന്ന വര്‍ത്തമാനകാലത്തെ പുതിയ സംഭാഷണങ്ങളിലേക്ക് നയിക്കേണ്ടതുണ്ട്. എം. ഗോവിന്ദനെപ്പോലുള്ളവര്‍ തുറന്നിട്ട സംവാദത്തിന്‍റെ തുറസ്സുകളെക്കുറിച്ച് അരവിന്ദാക്ഷന്‍ എഴുതുന്നതിന്‍റെ കാരണം മറ്റൊന്നല്ല.
തില്ല്നാത്ഹാന്‍റെ 'പഴയപാതകള്‍ വെളുത്ത മേഘങ്ങള്‍ - ഗൗതമബുദ്ധന്‍റെ ജീവിതകഥ' എന്ന മഹദ്ഗ്രന്ഥത്തെക്കുറിച്ച് അരവിന്ദാക്ഷന്‍ ഉള്ളില്‍ത്തട്ടി എഴുതുന്നു. ആ കൃതി വിവര്‍ത്തനം ചെയ്തത് അരവിന്ദാക്ഷനാണ്. എല്ലാറ്റിന്‍റെയും പാരസ്പര്യമാണ് നാം കാണുന്നത്. 'ഒരു മതഗ്രന് ഥത്തിന്റെയും ദൈവത്തിന്‍റെയും ആവശ്യമില്ല. ഒരു പച്ചിലയില്‍, ഒഴുകുന്ന വെളുത്ത മേഘത്തില്‍, ഒരു സൂര്യരശ്മിയില്‍, ഒരു പൂവില്‍, ഒരു ജലത്തുള്ളിയില്‍, ഒരു മണ്‍തരിയില്‍ അതുണ്ട്. അതുള്ളതുകൊണ്ടാണ് ഈ നാമുള്ളത്. എല്ലാം പരസ്പരാശ്രിതമാണ്. ഇതത്രെ സഹോദയം. ഭൂമിയിലെ ചേതനവും അചേതനവുമായ സകലതിന്‍റെയും ഉള്ളുണര്‍വ്' എന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു. ഒരു മഹദ്ഗ്രന്ഥത്തെ ആത്മാവുകൊണ്ടു തൊടുന്നു അദ്ദേഹം.
'പൂമ്പാറ്റകളുടെ പൂന്തോട്ടത്തില്‍' ആഴമുള്ള വാക്കുകളാല്‍ എഴുതപ്പെട്ട ലേഖനങ്ങള്‍കൊണ്ട് സമ്പന്നമാണ്. നാം ജീവിക്കുന്ന കാലത്തെ സമഗ്രമായി കാണാന്‍ അരവിന്ദാക്ഷനു കഴിയുന്നു. സര്‍ഗാത്മകവും ജാഗ്രത്തുമായ സ്പര്‍ശനികള്‍ കൊണ്ട് അദ്ദേഹം കാലത്തെ തൊടുന്നു. നമ്മെ ഉണര്‍ത്തുന്നു. നാം ശ്രദ്ധയോടെ നീങ്ങണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
(പൂമ്പാറ്റകളുടെ പൂന്തോട്ടത്തില്‍ - കെ. അരവിന്ദാക്ഷന്‍ - ഇന്‍സൈറ്റ് പബ്ലിക്കേഷന്‍)
യാത്രയുടെ സംഗീതം
യാത്ര ശാരീരികവും ആത്മീയവുമായ അന്വേഷണമാണ്. അതു നമ്മെ വിശാലമായ പ്രപഞ്ചവുമായി കൂട്ടിയിണക്കുന്നു. ആന്തരവും ബാഹ്യവുമായ യാത്രകളുണ്ട്. ഓരോ യാത്രയും നമ്മെ നവീകരിക്കുന്നു; അനുഭവത്തിന്‍റെ ശേഖരത്തില്‍ പുതിയ മുത്തുകള്‍ വന്നുനിറയുന്നു. യാത്രയെ ആത്മീയസാധനയാക്കി മാറ്റിയിട്ടുള്ള യാത്രികര്‍ ധാരാളമുണ്ട്. ലക്ഷ്യത്തിലേക്കല്ല അവര്‍ സഞ്ചരിക്കുന്നത്; യാത്രതന്നെയാണ് അവരുടെ ലക്ഷ്യം. യാത്രാവിവരണങ്ങള്‍ അനുഭൂതി ധന്യമാക്കുന്ന അനുഭവം സൃഷ്ടിക്കുന്നത് ഇത്തരത്തിലുള്ള യാത്രികരാണ്. മഹത്തായൊരു പാരസ്പര്യത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന യാത്രികനാണ് കെ. ബി. പ്രസന്നകുമാര്‍. അദ്ദേഹത്തിന്‍റെ 'ജലക്കണ്ണാടി' യാത്രയുടെ സംഗീതം കേള്‍ക്കാന്‍ നമ്മെ ക്ഷണിക്കുന്നു.
ഹിമാലയത്തിലേക്കുള്ള യാത്രകളുടെ അവിസ്മരണീയവും അസാധാരണവുമായ മുഹൂര്‍ത്തങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നു. മനുഷ്യനും പ്രകൃതിയും ഈശ്വരനും സംഗമിക്കുന്ന വിസ്മയലോകം നമ്മില്‍ വന്നുനിറയുന്നു. രാജന്‍ കാക്കനാടനും വിനയചന്ദ്രനുമെല്ലാം യാത്രാസ്മൃതികളില്‍ വന്നുപോകുന്നു.
'യാത്രാവഴികളില്‍നിന്ന് പാറിവീഴുന്ന ഓര്‍മ്മകളുടെ ചില ഇലകള്‍, അവയില്‍ പിന്നെയും തെളിയുന്ന ചില ഇടങ്ങള്‍, മുഖങ്ങള്‍, ഇരുള്, പ്രകാശം ഇതെല്ലാമാണ് ജലക്കണ്ണാടിയില്‍ പ്രതിഫലിക്കുന്നത്. ഈ കണ്ണാടിയില്‍ നാം കാണുന്നത് യാത്രയുടെ, പ്രകൃതിയുടെ, മനുഷ്യരുടെ ലാവണ്യമാണ്. നമ്മെ ആഴത്തില്‍ തൊടുന്ന സൗന്ദര്യാനുഭവം കൂടിയാകുന്നു ജലക്കണ്ണാടി. 'ദ്രാസിലെ തണുപ്പിലും താറിലെ കൊടുംചൂടിലും സഞ്ചരിച്ചുകൊണ്ട് മനുഷ്യപ്രകൃതിയുടെയും പ്രകൃതിമനുഷ്യരുടെയും നിരവധി ജീവല്‍മുഹൂര്‍ത്തങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പുസ്തകമാണിത്' എന്ന് വി. മുസഫര്‍ അഹമ്മദ് ശരിയായി നിരീക്ഷിക്കുന്നു. 'മഞ്ഞില്‍ പുതഞ്ഞ കാലടികളില്‍ ചെവി ചേര്‍ത്തുവച്ച് നിരവധിപേരുടെ ഹൃദയകഥകള്‍ വലിച്ചെടുക്കുന്ന എഴുത്ത് ഓരോ വാക്കിലും വരിയിലും വായനക്കാര്‍ക്ക് അനുഭവിക്കാനാകുന്നു' എന്ന് അദ്ദേഹം പറയുന്നത് അന്വര്‍ത്ഥമാണ്. 'കടന്നുപോയ ദൂരങ്ങളല്ല, ഒപ്പം കൂടിയ അനുഭവങ്ങളാണ് യാത്രികന്‍റെ യഥാര്‍ഥസമ്പാദ്യം' എന്നു നാം തിരിച്ചറിയുന്നു.
പ്രപഞ്ചത്തിനുമുന്നവല്‍ വിനയാന്വിതനായ യാത്രികന്‍ മനസ്സുകൊണ്ട് കാണുകയാണ്. പുതിയ വെളിച്ചം കടന്നുവരുന്നു. 'പര്‍വതങ്ങള്‍ ഹിമശോഭയില്‍ തിളങ്ങി. ഭാഗീരഥി ഭൂമിയിലേക്കും മനുഷ്യജീവിതത്തിലേക്കും പതഞ്ഞൊഴത്തോടെ ഗംഗോത്രിയിലേക്ക് യാത്ര തുടര്‍ന്നു എന്നെഴുതുമ്പോള്‍ ലേഖകന്‍റെ മനസ്സിന്‍റെ യാത്ര ഏതു വഴിക്കെന്നു നാമറിയുന്നു.
തപോവനസ്വാമികളുടെയും തനിക്കു മുമ്പേ കടന്നുപോയ മറ്റു യാത്രികരെയും ഗ്രന്ഥകാരന്‍ കൃതജ്ഢതയോടെ സ്മരിക്കുന്നു. ആ കണ്ണിയിലെ ഒരാളായി സ്വയം തിരിച്ചറിയുന്നു. അവര്‍ നമ്മില്‍ നിക്ഷേപിച്ച അനുഭൂതിപരമ്പരകള്‍ക്ക് തുടര്‍ച്ചയുണ്ടാവുകയാണ് പുതിയ യാത്രികരിലൂടെ. ഹിമഗിരികളും നദിയും വനങ്ങളും നല്‍കുന്ന സന്ദേശങ്ങളാണ് പ്രധാനം.
പുതിലകാലത്തിന്‍റെ ആവേഗങ്ങളില്‍ നമുക്കു നഷ്ടമാകുന്നത് ഈ ശ്രേഷ്ഠസന്ദേശങ്ങളാണ്. പ്രകൃതിയുമായി ഇടപെടുമ്പോഴുള്ള ധാര്‍മ്മികത പരിഗണിക്കപ്പെടേണ്ടതാണ്. നമ്മുടെ കാഴ്ചകള്‍ ആസക്തിയുടെയും ഹിംസയുടേതുമാകുമ്പോള്‍ പ്രകൃതി ഉപഭോഗവസ്തുമാത്രമാകുന്നു. അതല്ല ഈ യാത്രികന്‍റെ കാഴ്ചകള്‍. 'ഈ യാത്രികന്‍റെ പാദങ്ങള്‍ മാത്രമല്ല, മനസ്സും പുഷ്പസമാനമാണ്' എന്ന വിശേഷണം ഗ്രന്ഥകാരനും ഇണങ്ങുന്നതാണ് എന്ന് നാം മനസ്സിലാക്കുന്നു.
സംസ്കാരത്തിന്‍റെയും കവിതയുടെയും തടങ്ങളിലൂടെയാണ് പ്രസന്നകുമാര്‍ സഞ്ചരിക്കുന്നത്. ഓരോ മുഹൂ ര്ത്തവും അദ്ദേഹം ആവിഷ്കരിക്കുമ്പോള്‍ ഈ ചൈതന്യങ്ങള്‍ കൂടിച്ചേരുന്നു. നിലാവിന്‍റെ ദര്‍പ്പണമായി മാറുന്ന ജലത്തിന്‍റെ വിവിധ രൂപങ്ങള്‍ നാം കാണുന്നു. എക്കാലത്തേക്കും ഉള്ളില്‍ മുദ്രിതമാകുന്ന ദൃശ്യങ്ങളാണ് യാത്രികന്‍ നമുക്കായി സമ്മാനിക്കുന്നത്.
റസ്കിന്‍ബോണ്ടു പീറ്റര്‍ മത്തീസെനുമെല്ലാം ഈ യാത്രികന്‍റെ ഒപ്പമുണ്ട്. നാം സഞ്ചരിക്കുന്നത് അനേകരോടൊപ്പമാണ് എന്നതാണ് സത്യം. ദൃശ്യവും അദൃശ്യവുമായ സാന്നിധ്യങ്ങള്‍. 'പക്ഷിക്കും കുറുക്കനും ഉറുമ്പിനും പാമ്പിനും എല്ലാറ്റിനും ജീവിക്കാനുള്ള അവകാശത്തെ ബോണ്ട് ഉയര്‍ത്തിപ്പിടിക്കുന്നു. ചെടികളുടെ വളരാനുള്ള അവകാശത്തെ, പൂക്കുവാനുള്ള ചെടിയുടെ അവകാശത്തെ. ഒരു പൂവിതള്‍ ഹിമത്തുള്ളിയായ് ബോണ്ടിനു മുന്നില്‍ ജീവിതം പ്രകാശിക്കുന്നു. കണ്ണുനീര്‍ത്തുള്ളിയിലും ഒരിറ്റ് വെളിച്ചം എന്ന് പ്രസന്നകുമാര്‍ കുറിക്കുന്നു.കവിതപോലെ എഴുതിയ യാത്രാപുസ്തകമാണ് ജലക്കണ്ണാടി. ഈ കണ്ണാടിയില്‍ യാത്രാസ്മരണകള്‍ ഒഴുകി നിറഞ്ഞ് പ്രതിഫലിക്കുന്നു. നമ്മെ അനുഭൂതിയില്‍ ലയിപ്പിക്കുന്നു. ദശകങ്ങള്‍ നീണ്ടുനിന്ന തന്‍റെ യാത്രയുടെ സത്ത് ഈ പുസ്തകത്തില്‍ യാത്രികന്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. കവി കൂടിയായ സഞ്ചാരി തന്‍റെ സ്മൃതികളെ സാന്ദ്രവും കാവ്യാത്മകവുമാക്കുന്നു. പാടുകള്‍ വീഴ്ത്താതെ ആകാശത്തിലൂടെ പറക്കുന്ന പക്ഷിയെപ്പോലെ പ്രകൃതിയില്‍ ക്ഷതമേല്പ്പിക്കാതെ കടന്നുപോകുന്ന യാത്രികന്‍ പിന്‍ഗാമികള്‍ക്കായി ചില നിധികള്‍ കാത്തുവയ്ക്കുന്നു. ഈ ഗ്രന്ഥത്തിനും ഇതിലെ അനുഭൂതിദായകമായ സ്മരണകള്‍ക്കും മൂല്യമേറെയാണ്.
(ജലക്കണ്ണാടി - കെ. ബി. പ്രസന്നകുമാര്‍ - ഐവറി ബുക്സ്)





















