

അസഹിഷ്ണുതകളെപ്പറ്റി ഓര്‍ക്കാതെയും വിശകലനം ചെയ്യാതെയും സഹിഷ്ണുതയെപ്പറ്റി ചിന്തിക്കാന്‍ നമുക്കാവില്ല. കാരണം ഭീകരവാദിയെയും ഒറ്റുകാരനെയും രാജ്യദ്രോഹിയെയും ഉണ്ടാക്കുന്നത് ഈ അസഹിഷ്ണുതയാണ്.
ഒരുദാഹരണസംഭവത്തില്‍നിന്നു തുടങ്ങാം. മുംബൈ ആക്രമിച്ച കസബ്, ചെയ്ത കുറ്റങ്ങള്‍ ഇന്ത്യന്‍ കോടതിയില്‍ എണ്ണിയെണ്ണി സമ്മതിക്കുകയുണ്ടായി. താന്‍ പാക്കിസ്ഥാന്‍ പൗരനാണെന്നു പ്രസ്തുത രാഷ്ട്രം സമ്മതിക്കായ്കയാലാണ് അതുവരെ കുറ്റം സമ്മതിക്കാതിരുന്നതെന്നും അദ്ദേഹംപറഞ്ഞു. അക്രമികളായ 38പേരില്‍ 35പേരും പാക്കിസ്ഥാന്‍കാരാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഈ കലഹത്തിനു കാരണം കാഷ്മീരാണ്. വാഗാ അതിര്‍ത്തിയിലെ അയല്‍പക്ക ഉപചാരങ്ങള്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സാധാരണ മനുഷ്യരെ വികാരംകൊള്ളിക്കുമ്പോഴും ജന്മാന്തരസാഹോദര്യങ്ങള്‍ അവരെ വീര്‍പ്പുമുട്ടിക്കുമ്പോഴും തന്നെയാണു കാര്‍ഗിലില്‍ ഇരുവിഭാഗം പട്ടാളക്കാരും ചത്തുവീഴുന്നതും കസബുമാര്‍ അറബിക്കടലിലൂടെ ബോംബും തോക്കുമായെത്തി ഇന്ത്യയില്‍ തീ പടര്‍ത്തുന്നതും. സൗഹാര്‍ദ്ദത്തോടെ കൈകോര്‍ക്കേണ്ട അയല്‍നാടുകള്‍ക്കിടയില്‍ നാശകാരികളായ ഗൂഢാലോചനകള്‍ സാധ്യമാകുന്നതെങ്ങനെ എന്നാലോചിക്കുമ്പോഴാണു പലതരം അസഹിഷ്ണുതകളുടെ പ്രാതിനിധ്യംവഹിക്കുന്ന ഭീകരവാദിയും ഒറ്റുകാരനും രാജ്യദ്രോഹിയും ഉണ്ടായിവരുന്ന രാസപ്രക്രിയ നമുക്കു ബോധ്യമാവുക.
എല്ലാ അസഹിഷ്ണുതകളും സംഭവിക്കുന്നത് ഒരേ കാരണത്താലാണോ?
അതിരിലെ പ്ലാവിന്‍റെ ചോടുമാന്തി
അടിതെറ്റി വീണപ്പോള്‍ തര്‍ക്കമായി.
നാട്ടുമ്പുറത്തെ ഈ അതിര്‍ത്തിത്തര്‍ക്കവും അസഹിഷ്ണുതയില്‍ നിന്നുണ്ടാകുന്നതാണ്. കസബും ഇതേ അതിര്‍ത്തര്‍ക്കമാണോ പങ്കുവയ്ക്കുന്നത്? പണ്ടൊരിക്കല്‍ ആകാശംപോലെ ഭൂമിയും അതിരുകളില്ലാതെ വിശാലമായി പരന്നുകിടന്നു. സ്വതന്ത്രരായ മനുഷ്യര്‍ സ്വപരവ്യത്യാസങ്ങളില്ലാതെ ആനന്ദിച്ചു കഴിഞ്ഞകാലം. നീയും ഞാനും ഒന്നുതന്നെയായ അവസ്ഥ. അതിനിടയിലേക്കാണ് സ്വകാര്യസ്വത്തുമായി ബന്ധപ്പെട്ട ചിന്തകളും അദ്ധ്വാനങ്ങളും കടന്നുവന്നത്. അങ്ങനെ സ്വന്തംവീടും അയല്‍പക്കത്തെ വീടുമുണ്ടായി. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുകയെന്ന ദൈവവചനങ്ങളുണ്ടായി. നൂറ്റാണ്ടുകള്‍ കഴിഞ്ഞു. 'ജീറാന്‍ ധഅയല്‍വാസിപ പട്ടിണി കിടക്കുമ്പോള്‍ വയറുനിറയെ ഭക്ഷണംകഴിക്കുന്നവന്‍ നമ്മുടെ കൂട്ടത്തില്‍പ്പെട്ടവനല്ല' എന്നുമുണ്ടായി വചനം. അങ്ങനെ ഭൂമിയിലുള്ളതിനെക്കാള്‍ മികച്ച അയല്‍ക്കാരനെ സ്വര്‍ഗ്ഗത്തില്‍ ലഭിക്കാനുള്ള മയ്യിത്ത് നമസ്കാരങ്ങളുണ്ടായി. ഭൂമിയിലെ മനുഷ്യര്‍ അയല്‍ക്കാരില്‍നിന്ന് സ്വന്തം സ്വത്തു വേര്‍തിരിക്കുകയും സംരക്ഷിക്കുകയുംചെയ്യുന്ന തത്രപ്പാടിലായി. അപ്പോഴുമുണ്ടായി വചനം, ഉടമസ്ഥന്‍റെ അഭിമാനം അയല്‍ക്കാരന്‍റെ അസൂയയാണെന്ന്. ഭൂവുടമസ്ഥതാ ബന്ധങ്ങളോടൊപ്പം വസ്തു ഉടമസ്ഥാവകാശങ്ങളും സ്ഥാപിക്കപ്പെടുന്ന പുതിയഘട്ടത്തിലാണു നമ്മളെത്തി നില്ക്കുന്നത്.
രാഷ്ട്രമെന്നപോലെ ആധുനിക വ്യക്തിയും നിര്‍മ്മിക്കപ്പെടുന്നതു മേല്പ്പറഞ്ഞപോലുള്ള ചില അതിരുകള്‍ക്കുള്ളിലാണ്. അതു കുടുംബമാകാം, മതമാകാം, ദേശമാകാം, രാഷ്ട്രമാകാം, ഗ്രഹം പോലുമാകാം. വ്യക്തിയുടെ സംരക്ഷണം ഭരണകൂടത്തിന്‍റെ ചുമതലയാണ്. അങ്ങനെ നിരവധി അതിരുകള്‍ ഒരു രാഷ്ട്രത്തിനകത്തു നിലനില്ക്കുന്നു. ഭാഷ, മതം, ജാതി, ലിംഗം, വര്‍ഗം, സംസ്ഥാനം, ജോലി എന്നിങ്ങനെ. ഈ അതിരുകള്‍ക്കുള്ളിലാണു ശരാശരി പൗരജീവിതം. അതിരുകള്‍ ഭേദിക്കുമ്പോള്‍ അസ്വസ്ഥതകള്‍ ആരംഭിക്കുകയായി.
ഈ അതിരുകളില്‍വച്ചാണ് അസഹിഷ്ണുതകള്‍ പ്രവര്‍ത്തനനിരതമാകാറ്. എങ്ങനെയെന്നതിന് ഏറ്റവും നല്ല സമീപകാല ഉദാഹരണങ്ങളിലൊന്ന് അധ്യാപകന്‍റെ കൈവെട്ടിയ സംഭവംതന്നെയാണ്. അവിടെ വിശ്വാസത്തിന്‍റെ അതിരുകളാണ് പ്രശ്ന മായത്. ഭാഷയുടെ തുറവികളാണ് ഭാഷാധ്യാപകരുടെ അധ്യാപനസാധ്യതകളില്‍ ഏറ്റവും ശക്തമായത്. അങ്ങനെയാണവര്‍ സ്വന്തം ശിഷ്യര്‍ക്കു തങ്ങളെത്തന്നെ പകര്‍ന്നുകൊടുക്കുന്നത്. ഒരു ക്ലാസിന്‍റെ -അധ്യാപകവിദ്യാര്‍ത്ഥി സംവാദത്തിന്‍റെ- അതിരുകളെ ലംഘിച്ചുകൊണ്ടാണ് ഇത്തരമൊരതിക്രമം നടന്നതെന്നതു നിസ്സാരമല്ല. അക്കാദമികസമൂഹത്തിന്‍റെ പുറത്തുള്ള ഒരു സമൂഹത്തില്‍നിന്നാണ് അധ്യാപകനുനേരെ ആക്രമണമുണ്ടായതും. ദൈവനിന്ദ, മതനിന്ദ എന്നിവയായിരുന്നു ആരോപിക്കപ്പെട്ട കുറ്റങ്ങള്‍.
