top of page

കവിതയിലെ സൂക്ഷ്മദര്‍ശിനികള്‍

Sep 9, 2025

2 min read

��ഡോ. റോയി തോമസ്
A book Cover With yellow sunglasses with abstract black designs and red highlights. Malayalam text on the cover features prominently against a white background.

നോവലിസ്റ്റും കവിയും ചിത്രകാരനുമൊക്കെയായ സോമന്‍ കടലൂരിന്‍റെ കവിതകള്‍ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നതാണ്. ചെറിയ കവിതകളിലൂടെ അദ്ദേഹം വര്‍ത്തമാനകാലത്തിന്‍റെ വിമര്‍ശനം സാധ്യമാക്കുന്നു. 'നഷ്ടപ്പാടുകള്‍' എന്ന പുതിയ സമാഹാരത്തിലെ കവിതകള്‍ ഒരേസമയം അകത്തേക്കും പുറത്തേക്കും നോക്കുന്നവയാണ്. "അക്ഷരംകൊണ്ടും തന്‍റെ ജീവിതംകൊണ്ടും ഒടുക്കമില്ലാത്ത പ്രതീക്ഷകൊണ്ടും സ്നേഹംകൊണ്ടും കരുണകൊണ്ടും പ്രജ്ഞകൊണ്ടും പ്രബുദ്ധതകൊണ്ടും ഉടഞ്ഞുപോയതെല്ലാം കവി ഇവിടെ വിളക്കി ഉരുക്കിച്ചേര്‍ത്തിരിക്കുന്നു" എന്ന് അവതാരികയില്‍ കുറിക്കുന്നത് സാര്‍ഥകമാകുന്നു.


നമ്മുടെ കാലത്തിന്‍റെ പോക്കുകണ്ടിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല എന്നാണ് കവി പറയുന്നത്. കത്തിച്ചാമ്പലാകുന്ന വീടിനെ കാത്തിരുന്നിട്ട് തീ കെടുത്താന്‍ ആരെങ്കിലും വരും എന്ന് കാത്തിരിക്കുന്ന പോഴന്മാരാണ് നമ്മള്‍ എന്നും കവി പ്രസ്താവിക്കുന്നു. തീ കെടുത്തേണ്ടത് നമ്മളാണ്. നമ്മള്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവരാണ്. തീപിടിച്ച വീടും നാടും ചാമ്പലാകുംമുമ്പ് എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. കവിതയും കരുണയുമായി ആരെങ്കിലും വരുമായിരിക്കും എന്ന് കവി പ്രതീക്ഷിക്കുന്നു. നമ്മുടെ കാലത്തിന് കവിതയും കരുണയും നഷ്ടപ്പെട്ടിരിക്കുന്നു. കവിതയും കരുണയുമുള്ളവരാണ് രക്ഷകരായി കടന്നുവരേണ്ടത്. കവിതകൊണ്ട് മറുപടി പറയുന്ന ഗോവിന്ദേട്ടന്‍റെ വഴിയില്‍ സഞ്ചരിക്കാന്‍ ആളില്ലാതായിരിക്കുന്നു. 'കനിവില്ല കമ്പോളത്തിന് എന്ത് കവിത' എന്നാണ് ഗോവിന്ദേട്ടന്‍റെ ചോദ്യം. ചൂട്ടില്ലാതെ, വെട്ടമില്ലാതെ ഇരുട്ടിടവഴിയിലെക്കിറങ്ങിപ്പോകുന്ന അയാള്‍ ഒരു പ്രതീകമാണ്. വെളിച്ചത്തിന്‍റെ കവിത ഇരുട്ടിന് വഴിമാറിക്കൊടുക്കുന്ന ആസുരകാലത്തിന്‍റെ പ്രതീക്ഷ.


മതിലുകള്‍ ഇല്ലാത്ത കാലത്ത് എല്ലാ പറമ്പുകളെയും ഒന്നാക്കിയത് പാലങ്ങളായിരുന്നു. പാലങ്ങള്‍ മനുഷ്യരെയും ഒന്നാക്കി. 'മനുഷ്യര്‍ക്കിടയില്‍ പാലങ്ങള്‍ പണിയാത്തതുകൊണ്ടാണ് അവര്‍ ഇത്രമാത്രം ഏകാകികളായത്' എന്നു കവിദര്‍ശനം ഇവിടെയും പ്രസക്തമാകുന്നു. പരസ്പരം കൊടുക്കല്‍ വാങ്ങലുകളുടെ ഒരു സംസ്കാരം പാലങ്ങള്‍ സൃഷ്ടിക്കുന്നു. ചെറിയ വസ്തുക്കള്‍ കൈമാറിയപ്പോള്‍ വലിയൊരു ലോകം തുറന്നിരുന്നു. പാലങ്ങള്‍ക്കുപകരം അപ്പുറത്തെ ആളും തലകാണാത്ത വിധത്തിലുള്ള മതിലുകള്‍ ഉയര്‍ത്തിക്കെട്ടിയതെന്തിന് എന്ന ചോദ്യത്തിനു മുമ്പില്‍ കവി സന്ദേഹിയാകുന്നു.


'വാദിച്ചു ജയിച്ചവരൊക്കെ ഇപ്പോള്‍ എവിടെയാണ്?' എന്ന് കവി ചോദിക്കുന്നു. എല്ലാവരും മൗനത്തിലാണ്ടുപോയിരിക്കുന്നു. സംവാദങ്ങള്‍ ഒഴിഞ്ഞുപോയിടത്ത് അട്ടഹാസങ്ങളും വെല്ലുവിളികളും നിറയുന്നു. സ്വയം ശരിയെന്നു ഭവിക്കുന്നവര്‍ ശബ്ദമുയര്‍ത്തുന്നു. സത്യം ഒച്ചയെടുക്കുന്നില്ല. നുണകളുടെ ശവപ്പറമ്പായി കാലം മാറിയിരിക്കുന്നു. ഈ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ സത്യം കണ്ടെത്താനാവാതെ സംഘര്‍ഷത്തില്‍ മനുഷ്യന്‍ പകച്ചു നില്‍ക്കുന്നു.


അര്‍ഥത്തിന്‍റെ സാധുതകള്‍ കുറയുമ്പോള്‍ പര്യായപദങ്ങള്‍ക്ക് പ്രസക്തിയില്ലാതാവുന്നു. ഏകഭാഷണങ്ങള്‍ പെരുകിവരുമ്പോള്‍ സത്യത്തിന്‍റെ ബഹുമാനങ്ങള്‍ നഷ്ടമാകുന്നു. അര്‍ത്ഥങ്ങളുടെ വെളിച്ചം കെട്ടുപോയ ഭൂമിയുടെ ദുഃഖം ആരുമറിയുന്നില്ല. ജീവിതത്തിന്, കാലത്തിന്, ലോകത്തിന് അര്‍ത്ഥം പകരുന്ന പര്യായപദങ്ങള്‍ നഷ്ടമായിക്കൂടാ എന്ന് കവി ഉറച്ചുവിശ്വസിക്കുന്നു. 'ഇനിമേല്‍ ആരെയും പൊള്ളിക്കില്ല ഭൂമിയിലെ ഒരു നിസ്സഹായതയും, ദയ, കരുണ, സ്നേഹം, സാഹോദര്യം എന്നൊന്നും ഒരാളും ഉച്ചരിക്കില്ല' എന്നാണ് കവി വചനം. വെറുപ്പിന്‍റെ ശബ്ദങ്ങളാണ് ചെവിയില്‍ വന്നു നിറയുന്നത്. ആരെയൊക്കെയോ പുറത്താക്കാന്‍ അലറിവിളിക്കുന്ന ആള്‍ക്കൂട്ടം പെരുകിവരുന്നു. ഇവിടെ നല്ല വാക്കുകള്‍ക്ക് അര്‍ത്ഥമില്ലാതാകുന്നു. മനസ്സില്‍ മുറിവേറ്റ കുഞ്ഞുങ്ങള്‍ക്ക് കരുണയുടെ കഥ പറഞ്ഞുകൊടുക്കുന്നവരെ ഏറെ ആവശ്യമുണ്ട്. മുറിവേറ്റ കുരുവിയെ പരിചരിക്കാനും ആളുകല്‍ വേണം. വെട്ടിപ്പിടിക്കുന്നതല്ല വിജയമെന്ന ദര്‍ശനം വെളിച്ചമായി ജ്വലിക്കണം.


'അഗാധമായ നദി സമാധാനത്തോടെ ഒഴുകുമ്പോള്‍ നാമതിന്‍റെ സമാധാനം കളയാതിരിക്കുക. വീടിന്‍റെ ചതുരവടിവില്‍ ഒളിക്കുന്ന നമ്മള്‍ പ്രകൃതിയില്‍ നിന്നു അകന്നുപോയിരിക്കുന്നു. ചെറിയ ചെറിയ ആശ്വാസങ്ങള്‍ നഷ്ടമാകുമ്പോള്‍ സന്ത്രാസങ്ങളുടെ ഭൂമിക ഉയര്‍ന്നുവരുന്നു. പിന്നെ അശാന്തിയുടെ യുദ്ധഭൂമിയായി മനസ്സ് മാറുന്നു. കമ്പോളത്തിന്‍റെ പ്രലോഭനങ്ങളില്‍ ആത്മാവ് നഷ്ടമാകുന്നവര്‍ ജീവിതത്തിന്‍റെ പൊരുള്‍ കണ്ടെത്താനാവാതെ അലയുന്നു. ഓടിക്കൊണ്ടിരിക്കുന്നത് വിജയിക്കാനാണ്. എന്നാല്‍ വിജയം അകന്നുപോകുന്നു.


ഭൂമിയില്‍ കവിത നടുന്നവരും ജീവിതം നടുന്നവരുമാണ് വെളിച്ചം വിതറുന്നവര്‍. ജീവിതം കവിതയായി പൂത്തുനില്‍ക്കുന്ന ഒറ്റമരങ്ങള്‍ പ്രകാശത്തിന്‍റെ അവകാസികളാണ്. അവ ഇരുട്ടിനെതിരെ പ്രതിരോധം തീര്‍ക്കുന്നു. ഇരുട്ട് ആധിപത്യം നേടുന്ന കാലത്ത് വെളിച്ചം കെട്ടുപോകാതെ കാത്തുസൂക്ഷിക്കേണ്ടത് കവിയുടെയും യഥാര്‍ഥ മനുഷ്യരുടെയും ഉത്തരവാദിത്വമാണ്.


ഒരുവശത്ത് പുകവിഴുങ്ങിയും പകവിതറിയും ലഹരിമോന്തിയും എല്ലാം തല്ലിത്തകര്‍ക്കുന്നവര്‍. മറുവശത്ത് 'അക്ഷരംകൊണ്ടും നക്ഷത്രംകൊണ്ടും ഒടുക്കമില്ലാത്ത പ്രതീക്ഷകൊണ്ടും കുട്ടികള്‍ ഉടഞ്ഞുപോയതെല്ലാം വിളക്കിച്ചേര്‍ക്കുന്നു'. തല്ലിത്തകര്‍ക്കുന്നവര്‍ക്കല്ല വിളക്കിച്ചേര്‍ക്കുന്നവര്‍ക്കാണ് കവി സ്ഥാനം കല്പിക്കുന്നത്.


ജീവിതംതന്നെ അനേകം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്. സ്ഥലം സ്വന്തമാക്കി, വീടുകെട്ടി, റോഡുണ്ടാക്കി ജീവിതം തല്ളിനീക്കുന്നു. 'ആബുലന്‍സില്‍ ചായാനും ആറടി മണ്ണില്‍ ചരിയാനും മാത്രമായി നമ്മുടെ കഷ്ടപ്പാടുകള്‍' എന്നു കവി എഴുതുന്നു. ജീവിക്കാതെ അവസാനിക്കുന്ന ജീവിതങ്ങള്‍. ജീവിതത്തിന്‍റെ സാധ്യതകള്‍ പരിമിതപ്പെടുകയാണിവിടെ.

(നഷ്ടപ്പാടുകള്‍ - സോമന്‍ കടലൂര്‍ - ഡി.സി. ബുക്സ്)

കവിതയിലെ സൂക്ഷ്മദര്‍ശിനികള്‍

ഡോ. റോയി തോമസ്

അസ്സീസി മാസിക സെപ്റ്റംബ‌ർ 2025

Sep 9, 2025

1

53

Recent Posts

bottom of page