top of page
നോവല്‍ പലപ്പോഴും ബദല്‍ ചരിത്രരചനകളായി മാറുന്നു. ദേശത്തിന്‍റെയും കാലത്തിന്‍റെയും ചരിത്രം നോവലിലൂടെ ഇതള്‍ വിടരുന്നു. 'ദേശത്തെ എഴുതുന്ന എഴുത്ത്' എന്ന നിലയില്‍ ചില കൃതികള്‍ ആഴത്തിലുള്ള ചരിത്രവായനകളായി മാറുന്നു. 'അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍' എന്ന നോവലിന്‍റെ തുടര്‍ച്ചയായി ബെന്യാമിന്‍ രചിച്ച നോവല്‍ "മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവല്‍ ചരിത്രത്തെ സൂക്ഷ്മമായി ആവിഷ്കരിക്കുന്നു. സഭാതര്‍ക്കവും കമ്യൂണിസത്തിന്‍റെ കടന്നുവരവും വിമോചനദൈവശാസ്ത്രത്തിന്‍റെ വളര്‍ച്ചയുമെല്ലാം സവിശേഷമായ ആഖ്യാനപാടവത്തോടെ ബെന്യാമിന്‍ അവതരിപ്പിക്കുന്നു. ഉത്തരാധുനിക നോവലുകളില്‍ കാണുന്ന 'കളിമട്ട്' (playfullness) ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. ആക്ഷേപഹാസ്യത്തിന്‍റെ മുനകള്‍ പല ദിശകളിലേക്ക് പടര്‍ന്നു നില്‍ക്കുന്നുവെന്നതാണ് ഈ നോവലിന്‍റെ പ്രത്യേകത. കുടുംബത്തിന്‍റെ ഇതിഹാസമെന്നതുപോലെ ഒരു ദേശത്തിന്‍റെ കഥയുമാണ് ബെന്യാമിന്‍ കുറിക്കുന്നത്. യഥാര്‍ത്ഥ ചരിത്രവ്യക്തികളും ഭാവന സൃഷ്ടികളായ കഥാപാത്രങ്ങളും ചേര്‍ന്ന് സമഗ്രമായ ജീവിതചരിത്രം പൂര്‍ണമാക്കുന്നു. "ഒരേ സമയം ആക്ഷേപഹാസ്യത്തിന്‍റെയും സാമ്പ്രദായിക റിയലിസത്തിന്‍റെയും കൃത്യമായ ചേരുവയിലൂടെ രസികന്‍ ആഖ്യാനമാക്കി മാറ്റിയിരിക്കുന്നു" എന്ന വിനു എബ്രാഹമിന്‍റെ നിരീക്ഷണം അന്വര്‍ത്ഥമാണ്.
മാന്തളിര്‍ കഥകളുടെയെല്ലാം പ്രഭവകേന്ദ്രം അവിടെയുള്ള പളളിയാണ്. അതിനെ ചുറ്റിപ്പറ്റി ജീവിതം കെട്ടിപ്പടുത്തിരിക്കുന്ന ഒരു പിടി മനുഷ്യരാണ് മാന്തളിരിനെ സജീവമായി നിറുത്തുന്നത് എന്നും ആ വിചിത്ര ദേശത്തെ സാധാരണക്കാരായ കുറച്ചു മനുഷ്യര്‍ സ്നേഹിച്ചും കലഹിച്ചും ജീവിച്ചതിന്‍റെ തിരുശേഷിപ്പുകളായ കഥകളാണ് മാന്തളിരിന്‍റെ സമ്പത്ത് എന്നും ബെന്യാമിന്‍ ആമുഖമായി കുറിക്കുന്നുണ്ട്. ഈ കഥകളില്‍ മതവും രാഷ്ട്രീയവും ചരിത്രവും എല്ലാം ഇടകലരുന്നു. ഒരു ഗ്രാമത്തിന്‍റെ കഥ അങ്ങനെ ദേശത്തിന്‍റെ കഥയാകുന്നു. മതത്തിനും കമ്യൂണിസത്തിനുമെല്ലാം ഉണ്ടായ പരിണാമങ്ങളുടെ ചരിത്രവും കഥയുടെ അന്തര്‍ധാരയായി കടന്നുവരുന്നു. ഓര്‍മകളെ തിരിച്ചുപിടിക്കുന്ന കര്‍മ്മമാണ് എഴുത്തുകാരന്‍ നിര്‍വഹിക്കുന്നത്.
വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും മാറിമറിയുന്ന അവസ്ഥകള്‍ മനുഷ്യജീവിതത്തിലുണ്ട്. പ്രായോഗിക ബുദ്ധികളാണ് മാന്തളിരിലുള്ളവരില്‍ ഭൂരിഭാഗവും. "എന്താണോ ലാഭം അതു ചെയ്യുക. അതിനപ്പുറം ഒന്നിനോടും അടുപ്പം പുലര്‍ത്താതിരിക്കുക' എന്നതാണ് പൊതുവായ നീതി. ഇത് ഇന്നിന്‍റെ നേര്‍ ചിത്രമാണ്. സത്യാന്തരയുഗത്തില്‍(post truth) ജീവിക്കുന്ന നമുക്ക് എന്തും സ്വീകരിക്കുകയോ കൈവിടുകയോ ചെയ്യാം. വിശ്വാസിയാകാനോ കമ്യൂണിസ്റ്റാകാനോ ആള്‍ദൈവങ്ങളുടെ അടിമകളാകാനോ ഒന്നും മടിയില്ലാത്തവര്‍ ലാഭകരമായ കച്ചവടമായി എല്ലാറ്റിനെയും കാണുന്നു. "എങ്ങനെയായാലും സുഖമായി ജീവിക്കണം. അതാണ്, അതുമാത്രമാണ് മാന്തളിരിന്‍റെ ധനതത്വശാസ്ത്രം' എന്നെഴുതുമ്പോള്‍ അതിന് വര്‍ത്തമാനകാലത്ത് ഏറെ അര്‍ത്ഥ സാധ്യതകളുണ്ട്. രാഷ്ട്രീയവും വിശ്വാസവുമെല്ലാം എപ്പോള്‍ വേണമെങ്കിലും ഉരിഞ്ഞുമാറ്റാവുന്ന ബാഹ്യാവരണം മാത്രമാകുമ്പോള്‍ ജീവിതം തന്നെ സ്വാര്‍ത്ഥപൂരിതമാകുന്നു. വിപണിയില്‍ ലാഭമുണ്ടാകുന്നത് മാത്രമാണ് പ്രധാനമെന്നു വരുന്നു. ഒരു കാലത്ത് വിപ്ലവകാരിയായിരുന്ന ആള്‍ പെട്ടെന്ന് വേഷം മാറുന്നു. ആരും ഏതു രൂപത്തിലും പ്രത്യക്ഷപ്പെടാം. ഒരു കാലത്ത് ആദര്‍ശപൂരിതജീവിതം നയിച്ചവര്‍ പെട്ടെന്ന് കാലത്തിന്‍റെ ഒഴുക്കില്‍ പെട്ട് പ്രായോഗികവാദികളായി മാറുന്നു. അഭിപ്രായങ്ങളോ മൂല്യങ്ങളോ മുറുകെ പിടിക്കാതെ വേരുകളില്ലാതെ ഒഴുകിപ്പോകുന്ന ഒരു കൂട്ടമാളുകള്‍ വന്നു നിറയുമ്പോള്‍ കാലവും ചരിത്രവും എല്ലാം കലങ്ങിമറിയുന്നു.
'ദേശം ചെറുതാണെങ്കിലും കേരളഭൂമിയിലെ പതിനായിരത്തെട്ട് ജാതികളും ഒരേപോലെ വന്നു പാര്‍ക്കുന്ന ദേശമാണ് മാന്തളിര്‍ എന്ന് നോവലിസ്റ്റ് എഴുതുന്നു. ഇവരെല്ലാം ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്നു. വൈചിത്ര്യപൂര്‍ണമായ ജീവിതമുഹൂര്‍ത്തങ്ങള്‍ അങ്ങനെ വിടരുന്നു. അടരടരുകളായി നിലകൊള്ളുന്ന സമൂഹചിത്രമാണ് കഥാകൃത്ത് വരച്ചിടുന്നത്. മാന്തളിര്‍ അങ്ങനെ വലിയൊരു ദേശത്തിന്‍റെ ചെറിയൊരു പതിപ്പായി മാറുന്നു. ജാതിമതഭേദങ്ങള്‍ അതിവേഗം തിരിച്ചുവന്നുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ ജീവിക്കുന്ന നമുക്ക് ഭൂതകാലത്തിന്‍റെ ചില തിരിച്ചറിവുകള്‍ സഹായകമായേക്കാം. മതവും കമ്യൂണിസവും മാത്രമല്ല, മനുഷ്യനെ സ്പര്‍ശിച്ചു കടന്നുപോകുന്ന എല്ലാ ആദര്‍ശങ്ങളും വിശ്വാസങ്ങളുമെല്ലാം കടുത്ത പ്രതിസന്ധികളാണ് അഭിമുഖീകരിക്കുന്നത്. ബെന്യാമിന്‍ ഈ പ്രതിസന്ധികളെ മൂര്‍ത്തമായി തിരിച്ചറിയുന്നുണ്ട്. വിമോചനദൈവശാസ്ത്രം വളരെ ശക്തമായ സാന്നിധ്യമായി ഈ നോവലില്‍ കടന്നവരുന്നു. ബോഫും ഗുട്ടിയേറസുമെല്ലാം വിളിപ്പേരുകളായി മാറുന്നുമുണ്ട്. "സ്നേഹത്തിന്‍റെ പങ്കിടലിലൂടെ നമുക്ക് ഒരു പുതിയ വര്‍ഗരഹിതസമൂഹം സൃഷ്ടിക്കാന്‍ കഴിയും എന്നാണ് നമ്മള്‍ പറയുന്നത്. ആ സമൂഹത്തിനു സ്വാര്‍ത്ഥതയില്ല. ധനാര്‍ത്തിയില്ല. ലാഭേച്ഛയില്ല. അവര്‍ പാവപ്പെട്ടവരെ കരുണയോടെ കാണുന്നവരാണ്. അവര്‍ എളിയവരുടെ കരച്ചില്‍ കേള്‍ക്കുന്നവരാണ് എന്നു നാം വായിക്കുന്നു. "പാവപ്പെട്ടവരുടെ ഈ ലോകത്ത് ധനികരായി ജീവിക്കുന്നത് ഒരു പാപമാണ് എന്നു കരുതുന്നവരാണ.് അവര്‍ പ്രകൃതിയുടെ ചൂഷകരല്ല, സംരക്ഷകരാണ്" എന്നും നോവലിസ്റ്റ് കുറിക്കുന്നു. യഥാര്‍ത്ഥവിശ്വാസി ആരായിരിക്കണം എന്ന നിരീക്ഷണമാണ് അദ്ദേഹം നടത്തുന്നത്. "നാളേക്കുവേണ്ടി പ്രകൃതിയെ സംരക്ഷിക്കേണ്ടവരാണ് മനുഷ്യര്‍. അതിനു നമ്മള്‍ സ്വാര്‍ത്ഥത വെടിയണം. നന്മയുള്ളവരാകണം" എന്ന് വിശ്വാസത്തെ പുനര്‍നിര്‍വചിക്കുകയാണ് വിമോചനദൈവശാസ്ത്രം. "ഇനി മണിമാളികകളില്‍ ഇരിക്കുന്ന ക്രിസ്തുവിനെയും സ്വര്‍ണമാലയണിഞ്ഞ മെത്രാന്മാരെയും കാണിച്ച് പിടിച്ചുനില്‍ക്കാനാകുമെന്ന് കരുതുന്നുണ്ടോ?" എന്ന പ്രധാനപ്പെട്ട ചോദ്യവും കടന്നുവരുന്നുണ്ട്. പള്ളിമേടയില്‍ നിന്നിറങ്ങി തെരുവിലൂടെ നടക്കുന്ന വിശ്വാസദര്‍ശനം മുന്നില്‍ കാണുന്ന ചിലരെ നോവലിസ്റ്റ് പരിചയപ്പെടുത്തുന്നു. ഒരു കാലഘട്ടത്തില്‍ നമ്മുടെ നാട്ടില്‍ നടന്ന മതസംവാദങ്ങളെ നോവല്‍ ഗാത്രത്തോടു ചേര്‍ത്തിണക്കുകയാണ് ബെന്യാമിന്‍ ചെയ്യുന്നത്. "ക്രിസ്തുവിനെ വീണ്ടും വീണ്ടും ക്രൂശിക്കുന്ന പള്ളിയില്‍ നിന്നല്ല സാധാരണക്കാര്‍ ഒത്തുകൂടുന്ന പൊതുവിടങ്ങളില്‍ നിന്ന്" ഉയരേണ്ട സമാധാനത്തിന്‍റെ കരോള്‍ ഗാനങ്ങളെക്കുറിച്ച് നോവലിസ്റ്റ് സൂചിപ്പിക്കുന്നുണ്ട്.
വര്‍ഗീയതയുടെ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന ഇന്ന് മതത്തിനും രാഷ്ട്രീയത്തിനും നിര്‍വഹിക്കാനുള്ളത് വലിയ ദൗത്യമാണെന്ന തിരിച്ചറിവ് നോവലിസ്റ്റിനുണ്ട്. പാര്‍ട്ടികളും വിശ്വാസികളുമെല്ലാം പുതിയ ഊര്‍ജ്ജം സംഭരിക്കേണ്ട കാലമാണിത്. അല്ലെങ്കില്‍ നാം വലിയ വില കൊടുക്കേണ്ടി വരും. ചെറിയ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം മറന്ന് വലിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
ജീവിതത്തിനു മുന്നില്‍ നിസ്സാരരും നിസ്സഹായരുമായി നോക്കിനില്‍ക്കുന്ന അനേകം കഥാപാത്രങ്ങള്‍ ഈ നോവലില്‍ കടന്നുവരുന്നു. മാന്തളിര്‍ ഗ്രാമത്തിന്‍റെ കഥ നമ്മുടെ നാടിന്‍റെ കഥയായി വികസിക്കുന്നു. നാം ഗൗരവമായി ചര്‍ച്ചചെയ്യേണ്ട പല കാര്യങ്ങള്‍ നോവലിന്‍റെ ഭാഗമാകുന്നു. നമുക്കു കൈവിട്ടുപോകുന്നതും വീണ്ടെടുക്കേണ്ടതും എഴുത്തുകാരന്‍ തിരിച്ചറിയുന്നു. മതവും രാഷ്ട്രീയവുമെല്ലാം ഇവിടെ പുനര്‍നിര്‍വചിക്കപ്പെടുന്നു. "ജീവിതത്തിനും കഥയ്ക്കും ഇടയിലെ അതിര്‍വരമ്പ് നിര്‍ണയിക്കാന്‍ അറിയാത്ത ഭ്രമാത്മക മനസ്സ്" ഈ കഥകള്‍ക്കു പിന്നിലുണ്ട്. എന്തായാലും നമുക്കു ചര്‍ച്ചചെയ്യാനുള്ള അനേകം വിഷയങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു നോവല്‍ തന്നെയാണ് "മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്നു നിസ്സംശയം പറയാം. (മാന്തളിരിലെ 20 കമ്യൂണിസ്ററ് വര്‍ഷങ്ങള്‍ - ബെന്യാമിന്‍ - ഡി. സി. ബുക്സ്).
കയര്‍ മുറുകുകയാണ്
എഴുത്തിലൂടെ ഏകാന്തയാത്ര നടത്തുന്ന പ്രതിഭാശാലിയാണ് കല്പറ്റ നാരായണന്‍. നാം കാണാത്ത കാഴ്ചകളാണ് അദ്ദേഹം കാണുന്നത്. കവിതയും നിരൂപണവുമെല്ലാം അദ്ദേഹത്തിന് സവിശേഷമായ അന്വേഷണമാണ്. 'കവിഞ്ഞു നില്ക്കുന്നതാണ് കവിത' എന്ന് നിര്‍വചിക്കുന്ന അദ്ദേഹം കവിഞ്ഞുനില്‍ക്കുന്ന കാവ്യാത്മകതയാണ് ഓരോ വാക്യത്തിലും സൃഷ്ടിക്കുക. 'കയര്‍ മുറുകുകയാണ്' എന്ന ലേഖനസമാഹാരം അത്യപൂര്‍വ്വമായ വായന സമ്മാനിക്കുന്ന പുസ്തകമാണ്. സാഹിത്യം, തത്വചിന്ത, സിനിമാഗാനങ്ങള്‍, എഴുത്തുകാര്‍, കവിത, രാഷ്ട്രീയം, ചരിത്രം, പ്രഭാഷണം എന്നിങ്ങനെ മനുഷ്യനെ സ്പര്‍ശിച്ചു കടന്നുപോകുന്ന എല്ലാം ഈ ലേഖനങ്ങളുടെ ഭാഗമാകുന്നു. നാമിന്നുവരെ നടക്കാത്ത ഏതോ വഴിയേ നടക്കുന്ന അനുഭവമാണ് ഈ ഗ്രന്ഥം സമ്മാനിക്കുന്നത്.
"റേഡിയോ കേള്‍ക്കൂ' എന്ന ലേഖനത്തില്‍ നിന്ന് ഒരു കാലത്ത് റേഡിയോ നമുക്ക് എന്തായിരുന്നു എന്ന് നാമറിയുന്നു. എന്‍റെ ഹൃദയത്തിന്‍റെ നിര്‍മിതിയില്‍ റേഡിയോ വലിയ പങ്കു വഹിച്ചു. കേട്ടു കേട്ട് ഞാന്‍ വളര്‍ന്നു എന്ന് കല്പറ്റ നാരായണ്‍ എഴുതുന്നു. കേള്‍വിയില്‍ നിന്ന് കാഴ്ചയിലേക്ക് മാറിയ സമൂഹത്തിനുണ്ടായ മാറ്റവും അദ്ദേഹം അടയാളപ്പെടുത്തുന്നുണ്ട്. ശ്രോതാവ് ദൃഷ്ടാവായി മാറിയപ്പോള്‍ സംഭവിച്ച വ്യതിയാനങ്ങളാണ് റേഡിയോയെ അനാകര്‍ഷകമാക്കിയത് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. നമ്മുടെ സമൂഹത്തിനുണ്ടായ മാറ്റമാണ് അദ്ദേഹം തിരിച്ചറിയുന്നത്.
'ഒരു സെല്‍ഫി വായന' എന്ന കുറിപ്പ് ഇതിന്‍റെ നേര്‍ചിത്രമാണ് അവതരിപ്പിക്കുന്നത്. ഓരോരുത്തരും സെല്‍ഫിയിലേക്ക് ഒതുങ്ങുന്ന കാലം സെല്‍ഫിയുടെ കാലമാകുന്നു. നാര്‍സിസത്തിന്‍റെ കാലം കൂടിയാണ് ഇത്. അവനവനെ കണ്ടു മതിവരാത്തവരുടെ കൂട്ടമായി നാം മാറിക്കൊണ്ടിരിക്കുന്നു. ആത്മാനുരാഗത്തിന്‍റെ വിളവെടുപ്പിന് പുതിയ കൊയ്ത്തുയന്ത്രം ലഭിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കുറിക്കുന്നു. "ആത്മാനുരാഗി സ്വരൂപാനുരാഗിയാണ്. സ്വന്തം ബാഹ്യരൂപത്തിന്‍റെ ആരാധകനാണയാള്‍" എന്ന സത്യമാണ് ലേഖകന്‍ തിരിച്ചറിയുന്നത്. "കാണലിനെക്കാള്‍, അനുഭവിക്കലിനേക്കാള്‍, പകര്‍ത്തല്‍ ഒരുന്മാദമായി മാറിയ കാലത്തെ"യാണ് അദ്ദേഹം ചിത്രീകരിക്കുന്നത്.
ക്രിക്കറ്റും ഫുട്ബോളുമെല്ലാം കല്പറ്റനാരായണന്‍റെ ചിന്താപരിധിയില്‍ വരുന്നുണ്ട്. സച്ചിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. "ധര്‍മനിരതമായ ഒരു തുണ്ട് ഭൂമിയായി അദ്ദേഹം കായികരംഗത്തെ വിശേഷിപ്പിക്കുന്നു. "ഞാനാശിക്കുന്നു, സിനഡിന്‍ സിദാനെപ്പോലെ കണിശവും ഗണിതതുല്യവുമായ ബോര്‍ഗേസിയന്‍ ഗദ്യത്തില്‍ ലേഖനങ്ങളെഴുതാന്‍ ഞാനാശിക്കുന്നു. റൊബീഞ്ഞോയെപോലെയോ മെസിയെപോലെയോ കുറുകിയ വാക്യങ്ങളില്‍ നടത്തുന്ന അഴകുള്ള നീക്കങ്ങളുള്ള കവിതകളെഴുതാന്‍. രൂപം കൊള്ളലിന്‍റെ തിരകള്‍ നിരന്തരമായി ഉടലെടുക്കുന്ന കളിക്കളത്തിന്‍റെ കടല്‍ വക്കത്തുനിന്ന് പ്രലോഭനം കൊള്ളാന്‍. 'കൈക്കരുത്ത്' കാട്ടാതെ മനുഷ്യന് നിയമങ്ങള്‍, നിയന്ത്രണങ്ങള്‍ സ്വാതന്ത്ര്യമാക്കി ജയിക്കാന്‍ കഴിയുന്ന ഈ ധര്‍മ്മക്ഷേത്രത്തില്‍ നിന്ന് പഠിക്കാന്‍" എന്നെഴുതുമ്പോള്‍ കായികരംഗത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ സങ്കല്പങ്ങള്‍ വെളിവാകുന്നു.
'കയര്‍ മുറുകുകയാണ്' എന്ന പുസ്തകം എഴുത്തുകാരന്‍റെ ഏകാന്തയാത്രകളാണ്. ഈ യാത്രകള്‍ പല ഇടങ്ങളിലൂടെ കയറിയിറങ്ങുന്നു. ജീവിതത്തെ സവിശേഷമായി ആവിഷ്കരിക്കുന്നു. കലയും സാഹിത്യവും വ്യക്തികളും പുതിയൊരു ചന്തത്തോടെ വന്നുനിരക്കുന്നു. വാക്കുകള്‍ കവിതകളായ് പാറിപ്പറക്കുന്നു. ധ്വനിസാന്ദ്രമായ വാക്കിന്‍റെ നടനം നമ്മെ പ്രകാശിപ്പിക്കുന്നു. ബുദ്ധിയോടും ഹൃദയത്തോടും ചേര്‍ന്നു നില്ക്കുന്ന ഈ ഗ്രന്ഥം നമ്മെ പുതിയൊരു ദര്‍ശനത്തിലേക്കു നയിക്കുന്നു.
(കയര്‍ മുറുകുകയാണ്, കല്പറ്റ നാരായണന്‍, ഗ്രീന്‍ ബുക്സ്)