top of page

എല്ലാവര്‍ക്കും ഇടമുള്ള ഭൂപടങ്ങള്‍

Aug 6, 2025

3 min read

��ഡോ. റോയി തോമസ്
cover image of the book ellavrkkum idamulla bhoopadam
അടുത്ത കാലത്തിറങ്ങിയ പുസ്തകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ടി.വി. സജീവിന്‍റെ 'എല്ലാവര്‍ക്കും ഇടമുള്ള ഭൂപടങ്ങള്‍'. വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ സജീവ്, ആവിഷ്ക്കരിക്കുന്ന ദര്‍ശനങ്ങള്‍ ഏതാണ്ട് സമഗ്രമാണ്; ഭാവിയിലേക്കുള്ള ദിശാസൂചനകള്‍ നിറഞ്ഞതുമാണ്. പരിസ്ഥിതിയുടെ പക്ഷത്തു നില്‍ക്കുന്ന അദ്ദേഹം എല്ലാവര്‍ക്കും ഇടമുള്ള ഭൂപടമാണ് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത്. 'എല്ലാവര്‍ക്കും' എന്നു പറയുമ്പോള്‍ അതില്‍ മനുഷ്യന്‍ മാത്രമല്ല ഉള്ളത്. സര്‍വചരാചരങ്ങളും പ്രകൃതിയും ഭൂമിയും മണ്ണും എല്ലാം ഈ ഇടത്തിന്‍റെ ഭാഗമാണ്. വേര്‍തിരിച്ചുനിര്‍ത്തി പഠിക്കുകയല്ല, എല്ലാറ്റിനെയും അണച്ചുപിടിച്ച് പഠിക്കുകയാണ്, നിരീക്ഷിക്കുകയാണ് ലേഖകന്‍. സിനിമയും സാഹിത്യവും പരിസ്ഥിതിദര്‍ശനവും കുഞ്ഞുചിന്തയുമെല്ലാം ഇഴചേര്‍ന്നുനില്‍ക്കുന്ന ഈ ഗ്രന്ഥം ഇനി ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

"മനുഷ്യപക്ഷത്തു നിന്നുകൊണ്ടുള്ള ഭൂപടങ്ങള്‍ നമ്മള്‍ ഇനിയും വരയ്ക്കാനിരിക്കുന്നതേയുള്ളു. ശുദ്ധജലം കിട്ടുന്ന ഇടങ്ങള്‍, കുട്ടികള്‍ കളിക്കുന്ന ഇടങ്ങള്‍, കന്നുകാലികള്‍ മേയുന്നിടങ്ങള്‍, പുഴയില്‍ കുളിക്കാനിറങ്ങുന്ന സ്ഥലങ്ങള്‍, ഉറച്ചതും താഴ്ന്നു പോകാത്തതും വെള്ളം കയറാത്തതുമായ ഇടങ്ങള്‍, കീരിപ്പഴവും ചെങ്ങിപ്പഴവുമുള്ള ഇടങ്ങള്‍, മരുന്നുമരങ്ങളും മരുന്നുചെടികളും ഉള്ള സ്ഥലങ്ങള്‍ എന്നിങ്ങനെ കേരളത്തിന്‍റെ സാധാരണ ജീവിതത്തിൽ അറിയേണ്ടതൊന്നും നമ്മുടെ ഭൂപടങ്ങളില്‍ കാണില്ല" എന്നതാണ് ഭൂപടത്തെക്കുറിച്ചുള്ള സജീവിന്‍റെ കാഴ്ചപ്പാട്. ഈ വാക്കുകളില്‍നിന്ന് അദ്ദേഹത്തിന്‍റെ ചിന്തയുടെ, ശരിയുടെ മാനങ്ങളും വ്യക്തമാകുന്നു. ശാസ്ത്രപക്ഷത്തു നില്‍ക്കുന്നതും പരിസ്ഥിതിയെ, മനുഷ്യജീവിതത്തെ എല്ലാം കലാകാരന്‍റെ കണ്ണിലൂടെയും അദ്ദേഹത്തിനു കാണാന്‍ കഴിയുന്നു. സാധാരണ ഗൃഹാതുരത്വമല്ല ഇവിടെ വന്നു നിറയുന്നത്. ശാസ്ത്രദര്‍ശനത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് വികസനത്തെയും നമ്മുടെ ജീവിതദര്‍ശനങ്ങളെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. സുസ്ഥിത വികസനത്തിന്‍റെ പക്ഷത്തു നില്‍ക്കുമ്പോള്‍ പ്രകൃതിയെ അദ്ദേഹത്തിനു അണച്ചു പിടിക്കേണ്ടി വരുന്നു. ചിലപ്പോഴൊക്കെ ശാസ്ത്രമെന്നത് മറ്റൊരു ജീവിയുടെ മനസ്സറിയലാണ് എന്ന ദര്‍ശനം എത്ര ലാവണ്യമാര്‍ന്നതാണ്! ഇവിടെ അദ്ദേഹം 'സ്നേഹവഴികള്‍' കണ്ടെത്തുന്നു. പ്രകൃതിയിലെ പാറ്റേണുകള്‍ കണ്ടുപിടിക്കലും വിശദീകരിക്കലും ശാസ്ത്രത്തിന്‍റെ വഴിയാണെന്ന് അദ്ദേഹം അറിയുന്നു.


ഒരു വനത്തിന്‍റെ ആരോഗ്യം അളക്കാന്‍ ഉപയുക്തമാവുക ശബ്ദമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. 'സൗണ്ട്സ്കേപ്പ് ഇക്കോളജി' എന്നാണ് ഇതിനു പേര്. ഭൗമശബ്ദങ്ങളും ജീവജാലങ്ങള്‍ പുറപ്പെടുവിക്കുന്ന ജൈവശബ്ദങ്ങള്‍ എല്ലാം ചേര്‍ന്നതാണ് കാടിന്‍റെ ശബ്ദങ്ങള്‍. 'ഒരു ഭൂശകലത്തിലെ ജൈവശബ്ദം അവിടുത്തെ ജൈവസമ്പത്തിന്‍റെയും വൈവിധ്യത്തിന്‍റെയും അടയാളമാണ്' എന്നാണ് സജീവ് എടുത്തുപറയുന്നത്. ഓരോ ജീവിയും ഉത്പ്പാദിപ്പിക്കുന്ന ശബ്ദങ്ങള്‍ നിറയെ വിവരങ്ങളുണ്ട് എന്ന് ലേഖകന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതു മനസ്സിലാക്കുക എന്നതും കാടിനെ അറിയുന്നതിന്‍റെ ഭാഗമാണ്. മനുഷ്യര്‍ക്ക് കാടിന്‍റെ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള കഴിവുണ്ട് എന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. അപകടകരമായ ഒരവസ്ഥയാണ് കാടിന്‍റെ ജൈവശബ്ദങ്ങള്‍ ഇല്ലാതാകുമ്പോള്‍ സൃഷ്ടിക്കപ്പെടുക എന്ന് നാം തിരിച്ചറിയുന്നു. സ്വയം നവീകരിക്കുന്ന പരസ്പരാശ്രിതമായ ലോകമാണിത് എന്നതിന് പ്രധാനമാണ്.


മനുഷ്യന്‍റേതാണ് സംസ്കാരം എന്ന് അറിഞ്ഞുവെച്ചിരിക്കുന്ന നമ്മെ 'മൃഗങ്ങളുടെ സംസ്കാരത്തെ'ക്കുറിച്ച് ബോധമുള്ളവരാക്കുകയാണ് സജീവ്. "പൂര്‍ണ്ണമായും ജൈവികതയിലധിഷ്ഠിതമായ ജന്തു, സസ്യ ജാലങ്ങളുടെ സംസ്കാരത്തെക്കുറിച്ചറിയാതെ എങ്ങനെയാണ് നമ്മുടെ അറിവ് മുന്നേറുക?" എന്ന ചോദ്യം ഏറെ പ്രസക്തമാണ്. സംസ്കാരത്തെ മൃഗപക്ഷത്തുനിന്നും വീക്ഷിക്കേണ്ടതുണ്ട് എന്ന ദര്‍ശനം ഇനിയും നാം കാണേണ്ടതാണ്.


ചരിത്രത്തിലെ എല്ലാ മഹാന്മാരും കുട്ടികള്‍ക്ക് പരീക്ഷയെഴുതി ജയിക്കാനല്ലാതെ ജീവിതത്തില്‍ പകര്‍ത്താനുള്ളതല്ല എന്ന് സജീവ് പറയുന്നു. സത്യമുള്ള, നിലപാടുള്ള ഒരു സമൂഹത്തിന്‍റെ നിര്‍മ്മിതിക്ക് ആദ്യം വേണ്ടത് ബുദ്ധിയുറക്കാത്ത കുട്ടികളെ വിഡ്ഢിത്തരങ്ങള്‍ പഠിപ്പിക്കുന്നത് നിര്‍ത്തുക എന്നതാണ് എന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. മതത്തിന്‍റെ പേരില്‍ തലച്ചോറില്‍ കടന്നുകൂടുന്ന അബദ്ധങ്ങള്‍ സര്‍ഗ്ഗാത്മകജീവിതത്തിന്, ജൈവാവസ്ഥയ്ക്ക് വിലങ്ങുതടിയായി മാറുന്നു.


ആഗോളതാപനത്തിന് മരം മാത്രമല്ല ഉത്തരമെന്ന് സജീവ് ഓര്‍മ്മിപ്പിക്കുന്നു. 'കേരളത്തിന്‍റെ നിന്മോന്നതങ്ങളില്‍ രൂപംകൊള്ളുന്ന നിരവധി ചെറു ആവാസ വ്യവസ്ഥകളെ തകര്‍ക്കാതെയും തളര്‍ത്താതെയും നിലനിര്‍ത്തിക്കൊണ്ട് മാത്രമേ ഈ സവിശേഷമായ ഭൂപ്രകൃതിയിലെ ജീവിതം സാധ്യമാക്കാനാവൂ. അതിന് അരുവികളും തോടുകളും പുഴയും കടലോരവും മലകളും മലഞ്ചെരുവുകളും കാവുകളും പുരയിടങ്ങളും കിണറുകളും തണ്ണീര്‍ത്തടങ്ങളും കായലുകളും മാത്രമല്ല, എന്‍റെ വീടിന്‍റെത്രതന്നെ പ്രധാനപ്പെട്ട കിളിക്കൂടുകളും പെടും. അത്തരത്തിലുള്ള സമഗ്രതയോടെയുള്ള പ്രവര്‍ത്തനം നടത്തേണ്ട സമയമാണിത്". ഈ വാക്കുകളില്‍ സജീവിന്‍റെ പരിസ്ഥിതിക ദര്‍ശനവും ജീവിതദര്‍ശനവും ഉണ്ട്. 'കാട് മറ്റൊരു രാജ്യമാണ്' എന്നറിഞ്ഞവന്‍റെ അഗാധജ്ഞാനമാണിത്. 'പക്ഷികളുടേതാണ് കേരളം' എന്നെഴുതുമ്പോള്‍ പക്ഷികളുടെ പക്ഷത്തു നിന്നുകൊണ്ട് നാടിനെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്ന ലേഖകനെ കാണാം.


നില്ക്കുന്നവരും ഓടുന്നവരും രണ്ടു ജീവിതദര്‍ശനം കൈമുതലായി ഉള്ളവരാണ്. ഓടുന്നവന്‍ എല്ലാം വെട്ടിപ്പിടിച്ച്, കീഴടക്കി മുന്നേറുന്നവരാണ്. വേഗമാണ് അവരുടെ മതം. നില്‍ക്കുന്നവരും സാവധാനം ചലിക്കുന്നവരും മറ്റൊരു വേഗത്തിലാണ്. അവര്‍ എല്ലാറ്റിനെയും അറിഞ്ഞ്, കരുതലോടെ മുന്നോട്ടുപോകുന്നു. വേഗം ഹിംസയാണ് എന്നറിഞ്ഞവന്‍റെ ദര്‍ശനമാണ് സജീവ് അവതരിപ്പിക്കുന്നത്. 'താന്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്നു അറിവ് നേടാന്‍ കഴിയുകയും ആ അറിവിനെ അടുത്ത തലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയുകയും ചെയ്യലാണ് സാക്ഷരത' എന്ന നിരീക്ഷണം ഈ ദര്‍ശനത്തില്‍ നിന്നാണ് ഉറവെടുക്കുന്നത്.


സമയം കിട്ടാതെ ഓടുന്ന നമ്മുടെ ജീവിതത്തെ സജീവ് ഇപ്രകാരം അടയാളപ്പെടുത്തുന്നു. "മനുഷ്യരെല്ലാവരും തീരെ സമയമില്ല എന്ന രീതിയില്‍ ഓടിക്കൊണ്ടേയിരിക്കുക. അങ്ങനെ ഓടുന്ന ശരീരങ്ങളൊക്കെ തേഞ്ഞും മുറിഞ്ഞും അസുഖങ്ങളിലെത്തും. ഓരോ അസുഖത്തെയും ചികിത്സിക്കുന്ന ഗംഭീര യന്ത്ര സംവിധാനങ്ങളും ഡോക്ടര്‍മാരും. ഈ പ്രക്രിയയിലൂടെ സഞ്ചരിക്കുമ്പോള്‍ സംഭവിക്കുന്ന പ്രധാനപ്പെട്ട കാര്യം പലതില്‍നിന്നുള്ള വിച്ഛേദനമാണ്. ചുറ്റുമുള്ള മനുഷ്യരില്‍നിന്ന്, പ്രകൃതിയില്‍ നിന്ന്, കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന്, ജീവിക്കുന്ന സ്ഥലത്തു നിന്ന്, സൗഹൃദങ്ങളില്‍ നിന്ന്, ആത്യന്തികമായി ജീവന്‍ എന്ന പ്രതിഭാസത്തില്‍ നിന്നും" എല്ലാറ്റില്‍ നിന്നും വിച്ഛേദിക്കപ്പെട്ട്, ജീവിക്കാനാവശ്യമായ എല്ലാത്തരം ബന്ധങ്ങളില്‍ നിന്നും വെട്ടിമാറ്റപ്പെട്ട മനുഷ്യര്‍ യന്ത്രത്തിനു സമാനരാകുന്നു. മുന്നോട്ടു കാഴ്ചയുള്ള മനുഷ്യര്‍ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെടുന്നു. ഈ അമിതവേഗത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് ലേഖകന്‍ ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ ജീവിതം കൈയ്യില്‍നിന്ന് വഴുതിപ്പോകും.


'എല്ലാവര്‍ക്കും ഇടമുള്ള ഭൂപടങ്ങള്‍' ഇനിയും പഠിക്കേണ്ട, ചര്‍ച്ച ചെയ്യേണ്ട പുസ്തകമാണ്. നമുക്ക് അതിജീവിക്കാനുള്ള കാഴ്ചകളും, ദര്‍ശനങ്ങളും നിറഞ്ഞ പുസ്തകം ശാസ്ത്രദര്‍ശനങ്ങളെ സുതാര്യമായ, ലാവണ്യംനിറഞ്ഞ ഭാഷയില്‍ ആവിഷ്കരിക്കുന്നു ലേഖകന്‍. തിടുക്കമില്ലാതെ, സാവധാനം പ്രകൃതിയെ ചേര്‍ത്തു നിര്‍ത്തി മുന്നോട്ടു പോകാനാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്. എല്ലാ ജീവജാലങ്ങള്‍ക്കും ഇടമുള്ള ഭൂപടം സൃഷ്ടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഈ ഗ്രന്ഥത്തെ കാണാം.


(എല്ലാവര്‍ക്കും ഇടമുള്ള ഭൂപടങ്ങള്‍ - ടി.വി. സജീവ് - പ്രസക്തി ബുക്സ്)


എല്ലാവര്‍ക്കും ഇടമുള്ള ഭൂപടങ്ങള്‍

ഡോ. റോയി തോമസ്

അസ്സീസി മാസിക, ഓഗസ്റ്റ് 2025

Recent Posts

bottom of page