ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
അന്ന് ഫ്രാന്‍സിസ് അതീവസന്തോഷവാനായിരുന്നു. അവന് എല്ലാറ്റിലും ദൈവത്തെ അനുഭവിച്ചു തുടങ്ങിയിരുന്നു. അവന് തെരുവിലേക്കിറങ്ങി.അവനോടൊപ്പം പാടാന്‍ ഏവരേയും ക്ഷണിച്ചു. ഒരു ബദാം മരത്തിനരികില്‍ അവന് എത്തി.
"സഹോദരാ, ദൈവത്തെ കുറിച്ച് എന്നോട് പറഞ്ഞാലും". അവന് കെഞ്ചി. ചെറുകാറ്റടിച്ചാല്‍ എന്നവണ്ണം ബദാം മരം അല്പമൊന്ന് വിറച്ചു. ആ നിമിഷം വസന്തം വിരുന്നെത്തി. ബദാം പൂവണിഞ്ഞു.
ഫ്രാന്‍സിസ് നടത്തം തുടര്‍ന്നു. സന്തോഷം സമൃദ്ധമായി. തണലിന്റെയും തണുപ്പിന്റെയും നടുവില്‍ അവനൊരു നീരുറവ കണ്ടു. ദൈവസ്നേഹത്താല്‍ ഉന്മത്തനായി ഫ്രാന്‍സിസ് യാചിച്ചു. "സോദരാ, ദൈവത്തെ കുറിച്ച് എന്നോട് പറയുമോ?" നിശ്ചലമായിരുന്ന ജലത്തില്‍ കുമിളകള്‍ ഉയര്‍ന്നു. അവ എന്തോ പറയാന്‍ ഒരുമ്പെട്ടു. പിന്നെ ശാന്തമായി. ജലോപരിതലം ശുഭശുഭ്രമായ കണ്ണാടിയായി. അവിടെ അഗാധതയില്‍ അവന് പ്രിയപ്പെട്ട ക്ലാരയുടെ മുഖം കണ്ടു. അവന് യാത്ര തുടര്‍ന്നു. ആഹ്ലാദം അവനെ വലയംചെയ്തു നിന്നു.
അല്പമകലെ ഒരു മരച്ചില്ലയില്‍ കിളികള്‍ ചിലയ്ക്കുന്നുണ്ടായിരുന്നു. അവന് തന്റെ യാചന ആവര്‍ത്തിച്ചു. "ചെറുകിളികളെ, കൂടപ്പിറപ്പുകളെ, ദൈവത്തെക്കുറിച്ച് എന്നോട് പറഞ്ഞാലും. കിളികളുടെ കലപില ഈണമാര്ന്ന് അന്നുവരെ കേള്‍ക്കാത്ത ഗാനമായി. പൊടുന്നനെ അവ നിശ്ശബ്ദമായി. ചില്ലവിട്ട് അസ്ത്രംപോലെ സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു. കുരിശിന്റെ രൂപത്തില്‍".
(ഫ്രാന്‍സിസ്കന്‍ പാരമ്പര്യം)
ചലനം, ജീവനും സ്വാതന്ത്ര്യവുമാണ്. നിശ്ചലത, മരണവും അടിമത്തവും. മരുഭൂമിയുടെ അനന്തവിശാലതയില് പിതാവിന്റെ ഹിതമറിഞ്ഞ്, ഗലീലിയുടെ പച്ചപ്പിലും നീലിമയിലും ജീവന്റെ സുവിശേഷം പ്രസംഗിച്ചവന്റെ പിന്‍ഗാമിക്കും അലച്ചില്‍ തന്നെയായിരുന്നു ജീവിതം. വിതയ്ക്കാതെയും കൊയ്യാതെയും കളപ്പുരകളില്‍ ശേഖരിക്കാതെയും ആകാശത്തിലെ പറവകളെയും വയലിലെ ലില്ലിപ്പൂക്കളെയും പോലെ ലഘുത്വമാര്‍ന്ന ജീവിതം. കാറ്റത്തെ അപ്പൂപ്പന്താടിപോലെ കനമേതുമില്ലാതെ പറന്ന് പറന്നങ്ങനെ.
അലച്ചില്‍ അവനെ ആന്തരിക വളര്‍ച്ചയിലേക്ക് നയിച്ചു. ലോകത്തിന്റെ വിശാലതയില്‍ അലഞ്ഞ് അവന് സ്വയം ശൂന്യനായി. കനമില്ലാത്തവനായി. കനമൊഴിഞ്ഞവന് അനുഭവമായി ദൈവം പിറക്കുന്നു. അവന് പ്രകൃതിയിലേക്ക്, പരംപൊരുളിലേക്ക് സ്വതന്ത്രനാകുന്നു. മരവും പുഴയും പൂവും പുല്ലും അവന് കൂടെപ്പിറപ്പാകുന്നു. മരങ്ങള്‍ക്കും കിളികള്‍ക്കും അവന് ജീവന്റെ സുവിശേഷം പകര്‍ന്നുനല്‍കുന്നു.
സ്ഥിരതയുടെ സുരക്ഷിതത്വം കൈവിട്ടവനേ വളര്‍ച്ചക്കും സ്വാതന്ത്ര്യത്തിനും അവകാശമുള്ളു. നസ്രേത്തിലെ ചെറിയ വീടിന്റെയും അസീസിയിലെ വലിയ വീടിന്റെയും സുരക്ഷിതത്വം വിട്ടെറിഞ്ഞ് ലോകത്തെ തറവാടാക്കിയവര് ആന്തരികമായ ചലനാത്മകതയെയത്രേ പ്രതീകവല്‍ക്കരിച്ചത്. നില്‍ക്കുന്നേടത്ത് നില്ക്കുന്നവന് നിഷേധങ്ങളുടെ ലോകത്ത് ജീവിക്കുന്നു. അകത്തും പുറത്തും അലയുന്നവന് ആത്മാവിന്റെ പ്രകാശം അനുഭവിക്കുന്നു.
സ്വാതന്ത്ര്യത്തിലേക്കും ജീവനിലേക്കും നയിക്കുന്ന ആന്തരിക വളര്‍ച്ചയുടെ ചലനാത്മകതക്ക് ലോകം നല്കുന്ന സുരക്ഷിതത്വം എന്ന അന്ധവിശ്വാസത്തിന്റെ ചങ്ങല പൊട്ടിച്ചെറിയേണ്ടതുണ്ടെന്ന് ഗുരുവിനെ പിന്‍പറ്റി ഫ്രാന്‍സിസ് പഠിപ്പിക്കുന്നു. വീടുപേക്ഷിക്കുന്നവന് ചരിത്രത്തിന്റെ നടപ്പുരീതികളെ ഉപേക്ഷിക്കുന്നു. അവന് ചരിത്രത്തിന്റെ പരിമിതികള്‍ മറികടന്ന്, ജഡതയില്‍നിന്നും മരണത്തില്‍നിന്നും സ്വാതന്ത്ര്യത്തിലേക്കും ജീവനിലേക്കും ജ്ഞാനസ്നാനം ചെയ്യപ്പെടുന്നു.
അനാദ്യന്തവും അവാച്യവുമായ ഒരു ദീര്‍ഘയാത്രയിലെ ഈ ചെറിയ ഇടവേളയില്‍ ആന്തരികവും ബാഹ്യവുമായ അടയിരുപ്പുകള് വിടുതലിന് വിഘാതമാകുന്നു. നമ്മില്‍, നമ്മുടേത്െ നാം കരുതുന്നവയില്‍, നമ്മുടെ ശാഠ്യങ്ങളില്‍, അന്ധവിശ്വാസങ്ങളില്‍, അജ്ഞതയില്‍ നാം അടയിരിക്കുന്നു. അവനവനിലേക്ക്, അയല്‍ക്കാരനിലേക്ക്, പ്രകൃതിയിലേക്ക്, പരമപിതാവിലേക്ക് ആദ്യചുവട് വയ്ക്കുന്നതില്‍നിന്ന് അത് നമ്മെ വിലക്കുന്നു. നാം നമ്മെത്തന്നെ കെട്ടിയിട്ട കുറ്റിയില്‍ സ്വയം ചുറ്റിത്തിരിയുന്നു. അപ്പുറത്തുള്ള പുല്‍മേടുകളെയും നീര്ത്തടാകങ്ങളെയും കാണാതെ, അറിയാതെ.
അലച്ചിലാണ് മനുഷ്യപ്രകൃതി. അടയിരുപ്പ് പ്രകൃതിവിരുദ്ധവും. അതിനാല്‍ അലയുന്നവന് വളരുന്നു. വളര്‍ച്ച പക്ഷേ, വിനയം ആവശ്യപ്പെടുന്നു. അലയുന്നവന് പ്രകൃതിയോട്, പരംപൊരുളിനോട് വിധേയപ്പെടേണ്ടതുണ്ട്. കുറയുന്നവനേ വളരൂ. ദരിദ്രനും ഭോഷനും എന്നതില്‍ കുറഞ്ഞൊന്നും കുറയില്ലെന്ന് ഗുരുവിന് സാക്ഷ്യം നല്കിയവന് അങ്ങനെ വളര്‍ച്ചയുടെ പ്രകൃതിപാഠം മനുഷ്യന് നല്കി.
അരക്ഷിതത്വത്തിന്റെ നിസ്സഹായതയില്‍ ഇന്‍ഷുറന്‍സ് കമ്പനികളിലും ഭണ്ഡാരപ്പെട്ടികളിലും ഒരുപോലെ നിക്ഷേപിക്കുന്ന നാം ചിതലരിക്കാത്തതും കള്ളന്മാര് കവരാത്തതുമായ നിക്ഷേപത്തെപ്പറ്റി പറഞ്ഞവനെ മറക്കുന്നു. നസ്രത്തിലെ കൊച്ചുവീട് ഉപേക്ഷിച്ചവന് കൊട്ടാരസദൃശ ആലയങ്ങള്‍ പണിയുന്ന നാം സ്വയം കല്ലുചുമന്ന് അവന്റെ പള്ളി പുതുക്കിയവനെ മറക്കുന്നു.
നിന്നേടത്ത് നില്ക്കുന്നു നാം. വളരാതെയും പൂക്കാതെയും കായ്ക്കാതെയും. ഫലം തരാത്ത വൃക്ഷങ്ങള്‍ വെട്ടി തീയിലിടാന്‍ കോടാലിക്ക് മൂര്‍ച്ച കൂട്ടുന്നുണ്ട്, മറക്കരുത്