

ഇതെന്തുതരം കായാണെന്നറിയില്ല! പലതരം കായ്കള്‍ നമുക്കു പരിചിതമാണ്. ചെടികളിലും മരങ്ങളിലുമുണ്ടാവുന്ന ഭക്ഷ്യയോഗ്യവും അല്ലാത്തവയുമായ അനേകം കായ്കളെ നമുക്കറിയാം. സസ്യബന്ധമില്ലാതെതന്നെ, കായ് വിഭാഗത്തിലുള്‍പ്പെടുത്തി നാം പേരിട്ടിട്ടുള്ള കല്ലുമ്മേക്കായ്, ഞവണിക്കായ് തുടങ്ങിയവയെയും നമുക്കറിയാം.
ഇതുപക്ഷേ, ആയിനം കായ്കളിലൊന്നുമുള്‍പ്പെടാത്തൊരിനം 'കായ്' ആണ് 'ഓര്‍മ്മക്കായ്'!
ഓര്‍മ്മ നിലനിര്‍ത്താന്‍ ഉപകരിക്കുന്ന പുതിയ വല്ല കായുമാണോ എന്നറിയില്ലല്ലോ!
കവലയില്‍, ബസ്നിര്‍ത്തുന്നതിന്‍റെ ഓരംചേര്‍ന്ന്, സമീപകാലത്ത് നിര്‍മ്മാണംപൂര്‍ത്തിയാക്കിയിട്ടുള്ള വെയ്റ്റിംഗ്ഷെഡ്ഡിന്‍റെ തിരുനെറ്റിയിലെ ബോര്‍ഡിലേതാണ് '...ന്‍റെ ഓര്‍മ്മക്കായ്' എന്ന ഈ ലിഖിതം. നാട്ടുകാര്‍ക്ക് ഉപകാരിയായിരുന്ന ഒരു പൊതുപ്രവര്‍ത്തകനെ ആദരിക്കുകകൂടി ചെയ്യുന്നു, ഈ ബസ് കാത്തിരിപ്പുകേന്ദ്രം. അതു നല്ലകാര്യം!
മലയാളഭാഷയുടെ മുഖ്യസവിശേഷതയെന്നു പറയാവുന്ന സംഗതി, മലയാളം ഒരു അക്ഷരോച്ചാരക ഭാഷയാണെന്നതാണ്. പറയുന്നതെങ്ങനെയോ, അങ്ങനെതന്നെ എഴുതുകയുംചെയ്യാ വുന്ന ഭാഷ.
'നാണം മറക്കുക', 'ജയിലിലടക്കുക' പോലുള്ള ചില പ്രയോഗങ്ങള്‍ പ്രാദേശികമായ വാമൊഴിയില്‍ ചിലപ്പോള്‍ നാം കേട്ടിട്ടുണ്ടാവാം. മാനകഭാഷയില്‍ പക്ഷേ, 'നാണം മറയ്ക്കുക', 'ജയിലിലടയ്ക്കുക' എന്നിങ്ങനെ, 'യ്'കാരംചേര്‍ന്നുള്ള ശുദ്ധഭാഷയേ നാം ഉപയോഗിക്കാവൂ; വിശേഷിച്ച്, വരമൊഴിയില്‍.
'ഓര്‍മ്മക്കായ്' തെറ്റാണെന്നും 'ഓര്‍മ്മയ്ക്കായ്' ശരിയാണെന്നും അപ്പോള്‍ നമുക്കു മനസ്സിലാകും.
'ഓര്‍മ്മക്കായ്', നല്ല മലയാളം
ചാക്കോ സി. പൊരിയത്ത്
അസ്സീസി മാസിക, ജനുവരി 2026





















