

യാത്ര പോയവര്‍ വരാന്‍ വൈകുമ്പോള്‍ അമ്മമാരുടെ നെഞ്ചിടിപ്പ് കൂടുന്നു. രോഗം ബാധിച്ച് ആശുപത്രി കിടക്കയിലായിരിക്കുന്ന യുവാവിന്‍റെ അടുത്ത് അമ്മയും ഭാര്യയും നില്‍ക്കുന്നു. 'ഈശ്വരാ, ഒന്നും സംഭവിക്കല്ലേ' എന്ന് ഉറ്റവരെച്ചൊല്ലി സ്നേഹം ഉത്ക്കണ്ഠപ്പെടുന്നു. ജനിച്ചവരെല്ലാം മരിക്കും എന്ന അറിവിന്‍റെ കനി മനുഷ്യനല്ലാതെ വേറൊരു ജീവിയും ഭുജിച്ചിട്ടില്ല. അന്യജീവജാലങ്ങള്‍ അജ്ഞതകൊണ്ട് മരണഭയത്തില്‍ നിന്ന് സുരക്ഷിതരാണെങ്കില്‍ മനുഷ്യന്‍ വിസ്മൃതികൊണ്ട് സുരക്ഷിതനാകുന്നു. മരണത്തിന്‍റെ കടലെടുത്തുകൊണ്ടിരിക്കുന്ന ഒരു തുരുത്താണ് ജീവിതം എന്നറിഞ്ഞിട്ടും, മനുഷ്യന്‍ അതറിയാത്തപോലെ ജീവിക്കുന്നു.
ഈ ഭൂമിയില്‍ ഒരു ചെറുസന്ദര്‍ശനത്തിന് വന്നവരാണ് നമ്മള്‍ മനുഷ്യരെന്ന് എല്ലാവര്‍ക്കുമറിയാം. ചുരുങ്ങിയ ഈ സമയത്തിനുള്ളിൽ എന്തൊക്കെയോ ചെയ്തു കൂട്ടുന്നു, എന്തൊക്കെയോ സമ്പാദിക്കാന്‍ ശ്രമിക്കുന്നു. ആരെയോ ഒക്കെ സ്വന്തമാക്കാന്‍ തത്രപ്പെടുന്നു. അപ്പോഴേക്കും വാര്‍ധക്യവും പടിക്കലെത്തി മുട്ടിവിളിക്കാന്‍ തുടങ്ങും. പാശ്ചാത്യനാടുകളില്‍ വാര്‍ധക്യം എത്തുന്നതിനുമുമ്പ് ഇനിയുള്ള ജീവിതം എങ്ങനെയാവണം എന്നതിനെക്കുറിച്ച് മനുഷ്യര്‍ക്ക് ചില ധാരണകളൊക്കെയുണ്ട്. 2008 ല്‍ മാര്‍ഗരീത്ത മഗ്നൂസ തന്‍റെ ഒരു പുസ്തകത്തിലൂടെ 'ഡെത്ത് ക്ലീനിംഗ്' എന്നൊരു ആശയം അവതരിപ്പിച്ചു. വലിയ സ്വീകാര്യതയാണ് അതിന് കിട്ടിയത്. താന്‍ വാങ്ങിച്ചു കൂട്ടിയതും, പാരമ്പര്യമായി കിട്ടിയതുമായ സാധനങ്ങള്‍ തന്‍റെ വാര്‍ധക്യത്തിലും, മരണശേഷവും പ്രിയപ്പെട്ടവര്‍ക്ക് ബാധ്യതയാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഈ രീതി ഇഷ്ടപ്പെടുന്നത്.
വാര്‍ധക്യത്തിലെത്തിയെന്ന തോന്നലുണ്ടായാല്‍ ശേഷിച്ച കാലം ശാന്തവും സ്വസ്ഥവുമായ ജീവിതത്തിനു വേണ്ട സാധനങ്ങള്‍ മാത്രം കൈവശം വയ്ക്കാന്‍ തീരുമാനിക്കുന്ന ഏര്‍പ്പാടാണ് 'ഡെത്ത് ക്ലീനിംഗ്'. തനിക്ക് ആവശ്യമില്ലാത്തവ കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ കൊടുക്കുകയോ അതിനായി മാറ്റിവയ്ക്കുകയോ ചെയ്യുന്നു. കൈമാറാന്‍, കരുതിവെക്കാന്‍, കളയാന്‍ എന്നിങ്ങനെ ഡെത്ത് ക്ലീനിംഗിന് പല തലങ്ങളുണ്ട്. ഒഴിഞ്ഞ കൈകളുമായി അറിയാത്ത ഒന്നിനെ സ്വീകരിക്കേണ്ടവനാണ് മനുഷ്യന്‍.
ഇതിന് സമാനമായി ഇന്ത്യയിലുണ്ടായി ഒരു പ്രസ്ഥാനം. ബഹിരാകാശത്തേക്ക് പോയ ആദ്യ ഇന്ത്യക്കാര നായ രാകേഷ് ശര്‍മ്മയുടെ മകള്‍ കൃതിക ശര്‍മ്മ രൂപം കൊടുത്ത മരണ സൗഹൃദ പ്രസ്ഥാനം. പ്രസ്ഥാനത്തിന്‍റെ പേര് 'മാജി'. ഈ ഹിന്ദി വാക്കിനര്‍ത്ഥം കടത്തുകാരന്‍ എന്നാണ്. മരണത്തിന്‍റെ പുഴ കടത്തിവിടുന്നയാള്‍, ആത്മാവിനെ പരലോകത്തേക്ക് കടത്തിവിടുന്നയാള്‍ എന്നൊക്കെയാണ് സൂചന. മരിച്ചയാളുടെ നെറ്റിയില്‍ ഒരു നാണയം വെക്കുന്ന ചടങ്ങ് ചില സമുദായങ്ങളില്‍ കണ്ടിട്ടുണ്ട്. ഇത് കടത്തുകൂലിയാണെന്നാണ് വിശ്വാസം. ഇതില്‍ നിന്നും പ്രചോദനം സ്വീകരിച്ചാണ് ഈ പ്രസ്ഥാനം കടത്തുകാരന്‍ എന്ന പേര് സ്വീകരിച്ചത്.
മരണാസന്നരേയും, അവരുടെ പ്രിയപ്പെട്ടവരേയും അനിവാര്യമായ അന്ത്യത്തിന് ഒരുക്കുക, ഭയമില്ലാതെ മരണത്തെ സ്വീകരിക്കാന്‍ കഴിയുന്ന മരണധ്യാനം നടത്തുക, മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മധുരമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ ഉറ്റവര്‍ക്ക് വേദിയൊരുക്കുക, സ്വന്തം മരണക്കുറിപ്പ് എഴുതാന്‍ സഹായിക്കുക ഇങ്ങനെ പോകുന്നു മാജിയുടെ കൈത്തോടുകള്‍. ഓരോരുത്തരും അന്തസ്സുള്ള മരണം അര്‍ഹിക്കുന്നു എന്ന വിശ്വാസത്തിലധിഷ്ഠിതമാണ് മാജിയുടെ മാജിക്കല്‍ ട്രീറ്റ്മെന്‍റ്.
മഹാഭാരതത്തില്‍ യക്ഷപ്രശ്നം എന്നൊരു ഭാഗം പറയുന്നത് ലോകാത്ഭുതങ്ങളില്‍ ഒന്നാമത്തേതാണ് മരണം എന്നാണ്. കാരണം, മനുഷ്യര്‍ തനിക്കു ചുറ്റും നിത്യവും മരണം കാണുന്നുണ്ട്. ദുഃഖിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഒരിക്കല്‍ തനിക്കും അത് സംഭവിക്കുമെന്നുറപ്പുണ്ടെങ്കില്‍പ്പോലും അവന്‍ ജീവിതം സന്തോഷത്തോടെ നയിക്കുന്നു. ഇതൊരത്ഭുതമല്ലേ!
കൂടൊഴിയും മുന്‍പ്
ഫാ. ഷാജി സി എം ഐ
കാലികം, നവംബർ 2025






















