

നൂറ്റിയഞ്ചു വയസുള്ള ഒരാള്‍ നിലയ്ക്കാതെ പെയ്ത മഴയുള്ള ദിവസം വലിയ ചുടുകാട്ടില്‍ എരിഞ്ഞു പോയി. ഞങ്ങളുടേത് ഒരു ചെറിയ പട്ടണമാണ്. അതിന്‍റെ ഇടവഴികളും പെരുവഴികളും എങ്ങോ നിന്നെത്തിയ മനുഷ്യരാല്‍ നിശ്ചലമായി. ചെറുപ്പം തൊട്ടെ മനുഷ്യപക്ഷത്തു നിന്ന ഒരാളെന്ന നിലയില്‍ അയാള്‍ ഇനിയും ഓര്‍മ്മിക്കപ്പെടും. മൂലംപള്ളി, ചെങ്ങറ തുടങ്ങിയ പേരുകള്‍ മറന്നിട്ടല്ല ഈ കുറിപ്പ്.
വയോധികര്‍ കടന്ന് പോകുന്ന വീടുകളില്‍ ഉറ്റവര്‍ക്കു പോലും അതെല്ലാം ചടങ്ങുകളായി മാറണ കാലത്ത് കുറഞ്ഞ ത് പത്ത് വര്‍ഷമായിട്ടെങ്കിലും എങ്ങുമില്ലാതിരുന്ന ഒരു മനുഷ്യനെ പ്രതി ദേശത്തിന് എന്തിനാണ് ഇത്രയും വ്യസനം. മനുഷ്യര്‍ക്ക് വേണ്ടി ഹൃദയപക്ഷം ചേര്‍ന്ന് നടന്നവര്‍ക്ക് ഇനിയും ചില വാഴ്ത്ത് കാലം കരുതി വെയ്ക്കുന്നു എന്ന ഗുണപാഠ കഥയായെങ്കിലും ഈ ദിവസം ഓര്‍മ്മിക്കപ്പെടും.
മനുഷ്യര്‍ക്ക് വേണ്ടി നിരന്തരം വാദിച്ചു കൊണ്ടിരിക്കുക അത്ര ചെറിയ കാര്യമല്ല. ഗ്രീക്ക് ഭാഷയിലെ Paraclete എന്നൊരു വാക്ക് സുവിശേഷത്തില്‍ ഉപയോഗിച്ച് കാണുന്നുണ്ട്. പരിശുദ്ധാത്മാവിനു വേണ്ടി യേശു കരുതി വെച്ച പദമാണത്. ഇംഗ്ലീഷില്‍ അതിന് Advocate എന്നാണ് പരിഭാഷ. കുറ്റാരോപിതരും അതുവഴി അപമാനിതരുമായ മനുഷ്യര്‍ക്ക് വേണ്ടി നിരന്തരം വാദിക്കുക എന്നതാണ് അയാളുടെ ധര്‍മ്മം. യേശുവിനു വേണ്ടിയും ആ പദം സുവിശേഷം ചാര്‍ത്തി കൊടുക്കുന്നുണ്ട്.
എല്ലാ തൊഴിലുകളിലും യേശുവിന്‍റെ ഏതെങ്കിലുമൊരംശം പ്രകാശമുള്ള നിഴലായിട്ടുണ്ട്. എന്നിട്ടും അതേറ്റവും ഭംഗിയായി പതിഞ്ഞിരിക്കുന്നത് Advocate എന്ന പദത്തിലാണെന്നു തോന്നുന്നു. ചെറുപ്പത്തിലൊന്നും നമുക്ക് അങ്ങനെ തോന്നിയിട്ടില്ല. കേട്ട കഥകളൊന്നും അതിനെ പിന്താങ്ങിയില്ല. ഒരു ഉദാഹരണത്തിന് ഒരു വക്കീലിന്‍റെ മാനസാന്തര കഥ ഇങ്ങനെയാണ്. ചുമ്മാ പാടവരമ്പത്തൂടെ പോകുകയായിരുന്നയാള്‍. ഒരു കൃഷിക്കാരന്‍ കൂട്ടിലേക്കു തന്‍റെ പന്നിക്കൂട്ടത്തെ തളിക്കയാണ്. അതിനിടയില്‍ ഒരാവശ്യവുമില്ലാത്ത ഒരു മൂളിപ്പാട്ടും പാടുന്നുണ്ട് : "വക്കീലന്മാര്‍ നരകത്തിലോട്ട് പോകുന്നത് പോലെ എന്‍റെ പന്നിക്കുട്ടന്മാര്‍ ആഘോഷമായി കൂട്ടിലേക്ക് കേറൂ."
അയാളതില്‍ പകച്ചു പോയി. ഫ്രാന്‍സിസിന്‍റെ ഏറ്റവും ആദ്യത്തെ ശിഷ്യനായ ബെര്‍ണാഡിനെ കുറിച്ച് പറഞ്ഞു വന്നിരുന്നതാണ് ഈ കഥ. ആദ്യമൊക്കെ ഫ്രാന്‍സിസിന്‍റെ കടുത്ത വിമര്‍ശകനായ അയാള്‍ ആ ദരിദ്രനില്‍ വൈകാതെ പെട്ട് പോകുകയാണ്. ഒരു സമൂഹമായി പിന്നീടവര്‍ രൂപപ്പെടുന്നതിന്‍റെ കാരണം പോലും അയാളായിരുന്നു.
തന്‍റെ ചുറ്റിനുമുള്ളവര്‍ക്ക് വേണ്ടി സദാ വക്കാലത്തു പറഞ്ഞോരാളെന്ന നിലയിലും യേശു ഓര്‍മ്മിക്കപ്പെടും. ഉഭയസമ്മതം അനിവാര്യമായ ഒരു ഇടര്‍ച്ചയില്‍ അവളെ കുരുക്കുവാനായി അവര്‍ ഒരുങ്ങുമ്പോള്‍, പാപമില്ലാത്തവര്‍ കല്ലെറിയട്ടെ എന്ന ആ ക്ലാസിക് ഇടപെടല്‍ മാത്രമല്ല. ഏറ്റവും ചെറിയ കാര്യങ്ങളില്‍ മനുഷ്യര്‍ ബുദ്ധിമുട്ടിലാകുമ്പോളും വളരെ സ്വാഭാവികമായി അയാള്‍ അവരെ ചേര്‍ത്തു പിടിച്ച രീതിയുണ്ട്. ഗോതമ്പു മണികള്‍ പൊട്ടിച്ചെടുത്തുവെന്ന ആരോപണത്തില്‍ ശിഷ്യര്‍ തലകുനിച്ചു നില്‍ക്കുമ്പോള്‍, വിശന്നപ്പോള്‍ ദാവീദ് ദേവാലയത്തില്‍ പ്രവേശിച്ചു കാഴ്ച്ചയപ്പം ഭക്ഷിച്ച കഥ പറഞ്ഞ് അവരില്‍ ആത്മാഭിമാനത്തിന്‍റെ രക്ഷ കെട്ടി. എന്ത് കൊണ്ട് അവരുപവസിക്കുന്നില്ല എന്ന് അപഹസിക്കപ്പെട്ടപ്പോള്‍ അതിലൊന്നുമൊരു കഥയില്ലെന്ന് പറഞ്ഞ് കണ്ണിറുക്കി. മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ എന്തിന് പട്ടിണി കിടക്കണം എന്ന തഗ്ഗ് പറഞ്ഞു. രോഗത്തിന് കാരണം പാപമാണെന്ന് കോഡ് ചെയ്യപ്പെട്ട സമൂഹത്തില്‍ അതിനെ കാറ്റഗോറിക്കലായി നിഷേധിച്ചു.
ഇവന്‍ അന്ധനായിരിക്കുന്നത് ഇവന്‍റെ കുഴപ്പം നിമിത്തമോ പൂര്‍വികരുടെ കുഴപ്പം കൊണ്ടാണോ എന്ന ചോദ്യത്തിന്‍റെ ഉത്തരം ഇതായിരുന്നു: രണ്ടുമല്ല!
അവസാന ശ്വാസത്തോളം അയാള്‍ മനുഷ്യര്‍ക്ക് വേണ്ടി വാദിച്ചു കൊണ്ടേയിരുന്നു. ഒറ്റമുറിവായി കുരിശില്‍ ആയിരിക്കുമ്പോളും അതാണ് ചെയ്തത്: "ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരയുന്നില്ല. ഇവരോട് പൊറുക്കണമേ."
ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന് വേണ്ടി അപമാനിതനാകുന്നതില്‍ എന്തോ ചില ഭംഗിയൊക്കെയുണ്ട് എന്നര്‍ത്ഥത്തില്‍ കഥകള്‍ പറ ഞ്ഞു തന്നു. രാത്രിയില്‍ വീട്ടിലെത്തിയ ഒരാള്‍ക്ക് കൊടുക്കുവാന്‍ കലത്തില്‍ ഒരു പിടി തണുത്ത ചോറു പോലുമില്ലെന്ന വ്യസനത്തില്‍ മറ്റൊരു വീട്ടില്‍ അപ്പം ഇരക്കാന്‍ പോകുന്ന ഒരാളുടെ കഥയാണിത്. ഇരുട്ടിലും തണുപ്പിലും ആവശ്യത്തിലേറെ അവിടെ അയാള്‍ അപമാനിതനാവുന്നുണ്ട്. എന്നാല്‍ തന്‍റെ അഭിമാനത്തെക്കാള്‍ പ്രധാനം അതിഥിയുടെ വിശപ്പാണെന്ന ബോധത്തില്‍ അയാള്‍ അവിടെ പിന്നെയും കൂനിപ്പിടിച്ചു നില്‍ക്കുകയാണ്.
സല്‍പ്പേരിനു എന്തെങ്കിലും കുഴപ്പം പറ്റുമെന്നോര്‍ത്ത് മറ്റൊരാള്‍ക്ക് വേണ്ടി ഒരു റഫറന്‍സ് ലെറ്റര്‍ പോലും നല്‍കാന്‍ മടിക്കുന്ന നമ്മളില്‍ ചിലര്‍ക്കീ കഥ പിടിത്തം കിട്ടണമെന്നേയില്ല. അമൃത ടീച്ചര്‍ പറഞ്ഞതോര്‍ക്കുന്നു. കോളേജ് അധ്യാപകര്‍ക്ക് വേണ്ടിയുള്ള ഒരു ഇന്റ ര്‍വ്യൂവില്‍ അവരുടെ കൈവശം ഉണ്ടായിരുന്നത് സാനു മാഷിന്‍റെ ഒരു ശുപാര്‍ശ കത്ത് മാത്രമായിരുന്നു. ഏളുപ്പത്തില്‍ അവഗണിക്കാനാവില്ല അദ്ദേഹത്തെ പോലെ ഒരാളുടെ ധാര്‍മ്മിക ബലം.
ജീവിതാന്ത്യത്തില്‍ ഒരാള്‍ അഭിമുഖികരിക്കാന്‍ പോകുന്ന ആറു നിര്‍ണ്ണായക ചോദ്യങ്ങളില്‍ ഒന്ന്, തടവിലായിരുന്നവരോട് നിങ്ങള്‍ എന്ത് ചെയ്തു എന്നുള്ളതാണ്. അതു വെള്ളായി അപ്പന്‍ തടവറയിലെ മകനെ കാണാനായി പൊതിച്ചോറുമായി എത്തുന്നതു പോലെ വൈകാരികമായ ഒരു മാത്രയല്ല.
നീയെന്ത് ചെയ്തെന്ന് അവനോടും അതിനെക്കാള്‍ ശക്തമായി നിങ്ങള്‍ അവനോട് എന്ത് ചെയ്തെന്ന് നമ്മളോടും ചോദിച്ചു ശിഷ്ട കാലത്തെ അയാള്‍ കുന്തമ ുനയില് കോര്‍ക്കുകയാണ്.
മനുഷ്യന് തടവറ തീര്‍ക്കുക എന്നത് ഭിത്തികള്‍ ഉയര്‍ത്തി കെട്ടി അയാളെ ശ്വാസം മുട്ടിക്കുക എന്നത് മാത്രമല്ല. തടവറ ഒരു രൂപകം മാത്രമാണ്. നിങ്ങളുടെ ചലനത്തെ നിഷേധിക്കുകയും നിശ്ചയിക്കുകയും ചെയ്യുന്ന എല്ലാം തടവറയാണ്. അപ്പോളാണ് ഫ്രഞ്ച് വിപ്ലവത്തിന്‍റെ ആദ്യ ദിനങ്ങള്‍ എന്നത് പോലെ മനുഷ്യനെ ശ്വാസം മുട്ടിക്കുന്ന ഓരോരോ കല്ലടര്‍ത്തി ആള്‍ക്കൂട്ടം തെരുവിലേക്ക് ഇരമ്പിയെത്തുന്നതും സ്വാതന്ത്ര്യത്തിന്‍റെ ചടുല നൃത്തചുവടുകള്‍ ഒരു സൂഫി നടനം പോലെ ദേശത്തെ വലം ചുറ്റാന്‍ പോകുന്നതും.
വിശുദ്ധ നാട് സന്ദര്‍ശിക്കുമ്പോള്‍ ഒരു കുടുസ്സു മുറി നമ്മള്‍ കാണും. ഒരിക്കലതു കയ്യാഫാസിന്‍റെ ഗൃഹത്തിന്‍റെ ഭാഗമായിരുന്നു. യേശുവെന്ന വിചാരണ തടവുകാരനെ ഒരു രാത്രി അവിടെയവര്‍ പാര്‍പ്പിച്ചു എന്നാണ് സങ്കല്പം. ഇപ്പോളതൊരു പള്ളിയാണ്. കുരിശ് യുദ്ധത്തിലേര്‍പ്പെട്ടവര്‍ തങ്ങളുടെ കാരാഗൃഹ വാസത്തെ നീതികരിക്കാന്‍ വേണ്ടി ക്രമപ്പെടുത്തിയതാണ് ആയിടം എന്ന conspiracy theory ഒക്കെ ഉള്ളപ്പോള്‍ പോലും ആ ഇരുട്ടുമുറി വലിയ ആശ്വാസമായി അനുഭവപ്പെട്ടു.
ഹൃദയപക്ഷം
ബോബി ജോസ് കട്ടികാട്
അസ്സീസി മാസിക, ഓഗസ്റ്റ് 2025





















