

വിഷാദരോഗ (depression) ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (Bipolar disorder) ത്തിനും മരുന്നില്ലാ പ്രതിവിധിയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് രൂപപ്പെടുത്തിയ പതിനാലുദിന ചികില്‍സാ പദ്ധതിയായ മനോനിലചിത്രണം(Mood Mapping) തുടരുന്നു. ശാരീരികാരോഗ്യവും മാനസികാരോഗ്യവും തമ്മിലുള്ള അഭേദ്യബന്ധം പരിശോധിക്കുന്ന ഏഴാം ദിനത്തില്‍ ഭക്ഷണവും മനോനിലയും(Mood) തമ്മിലുള്ള പാരസ്പര്യം വ്യക്തമാക്കുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ ഒട്ടേറെ വിവരങ്ങള്‍ നമുക്കു ചുറ്റും 'പറന്നു നടക്കുന്നു'ണ്ട്. അതിനാല്‍ നാം നമ്മുടെ സാമാന്യബുദ്ധി ഉപയോഗിച്ച് അ വയെ വിവേചിച്ചറിയേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഇനി പറയാന്‍ പോകുന്ന പല കാര്യങ്ങളും നിങ്ങള്‍ മുന്‍പ് കേട്ടിട്ടുള്ളതാകാം. എന്നിരുന്നാലും ആരോഗ്യകരവും സ്ഥിരവുമായ മനോനില കൈവരിക്കുന്നതിന് നിങ്ങള്‍ക്കും നിങ്ങളുടെ ശരീരത്തിനും അത്യന്താപേക്ഷിതമെന്തെന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
പാലും പാലുല്‍പന്നങ്ങളും
അത്യുല്‍പാദനശേഷിയുള്ള ഒരു പശു ഒരു ദിവസം 20 ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കും. പക്ഷേ അതു നിങ്ങള്‍ക്കും പശുക്കള്‍ക്കും നല്ലതല്ല! പാലുല്‍പാദനം കൂടാന്‍ പശുക്കളില്‍ ഇന്‍സുലിന്‍ വര്‍ദ്ധിപ്പിക്കുന്ന ഹോര്‍മോണുകള്‍ വലിയ അളവില്‍ എത്തിക്കേണ്ടതു ണ്ട്. അവ വലിയ അളവില്‍ പാലിലും ഉണ്ടാകും. അത് സ്തനാര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. പാല് നമ്മുടെ ദൈനംദിന ആഹാരത്തിന്‍റെ ഭാഗമാണെങ്കിലും അതു നമുക്ക് അത്ര നന്നല്ലതന്നെ. പച്ചക്കറികളും ഇലക്കറികളും ധാരാളം കാല്‍സ്യം നല്കുന്നുണ്ട്. സോയ ഉല്‍പന്നങ്ങളും കാല്‍സ്യത്താല്‍ സമൃദ്ധമാണ്. അവയൊക്കെ ആവശ്യത്തിന് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പാല് ആഹാരക്രമത്തില്‍നിന്ന് ഒഴിവാക്കിയാലും ഭയപ്പെടേണ്ടതില്ല.
മുട്ട
മുട്ടയില്‍ കൊളസ്ട്രോള്‍ അധികമായുണ്ട്. പക്ഷേ മുട്ട കഴിക്കുന്നത്, രക്തത്തിലെ കൊളസ്ട്രോള്‍ അളവു കൂട്ടില്ലെന്നാണ് ഗവേഷണങ്ങള്‍ കണ്ടെത്തിയിരിക ്കുന്നത്. പ്രൊട്ടീണിന്‍റെ വലിയ ഉറവിടമായ മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് സമീകൃത ആഹാരക്രമത്തിന് യോജിച്ചതായിരിക്കും.
മാംസം
നിങ്ങള്‍ കരുതുന്നത്ര ആവശ്യമുള്ള ഒന്നല്ല മാംസം. മനോനിലയുടെ സ്ഥിരതയ്ക്കും ഊര്‍ജ്ജസ്വലതയ്ക്കും ആവശ്യമായ അയണും പ്രോട്ടീനും മാംസാഹാരത്തില്‍ ധാരാളമായുണ്ടെന്നത് ശരി തന്നെ. പക്ഷേ ഫാമുകളില്‍ ഉല്‍പാദിപ്പിക്കുന്ന മാംസത്തില്‍ കൊഴുപ്പും(saturated fat) ഹോര്‍മോണുകളും വളരെ കൂടിയ അളവിലുണ്ടാകും. കൂടാതെ ആന്‍റിബയോട്ടിക്കുകളും. അതു നിങ്ങളുടെ മനോനിലയെ ബാധിക്കും. മാംസം കഴിക്കുകയാണെങ്കില്‍ തന്നെ നാടന്‍ മൃഗങ്ങളുടെയോ കാട്ടുമൃഗങ്ങളുടെയോ തിരഞ്ഞെടുക്കുക. എന്നാല്‍ പച്ചക്കറി, മുഴുധാന്യങ്ങള്‍ തുടങ്ങി നിങ്ങള്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളുണ്ടെന്നു മറക്കാതിരിക്കുക.
ജൈവഭക്ഷണം
ആരോഗ്യകരമായ ഭക്ഷണക്രമത്തിന് ഏറ്റവും ഉത്തമം ജൈവഭക്ഷണംതന്നെ. താരതമ്യേന ചെലവുകൂടിയവയാണ് ഇവ. പക്ഷേ കുറഞ്ഞ അളവില്‍ കഴിച്ചാല്‍ മതിയാകും. ജൈവഭക്ഷണവും പച്ചക്കറികളും അത്ര നല്ല രുചികരമാകണമെന്നില്ല. പക്ഷേ അവ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ വളര്‍ത്തിയവയായിരിക്കും. അവയില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളമുണ്ടാകും. ജൈവഭക്ഷണം കഴിക്കുക വഴി നിങ്ങളെ രോഗശയ്യയിലാക്കുകയും മനോനില തെറ്റിക്കുകയും ച െയ്യുന്ന രാസവസ്തുക്കള്‍ ഒഴിവാക്കാമെന്നു മാത്രമല്ല നിങ്ങളുടെ മനോനിലയെ പ്രസാദാത്മകമാക്കാന്‍ പോന്ന വിറ്റാമിനുകളും ധാതുക്കളും ധാരാളമായി ലഭിക്കുകയും ചെയ്യും.
മത്സ്യം
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഫാറ്റി ആസിഡുകള്‍ ലഭിക്കുന്ന മത്സ്യം ഭക്ഷണക്രമത്തില്‍ അത്യന്താപേക്ഷിതമാണ്. സമീകൃതമായ അളവിലും തരത്തിലും മത്സ്യം കഴിക്കുക എന്നതാണ് പ്രധാനം. ശുദ്ധജല മത്സ്യമാണ് ഉത്തമം. നിങ്ങള്‍ മത്സ്യം ഭക്ഷിക്കുന്ന ആളല്ലെങ്കില്‍ ചണവിത്തില്‍നിന്ന് എടുക്കുന്ന എണ്ണ (Flaxseed Oil) ഉപയോഗിക്കാവുന്നതാണ്.
വെള്ളം
പല കാരണങ്ങളാല്‍ വെളളം വളരെ പ്രധാനമാണ്. നമ്മുടെ ഭക്ഷണത്തിലെ അധികം വരുന്ന ഉപ്പും ഭക്ഷണത്തില്‍ നിന്നും ശാരീരികപ്രവര്‍ത്തനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങളും നീക്കംചെയ്തു വെള്ളം നമ്മുടെ ശരീരത്തെ ശുചിയാക്കുന്നു. രണ്ടാമതായി മനോനിലയെ ബാധിക്കുന്ന തലവേദനയ്ക്കും ക്ഷീണത്തിനും കാരണമാകുന്ന നിര്‍ജലീകരണം തടയുന്നു. കുറഞ്ഞത് ഒരു ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കുക.
ലഘുഭക്ഷണം
ഇടയ്ക്കിടെ അ ല്പസ്വല്പം ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ മനോനിലയെ സ്ഥിരമായി നിലനിര്‍ത്തുന്നതിനും ഉന്മേഷം കൈവരിക്കുന്നതിനും നല്ലതുതന്നെ. അതു നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ വ്യത്യാസം വരുന്നത് തടയുന്നു. അതുവഴി കഠിനമായ വിശപ്പുമൂലം കൈയില്‍ കിട്ടുന്നതെന്തും കഴിക്കുന്ന പ്രവണത ഒഴിവാക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, നട്ട്സ്, സീഡ്സ് തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ നിങ്ങളുടെ മനോനിലയെ പ്രസാദാത്മകമാക്കാന്‍ തീര്‍ച്ചയായും ഉതകും.
പ്രകൃതിഭക്ഷണം
സംസ്കരിച്ച, ശുദ്ധീകരിച്ച, രാസവസ്തുക്കള്‍ ചേര്‍ന്ന, കൊഴുപ്പും പഞ്ചസാരയും ഉപ്പും കൂടിയ എന്തും നിങ്ങളുടെ ആരോഗ്യത്തെ അട്ടിമറിക്കും. പ്രകൃതിവിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ സ്വയം പാകം ചെയ്തു ഭക്ഷിക്കുക. അല്പം അധ്വാനം വേണ്ടിവന്നേക്കാം. പക്ഷേ അതിനുള്ള ഊര്‍ജ്ജവും താല്പര്യവും നിങ്ങളുടെ മനോനില മെച്ചപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് തനിയെ ലഭിക്കും.
പഞ്ചസാര ഒഴിവാക്കുക
പഞ്ചസാര, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുത്തനെ ഉയര്‍ത്തും. അമിതമായ മധുരം അല്പസമയത്തേക്ക് നിങ്ങളുടെ മനോനിലയെ അല്പമൊന്ന് ഉദ്ദീപിപ്പിച്ചേക്കാം. അതു പക്ഷേ അല്പനേരത്തിനുള്ളില്‍ പഴയതിലും മോശം അവസ്ഥയിലെത്തുകയും ചെയ്യും. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണവസ്തുക്കള്‍ക്ക് അതിനാല്‍ മുന്‍ഗണന നല്കുക.
(തുടരും)






















