top of page

എനിക്കെന്‍റെ ജീവിതം ഒരിക്കല്‍ക്കൂടി ജീവിക്കാനായാല്‍

Oct 1, 2012

1 min read

A happy girl on the sea shore.

എനിക്കെന്‍റെ ജീവിതം ഒരിക്കല്‍ക്കൂടി ജീവിക്കാനായാല്‍,

ഞാന്‍ ഇതിനെക്കാള്‍ കൂടുതല്‍ പിഴവുകള്‍ വരുത്തും.

ഇത്രയും പരിപൂര്‍ണ്ണനാകാന്‍ ശ്രമിക്കാതെ,

ബലം പിടിത്തമില്ലാത്ത ജീവിതം നയിക്കും.

ഞാന്‍ ഇതിനെക്കാള്‍ കൂടുതല്‍ ബുദ്ധിമോശങ്ങള്‍ കാണിക്കും.

വാസ്തവത്തില്‍, ഒന്നിനേയും വലിയ ഗൗരവത്തോടെ എടുക്കില്ല.

ഞാനെന്‍റെ വൃത്തി അല്പം കുറയ്ക്കും.

കൂടുതല്‍ സാഹസങ്ങള്‍ കാണിക്കും,

കൂടുതല്‍ ഒഴിവു ദിവസങ്ങളെടുക്കും,

കൂടുതല്‍ സൂര്യാസ്തമയങ്ങള്‍ കണ്ടുനില്‍ക്കും,

കൂടുതല്‍ മലകള്‍ കയറും,

കൂടുതല്‍ നദികളില്‍ നീന്തും.

ഞാനിന്നോളം കാണാത്ത ദേശങ്ങള്‍ കാണും,

പയറിനെക്കാള്‍ കൂടുതല്‍ ഐസ്ക്രീം കഴിക്കും,

ഭാവനാസൃഷ്ടികളായ പ്രശ്നങ്ങള്‍ കുറച്ചിട്ട്

കൂടുതല്‍ യഥാര്‍ത്ഥ പ്രശ്നങ്ങളെ നേരിടും.

ജീവിതത്തിന്‍റെ ഓരോ നിമിഷവും വിവേകപൂര്‍വ്വം ഫലവത്തായി ജീവിച്ചവരില്‍ ഒരാളാണ് ഞാന്‍;

ഭൂതകാലത്തില്‍ തീര്‍ച്ചയായും എനിക്ക് സന്തോഷത്തിന്‍റെ നിമിഷങ്ങളുണ്ടായിരുന്നു.

എന്നാല്‍ ഇന്നെനിക്കെന്‍റെ ജീവിതത്തിലേയ്ക്ക് ഒരിക്കല്‍ക്കൂടി തിരികെ മടങ്ങാനായാല്‍

ഓരോ നിമിഷവും ഞാന്‍ സന്തോഷത്തിന്‍റെ നിമിഷങ്ങളാക്കും.

കാരണം, നിങ്ങള്‍ക്കറിയുമോ നിമിഷങ്ങള്‍ ഇഴചേര്‍ത്തുവച്ചാണ് ജീവിതം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന്;

അതുകൊണ്ട് വര്‍ത്തമാനകാലത്തെ നഷ്ടപ്പെടുത്താതിരിക്കൂ.

തെര്‍മോമീറ്ററില്ലാതെ, ചൂടുവെള്ളക്കുപ്പിയില്ലാതെ

കുടയില്ലാതെ, പാരച്യൂട്ടില്ലാതെ ഞാനൊരിക്കലും യാത്ര പുറപ്പെട്ടിരുന്നില്ല;

വളരെക്കുറച്ച് ഭാണ്ഡങ്ങള്‍ മാത്രമായി ഞാനൊരു ഭാരപ്പെടുത്താത്ത യാത്ര പോകും.

ഒരിക്കല്‍ കൂടി ജീവിക്കാനായാല്‍ ശരത്ക്കാലം അവസാനിക്കുവോളം നഗ്നപാദനായി ഞാന്‍ മണ്ണില്‍ നടക്കും.

എനിക്കൊരു ജീവിതം കൂടി ഉണ്ടായിരുന്നെങ്കില്‍

കൂടുതല്‍ സവാരി ചെയ്യും, കൂടുതല്‍ പ്രഭാതങ്ങളെ കണ്ടുണരും, കൂടുതല്‍ കുഞ്ഞുങ്ങളുമായി കളിക്കും.

പക്ഷേ, നിങ്ങള്‍ കാണുന്നില്ലേ, എനിക്കിപ്പോള്‍ 85 വയസ്സായിരിക്കുന്നു.

എനിക്കറിയാം ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന്.


(ജോര്‍ജ് ലൂയീസ് ബോള്‍ഗസിന്‍റേതെന്നോ ഡോണ്‍ ഹെരാള്‍ടിന്‍റോതെന്നോ പറയപ്പെടുന്ന കവിത)

0

0

Featured Posts