

"നിൻ്റെ രാജ്യം വരണമേ" എന്നത് കർത്തൃപ്രാർത്ഥന എന്നറിയപ്പെടുന്ന യേശു തൻ്റെ ശിഷ്യരെ പഠിപ്പിച്ച പ്രാർത്ഥനയിലെ പ്രധാന നിവേദനമാണ്. സർവ്വ പ്രപഞ്ചത്തെയും പെറ്റുപോറ്റുന്ന സർവ്വാതിനാഥനോട് ആണ് ആ പ്രാർത്ഥന. എന്നുവച്ചാൽ, ലോകം മുഴുവനുമുള്ള ജനങ്ങൾ കത്തോലിക്കരാവണമെന്നോ ക്രിസ്ത്യാനികളാവണമെന്നോ അല്ല അതിനർത്ഥം. എല്ലാവരും സ്നേഹത്തിലും സാഹോദര്യത്തിലും പുലരണമെന്നും, ഇന്നത്തെ ലോകം ആധാരമാക്കിയിരിക്കുന്ന അഹന്ത, ആർത്തി, അധികാരം, സമ്പത്ത്, ധൂർത്ത്, ബാഹ്യ സൗന്ദര്യം, മേലാളവിചാരം എന്നിവയുടെ മൂല്യകല്പന തകിടംമറിയുന്ന ഒരു ലോകക്രമം വരണം എന്നുമുള്ള പ്രാർത്ഥനയാണത്. അത്തരമൊരു മാറ്റത്തിന് അപരരിലും തന്നിലും ചുറ്റിലും ദൈവികസാന്നിധ്യാവബോധം ഉണ്ടായാൽ എളുപ്പമായിരിക്കും. ഇനി അഥവാ ദൈവത്തെ അംഗീകരിച്ചില്ലെങ്കിൽപ്പോലും ഇപ്പറഞ്ഞ ഫലങ്ങൾ ഉണ്ടായിരുന്നാൽ മതി എന്ന് യേശു തൻ്റെ പല ഉപമകളിലൂടെയും സൂചിപ്പിക്കുന്നുണ്ട്.
അസ്സീസിയിലെ ഫ്രാൻസിസിനെക്കുറിച്ച് അദ്ദേഹത്തിൻ്റെ ആദ്യ ജീവചരിത്രകാരനായ തോമസ് ചെലാനോ ഇങ്ങനെ ഒരു കഥ എഴുതുന്നുണ്ട്. യുദ്ധരംഗത്തുനിന്ന് തിരിച്ചുവന്നതിനു ശേഷം അസ്സീസിയോട് ചേർന്നുള്ള സുബാസിയോ മലയിലും അവിടുള്ള ഗുഹകളിലും പ്രാർത്ഥനാനേരങ്ങൾ ചെലവിട്ടു. അതിനിടയിലാണ് സാൻ ദാമിയാനോയിലെ ക്രൂശിതൻ്റെ ഐക്കൺ അവനോട് സംസാരിച്ചത്. "തകർന്നുകൊണ്ടിരിക്കുന്ന എൻ്റെ പള്ളിയെ നീ പുതുക്കിപ്പണിയുക'' എന്നതായിരുന്നു ആഹ്വാനം. അയാൾ അപ്പോഴും ധനികപുത്രൻ തന്നെ. എടുപ്പത്തിൽ ക്രിയ ചെയ്തതാണ് - തൻ്റെ അപ്പൻ്റെ കടയിൽ പോയി വലിയൊരു തുക എടുത്തു കൊണ്ടുവന്ന് പാവപ്പെട്ടവരുടെ ആ പള്ളിയിലെ വൈദികന് നല്കിയത്. ഉത്തരവാദിത്വപൂർണമായ പ്രവൃത്തിയല്ലാത്തതിനാൽ അദ്ദേഹം അത് സ്വീകരിച്ചില്ല. അപ്പൻ തൻ്റെ പണം അന്വേഷിച്ചെത്തി പണവുമായി മടങ്ങി.
അത്തരം പരിപാടി ആവർത്തിക്കപ്പെടരുത് എന്നു കരുതിയാണ് അരമന കോടതിയിൽ ഒരു ആവലാതി കൊടുക്കുന്നത്. മെത്രാൻ ഫ്രാൻസിസിനെ വിളിപ്പിച്ചു. അവിടെ വച്ചാണ് മകനും അപ്പനും തമ്മിൽ വഴി പിരിയുന്നത്. "നീ ധരിച്ചിരിക്കുന്ന വസ്ത്രം പോലും എൻ്റെതാണ് " എന്നു പറയുന്നു, അപ്പൻ പീറ്റർ ബർണർദോനെ. ഫ്രാൻസിസ് ഉടൻ താൻ ധരിച്ചിരുന്ന വസ്ത്രം ഊരി മടക്കി പിതാവിൻ്റെ കാൽക്കൽ വച്ചു എന്നാണ് പറയപ്പെടുന്നത്. മെത്രാൻ ഫ്രാൻസിസിന് തൻ്റെ തോട്ടപ്പണിക്കാരൻ്റെ ഒരു പഴയ കുപ്പായം എടുത്തു കൊടുത്തത്രേ! അങ്ങനെ സമ്പത്തും അധികാരവും സ്വാധീനവും ഇല്ലാത്തവനായ ഫ്രാൻസിസിന് ഒരു ചിത്രശലഭത്തിൻ്റെ ഭാരരാഹിത്യം അനുഭവപ്പെട്ടുപോൽ.
മുൻ നാളുകളിൽ താനും കൂട്ടുകാരും പാടി നടന്ന പ്രൊവൻസാലിലുള്ള (Provençal) ട്രൂബഡോർ ഗാനങ്ങൾ പാടിക്കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിനടന്ന ഫ്രാൻസിസിനെ ഒരു കൂട്ടം കൊള്ളക്കാർ പിടികൂടിയത്രേ! കാഴ്ചയിൽ അയാൾ ധനിക കുമാരനാണ് - വസ്ത്രമോ ദരിദ്രൻ്റേതും. "ആരാണ് നീ" എന്ന അവരുടെ ചോദ്യത്തിന് ആ ചെറുപ്പക്കാരൻ ആനന്ദത്തോടെ പറയുന്ന മറുപടി "മഹാരാജാവിൻ്റെ വിളംബരക്കാരനാണ്" എന്നായിരുന്നു. അവനിൽ നിന്ന് ഒന്നും കിട്ടാനില്ല എന്നറിയുമ്പോൾ, "മഹാരാജാവിൻ്റെ വിളംബരക്കാരൻ ദാ അവിടെ പോയി കിടക്ക്" എന്നു പറഞ്ഞ് ഫ്രാൻസിസിനെ മഞ്ഞുനിറഞ്ഞു കിടന്നിരുന്ന ഒരു കുഴിയിലേക്ക് തള്ളിയിട്ടിട്ടാണ് അവർ പോയതെന്ന് പറയപ്പെടുന്നു. ഇത്തരം ഘനരാഹിത്യം ഫ്രാൻസിസിന് ആദ്യമാണ്. അവിടെ കിടന്നും അവിടെനിന്ന് എഴുന്നേറ്റു കയറിപ്പോകുമ്പോഴും ഫ്രാൻസിസ് തൻ്റെ ട്രൂബഡോർ ഗാനം പാടിക്കൊണ്ടേയിരുന്നത്രേ!
ക്രിസ്തു എന്ന മഹാരാജാവിൻ്റെ പതിന്നാലാമത്തെ വിളംബരക്കാരൻ!























