

പാഠശാല
ക്ലാസിലാകെ ബഹളം.. ബഹളത്തിന് നേതൃത്വം നല്‍കിയ കുട്ടിയെ അധ്യാപകന്‍ ശകാരിക്കുന്നു. ശകാരവും, ഉപദേശവും അവനിലുണ്ടാക്കിയ ദേഷ്യത്തില്‍ തന്‍റെ മുന്നിലിരുന്ന തുറന്ന ബുക്കിന്‍റെ വെള്ള പ്രതലത്തില്‍ കറുത്ത പേന കൊണ്ട് ആഞ്ഞാഞ്ഞു കുത്തി. കുത്തുകള്‍ കൊണ്ട് വെള്ള പ്രതലം കറുത്ത കുഞ്ഞു പൊട്ടുകളായി മാറി.
അവന്‍റെ പ്രവര്‍ത്തിയെ സൂക്ഷ്മമായി നോക്കിക്കണ്ട അധ്യാപകന്‍ അടുത്തെത്തി നീ ഇട്ട കുത്തുകള്‍ നമുക്കൊന്ന് എണ്ണിയാലോ..? കുട്ടി ആശ്ചര്യപ്പെട്ടു ..
അല്‍പ്പം മുന്‍പ് രണ്ടു ദേഷ്യങ്ങള്‍ ഒരു പോലെ പ്രതിഫലിച്ച ക്ലാസ് മുറിയില്‍ ആകെ ശാന്തത. എല്ലാവരുടെയും ശ്രദ്ധ അവര്‍ തമ്മിലുള്ള സംഭാഷണത്തിലായി..
കറുത്ത പൊട്ടുകള്‍ നിറഞ്ഞ ആ താള്‍ അധ്യാപകന്‍ എടുത്ത് ക്ലാസില്‍ ഉയര്‍ത്തിക്കാട്ടി.
എന്നിട്ടു ചോദിച്ചു: 'ഈ കുത്തുകളില്‍ നിങ്ങള്‍ എന്തു കാണുന്നു.'
ഒരു കുട്ടി എണീറ്റു നിന്നു പറഞ്ഞു: 'സര്‍, ഒരു കുത്തില്‍ ചെറിയ സുഷിരം വീണി ട്ടുണ്ട്... അതിലൂടെ വെളിച്ചം കടന ്നു വരുന്നുണ്ട്.'
'മറ്റൊരാള്‍ പറഞ്ഞു ഒരു കുത്ത് മറ്റൊന്നുമായി ചേര്‍ന്നിരിക്കുന്നു.'
'വേറൊരാള്‍ പറഞ്ഞു ഓരോ കുത്തും കടലാസിന്‍റെ വേദനയായി മാറിക്കാണും'.
വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ കൊണ്ട് ക്ലാസ് മുറി നിറയുമ്പോഴും തന്‍റെ കുത്തുകളെ കുറിച്ച് ചിന്തിച്ചിരിപ്പാണ് ആ കുട്ടി.. കുത്തുകളുടെ ലോകത്തുണ്ടായ പാടുകള്‍ വെള്ള പ്രതലത്തിലുണ്ടാക്കിയ മാറ്റത്തെപ്പറ്റിയാണ് അവന്‍ ചിന്തിച്ചത്. ഒരു നിമിഷം കൊണ്ട് വെള്ളപ്രതലം മാറിയതു പോലെയല്ലേ തന്‍റെ ശാന്തമായ മനസ് കോപം കൊണ്ട് മാറ്റപ്പെട്ടത്..
എല്ലാവരുടെയും മനസ് ശാന്തമായിരിക്കുമ്പോ അപ്രതീക്ഷിതമായി പലതുകൊണ്ടും മാറ്റപ്പെടുന്ന മനസിനെ എങ്ങനെ നിയന്ത്രിക്കാനാകും..
സ്നേഹത്തിന്‍റെ വെളുത്ത പ്രതലത്തെയാണ് ഞാന്‍ കുത്തി നോവിച്ചത്..
ഈ കുത്തുകളെ കൂട്ടി യോജിപ്പിക്കണം.. കുത്തുകള്‍ക്കിടയിലെ അകലം സൗഹൃദത്തിനിടയിലെ വിടവ് പോലെയാണ്.. സ്നേഹം കൊണ്ട് കൂട്ടിച്ചേര്‍ക്കപ്പെടേണ്ടതാണ് ജീവിതം.. കോപം കൊണ്ട് അകറ്റി നിര്‍ത്തുന്നതില്‍ എന്താണ് അര്‍ഥമുള്ളത്.. അതിനാല്‍ ഈ വെള്ള പ്രതലത്തെ സുന്ദരമായ ഒരു ചിത്രമാക്കണം..
അധ്യാപകന്‍റെ കയ്യില്‍ നിന്നും വാങ്ങിയ കടലാസു കഷണവുമായി ക്ലാസിലെ കൂട്ടുകാര്‍ക്കിടയില്‍ ഓടി നടന്നു.... വെളുത്ത പ്രതലത്തിലെ കുത്തുകള്‍ നീരുറവകള്‍ പോലെ പരസ്പരം സംഗമിച്ചു തുടങ്ങി.. സ്നേഹത്തിന്‍റെ കരസ്പര്‍ശം വിരിഞ്ഞ വരകളായി..
അവരൊത്തു ചേര്‍ന്ന് കോപത്തിന്‍റെ കുത്തുകളെ പരസ്പരം കൂട്ടിച്ചേര്‍ത്തു...
ഓരോ കുത്തും പരസ്പരം ഒട്ടിച്ചേര്‍ന്ന്, കാലുകളായി, ചിറകുകളായി, കണ്ണുകളായി, ചുണ്ടുകളായി, അങ്ങനെ ഒടുവില്‍ കുത്തുകള്‍ മാറി ഒരു പക്ഷിയായി ക്ലാസ് മുറിക്കുള്ളില്‍ പറന്നു...
കോപത്തിന്‍റെ കുത്തുകളില്‍ നിന്നും സ്നേഹത്തിന്‍റെ, ശാന്തതയുടെ പറവയിലേക്കുള്ള പരിവര്‍ത്തനം ക്ലാസ് മുറിയെ ആവേശഭരിതമാക്കി..
ഞങ്ങളും, നിങ്ങളുമല്ല ചെറുപ്പത്തെ രൂപപ്പെടുത്തുന്നത് നമ്മളാണ് എന്ന ചിന്ത എല്ലാവരിലും ഉണ്ടാകേണ്ടത് അനിവാര്യമാണ്.
ശിഷ്ടകോപം
റെജി മലയാലപ്പുഴ
അസ്സീസി മാസിക, സെപ്റ്റംബർ 2025





















