top of page
"നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം" (യോഹ 13:14).
ദൈവം ദരിദ്രനായി ജനിച്ചതും ജീവിച്ചതും ഒരേ സമയം ജീവിതത്തിന്‍റെ നിസാരതയും മഹത്വവും വ്യക്തമാക്കുന്നതിനായിട്ടാവണം. സ്വാര്‍ത്ഥത്തിലെ ജീവിതം നിസ്സാരം. പരാര്‍ത്ഥത്തിലെ ജീവിതം മഹത്വം. സ്വാര്‍ത്ഥത്തില്‍നിന്ന് പരാര്‍ത്ഥത്തിലേക്കുള്ള പുരോഗമനമാണ് പുണ്യത്തിന്‍റെ പാത.
ആരും വിശുദ്ധരായി ജനിക്കുന്നില്ല. വിശുദ്ധിയിലേക്കു വളരുകയാണ് ചെയ്യുക. ഓരോ ജന്മങ്ങള്‍ക്കും അതിന് അവസരമുണ്ടാകുന്നു. അത് സ്വീകരിക്കുന്നോ, തള്ളുന്നോ എന്നതാണ് നിര്‍ണായകമായ തെരഞ്ഞെടുപ്പ്.
വരേണ്യരും വിധേയരുമായി വിഭജിക്കപ്പെട്ട മധ്യകാല ജന്മിനാടുവാഴി സമൂഹത്തില്‍ വരേണ്യതയില്‍ വാഴിക്കപ്പെടാന്‍ വെമ്പല്‍കൊണ്ട പുതിയ മധ്യവര്‍ഗത്തിലായിരുന്നു ഫ്രാന്‍സിസ് പിറന്നത്. സ്വാഭാവികമായ തെരഞ്ഞെടുപ്പ് വരേണ്യതയിലെ വാഴ്വ് തന്നെയായിരുന്നു താനും. വിപരീതമായതു സംഭവിച്ചത് 'ദൈവവിളി' എന്നു വിശേഷിപ്പിക്കപ്പെടുന്ന ചരിത്രയാഥാര്‍ത്ഥ്യങ്ങളുടെ സമ്മര്‍ദ്ദമാവണം. വിശുദ്ധര്‍ സംഭവിക്കുന്നത് ചരിത്രത്തിനു പുറത്ത് അതിഭൗതികതലത്തിലാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് സ്വന്തം കടമ കൈയൊഴിയാനുള്ള സ്വാര്‍ത്ഥമനുഷ്യന്‍റെ സഹജവാസനയുടെ ആവശ്യമാണ്. വിശുദ്ധര്‍ സംഭവിക്കുന്നത് ചരിത്രത്തിനുള്ളിലും ചരിത്രത്താല്‍ സ്വാധീനിക്കപ്പെട്ടും ചരിത്രത്തെ മാറ്റിയെഴുതിയുമാണ്.
വരേണ്യതയിലേക്കുള്ള സ്ഥാനാരോഹണമല്ല, അരികുജീവിതങ്ങളിലേക്കുള്ള വിനയപ്പെടലാണ് തന്‍റെ നിയോഗമെന്ന് ഫ്രാന്‍സിസ് തിരിച്ചറിഞ്ഞിടത്താണ് അവന്‍റെ മാനസാന്തരം. പരാര്‍ത്ഥിയായ ഏതൊരു മനുഷ്യനിലും സഹജീവിസ്നേഹത്താല്‍ പ്രചോദിതമാകുന്ന സനാതനദുഃഖമാകണം ഒരു പനിക്കാലത്ത് അവനില്‍ നിറഞ്ഞ വിഷാദം. അതവനെയെത്തിച്ചത് ദരിദ്രര്‍ക്കും പുറന്തള്ളപ്പെട്ടവര്‍ക്കുമായുള്ള ശുശ്രൂഷയിലേക്കാണ്. "വിശുദ്ധര്‍ വേല ചെയ്യുകയും നാം അവരെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും അവരുടെ അതേ മഹത്വവും ആനന്ദവും ആഗ്രഹിക്കുകയും ചെയ്യുന്നത് ദൈവത്തിന്‍റെ സേവകര്‍ എന്ന നിലയില്‍ വലിയ നാണക്കേടത്രേ" (അനുശാസനങ്ങള്‍ 8) എന്ന് ഫ്രാന്‍സിസ് പറയുന്നത് വിശുദ്ധി എന്ന ചരിത്രയാഥാര്‍ത്ഥ്യത്തിന്‍റെ വിശദീകരണമായാണ്.
എല്ലാം ത്യജിച്ച് ലോകത്തിലേക്കിറങ്ങിയ ഫ്രാന്‍സിസ് സ്വന്തം വസ്ത്രം പോലും യാചകര്‍ക്ക് ദാനം നല്കി. മാനസാന്തരത്തിനു ശേഷം ദരിദ്രരും ദരിദ്രനായ ക്രിസ്തുവും അവന് സമാനരായി. അവനേക്കാള്‍ ദരിദ്രനായി ആരെ കാണുന്നതും അവന് അസഹ്യമായി. അത് നാട്യമായിരുന്നില്ല. തികഞ്ഞ സഹാനുഭൂതിയാലായിരുന്നു. അവഗണനയുടെ അഗണ്യകോടിയില്‍ കഴിഞ്ഞിരുന്ന കുഷ്ഠരോഗികളോട് അവന്‍ സവിശേഷമായ സ്നേഹവും സൗമനസ്യവും പുലര്‍ത്തി. കുഷ്ഠരോഗികളെ ഒരുകാലത്ത് വെറുത്തിരുന്ന അവന്‍റെ മാനസാന്തരം ആ ക്രൂരയാഥാര്‍ത്ഥ്യത്തിലേക്കുള്ള ആഴത്തിലുള്ള ഐക്യപ്പെടലായിരുന്നു. "ദൈവം എന്നെ കുഷ്ഠരോഗികളിലേക്ക് കൊണ്ടുപോയി. ഞാന്‍ അവരില്‍ നിന്ന് ദയ അഭ്യസിച്ചു(ഒസ്യത്ത്). അവന്‍ കുഷ്ഠരോഗികള്‍ക്കൊപ്പം ജീവിച്ചു. അവരെ പരിചരിച്ചു. അവരുടെ മുറിവുകള്‍ വെച്ചുകെട്ടി അവരുടെ വായില്‍ ഉമ്മവെച്ചു.
സ്വാര്‍ത്ഥത്തില്‍ നിന്ന് പരാര്‍ത്ഥത്തിലേക്കും അവിടെനിന്ന് പരമാര്‍ത്ഥത്തിലേക്കും നീളുന്നു വിശുദ്ധ ജീവിതം. അത് അകന്നുനിന്ന് ആരാധിക്കേണ്ട വഴിയല്ല. അറിഞ്ഞ് അനുഗമിക്കേണ്ട വഴിയത്രേ. "ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാന്‍ വന്നവന്‍റെ" വഴിയത്രേ.
ശുശ്രൂഷിക്കപ്പെടാന്‍ മാത്രം ആഗ്രഹിക്കുന്നു നാമോരോരുത്തരും. സമ്പത്താലും സുഖഭോഗങ്ങളാലും അധികാരത്താലും ശുശ്രൂഷിക്കപ്പെടാന്‍. ദൈവശുശ്രൂഷ നേര്‍ച്ചകാഴ്ചകളാലും, അപ്പനമ്മമാര്‍ക്കുള്ള ശുശ്രൂഷ വീട്ടുപരിചരണക്കാരാലും വൃദ്ധമന്ദിരങ്ങളാലും പകരംവയ്ക്കുന്നു നാം. വിധിയുടെ നാള്‍ വിദൂരത്തെന്നും കരുതുന്നു - അതു വരുംവരെ.