top of page

ഒടുങ്ങാത്ത വിശപ്പ്

Jun 1, 2011

4 min read

ഡഅ
Image : A grocery store

എനിക്ക് ഇത്തിരി പ്രായംചെന്ന ഒരു സ്നേഹിതനുണ്ടായിരുന്നു. സര്‍വ്വീസില്‍നിന്നു വിരമിച്ച ഒരു കോളേജ് അദ്ധ്യാപകന്‍. ടൗണിനടുത്തതാണ് താമസം. എന്നും വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുന്ന അദ്ദേഹം ടൗണിലുള്ള ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറും. എല്ലായിടവും ചുറ്റിനടന്ന് കാണും. ചില ഉല്പന്നങ്ങളുടെയൊക്കെ ആവശ്യങ്ങളും ഉപയോഗങ്ങളും ആരോടെങ്കിലും ചോദിക്കും. പക്ഷേ ഒന്നുംതന്നെ വാങ്ങുകയില്ല. ഏതാണ്ട് അരമണിക്കൂറിനുശേഷം തിരികെപോകുകയും ചെയ്യും. സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഉടമസ്ഥന്‍ ഇത് സ്ഥിരം കാണുന്നുണ്ട്. ഒരു ദിവസം ഈ റിട്ടയേര്‍ഡ് അദ്ധ്യാപകനോട് മാനേജര്‍ ചോദിച്ചു, 'എന്താ സാറേ എന്നും ഇവിടെ വന്നിട്ട് ഒന്നും വാങ്ങാതെ തിരികെ പോകുന്നത്?' മറുപടി വിചിത്രമായിരുന്നു. മനുഷ്യന് നിത്യവൃത്തിക്ക് ആവശ്യമില്ലാത്ത എന്തെല്ലാം സാധനങ്ങളാണ് ഓരോ ദിവസവും ഓരോ കമ്പനിക്കാര്‍ നിര്‍മ്മിച്ചു വിടുന്നതെന്ന് അറിയുവാനാണെന്നായിരുന്നു ആ മറുപടി.

പണ്ട് വീടിന് അടുത്തുള്ള ഒരു പലചരക്ക് കടയിലോ റേഷന്‍ കടയിലോ ലഭിക്കുന്ന സാധനങ്ങള്‍കൊണ്ട് ജീവിച്ചിരുന്ന മനുഷ്യര്‍ തന്നെയാണ് ഇന്ന് എല്ലാം കിട്ടുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പോകുന്നത്. അധികം അലഞ്ഞുനടക്കാതെ ഓരോ കടയിലും കയറിയിറങ്ങാതെ എല്ലാം ഒരിടത്തുതന്നെ കിട്ടും എന്ന സൗകര്യം മറന്നുകൊണ്ടല്ല ഇതുപറയുന്നത്. ഒരിക്കല്‍ റേഷന്‍ കടയിലെ വരാന്തയില്‍, ഒരു സഞ്ചിയില്‍ നാലഞ്ചു സാധനങ്ങളുമായി കാത്തുനിന്നവര്‍തന്നെയാണ് ഇന്ന് സൂപ്പര്‍മാര്‍ക്കറ്റിന്‍റെ കൗണ്ടറില്‍ ഒരു പിടിവണ്ടി (ട്രോളി)യില്‍ നിറയെ സാധനങ്ങളുമായി ക്യൂ നില്‍ക്കുന്നത്. ആ പിടിവണ്ടിയിലേയ്ക്ക് ഒന്നു നോക്കിയാല്‍ അഞ്ചാറു ബേക്കറി സാധനങ്ങള്‍, പത്തിലധികം പ്ലാസ്റ്റിക് വസ്തുക്കള്‍, വിഷത്തില്‍ മുക്കിയ നാട്ടിലെങ്ങും കിട്ടാത്ത കുറച്ച് പഴങ്ങള്‍, പിന്നെ സൂക്ഷിച്ച് നോക്കിയാല്‍ അടിയിലെങ്ങാനും രണ്ട് കിലോ കുത്തരി ഒരു കവറില്‍ - ഇത്രയുമായിരിക്കും ഉണ്ടാവുക. കൗണ്ടറില്‍ ചെന്നാലോ കമ്പ്യൂട്ടറില്‍ അടിച്ചുകിട്ടുന്ന ബില്ലിലേയ്ക്ക് ഒന്നു നോക്കുക കൂടി ചെയ്യാതെ എ.റ്റി.എം. കാര്‍ഡോ, ക്രെഡിറ്റ് കാര്‍ഡോ എടുത്തുകൊടുക്കുന്നു. അതില്‍നിന്നും എത്ര രൂപയാണ് കൗണ്ടറിലിരിക്കുന്നവര്‍ സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉടമസ്ഥന്‍റെ അക്കൗണ്ടിലേയ്ക്കു മാറ്റുന്നതെന്ന് തിരക്കുന്നതുപോലുമില്ല.

ഒരു കാര്യം ശരിയാണ്, ഒരു സാധനത്തിന്‍റെ വിലയെത്രയാണെന്ന് ഒരുവന്‍ അന്വേഷിച്ചാല്‍ ഇവനേത് മലമൂട്ടില്‍ നിന്നാണ് വരുന്നതെന്ന് തോന്നിപ്പിക്കുമാറ് തുറിച്ചുനോക്കുകയാണ് മിക്ക കച്ചവടക്കാരും. ഒരു കാലത്ത് നമ്മുടെ വീട്ടുമുറ്റത്ത് മീന്‍ കൊണ്ടുവരുന്ന മീന്‍കാരനോട് ഒരു മത്തിയുടെയോ അയിലയുടെയോ വിലയില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന കാരണവരുടെ മക്കള്‍ തന്നെയാണ് ഇന്ന് സൂപ്പര്‍ ഷോപ്പുകളുടെ കൗണ്ടറുകളില്‍ എ.റ്റി.എം. കാര്‍ഡ് എടുത്തുനല്‍കുന്നത്.

മനുഷ്യരുടെ മടിയെക്കുറിച്ചും സുഖലോലുപതയെക്കുറിച്ചും ഗവേഷണം നടത്തുന്ന ഒരു കൂട്ടരുണ്ടെന്നാണ് തോന്നുന്നത്. നമ്മുടെ മാര്‍ക്കറ്റില്‍ നിത്യേന പ്രത്യക്ഷപ്പെടുന്ന പല വസ്തുക്കളും ഈ രണ്ടു സ്വഭാവങ്ങളെയും ചൂഷണം ചെയ്യുവാനുള്ളതാണ്. ഇതിനെല്ലാം അമിതവിലയുമാണ്. പക്ഷേ അത് കാര്യമാക്കാതെ മനുഷ്യര്‍ അതെല്ലാം വാങ്ങിക്കൂട്ടുകയും ചെയ്യും. ഇവിടെ നമ്മുടെ നിത്യജീവിതത്തില്‍ നമുക്ക് വേണ്ടിയതെന്തൊക്കെയാണെന്ന് തീരുമാനിക്കുന്നത് നമ്മളല്ല. ഏതെങ്കിലും ചില സൂപ്പര്‍ നിര്‍മ്മാതാക്കളായിരിക്കും. അവര്‍ നിര്‍മ്മിക്കുന്ന ലേബലിലുള്ള വില നമ്മള്‍ നല്‍കുകയും ചെയ്യും. ഇവിടെ ഒരു ഉല്പന്നത്തിന്‍റെ വിലയും അതിന്‍റെ മൂല്യവും തമ്മില്‍ ബന്ധപ്പെടുത്താന്‍ നമ്മള്‍ തയ്യാറാകാത്തതാണ് ഏറെ അതിശയകരം. ഒന്നും ഉല്പാദിപ്പിക്കാതെ ഉപഭോഗം മാത്രം നടത്തുന്നവര്‍ക്ക് ഒരു ഉല്പന്നത്തിന്‍റെ ആവശ്യകതയോ അതിന്‍റെ മൂല്യത്തെക്കുറിച്ച് അറിവോ ഉണ്ടായിരിക്കുകയില്ല. പണം മാത്രമേ ഇവിടെ ഒരു ഉപഭോക്താവ് ഉല്പാദിപ്പിക്കുന്നുള്ളൂ. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തില്‍നിന്നും വിഭിന്നമായി തൊഴിലധിഷ്ഠിതവും വരുമാനാധിഷ്ഠിതവുമായ വിദ്യാഭ്യാസം കിട്ടിയ ഒരു ഉപഭോക്താവ് ധനലബ്ധിക്ക് ഏതു മാര്‍ഗ്ഗവും സ്വീകരിക്കുന്നതിന് ഒരു മടിയും കാണിക്കുകയുമില്ല. ആവശ്യത്തിന് അദ്ധ്വാനം കൂടാതെ ലഭിക്കുന്ന പണം ചെലവഴിക്കുവാന്‍ അവര്‍ക്ക് വിഷമവുമില്ല. ഇത്തരം പണവും പണം ചെലവഴിക്കാനുള്ള വ്യഗ്രതയും ധാരാളമായുള്ള ഒരു സമൂഹത്തിലേയ്ക്ക് ഏത് ഉല്പന്നവും നിര്‍മ്മിച്ചുവിടുവാന്‍ ഒരു കമ്പനിക്കും ധൈര്യക്കുറവുണ്ടാവുകയില്ല.

കൂടുതല്‍ കൂടുതല്‍ സൗകര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ ആവശ്യങ്ങളെ സൃഷ്ടിക്കുന്നിടത്ത് ഒരു ആവശ്യ നിയന്ത്രിത ജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കുവാന്‍കൂടി കഴിയുകയില്ല. ഇതുമൂലം സംഭവിക്കുന്നതോ, നമ്മുടെ ആവശ്യങ്ങള്‍ നിത്യേന വര്‍ദ്ധിച്ചുവരികയും അനാവശ്യങ്ങള്‍ പലതും അത്യാവശ്യങ്ങളായി മാറുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ആദ്യം പ്രതിപാദിച്ച വൃദ്ധ അദ്ധ്യാപകനെ, അദ്ദേഹം വച്ചുപുലര്‍ത്തുന്ന മിതവ്യയത്തെ നാം സമൂഹത്തിലെ ഒരു അനാവശ്യമായി കരുതുന്നത്. തന്‍റെ സൗകര്യങ്ങളും ആവശ്യങ്ങളും സ്വയം നിര്‍ണ്ണയിക്കുവാനും നിയന്ത്രിക്കുവാനും സാധിച്ച ആ പെന്‍ഷന്‍ വാദ്ധ്യാര്‍ക്ക് ഉള്ള സ്വഭാവം കേരളജനതയിലെ 25 ശതമാനത്തിനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ നാട് പണ്ടേ സാമ്പത്തികക്കമ്മിയില്‍ നിന്നും രക്ഷപ്പെടുമായിരുന്നു. അതിരു കടന്ന തൃഷ്ണയേയും ആവശ്യങ്ങളെയും പരുത്തിനൂലുകൊണ്ട് ബന്ധിച്ചു നിര്‍ത്തിയ രാഷ്ട്രപിതാവ് മാഹാത്മാഗാന്ധി അനുവര്‍ത്തിച്ചിരുന്നതും മറ്റുള്ളവരെ ഉപദേശിച്ചിരുന്നതും ഇതുതന്നെയായിരുന്നു. ആവശ്യങ്ങള്‍ അന്യന്‍ തീരുമാനിക്കുന്നിടത്ത് പണവും അന്യന്‍റേതായിത്തീരും.

പക്ഷേ പണത്തിന്‍റെ നീക്കത്തെ ഒരു രാഷ്ട്രത്തിന്‍റെ വികസനത്തിന്‍റെ ലക്ഷണമായിക്കരുതുന്ന സാമ്പത്തിക വിദഗ്ദ്ധര്‍ക്കും പണമിടപാട് സ്ഥാപനങ്ങള്‍ക്കും ഈ മിതവ്യയം ഒട്ടും ആശാസ്യകരമായ ഒന്നല്ല. സാമ്പത്തിക മാന്ദ്യമായിട്ടും അതുവഴി രാഷ്ട്ര വികസനത്തിന്‍റെ മുരടിപ്പുമായാണ് മിത്യവ്യയത്തെ അവര്‍ കാണുന്നത്. സാമ്പത്തികമാന്ദ്യം കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍കിടരാജ്യങ്ങളെപ്പോലും പിടിച്ചുലച്ചപ്പോള്‍ നിത്യവൃത്തിക്ക് വേണ്ടി മാത്രം, അത്യാവശ്യത്തിനു മാത്രം പണം ചെലവാക്കിക്കൊണ്ടിരുന്നവര്‍ സാമ്പത്തിക മാന്ദ്യമെന്തെന്ന് അറിഞ്ഞതുപോലുമില്ല. വരുമാനത്തില്‍ കവിഞ്ഞ ചെലവ് ചെയ്യുന്ന നഗരവാസികള്‍ക്ക് അവരുടെ ധൂര്‍ത്തിന് കുറവുവന്നപ്പോഴാണ് പണത്തിന്‍റെ നീക്കം മന്ദഗതിയിലായതും സാമ്പത്തിക മാന്ദ്യം എന്ന പ്രതിഭാസം ലോകത്തെ പിടിച്ചുലച്ചതും.

ഒരു സാധനത്തിന്‍റെ വില അതു വില്‍ക്കപ്പെടുന്ന സമൂഹത്തിലെ സാമ്പത്തികനിലയും പണം ചെലവഴിക്കുവാനുള്ള മടിയില്ലായ്മയും അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു എന്നതും പ്രത്യേകം ശ്രദ്ധാവ്യമാണ്. അതായത് മനുഷ്യരുടെ കയ്യിലിരിക്കുന്ന പണമാണ് ഉല്പന്നത്തിന്‍റെ വില നിശ്ചയിക്കുന്നത്. ധനം ധൂര്‍ത്തടിക്കുന്ന സമൂഹത്തിലായിരിക്കും ഒരു സാധനത്തിന് ഏറ്റവുമധികം വിലയുള്ളത്. ഒരു ഉല്പന്നത്തിന്‍റെ വിലയും അതിന്‍റെ ആവശ്യവും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്നാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്.

5000 കോടി ഡോളറിലേറെ സര്‍ക്കാര്‍ ഖജനാവില്‍നിന്നും ചെലവഴിച്ച് ഒരു രാജകീയവിവാഹം ഈയിടെ ലണ്ടനില്‍ കൊണ്ടാടിയപ്പോള്‍ ഒരു മനുഷ്യനും സങ്കല്‍പ്പിക്കാനാവാത്തവണ്ണം ഒരു വിവാഹധൂര്‍ത്താണ് അവിടെ നടന്നത്. രണ്ട് വ്യക്തികള്‍ ഒന്നാകുന്ന ഒരു ചടങ്ങ് മാത്രമായിരുന്നു അത്. നമ്മുടെ നാട്ടിലേ ഇടവകപ്പള്ളിയിലോ അമ്പലത്തിലോ അല്ലെങ്കില്‍ ഒരു രജിസ്റ്ററാഫീസില്‍ വച്ചോ ഒരു താലിച്ചരട് കഴുത്തില്‍ ചാര്‍ത്തി നടക്കുന്ന കല്യാണത്തില്‍നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല ലണ്ടനില്‍ നടന്ന, ലോകനേതാക്കള്‍ പങ്കെടുത്ത ആ വിവാഹമാമാങ്കവും. എല്ലാ വിവാഹങ്ങളും ഒരേ പോലെ അനുഗ്രഹിക്കുന്ന ദൈവം ലണ്ടനില്‍ നടന്ന ആഡംബര രാജകീയ വിവാഹത്തിന് ഒരു മാത്രയെങ്കിലും അനുഗ്രഹം കൂടുതലായി നല്‍കിയിട്ടുണ്ടെന്ന് വിചാരിക്കാന്‍ വയ്യ. പണത്തിന്‍റെ വലിപ്പമോ, ആഡംബരത്തിന്‍റെ മേല്‍ക്കോയ്മയോ, സല്‍ക്കാരത്തിന്‍റെ ധാരാളിത്തമോ അടിസ്ഥാനമാക്കിയല്ല വിവാഹങ്ങള്‍ ആശീര്‍വ്വദിക്കപ്പെടുന്നത്. ദൈവത്തിന്‍റെ മുമ്പില്‍ കല്യാണങ്ങള്‍ വലിയതോ ചെറിയതോ അല്ല. എത്ര ധാരാളിത്തം കാണിച്ചാലും എത്രയധികം മനുഷ്യര്‍ പങ്കെടുത്ത് ആവശ്യത്തിലധികം തിന്നുകുടിച്ച് മതിമറന്നാലും ദൈവം ആശീര്‍വ്വദിക്കുന്നില്ലെങ്കില്‍ ആ വിവാഹങ്ങളൊക്കെ നിമിഷായുസ്സായിത്തീരും. കല്യാണപ്പാര്‍ട്ടിയില്‍ നമ്മള്‍ നടത്തുന്ന സല്‍ക്കാരധൂര്‍ത്ത് വരന്‍റെയും വധുവിന്‍റെയും പിന്നീടുള്ള ജീവിതത്തിന് ഓരോ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഒട്ടും സഹായകരമാവില്ല എന്നും കൂടി വിവാഹാവസരങ്ങളില്‍ ധനം ധൂര്‍ത്തടിച്ച് ആഘോഷിക്കുന്നവര്‍ ഓര്‍മ്മിക്കുന്നത് നന്ന്.

പക്ഷേ ഇതൊക്കെയാണെങ്കിലും നമ്മള്‍ ഏറ്റവും കൂടുതല്‍ ധൂര്‍ത്ത് കാണിക്കുന്ന ഒരു വേളയാണ് വിവാഹങ്ങള്‍. ഏറ്റവും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും ഭക്ഷണം മിച്ചംവച്ച് വേയ്സ്റ്റാക്കുന്നതും കല്യാണസദ്യകളിലാണ്. നമ്മള്‍ മിച്ചംവയ്ക്കുന്ന ഓരോ തരി ഭക്ഷണവും നമ്മളുടേതല്ല മറ്റുള്ളവന്‍റേതാണെന്ന് ഓര്‍മ്മിക്കുക. വിശന്നിരിക്കുന്നവര്‍ക്ക് കഴിക്കുവാനുള്ള വസ്തുവാണ് ഭക്ഷണം. ഏറ്റവും വിശപ്പുള്ളവനാണ് ആദ്യം ഭക്ഷണം കഴിക്കേണ്ടത്. നന്നായി വിശന്നിട്ടേ ഭക്ഷണം കഴിക്കാവൂ. ഭക്ഷണത്തിന് മുമ്പിലിരിക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കുക: നമ്മളേക്കാളും വിശന്നിരിക്കുന്നവര്‍ ആരെങ്കിലും ഈ ലോകത്തുണ്ടെങ്കില്‍ ആ ഭക്ഷണം നമ്മളുടേതല്ല മറിച്ച് അവരുടേതാണ്. നമ്മള്‍ ഭക്ഷിച്ച് മിച്ചംവയ്ക്കുമ്പോള്‍ ഓര്‍ക്കുക: അവരുടെ ഭക്ഷണം കൂടിയാണ് നമ്മള്‍ എച്ചില്‍പാത്രത്തില്‍ എറിഞ്ഞുകളയുന്നത്. ലോകം അതിഭീകരമായ ഭക്ഷ്യ അരക്ഷിതത്ത്വത്തിലേയ്ക്ക് നീങ്ങുമ്പോഴാണ് നമ്മള്‍ ഒരു മനഃസാക്ഷിക്കുത്തും കൂടാതെ നമ്മുടെ ആഘോഷങ്ങളില്‍ ഭക്ഷ്യധാരാളിത്തം കാണിക്കുന്നത്. മിതവ്യയം ഏറ്റവും ആവശ്യമായി വരുന്നതും ഈ മേഖലയിലാണ്. ഈ ലോകത്ത് നമ്മള്‍ മാത്രമല്ല ജീവിക്കുന്നത്. വിവാഹങ്ങള്‍ മാത്രമല്ല, കിടുന്ന അവസരങ്ങള്‍ മുഴുവനും ആഘോഷിക്കുന്നവരാണ് മലയാളികള്‍. അവസരങ്ങള്‍ ഇല്ലെങ്കില്‍ അത് സൃഷ്ടിക്കുവാനും നമുക്ക് മടിയില്ല. ഞാന്‍ എന്ന വ്യക്തിക്ക് പണം ധാരാളമായുണ്ടെങ്കില്‍ അത് മറ്റുള്ളവരെ അറിയിക്കുവാനാണ് അവസരങ്ങളെന്നും സംഭവങ്ങളെന്നും കരുതുന്നവര്‍ ഓര്‍ക്കുക, സംഭവം നിങ്ങളുടെ ജീവിതത്തില്‍ മാത്രമാണ്. മറ്റുള്ളവര്‍ക്ക് അത് മൂക്കുമുട്ടെ തിന്നുകുടിക്കുവാനുള്ള ഒരു അവസരം മാത്രമാണ്.

മനുഷ്യരുടെ ധൂര്‍ത്ത് വര്‍ദ്ധിപ്പിക്കുവാനാണ് ബാങ്കുകള്‍ മത്സരിക്കുന്നത്. ഏറ്റവും കൂടുതല്‍ പണം ഏറ്റവും വേഗതയില്‍ കൈമാറ്റം ചെയ്യിക്കുന്നതില്‍ അവര്‍ ബദ്ധശ്രദ്ധരാണ്. 24 മണിക്കൂര്‍ ബാങ്കുകളും കവലകള്‍തോറും എ.റ്റി.എം. കൗണ്ടറുകളും core banking സൗകര്യങ്ങളും മൊബൈല്‍ ഫോണ്‍ വഴിയുള്ള പണത്തിന്‍റെ കൈമാറ്റവും ഈ പ്രവണത കൂട്ടുവാനുള്ള മാര്‍ഗ്ഗങ്ങളാണ്. വീട്ടിലിരിക്കുന്ന സ്വര്‍ണ്ണംപോലും പണമാക്കി മാറ്റുവാന്‍ ചില പണമിടപാട് സ്ഥാപനങ്ങള്‍ സിനിമാതാരങ്ങളെപ്പോലും ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കുവാന്‍ തുടങ്ങിക്കഴിഞ്ഞു. സ്വര്‍ണ്ണം പണയം വച്ചിട്ടാണെങ്കിലും പണം കയ്യില്‍ വരുന്നത് മനുഷ്യന്‍റെ ധൂര്‍ത്ത് കൂട്ടുകയേ ഉള്ളൂ. അത്യാവശ്യമില്ലാത്ത വസ്തുക്കള്‍ വാങ്ങിക്കൂട്ടുവാനും വീടിന് വലിപ്പം കൂട്ടുവാനുമാണ് ഇത്തരം പണം കൂടുതലായും ഉപയോഗിക്കുന്നത്. മനസ്സിന് വലിപ്പമില്ലാത്തവര്‍ വീടിന് വലിപ്പം കൂട്ടിയിട്ട് എന്ത് ഗുണം? വിശാലമായ മുറ്റവും വീതികുറഞ്ഞ മനസ്സുമാണ് ഇന്ന് ഉള്ളത്. ചെറിയ കുടുംബവും വലിയ വീടും.

ഇപ്പോള്‍ മിക്കവാറും എല്ലാ കടകളിലും എ.റ്റി.എം. വഴി പണം മാറുവാനുള്ള സൗകര്യങ്ങളുണ്ട്. ഇത്തരം കടകളില്‍നിന്നും കൂടുതല്‍ സാധനങ്ങള്‍ വാങ്ങുവാനും കടയില്‍ വന്നതിനുശേഷം അവിടെ കാണുന്ന പുതിയൊരു സാധനം നമുക്ക് ആവശ്യമില്ലെങ്കില്‍കൂടി വാങ്ങുവാനും നമ്മള്‍ കണക്കുകൂട്ടിവച്ചിരിക്കുന്ന കുടുംബ ബജറ്റിന് താങ്ങാനാവാത്ത വിലയാണെങ്കില്‍കൂടി വാങ്ങുവാനും ഈ സൗകര്യങ്ങള്‍ നമ്മളെ പ്രേരിപ്പിക്കുന്നു. ഇതും പണം ധൂര്‍ത്തടിക്കല്‍ തന്നെയാണ്. 2010-2011 സാമ്പത്തികവര്‍ഷത്തില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഇന്ത്യയില്‍ 75515.68 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഡെബിറ്റ് കാര്‍ഡ് വഴി നടന്നത് മുന്‍വര്‍ഷത്തേക്കാള്‍ 46.46 ശതമാനം വര്‍ദ്ധിച്ച് 38,691.88 കോടി രൂപയുടെ ഇടപാടുകളാണ്.

പണത്തിന്‍റെ ലഭ്യതയും ധൂര്‍ത്തിന് കാരണമാണ്. സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന പണമാണെങ്കില്‍ അത് വെറുതേ ചെലവാക്കിക്കളയുവാന്‍ മനുഷ്യര്‍ക്ക് മടിയുണ്ടാകും. ധൂര്‍ത്തപുത്രന്‍റെ ഉപമ നമ്മളോട് പറയുന്നതും ഇതുതന്നെയാണ്. ഇന്നലെവരെ പിതാവിന്‍റെ കൈവശമിരുന്ന സ്വത്ത് ഇന്ന് കൈയ്യില്‍ വന്നുചേര്‍ന്നപ്പോള്‍ അത് പുത്രന് സ്വയം അദ്ധ്വാനിക്കാതെ ലഭിച്ച സ്വത്തായി മാറി. അത് ധൂര്‍ത്തടിച്ചു തീര്‍ക്കുവാന്‍ ഒരു മടിയും ധൂര്‍ത്തപുത്രന് ഉണ്ടായിരുന്നില്ല. ഇന്നത്തെ തലമുറയും ഇതില്‍ നിന്നും വ്യത്യസ്തമല്ല. മക്കളെക്കൊണ്ട് തൊടീക്കാതെ സമ്പത്തു മുഴുവനും കൈവശംവച്ചിട്ട് മരിച്ചുപോകുന്ന കാരണവരുടെ മക്കള്‍ ആ സ്വത്തു മുഴുവനും ധൂര്‍ത്തടിച്ച് നശിച്ച് നാറാണക്കല്ലു പിടിക്കുന്നത് നമ്മുടെ നാട്ടിലും സാധാരണമാണ്. എളുപ്പവഴിയില്‍ കൂടുതല്‍ പണം കുറച്ച് സമയം കൊണ്ട് ലഭിക്കുമെങ്കില്‍ അതു ചെലവാക്കിത്തീര്‍ക്കുവാനും അധികസമയം വേണ്ടിവരില്ല. ഒരു തലമുറ ഉണ്ടാക്കുന്നതും സമ്പാദിച്ച് കൂട്ടുന്നതും മുഴുവനും ധൂര്‍ത്തടിച്ച് തീര്‍ക്കുന്നത് പിന്നീട് വരുന്ന തലമുറകളായിരിക്കും.

പണത്തിന്‍റെ ധൂര്‍ത്തിന് ഒരു വശം കൂടിയുണ്ട്. ഒരു സമൂഹത്തില്‍ കുറച്ച് ആള്‍ക്കാര്‍ പണം അനാവശ്യമായി ചെലവഴിക്കുന്നുണ്ടെങ്കില്‍ അതിന്‍റെദോഷം ആ സമൂഹത്തിലെ മറ്റ് ആള്‍ക്കാര്‍ക്കും കൂടിയായിരിക്കും. ഓരോരുത്തരും പണം സമ്പാദിക്കുന്നത് ഓരോ രീതിയിലും വഴിയിലൂടെയുമാണെങ്കിലും പണം ചെലവഴിക്കുന്നത് ഒരു വഴിയില്‍കൂടി മാത്രമാണ്. കൈക്കൂലിവാങ്ങിക്കുന്നവന്‍റേയും അന്യായപ്പലിശവാങ്ങുന്നവന്‍റേയും പകലന്തിയോളം അദ്ധ്വാനിക്കുന്നവന്‍റേയും കയ്യിലിരിക്കുന്ന രൂപയുടെ മൂല്യം അവര്‍ക്ക് വ്യത്യസ്തമായി തോന്നാമെങ്കിലും അവരുടെ കയ്യില്‍ നിന്നും പണം വാങ്ങുന്ന കടയുടമയ്ക്കോ ബാങ്കുകള്‍ക്കോ മറ്റ് പണമിടപാട് സ്ഥാപനങ്ങള്‍ക്കോ കരം പിരിക്കുന്ന സര്‍ക്കാരിനോ ആ വ്യത്യാസമില്ല. ഇവിടെ രൂപയ്ക്ക് ഒരേ വിലയാണുള്ളത്. ഒരുവന്‍ ധൂര്‍ത്തടിക്കുന്നവനായതുകൊണ്ട് അവന്‍റെ പക്കല്‍നിന്നും കൂടുതല്‍ പണമോ അപരന്‍ മിതവ്യയക്കാരനായതുകൊണ്ട് അവന്‍റെ പക്കല്‍നിന്നും കുറച്ചുപണമോ ഇവരാരും വാങ്ങുന്നില്ല. എല്ലാവര്‍ക്കും ഒരേ വില, ഒരേ കരം. പക്ഷേ ധൂര്‍ത്തടിക്കുന്നവന്‍ സമൂഹത്തില്‍ വിറ്റഴിയുന്ന സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പ്രധാന ഘടകമായതുകൊണ്ട് മിതവ്യയക്കാരും അതേ വില നല്‍കിത്തന്നെ സാധനങ്ങള്‍ വാങ്ങേണ്ടിവരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ കുറച്ച് പേര്‍ക്കു മാത്രം കുറച്ച് കാലത്തേയ്ക്ക് ആസ്വദിക്കുവാനുള്ളതല്ല ലോകം, മറിച്ച് കൂടുതല്‍ ആള്‍ക്കാര്‍ക്ക് കൂടുതല്‍ കാലത്തേയ്ക്ക് ജീവിക്കുവാനു ള്ളതാണ്.

Featured Posts