ജോര്ജ് വലിയപാടത്ത്
Oct 25
കേരളസഭയില്‍ കരിസ്മാറ്റിക് പ്രസ്ഥാനം പ്രചുരപ്രചാരം നേടിക്കഴിഞ്ഞിരിക്കുകയാണ്. കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ ദൈവാനുഭവത്തിലേക്കു വന്നവര്‍ പൊതുവേ പറയുന്നത് ഇങ്ങനെയാണ്: "വലിയൊരു അനുഭവമാണത്. അതിനുശേഷം ഞാനാകെ മാറിപ്പോയി. എന്തൊരു ശാന്തതയും സന്തോഷവുമാണെന്നോ! സ്വയം വിട്ടുകൊടുക്കുന്നവര്‍ക്കേ ഞാന്‍ പറയുന്നതു മനസ്സിലാകൂ. എന്നെ വിടാതെ പിന്തുടര്‍ന്നിരുന്ന പ്രശ്നങ്ങളൊക്കെ ഇല്ലാതായിരിക്കുന്നു. വലിയ ഭാരം ഇപ്പോള്‍ തൂവലുപോലെയാണ്, വെറുപ്പ് അനുകമ്പയ്ക്കു വഴിമാറി, ഞാന്‍ ഭയപ്പെട്ടിരുന്നവര്‍ സുഹൃത്തുക്കളായിത്തീര്‍ന്നു. ദൈവം എന്നോട് സംസാരിച്ചിരിക്കുന്നുവെന്ന് ഇന്നെനിക്കുറപ്പുണ്ട്."
പക്ഷേ അതേ മനുഷ്യന്‍ ചിലപ്പോഴെങ്കിലും പറയും: "ഇത് യഥാര്‍ത്ഥമാണോ എന്നുപോലും ഞാന്‍ വിചാരിച്ചുപോകുന്നു. ഇതു യഥാര്‍ത്ഥത്തിലുള്ള ഞാനാണോ? വേറൊരു ലോകത്തിലെത്തിയതുപോലെയുണ്ട് കാര്യങ്ങള്‍. ചിലപ്പോള്‍ പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ക്കുശേഷം ഞാന്‍ തനിയേ ആയിരിക്കുമ്പോള്‍ വല്ലാത്ത ഏകാന്തതയും സന്തോഷമില്ലായ്മയും തോന്നുന്നു. എന്‍റെ ശാന്തതയും സന്തോഷവും എക്കാലത്തേയ്ക്കും നിലനില്ക്കുമോ?"
തികഞ്ഞ അവജ്ഞയോടെയോ വലിയ ആവേശത്തോടെയോ അല്ലാതെ നാം കരിസ്മാറ്റിക് പ്രസ്ഥാനത്തെ സത്യസന്ധമായി ഒന്നു വിലയിരുത്തേണ്ടതുണ്ട്.
കരിസ്മാറ്റിക് പ്രസ്ഥാനത്തിന് ഇന്നു വലിയ സ്വാധീനമുണ്ട്. കാരണം, നമ്മുടെ ഔദ്യോഗിക ആരാധനാരീതികള്‍ മുരടിപ്പിക്കുന്ന അനുഭവങ്ങളായി പലപ്പോഴും മാറുന്നു. ഒരൊറ്റ കൂട്ടായ്മയായി - പ്രാര്‍ത്ഥിക്കുകയും പങ്കുവയ്ക്കുകയും പാടുകയും പ്രവര്‍ത്തിക്കുകയും ദുഃഖങ്ങള്‍ പറയുകയും ചെയ്യുന്ന കൂട്ടായ്മ - ഔദ്യോഗിക ആരാധനയില്‍ പങ്കെടുക്കുന്നവര്‍ മാറുന്നില്ല. സാക്ഷാല്‍ പൗലോസ്ശ്ലീഹാ ഇന്നുവന്നിരുന്നെങ്കില്‍ വളരെ നിഷ്ഠയോടെ നടത്തപ്പെടുന്ന ഔദ്യോഗിക ആരാധനയിലായിരിക്കുമോ, അതോ സ്വാതന്ത്ര്യം ഏറെ അനുവദിക്കുന്ന കരിസ്മാറ്റിക് പ്രാര്‍ത്ഥനായോഗത്തിലായിരിക്കുമോ ആശ്വാസം കണ്ടെത്തുക?
ലോകം വല്ലാതെ മത്സരാധിഷ്ഠിതമായിട്ടുണ്ട്. കഴിവുള്ളവര്‍ മാത്രം നേടുന്നു; അല്ലാത്തവര്‍ പിന്തള്ളപ്പെട്ടുപോകുന്നു. കഠിനമായ മത്സരം തങ്ങളല്ലാത്ത എല്ലാവരേയും ശത്രുക്കളായി ഗണിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളും ജോലിക്കാരും ഒരുപോലെ അരക്ഷിതത്വവും ഏകാന്തതയും അനുഭവിക്കുന്നുണ്ട്. നമ്മുടെ സഭ ഇത്തരക്കാര്‍ക്ക് എന്ത് ഉത്തരമാണു നല്കുന്നത്? ഉത്തരങ്ങളേക്കാള്‍ ഏറെ ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നു. സുരക്ഷിതമായ ഒരു അഭയകേന്ദ്രമായി മാറുന്നതില്‍ സഭ പരാജയപ്പെടുന്നു.
കരിസ്മാറ്റിക് കൂട്ടായ്മകളില്‍ ഒരു വ്യക്തി വലിയ ഒരു സൗഹൃദകൂട്ടായ്മയിലെ അംഗമായിത്തീരുന്നു. അതുവരെ പങ്കുവയ്ക്കാനാകാതിരുന്ന പലകാര്യങ്ങളും പങ്കുവയ്ക്കാന്‍ അവര്‍ പ്രാപ്തരായിത്തീരുന്നു. ദൈവാത്മാവിന്‍റെ പ്രവര്‍ത്തനംമൂലം അവരുടെ ദുഃഖം സന്തോഷമായും നിരാശ പ്രത്യാശയായും ഏകാന്തത സൗഹൃദമായും മാറുന്നു.
കരിസ്മാറ്റിക് പ്രസ്ഥാനത്തെ എങ്ങനെയാണു നാം വിലയിരുത്തേണ്ടത്? അടിച്ചമര്‍ത്തിവച്ച ഭക്തിയെന്ന വികാരം അതിന്‍റെ ന്യായമായ അവകാശം വീണ്ടെടുക്കുകയാണ് ഈ പ്രസ്ഥാനത്തിലൂടെ. എങ്കിലും നാം ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്:
കരിസ്മാറ്റിക് പ്രസ്ഥാനം യഥാര്‍ത്ഥത്തില്‍ മുറിവുണക്കുന്നുണ്ടോ?
കരിസ്മാറ്റിക് ധ്യാനങ്ങള്‍ക്കിടയ്ക്കു കേള്‍ക്കുന്ന അനുഭവസാക്ഷ്യങ്ങള്‍ ഒരു കാര്യം വ്യക്തമാക്കുന്നു. പലരുടെയും കാലാകാലങ്ങളായുള്ള പല പ്രശ്നങ്ങളും ഒറ്റനിമിഷംകൊണ്ട് ഇല്ലാതാകുന്നുണ്ട്. പക്ഷേ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയാണോ, അതോ മറയ്ക്കപ്പെടുകയാണോ?
ഡിപ്രെഷന്‍ എന്ന രോഗത്തിന്‍റെ ചികിത്സയില്‍ രോഗികള്‍ക്കു ലഘുവായ ഇലക്ട്രിക് ഷോക്കുകള്‍ നല്കാറുണ്ട്. അതുവഴി, കുറെയേറെ വര്‍ഷത്തേക്ക് അവരില്‍ ഡിപ്രെഷന്‍ ഉണ്ടാകില്ല. അതു രോഗം പരിഹരിച്ചതുകൊണ്ടല്ല, മൂടിവയ്ക്കപ്പെട്ടതുകൊണ്ടാണ്. മാനുഷിക കഴിവുകളുപയോഗിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിനു പകരം താല്‍ക്കാലിക ശമനത്തെ ആശ്രയിക്കുക വഴി പൂര്‍ണ്ണസൗഖ്യത്തെ കൂടുതല്‍ കൂടുതല്‍ വച്ചുതാമസിപ്പിക്കുന്നു. അത്ഭുതകരമായ സൗഖ്യങ്ങളെയും ഈ രീതിയില്‍ കാണാനാവില്ലേ എന്നു സംശയിച്ചുപോകുന്നു. പെട്ടെന്നൊരു അനുഭൂതിയില്‍ ചിലര്‍ അവരുടെ മാനസ്സികക്ഷതങ്ങള്‍ മറന്നേക്കാം. എന്നാല്‍ എന്നെങ്കിലും അതു വീണ്ടും ആവര്‍ത്തിക്കാന്‍ ഇടയായാല്‍, അവര്‍ ആദ്യത്തേതിലും അധികമായി നിരാശപ്പെടാന്‍ സാധ്യതയുണ്ട്.
ഉറക്കഗുളിക കഴിച്ചാല്‍ തീര്‍ച്ചയായും നമുക്ക് ഉറങ്ങാനാകും. പക്ഷേ, സ്വതവേ ഉറങ്ങാനുള്ള കഴിവ് നമുക്കു നഷ്ടമാകും. കരിസ്മാറ്റിക് ധ്യാനം നമുക്കു പെട്ടെന്നുള്ള സന്തോഷവും സുഖവും സൗഹൃദവും ഒക്കെ നല്കാം. പക്ഷേ അടിത്തറയിട്ടു സാവധാനം പണിതു രൂപപ്പെടുത്തേണ്ട സൗഹൃദവും സന്തോഷവും സമാധാനവും നമുക്കു ലഭിക്കാതെ വരാം.
കരിസ്മാറ്റിക് അനുഭവം ക്ഷതമേല്പിക്കുമോ?
പലര്‍ക്കും കരിസ്മാറ്റിക് ധ്യാനം വളരെ പ്രയോജനകരമായി അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ വേണ്ടവിധം ഒരുക്കങ്ങള്‍ നടത്താത്തവരില്‍ ചില ക്ഷതങ്ങള്‍ ഏല്ക്കുന്നതായും കാണപ്പെടാറുണ്ട്.
മുന്നൊരുക്കത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ക്രിസ്തീയ പാരമ്പര്യത്തില്‍ വ്യക്തമായ ചില ധാരണകളുണ്ട്. ക്രിസ്തു ലോകത്തിലേക്കു വരുന്നതിനുമുമ്പ് ലോകത്തെ അതിനുവേണ്ടി ഒരുക്കുകയുണ്ടായി. ഉപവാസമില്ലാതെ ക്രിസ്തുമസ്സോ, നോമ്പില്ലാതെ ഈസ്റ്ററോ നാം ആഘോഷിക്കാറില്ല.
കരിസ്മാറ്റിക് അനുഭൂതികളുടെ തള്ളിക്കയറ്റം ചിലരുടെ കാര്യത്തിലെങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. വൈകാരിക വിക്ഷുബ്ധതയില്‍ ബ്രെയ്ക്ഡൗണുകള്‍പോലും സംഭവിക്കാം. വേറൊരു കാര്യം, താരതമ്യം കൊണ്ടുവരുന്ന പ്രശ്നങ്ങളാണ്. മറ്റുള്ളവര്‍ വളരെ സന്തോഷം അനുഭവിക്കുന്നു; തനിക്കതിനാകുന്നില്ല. മറ്റുള്ളവര്‍ക്കു ഭാഷാവരം കിട്ടി; തനിക്കതു കിട്ടുന്നില്ല. തന്നെക്കുറിച്ചുതന്നെ അപകര്‍ഷതാബോധമുണ്ടാകാന്‍ ഇതിടയാക്കുന്നു. അതിനുകാരണം തന്‍റെ ഏതോ പാപമായിരിക്കുമെന്നു കണ്ടെത്തുന്നു. വലിയ കുറ്റബോധവും തുടര്‍ന്ന് കൂടുതല്‍ ഡിപ്രെഷനും ഏകാന്തതയും ഉണ്ടാകുന്നു. ചോദിക്കുവിന്‍; ലഭിക്കും എന്നാണു വി. ഗ്രന്ഥം പറയുന്നത്. ലഭിക്കാത്തവരെ സംബന്ധിച്ചിടത്തോളം കരിസ്മാറ്റിക് പ്രസ്ഥാനം വലിയ ക്ഷതമേല്പിക്കാം.
ആളുകളുടെ വൈകാരിക മേഖലയെ വളരെ ശ്രദ്ധയോടെ കരിസ്മാറ്റിക്പ്രസ്ഥാനത്തിന്‍റെ നേതാക്കള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്.
കരിസ്മാറ്റിക് പ്രസ്ഥാനം കൂട്ടായ്മ സൃഷ്ടിക്കുന്നുണ്ടോ?
ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. പെട്ടെന്നുതന്നെ രൂപപ്പെടുന്ന ഗാഢസൗഹൃദങ്ങള്‍ ഇതിന്‍റെ ഒരു പ്രത്യേകതയാണ്. എങ്കിലും ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എല്ലാ ലജ്ജയും പരിഭ്രമവും മാറ്റിവച്ച് ഇത്തരം കൂട്ടായ്മകളില്‍ ചിലര്‍ അവരെത്തന്നെ തുറന്നുകാണിക്കാറുണ്ട്. അവരുടെ അനന്യതയെ പൂര്‍ണ്ണമായും ഇല്ലാതാക്കി, അവര്‍ ഗ്രൂപ്പില്‍ അലിഞ്ഞുചേരുന്നു. പക്ഷേ ഇതു യഥാര്‍ത്ഥമാണോ? തന്‍റേതായതെല്ലാം കൂട്ടായ്മയ്ക്കു കൊടുത്തതോടെ, ആ കൂട്ടായ്മയില്ലെങ്കില്‍ അസ്വസ്ഥമാകുക സ്വാഭാവികമാണ്. ചിലയാളുകള്‍ പ്രാര്‍ത്ഥനാമീറ്റിങ്ങുകളില്‍ വളരെ ഊര്‍ജ്ജസ്വലതയോടെ പങ്കെടുത്തശേഷം, തനിയേ ആകുന്ന വേളകളില്‍ വലിയ ഏകാന്തതയ്ക്ക് അടിമപ്പെട്ടു പോകാറുണ്ട്. ഓരോരുത്തരെയും സ്വതന്ത്രരായി, സ്വന്തംകാലില്‍ നിര്‍ത്താന്‍ ഇത്തരം കൂട്ടായ്മകള്‍ പലപ്പോഴും പരാജയപ്പെടുന്നു. നല്ലയൊരു ആരാധനാകൂട്ടായ്മയില്‍ അംഗങ്ങള്‍ തമ്മിലുള്ള അടുപ്പവും അകലവും ശ്രദ്ധാപൂര്‍വ്വം സംരക്ഷിക്കേണ്ട ഒന്നാണ്. കരിസ്മാറ്റിക് കൂട്ടായ്മകളിലെ അംഗങ്ങള്‍ തമ്മിലുള്ള അടുപ്പം പലപ്പോഴും കൂട്ടായ്മയ്ക്കു വെളിയിലുള്ളവരെ അകറ്റിനിര്‍ത്തുന്ന രീതിയില്‍ ആയിപ്പോകാറുണ്ട്. "ഞങ്ങളും നിങ്ങളും" എന്ന പ്രയോഗം ഇത്തരം കൂട്ടായ്മകളില്‍ സാധാരണമായിത്തീരുന്നു.
കരിസ്മാറ്റിക് പ്രാര്‍ത്ഥന തനിയെത്തന്നെ (Spontaneous) സംഭവിക്കുന്നതാണോ?
ഒട്ടുമേ ഔപചാരികതയില്ലാത്ത കരിസ്മാറ്റിക് പ്രാര്‍ത്ഥനകള്‍, അവയെല്ലാം പരിശുദ്ധാത്മാവിന്‍റെ നേതൃത്വത്തിലാണു നടത്തപ്പെടുന്നതെന്ന പ്രതീതി ജനിപ്പിക്കാറുണ്ട്. സത്യത്തില്‍ വളരെ ക്രമീകൃതമാണത്. ആദ്യം സാക്ഷ്യങ്ങള്‍, പാട്ടുകള്‍, വായനകള്‍. പിന്നീട് ഓരോരുത്തരും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. അവസാനം, കൈവയ്പുശുശ്രൂഷയും ഭാഷാവരമുപയോഗിച്ചുള്ള പ്രാര്‍ത്ഥനകളും. ഈ ക്രമം പാലിക്കപ്പെടുന്നത് വ്യക്തമായ നേതൃത്വം ഉള്ളതുകൊണ്ടാണ്.
പക്ഷേ പൊതുവേ കൂട്ടായ്മയുടെ നേതാക്കള്‍ എല്ലാ ഉത്തരവാദിത്വവും പരിശുദ്ധാത്മാവിനെ ഭരമേല്പിക്കും. പരിശുദ്ധാത്മാവിന് ദോഷകരമായ കാര്യങ്ങളൊന്നും ചെയ്യാനാകില്ലല്ലോ. ഇത്തരം ന്യായവാദങ്ങളിലൂടെ അവര്‍ അവരുടെ ഉത്തരവാദിത്വം കൈയൊഴിയുന്ന രീതിയുണ്ട്.
കരിസ്മാറ്റിക്പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു കാര്യംകൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്:
കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ ധാരാളം ചെറുപ്പക്കാര്‍ സഭാ ജീവിതത്തിലേക്കു തിരികെവരുന്നുണ്ട്. ധ്യാനത്തില്‍ പങ്കെടുക്കുന്നതോടെ, അവര്‍ കുര്‍ബാനയിലും കൊന്തനമസ്കാരത്തിലും ഒക്കെ പങ്കെടുക്കുന്നു. പക്ഷേ പ്രസക്തമായ മറ്റു ചില കാര്യങ്ങളുമുണ്ട്. ദൈവശാസ്ത്രമേഖലയുടെ നൂതനധാരകളെ അവര്‍ തെല്ലും പരിഗണിക്കുന്നില്ല, ദൈവത്തിന്‍റെ മാനുഷികമുഖം ചര്‍ച്ചയ്ക്കുവരുന്നില്ല. മനഃശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലുമുള്ള കണ്ടെത്തലുകള്‍ ദൈവത്തെക്കുറിച്ചു പുതിയതും പ്രസക്തവുമായ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. രണ്ടാംവത്തിക്കാന്‍ സൂനഹദോസ് സഭയെ കൂടുതല്‍ കൂടുതല്‍ മാനവീകരിക്കുന്നതിനെക്കുറിച്ചു പഠിപ്പിക്കുകയുണ്ടായി. ഇവയില്‍ നിന്നൊക്കെ അകലം പാലിച്ച്, ദൈവവുമായുള്ള ഒരു ഹോട്ട്ലൈന്‍ ബന്ധത്തില്‍മാത്രം കരിസ്മാറ്റിക്പ്രസംഗങ്ങള്‍ ശ്രദ്ധചെലുത്തുന്നു.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിമര്‍ശനങ്ങള്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ നന്മയെ കാണാതെയല്ല. തീര്‍ച്ചയായും അത് ദൈവത്തെ ജീവനുള്ള ദൈവമാക്കിയിട്ടുണ്ട്- അനുഭവിക്കാനാവുന്ന ദൈവം. തലയില്‍നിന്ന് ഹൃദയത്തിലേക്കു ദൈവത്തെ കൊണ്ടുവരാന്‍ ഈ പ്രസ്ഥാനത്തിനായി. ദൈവാനുഭവത്തിനുവേണ്ടിയുള്ള ആഴമേറിയ അന്വേഷണത്തിനുള്ള ഉത്തരം പലര്‍ക്കും കരിസ്മാറ്റിക്പ്രസ്ഥാനം നല്കുന്നുണ്ട്. അവയൊക്കെ അംഗീകരിക്കുമ്പോള്‍തന്നെ, അതിന്‍റെ നെഗറ്റീവ് വശങ്ങള്‍ തിരുത്തപ്പെടണം. ദൈവാനുഭവത്തിനുവേണ്ടിയുള്ള അന്വേഷണങ്ങള്‍ സദാ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.