top of page
ഇതാ ഈ ഭൂമിയില്‍ ഒരു കൂട്ടം മനുഷ്യര്‍: ധാരാളിത്തത്തിനും ധൂര്‍ത്തിനും പേരുകേട്ട ഒരു സമൂഹത്തിനു മധ്യത്തിലായിരിക്കുമ്പോഴും ആധുനിക ജീവിതശൈലിയെ ബോധപൂര്‍വം പടിക്കുപുറത്തു നിര്‍ത്തി, ലാളിത്യത്തിലും പരമ്പരാഗതശൈലിയിലുമുള്ള ഒരു ജീവിതരീതിക്കൊപ്പം ചുവടുവയ്ക്കുന്നവര്‍. ആമിഷുകള്‍ പീഡനം ഭയന്നാണ് ജര്‍മനിയില്‍നിന്ന് അമേരിക്കയിലെത്തിയത്. അവര്‍ ജര്‍മ്മന്‍-ഇംഗ്ലീഷ് എന്ന ഒരു പ്രാദേശിക ഭാഷ സംസാരിക്കുന്നു. പുറംലോകവുമായി തീര്‍ത്തും ഒഴിവാക്കാനാവാത്ത അവസരങ്ങളില്‍ മാത്രമേ അവര്‍ ബന്ധം പുലര്‍ത്തുന്നുള്ളൂ. അതുകൊണ്ടാവാം കഴിഞ്ഞ ഇരുന്നൂറ്റമ്പതു കൊല്ലത്തിനിടയില്‍ അവരുടെ സംസ്കാരവും ആചാരവും പരമ്പരാഗതശൈലികളും നാമമാത്രമായേ മാറിയിട്ടുള്ളൂ. അവരുടെ ജീവിതത്തെ നയിക്കുന്ന ദര്‍ശനം വളരെ ലളിതമാണ്- പ്രകൃതിയിലേക്കു മടങ്ങുക. പ്രകൃതിയുമൊത്തുള്ള സ്വരൈക്യത്തിലുള്ള ജീവിതം അതവര്‍ പ്രസംഗിക്കുക മാത്രമല്ല, പ്രവൃത്തിപഥത്തിലെത്തിക്കുകയുമാണ്.
പെന്‍സില്‍ വാനിയയിലെ ലങ്കാസെറ്റര്‍ പ്രവിശ്യയിലുള്ള ഒരു ആമിഷ് ഗ്രാമം കാണാനിടയായത് ശരിക്കും ഒരു വെളിപാടു കണക്കെയായിരുന്നു എനിക്ക്. 2,50,000 ഓളം വരുന്ന ആമിഷുകള്‍ അമേരിക്കയിലെ 25 ഓളം സ്റ്റേറ്റുകളില്‍ ചെറിയ ചെറിയ കൂട്ടങ്ങളായി ജീവിക്കുന്നു. ഇവര്‍ ഏറ്റവും കൂടുതലുള്ളത് ഓഹിയോയിലും പെന്‍സില്‍ വാനിയയിലുമാണ്. ഇവരുടെ ഗ്രാമങ്ങളില്‍ വൈദ്യുതിയില്ല; അതുകൊണ്ടുതന്നെ ഫ്രിഡ്ജോ, ടെലിവിഷനോ, അങ്ങനെയേതെങ്കിലും ഇലക്ട്രിക് ഉപകരണങ്ങളോ അവിടെയില്ല. മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കാത്ത അവര്‍ ചക്രങ്ങളും ഒറ്റ സീറ്റുമുള്ള ഒറ്റക്കുതിരവണ്ടികളാണ് യാത്രയ്ക്കുപയോഗിക്കുന്നത്. പ്രധാന തൊഴില്‍ കൃഷിയും മൃഗങ്ങളെ വളര്‍ത്തലുമാണ്. കോമ്പടിയുണ്ടാക്കുന്നതില്‍ അഗ്രഗണ്യരാണ് ആമിഷ് സ്ത്രീകള്‍. പുരുഷന്മാര്‍ താടി നീട്ടിവളര്‍ത്തുന്നവരും തൊപ്പിയും ജാക്കറ്റും ധരിക്കുന്നവരുമാണ്. സ്ത്രീകള്‍ക്ക് പ്രത്യേകതരം ജാക്കറ്റും പാവാടയുമുണ്ട്. അവരും തൊപ്പിയണിയും. പ്രത്യേകിച്ച് ഒരു മേക്കപ്പുമണിയാത്ത അവര്‍ ആര്‍ഭാടജീവിതത്തെ ദൂരെ നിര്‍ത്തുന്നു.
അവിടുത്തെ പരമാധികാരം തെരഞ്ഞെടുക്കപ്പെടുന്ന മെത്രാന്മാര്‍ക്കാണ്. മതപരമായ കാര്യങ്ങളിലും പൗരസംബന്ധമായ തര്‍ക്കങ്ങളിലും അവരുടെ തീര്‍പ്പുകള്‍ ഏവര്‍ക്കും ബാധകമാണ്. കേസുകൊടുക്കലും വാദവും നന്നേ വിരളമാണ്. കുറ്റകൃത്യങ്ങള്‍ ഈ ഗ്രാമങ്ങളില്‍ ഒട്ടുമേയില്ല. ആമിഷ് ഗ്രാമങ്ങളില്‍തന്നെയുള്ള സ്കൂളുകളില്‍ കുട്ടികള്‍ എട്ടുവരെ പഠിക്കുന്നു. പിന്നെ കൃഷിയോ അവരുടെ സമൂഹത്തിനാവശ്യമായ മറ്റെന്തെങ്കിലും തൊഴിലോ ശീലിക്കും. ഗ്രാമത്തിനു വെളിയില്‍ പണിക്കു പോകുന്നവര്‍ വൈകുന്നേരങ്ങളില്‍ വീടുകളിലേക്കു മടങ്ങും. ആമിഷ് ഗ്രാമം വീട്ട് പുറംലോകത്തു ജീവിക്കാനായി പോകുന്നവര്‍ അങ്ങേയറ്റം കുറവാണ്.
കല്യാണം നടക്കുന്നത് സമൂഹത്തിലുള്ളവര്‍ തമ്മില്‍ മാത്രമാണ്. വെളിയിലുള്ളവരുമായുള്ള വൈവാഹികബന്ധം അവര്‍ സ്വയം പുറത്താകുന്നതിനു കാരണമാകുന്നു. എല്ലാ ആഴ്ചയും മെത്രാന്‍റെ മേല്‍നോട്ടത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷ ഓരോ വീട്ടില്‍വെച്ചു നടത്തപ്പെടും. അതിനുള്ള സൗകര്യം ഒരുക്കേണ്ടതും പ്രാര്‍ത്ഥനക്കുശേഷമുള്ള ഭക്ഷണം കൊടുക്കേണ്ടതും വീട്ടുകാര്‍തന്നെയാണ്. ചെറിയ ചെറിയ മാറ്റങ്ങള്‍ ഇവരുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. എന്നിരുന്നാലും അടിസ്ഥാന വിശ്വാസങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും ഒട്ടും അന്തരമുണ്ടായിട്ടില്ല. മുഖ്യധാരയിലുള്ള ആരുമായും ഇവര്‍ ഇടപഴകാറില്ല. അതുകൊണ്ടുതന്നെ അവരുടെ ഫോട്ടോ എടുക്കുന്നതും അവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതും നിഷിദ്ധമാണ്.
2006 ഒക്ടോബറില്‍ നടന്ന ഒരു ദാരുണ സംഭവം മാത്രം മതി, ആമിഷ് സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്ന ധാരണയുണ്ടാകാന്‍. ആമിഷുകാരനല്ലാത്ത, ബുദ്ധി ഭ്രമം ബാധിച്ച ഒരു മനുഷ്യന്‍ സര്‍വാംഗം ആയുധധാരിയായി ലങ്കാസെറ്റര്‍ പ്രവിശ്യയിലെ ആമിഷ് പള്ളിക്കൂടത്തില്‍ ഇടിച്ചുകയറി, 7 നും 12 നും ഇടക്കു പ്രായമുള്ള എട്ടു പെണ്‍കുട്ടികളെ പിടിച്ചു കെട്ടിയിട്ടു. അയാള്‍ അവരെ ബലാല്‍ക്കാരം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ പെട്ടെന്നു മുഴങ്ങിയ അലാറം അയാളെ കൂടുതല്‍ ഉന്മാദിയാക്കി. പിന്നെ നടന്നത് മരണത്തിന്‍റെ ഭീകരതാണ്ഡവമായിരുന്നു. അയാള്‍ ഉതിര്‍ത്ത വെടിയുണ്ടകളാല്‍ ഏഴു കുഞ്ഞുങ്ങളും അവിടെവച്ചുതന്നെ മരിച്ചു: ഒരാള്‍ ആശുപത്രിയില്‍വെച്ചും. ഒടുക്കം അയാളും സ്വയം വെടിവെച്ചു മരിച്ചു. ആമിഷ് സമൂഹം മുഴുവനും ഞെട്ടിവിറച്ചു. ഒരാഴ്ചക്കാലം മുഴുവന്‍ അമേരിക്കയുടെയും ശ്രദ്ധ ഈ സമൂഹത്തിന്മേലായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനും പ്രാര്‍ത്ഥനകള്‍ക്കുമൊടുക്കും ഗദ്ഗദങ്ങള്‍ക്കിടയില്‍ ആ എട്ടു കുഞ്ഞുങ്ങളും അടക്കം ചെയ്യപ്പെട്ടു.
പിന്നീടു നടന്നതെന്തെന്നോ? ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഒത്തുകൂടി, കൊലപാതകിയോടു ക്ഷമിക്കാനായിട്ട് തീരുമാനമെടുത്തു! അയാളുടെ ഭാര്യയെയും നേരിട്ട് കണ്ട്, അവര്‍ ആശ്വസിപ്പിച്ചു. അവര്‍ എല്ലാ സഹായസഹകരണങ്ങളും ആ കുടുംബത്തിനു വാഗ്ദാനം ചെയ്തു; കൂടാതെ അപ്പോള്‍ ആ കുടുംബം താമസിച്ചിരുന്ന തങ്ങളുടെ അടുത്തുള്ള ഗ്രാമത്തില്‍നിന്ന് ദൂരേക്കു പോകരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വെറുപ്പിന്‍റെ ലാഞ്ഛനപോലുമില്ലാതെ സഹാനുഭൂതിയോടെ മാത്രം അവര്‍ ആ കുടുംബത്തോട് ഇടപെട്ടു. എല്ലാവരെയും അത്ഭുതപ്പെടുത്തിയ മറ്റൊന്നുകൂടി സംഭവിച്ചു. ആത്മഹത്യ ചെയ്ത ആ കൊലപാതകിയുടെ മൃതസംസ്കാരത്തിന് കുറച്ച് ആമിഷ് സ്ത്രീ-പുരുഷന്മാര്‍ പങ്കെടുക്കുക കൂടി ചെയ്തു. കുഞ്ഞുനാളങ്ങളെ തല്ലിക്കെടുത്തിയ ആ അതിക്രൂരനോട് തങ്ങള്‍ ഒട്ടും പക സൂക്ഷിക്കുന്നില്ലെന്ന് അവര്‍ അങ്ങനെ ലോകത്തോട് പ്രഖ്യാപിച്ചു.
ആ ഗ്രാമവും സ്കൂളും കാണാന്‍ വരുന്ന സന്ദര്‍ശകരുടെ തിരക്കായിരുന്നു അന്നാളുകളിലൊക്കെ. അതൊഴിവാക്കാന്‍ ആ സമൂഹം ചെയ്തതെന്തെന്നോ? ആ സ്കൂളു മുഴുവന്‍ ഒറ്റ രാത്രികൊണ്ട് ഇടിച്ചുനിരത്തി, പുല്ലുവെച്ചുപിടിപ്പിച്ചു. ആ വലിയ പാതകത്തെ ഓര്‍മ്മിപ്പിക്കുന്ന ഒന്നും ഉണ്ടായിക്കൂടാ എന്നതായിരുന്നു അവരുടെ തീരുമാനം. തങ്ങളുടെ ശാന്തസുന്ദരമായ ജീവിതത്തെ പിടിച്ചുകുലുക്കിയ ആ മഹാഭീകരതയോട് എത്ര പക്വതയോടെയും ദാര്‍ശനികാവബോധത്തോടെയുമാണ് ആമിഷുകാര്‍ പ്രതികരിച്ചതെന്നത് അത്ഭുതത്തോടെ മാത്രമേ നമുക്കു നോക്കിക്കാണാനാകൂ.