top of page

ഈശോയുടെ മനസ്സറിഞ്ഞ അല്‍ഫോന്‍സാമ്മ

Jul 12, 2022

3 min read

സി. ഫ്രാന്‍സിന്‍ FCC
Picture of St.Alphonsamma

സൃഷ്ടിയുടെ ആറാം ദിവസം - മനുഷ്യന്‍ ഒരിക്കലും വിസ്മരിച്ചുകൂടാ. ശൂന്യതയില്‍ അലയടിച്ച 'ഉണ്ടാകട്ടെ' എന്ന സ്രഷ്ടാവിന്‍റെ സ്വരം കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ അലയടിച്ചപ്പോള്‍ അന്ധകാരത്തില്‍ നിന്ന് പ്രകാശവും ശൂന്യതയില്‍ നിന്ന് ആകാശഗോളങ്ങളും വെള്ളത്തില്‍ നിന്ന് ഭൂമിയും വേര്‍തിരിക്കപ്പെട്ടു. ഊര്‍ജ്ജരൂപങ്ങളായി സമസ്ത ജീവലോകങ്ങളും ജൈവപ്രപഞ്ചവും ദിനരാത്രങ്ങളും ഋതുക്കളും സൃഷ്ടിക്കപ്പെട്ടു. ഒടുവില്‍ സൃഷ്ടിയുടെ മകുടമായി ദൈവഛായയില്‍ ത്തന്നെ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടു - സൃഷ്ടിയുടെ ആറാം ദിനം.

സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍(ഉല്‍പ്പത്തി 1:28) എന്ന് അനുഗ്രഹിക്കപ്പെട്ട മനുഷ്യന്‍റെയുള്ളില്‍ ദൈവം പകര്‍ന്നു നല്കിയ ഔഷധമായിരുന്നു സ്നേഹം. ശുദ്ധസ്നേഹം ജീവന്‍റെ ആധാരമാണ്. അതു കരുണയും സാന്ത്വനവുമാകുന്നു. കരുതലും നല്കലും ത്യജിക്കലും സഹനവുമാകുന്നു.

ഭാരതത്തിന്‍റെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതമത്രയും സഹനത്തിന്‍റെ ചരിതമായി മുന്നെഴുതപ്പെട്ടതായിരുന്നു. ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളും സഹനത്തിന്‍റെ നീര്‍പ്പഞ്ഞി കുടിച്ചു തീര്‍ക്കുവാന്‍ മാറ്റിവച്ച, ത്യാഗ-സഹനങ്ങളുടെ നൈരന്തര്യം തന്നെയായി മാറിയ അല്‍ഫോന്‍സാമ്മയുടെ പാരവശ്യങ്ങളിലും വേദന നിറഞ്ഞ മയക്കങ്ങളിലും ജാഗ്രതയുടെ നെടുവീര്‍പ്പുകളിലും കുരിശിന്‍റെ സാന്ത്വനസ്പര്‍ശം ഉണ്ടായിരുന്നു. ലോകത്തിന് എടുത്തുമാറ്റാന്‍ പറ്റാത്ത ദൈവികമായ ആനന്ദം അല്‍ഫോന്‍സാമ്മയുടെ മൗന സഹനങ്ങളിലുണ്ടായിരുന്നു.

കാലിത്തൊഴുത്തിലെ ജനനം മുതല്‍ കാല്‍വരിയിലെ മരണംവരെ യേശുവിന്‍റെ സഹനപാതയില്‍ എന്നും ഒപ്പമുണ്ടായിരുന്നത് അവന്‍റെ അമ്മയും കുറെ വിശുദ്ധ സ്ത്രീകളുമായിരുന്നു. മുപ്പതു വെള്ളിക്കാശിനു വേണ്ടി ഒറ്റുകാരന്‍റെ വേഷമണിഞ്ഞ ശിഷ്യനും മൂന്നുവട്ടം തള്ളിപ്പറഞ്ഞ ശിഷ്യപ്രമുഖനും ഭീരുത്വത്തിന്‍റെ മേലങ്കി ഉപേക്ഷിച്ചോടിയ വത്സലശിഷ്യനും രക്ഷാകരദൗത്യത്തിലെ ദൈന്യകാഴ്ചകളാണെങ്കില്‍, അധികാരത്തിന്‍റെ നിഷ്ഠൂരതകളെ തെല്ലും വകവയ്ക്കാതെ, ആ സഹനപാതയില്‍ വിശ്വസ്തതയുടെയും സ്നേഹത്തിന്‍റെയും സ്ഥൈര്യത്തോടെ നിന്നവരായിരുന്നു വിശുദ്ധ സ്ത്രീകള്‍.  നമ്മുടെ പ്രിയപ്പെട്ട അല്‍ഫോന്‍സാമ്മയുടെ സ്ഥാനവും ആ വിശുദ്ധ സ്ത്രീകള്‍ക്കൊപ്പമാണ്.

അമ്മയുടെ മരണംമൂലം ദുഃഖാര്‍ദ്രമായ ബാല്യകൗമാരങ്ങള്‍ക്കും സഹനം തന്നെയായി മാറിയ അര്‍പ്പിതജീവിതത്തിന്‍റെ ഹ്രസ്വയൗവനത്തിനും ആ കന്യകയെ, ഒരു വാക്കുകൊണ്ടോ, ചിന്തകൊണ്ടോ വിശുദ്ധ സഹനത്തില്‍ നിന്നുള്ള പിന്‍മാറ്റത്തിനല്ല, കുരിശിന്‍ ചുവട്ടിലെ വിശുദ്ധ സ്ത്രീകളോടൊപ്പം സമ്പൂര്‍ണ്ണ സമര്‍പ്പണത്തിനായാണ് ഒരുക്കിയത്.

അരമന മുറ്റത്തെ ആരവങ്ങള്‍ക്കും ആക്രോശങ്ങള്‍ക്കുമപ്പുറം, പീലാത്തോസിന്‍റെ കല്‍ത്തളങ്ങളില്‍ മൗനം ഭുജിച്ച യേശുനാഥന്‍ - മൗനത്തിന്‍റെ അനിര്‍വ്വചനീയ ശക്തിയെന്തെന്ന് കാട്ടിത്തന്ന യേശുവിനെപ്പോലെ - നിശ്ശബ്ദസഹനത്തിന്‍റെ മാസ്മരിക  ശക്തിയെന്തെന്ന് വി. അല്‍ഫോന്‍സാമ്മ ലോകത്തോട് പറഞ്ഞുതരുന്നു. തോറ്റു എന്നു സമ്മതിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ തോല്‍ക്കുന്നില്ല, അന്തിമമായി ജയിക്കുകയാണ്. സഹനം ദൗര്‍ബല്യമല്ലെന്നും ദുര്‍ബലര്‍ക്കല്ല, ശക്തര്‍ക്കു മാത്രമേ, ദിവ്യമായ മൗനത്തോടെ. ചോദിച്ചു വാങ്ങാനുള്ള ധൈര്യത്തോടെ സഹിക്കാനാവൂ എന്ന് വി. അല്‍ഫോന്‍സാമ്മ നമ്മോടു പറയുന്നു.

രോഗദുരിതങ്ങളാല്‍ പീഡിതമായ അവളുടെ ഹ്രസ്വയൗവനം. ദൈവത്തെ മാത്രം ഹൃദയത്തില്‍ പരിഗണിച്ചപ്പോള്‍ സന്ന്യാസവിശുദ്ധിയോടൊപ്പം മൗനവും അവളുടെ സന്തതസഹചാരിയായി. എന്തൊക്കെയോ വലിയ കാര്യങ്ങള്‍ക്കായി ദൈവം അല്‍ഫോന്‍സാമ്മയെ beautify   ചെയ്തു. നിശ്ചലതയ്ക്കും നിശ്ശബ്ദതയ്ക്കും ഒരു സുവിശേഷാത്മക പശ്ചാത്തലമുണ്ട്. സ്നാപകന്‍റെ ജനനത്തിന് പത്തുമാസത്തേക്ക് സക്കറിയാ മൗനിയാകുന്നു... പൊട്ടക്കിണറിന്‍റെ ഏകാന്തതയും തടവറയിലെ മൗനവും നല്കി ഈജിപ്തിന്‍റെ സ്ഥാനപതിയാക്കാന്‍ ദൈവം പൂര്‍വ്വയൗസേപ്പിനെ ഒരുക്കിയത്... മന്ദമാരുതനിലെ കര്‍ത്തൃസാന്നിധ്യത്തിന്‍റെ തിരിച്ചറിവിനായി ഹോറോബിന്‍റെ ഏകാന്തതയില്‍ ഏലിയാ... രക്ഷാകരചരിത്രം ഹൃദയത്തില്‍ സംഗ്രഹിക്കേണ്ടി വന്ന പരിശുദ്ധ അമ്മ... വക്ഷസില്‍ ചാരിക്കിടന്ന് ഹൃദയസ്നേഹം മുഴുവന്‍ ആവാഹിച്ചെടുത്ത ആത്മസ്നേഹിതനായ യോഹന്നാന് വെളിപാടുകള്‍ നല്കിയ പാത്മോസ് ദ്വീപിലെ ഏകാന്തത... ദൈവപുത്രനുപോലും ഒറ്റപ്പെടേണ്ടി വന്ന ഗത്സെമന്‍ രാത്രി... സ്കൂള്‍ കുട്ടികളും പതിവു സന്ദര്‍ശകരും കഴിഞ്ഞാല്‍ അല്‍ഫോന്‍സാമ്മയുടെ മുറി ഒരു ആഭ്യന്തരഹര്‍മ്മ്യം തന്നെ... തനിക്കുവേണ്ടി കുരിശിലെ പീഡകള്‍ സഹിച്ച കര്‍ത്താവിനെ, തന്‍റെ രോഗദൈന്യതയിലും നിശ്ശബ്ദതയുടെ അനഘകൂടാരത്തിലിരുന്ന് ധ്യാനിച്ചതുകൊണ്ടുമാത്രം എഴുതപ്പെട്ടതാണ് അല്‍ഫോന്‍സാമ്മയുടെ ഡയറിക്കുറിപ്പുകള്‍. ഭരണങ്ങാനം മഠത്തിലെ കയറുപാകിയ കട്ടിലിലാണ് കിടന്നതെങ്കിലും നക്ഷത്രങ്ങളുടെ രാജകുമാരിയെപ്പോലെ സ്വര്‍ഗീയാകാശങ്ങളില്‍ ഉറങ്ങിയവളാണ് അല്‍ഫോന്‍സാമ്മ. കുരിശിന്‍റെ ചുവട്ടിലെ യാവനയിലൂടെ ക്രൂശിതസ്നേഹത്തിന്‍റെ അനുഭവം വിവേചിച്ചറിഞ്ഞ ബോധജ്ഞാനത്തിന്‍റെ ഈ കന്യകയെ നമ്മുടെ കാവല്‍കന്യകയായി നമുക്കു സ്വീകരിക്കാം. വി. ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ ക്രൂശിതനോടുള്ള സ്നേഹത്തില്‍ 'എന്‍റെ ദൈവം , എന്‍റെ സമസ്തവും' എന്ന് നിശ്വസിക്കാന്‍ സഹനപര്‍വ്വങ്ങള്‍ അല്‍ഫോന്‍സാമ്മയെ പ്രാപ്തയാക്കി.

ഈശോയുടെ കണ്ണുകള്‍ അല്‍ഫോന്‍സാമ്മയുടെ നേരെ ഉണ്ടായിരുന്നുവെന്നതിന്, അല്‍ഫോന്‍സാമ്മ നല്ല ഭാഗം തിരഞ്ഞെടുത്തുവെന്നതിന്, ദൈവം നല്കിയ അര്‍ഹതയും അംഗീകാരവും ആണ് അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവി. ഈശോയെ നോക്കി, ഈശോയുടെ മനസ്സറിഞ്ഞ അല്‍ഫോന്‍സാമ്മ നമുക്കായി  കരുതിവച്ചിരിക്കുന്നത് തന്‍റെ വിശുദ്ധിയുടെ നല്ല ഭാഗമാണ്. ഓരോ സമര്‍പ്പണത്തിലും വ്യക്തിക്കായി ഈശോ ഒരു ശ്രേഷ്ഠഭാഗം കരുതിയിട്ടുണ്ട്. ഈ നല്ല ഭാഗത്തെ തിരഞ്ഞെടുത്ത് വിശ്വസ്തതയോടെ പിന്തുടരണമെങ്കില്‍ ഒരായുസ്സിന്‍റെ വില വേണ്ടിവരും. പരി. ത്രിത്വത്തോടൊത്തുള്ള നിത്യതയ്ക്കുവേണ്ടി ഈലോക ജീവിതം തീര്‍ക്കുന്നവര്‍ക്കു മാത്രമേ ഭൂമിയിലെ ജീവിതത്തിന് അര്‍ത്ഥം കണ്ടെത്താനാകൂ. കണ്ണു കണ്ടിട്ടില്ലാത്തതും കാതു കേട്ടിട്ടില്ലാത്തതും മനുഷ്യഹൃദയം ആസ്വദിച്ചിട്ടില്ലാത്തതുമായ സ്വര്‍ഗ്ഗഭാഗ്യത്തിനു മുമ്പില്‍ സ്ഥാനമാനം, അധികാരം, സമ്പത്ത് എല്ലാം നിസ്സാരമാകണം. ദൈവം മാത്രം എന്ന അവസ്ഥ സമര്‍പ്പണത്തിന്‍റെ ആഴങ്ങള്‍ കണ്ടെത്താനുള്ള അനിവാര്യതയാണ്. അവിടെ മാത്രമേ ദൈവാത്മാവിന്‍റെ 'ഓളങ്ങളും തിരമാലകളും' നമുക്കുമീതെ കടന്നുപോകൂ. "ആഴം ആഴത്തെ വിളിക്കണമെങ്കില്‍" അല്‍ഫോന്‍സാമ്മയെപ്പോലെ സഹനം ചോദിച്ചു വാങ്ങാന്‍ ധൈര്യപ്പെടണം.

അല്‍ഫോന്‍സാമ്മയുടെ സമര്‍പ്പിതജീവിതത്തിന്‍റെ 10 വര്‍ഷങ്ങള്‍ ലോകത്തിന് 100 വര്‍ഷങ്ങളുടെ ആത്മീയസാധനയും സമ്പത്തുമായി. അല്‍ഫോന്‍സാമ്മ പറഞ്ഞതെല്ലാം ഇന്ന് സൂക്തങ്ങളായി. അതിജീവനത്തിന്‍റെ കരുത്തും പുനര്‍ജീവനത്തിന്‍റെ ഊര്‍ജ്ജവുമായി അല്‍ഫോന്‍സാമ്മയുടെ കണ്ണുകള്‍ ദൈവമുഖം കണ്ടു. അല്‍ഫോന്‍സാമ്മയുടെ സുകൃതമജ്ഞരിയും ദിവസേന ചെയ്യുന്ന ത്യാഗ-പുണ്യപ്രവൃത്തികള്‍ എഴുതി സൂക്ഷിക്കുന്ന ചിട്ടയും, വടിവൊത്ത ഡയറിക്കുറിപ്പുകളും പുണ്യാഭിവൃദ്ധിയെ മാത്രം മുന്നില്‍ക്കണ്ട് ആത്മപിതാവിനും കുമ്പസാരക്കാരനും മറവില്ലാതെ എഴുതിയ കത്തുകളും കത്തുകളിലെ ആത്മാഭിഷേകമുള്ള തുറവിയും നമ്മുടെ കണ്ണു തുറപ്പിക്കണം. ക്രമത്തിന്‍റെ പ്രശാന്തതയാണ് അല്‍ഫോന്‍സാമ്മയുടെ ആത്മീയ വിശുദ്ധിയില്‍ കാണുന്നത്. കാരണം ക്രമത്തിനെപ്പോഴും പ്രശാന്തതയുണ്ട്. അത് ദൈവത്തില്‍ നിന്നേ ഉത്ഭൂതമാവൂ. ആത്മീയജീവിതത്തിന്‍റെ ക്രമവും നിഷ്ഠയും പാലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍ഫോന്‍സിയന്‍ ആദ്ധ്യാത്മികതയില്‍ ആഴപ്പെടണം. നമ്മുടെ ദൃഷ്ടികള്‍ എങ്ങോട്ട് തിരിയണമെന്ന് കാണിച്ചുതരാന്‍ ദൈവപഥത്തില്‍ മാത്രം ദൃഷ്ടിയൂന്നി ജീവിതത്തെ ഭ്രമണം ചെയ്യിച്ച സഹോദരി അല്‍ഫോന്‍സാ നമുക്കുണ്ട്.

"സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്‍റെ ആശയില്‍ നിന്നും എന്നെ വിമുക്തയാക്കണമേ. കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍നിന്നും എന്നെ രക്ഷിക്കണമേ..." എന്നിങ്ങനെ പ്രാര്‍ത്ഥനയായെഴുതാന്‍ - അതു നിത്യവും പ്രാര്‍ത്ഥിക്കാന്‍ നാമിനിയും എത്ര പ്രാവശ്യം ധ്യാനസെന്‍ററുകള്‍ മാറിമാറി വിവിധ പേരുകളിലുള്ള ധ്യാനങ്ങള്‍ കൂടേണ്ടിയിരിക്കുന്നു? എല്ലാറ്റില്‍ നിന്നും ഒന്നു പിന്‍വാങ്ങാന്‍, അംഗീകാരങ്ങളില്‍നിന്ന്, കരഘോഷങ്ങളില്‍ നിന്ന്, ആളും അകമ്പടിയും വേണ്ട സേവനമേഖലകളില്‍ നിന്ന് അകന്നുനില്ക്കാന്‍ സഹനപര്‍വ്വതങ്ങളുടെ നിരതന്നെ, കുരിശിലേറ്റപ്പെട്ടതിന്‍റെ നൊമ്പര തീവ്രതതന്നെ നമുക്കു വേണ്ടി വരാം. ദരിദ്രനും വിനീതനും ക്രൂശിതനുമായവനോടുള്ള അര്‍പ്പണം ജീവിക്കാന്‍ - നിലനില്ക്കുന്ന ഫലങ്ങളുളവാക്കാന്‍ അടയാളങ്ങളിലേക്കും അത്ഭുതങ്ങളിലേക്കും സാക്ഷ്യങ്ങളിലേക്കും ഓടുന്നതിനു പകരം നമുക്കിനി ദൈവതിരുമനസ്സിന് വിധേയപ്പെട്ട്, സ്നേഹത്തിന്‍റെയും ക്ഷമയുടെയും ബലിജീവിതമാകുന്ന അല്‍ഫോന്‍സിയന്‍ ആത്മീയതയില്‍ സ്നാനപ്പെടാം.ഇനിയുള്ള നാളുകള്‍ ഈശോയുടെ മനസ്സറിയാന്‍ ഈശോയിലേക്കു മാത്രം നമുക്കു നോക്കാം. 


Jul 12, 2022

0

3

Recent Posts

bottom of page