top of page

കൂറുമാറിയ രാജസേവകന്‍ അബിയാഥര്‍

May 1, 2025

5 min read

ഡ��ോ. മൈക്കിള്‍ കാരിമറ്റം

(തുടര്‍ച്ച)

Abiyadhar

ഉപദേഷ്ടാവ് - രാജസേവകന്‍

"അഹിമെലെക്കിന്‍റെ മകന്‍ അബിയാഥര്‍ രക്ഷപെട്ട് കെയ്ലായില്‍ ദാവീദിന്‍റെ അടുത്തു വരുമ്പോള്‍ കയ്യില്‍ ഒരു എഫോദും ഉണ്ടായിരുന്നു" (1 സാമൂ. 23: 6).

പുരോഹിതന്മാര്‍ ധരിക്കുന്ന ഒരു പ്രത്യേക മേല്‍വസ്ത്രമായിരുന്നു എഫോദ്. "ചണനൂല്‍ കൊണ്ടുള്ള എഫോദു ധരിച്ച എണ്‍പത്തഞ്ചു പേരെ അന്ന് അവന്‍ വധിച്ചു" (1 സാമൂ. 22: 18). സാവൂളിന്‍റെ കല്പന അനുസരിച്ച് ഏദോമ്യനായ ദോയെഗ് നോബിലെ പുരോഹിതന്മാരെ കൂട്ടക്കുരുതി നടത്തിയതിന്‍റെ ഈ വിവരണത്തില്‍ എഫോദ് പുരോഹിത വേഷത്തിന്‍റെ അവശ്യഘടകമായി പ്രത്യക്ഷപ്പെടുന്നു. കഴുത്തില്‍ തൂക്കിയിടുന്ന, ഇന്നു ക്രൈസ്തവപുരോഹിതര്‍ ധരിക്കുന്ന ഊറാറ(ല) പോലുള്ള, ഈ മേല്‍വസ്ത്രത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഇതുപയോഗിച്ചാണ് പുരോഹിതന്‍ ദൈവഹിതം ആരായുന്നതും കണ്ടെത്തുന്നതും.

ഒരു വസ്ത്രം ഉപയോഗിച്ച് എങ്ങിനെയാണ് ദൈവഹിതം കണ്ടെത്തുക എന്നു തോന്നാം. എഫോദില്‍ തുന്നിച്ചേര്‍ത്തിരുന്ന കീശയില്‍ "ഉറിം, തുമ്മിം" എന്ന പേരുകളില്‍ അറിയപ്പെട്ടിരുന്ന രണ്ട് ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നു - "അതേ", "അല്ല" എന്ന് ആലേഖനം ചെയ്തിരുന്ന രണ്ടു രത്നങ്ങള്‍, അഥവാ വിലപിടിച്ച കല്ലുകള്‍. കൃത്യമായി ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ പുരോഹിതന്‍ ഈ കല്ലുകളില്‍ ഒന്ന് എടുത്തു നോക്കുന്നു. കല്ലില്‍ എഴുതിയിരിക്കുന്നതാവും ദൈവം നല്കുന്ന ഉത്തരം. ഇപ്രകാരം ഒരു എഫോദ് അബിയാഥര്‍ കൂടെ കൊണ്ടുവന്നിരുന്നു എന്ന് വി. ഗ്രന്ഥകാരന്‍ എടുത്തുപറയുന്നു. കാരണം, തുടര്‍ന്നങ്ങോട്ടുള്ള പ്രയാണങ്ങളില്‍ ദാവീദിന് നിര്‍ണ്ണായകമായ ഉപദേശങ്ങള്‍ നല്കാന്‍ അബിയാഥറിനു കഴിഞ്ഞത് ഈ എഫോദിന്‍റെ സഹായത്താലാണ്.

കെയ്ലായില്‍ അഭയം തേടിയ തന്നെ വധിക്കാനായി സാവൂള്‍ സൈനത്തെ അയച്ചിരിക്കുന്നു എന്നറിഞ്ഞ ദാവീദ് "പുരോഹിതനായ അബിയാഥറിനോടു പറഞ്ഞു, എഫോദ് ഇവിടെ കൊണ്ടുവരിക" (1 സാമൂ. 23: 9). എഫോദിനു മുമ്പില്‍ ദാവീദ് പ്രാര്‍ത്ഥിച്ചു; ദൈവം വ്യക്തമായ ഉത്തരം നല്കി, അഥവാ എഫോദില്‍ നിന്നു കിട്ടിയ മറുപടി ദൈവത്തിന്‍റെ തിരുഹിതമായി ദാവീദ് സ്വീകരിച്ചു. അങ്ങനെ പുരോഹിതനും എഫോദും ദൈവഹിതം തിരിച്ചറിയാനുള്ള മാര്‍ഗ്ഗമായി.

ഇതുപോലൊരു സംഭവം വീണ്ടും ഉണ്ടായി. സാവൂളിനെ ഭയന്നു നാടുവിട്ട ദാവീദ് അവസാനം ഫിലിസ്ത്യരുടെ അടുക്കല്‍ അഭയം പ്രാപിച്ചു. ഫിലിസ്ത്യര്‍ സാവൂളിനെതിരേ നടത്തിയ യുദ്ധത്തില്‍ ദാവീദും അനുചരന്മാരും തങ്ങള്‍ക്ക് അഭയം നല്കിയ ഫിലിസ്ത്യരാജാവിന്‍റെ കൂടെ യുദ്ധം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഫിലിസ്ത്യര്‍ സമ്മതിച്ചില്ല. തിരിച്ച് സ്വന്തം വാസസ്ഥലമായ സിക്ലാഗില്‍ എത്തിയ ദാവീദിനെ നേരിട്ടത് വലിയൊരു ദുരന്തത്തിന്‍റെ വാര്‍ത്തയായിരുന്നു. തങ്ങളുടെ അഭാവത്തില്‍ അമലേക്യര്‍ സിക്ലാഗ് ആക്രമിച്ചു, സകലനിവാസികളെയും അടിമകളാക്കി പിടിച്ചുകൊണ്ടുപോയി. ദാവീദിന്‍റെ അനുചരന്മാര്‍ ദാവീദിനെതിരേ തിരിഞ്ഞു, അവനെ കല്ലെറിയാന്‍ ശ്രമിച്ചു. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണം എന്നറിയാന്‍ ദാവീദ് ദൈവഹിതം ആരാഞ്ഞു. അതിനു സഹായിച്ചത് അബിയാഥറും എഫോദുമാണ്. "ദാവീദ് അബിയാഥറിനോടു പറഞ്ഞു: എഫോദ് എന്‍റെയടുക്കല്‍ കൊണ്ടുവരിക... ദാവീദ് കര്‍ത്താവിനോടാരാഞ്ഞു" (1 സാമൂ. 30: 6-8). കര്‍ത്താവു നല്കിയ ഉത്തരം അനുസരിച്ച് ദാവീദു യുദ്ധം ചെയ്തു, അമലേക്യരെ പിടികൂടി, തന്‍റെ ജനത്തെ മോചിപ്പിച്ചു. ഇവിടെയും പുരോഹിതനും എഫോദും ദൈവഹിതം അറിയാന്‍ സഹായിക്കുന്ന ഉപകരണങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഇതുതന്നെയാണ് പുരോഹിതന്‍റെ മുഖ്യദൗത്യം - ദൈവഹിതം അറിയിക്കുക. തീരുമാനം എടുക്കാന്‍ സഹായിക്കുക. എന്നാല്‍ ഇവിടെ ഒരപകടം പതിയിരുപ്പുണ്ട്. ഭാവി അറിയാനുള്ള ഒരുപകരണമായി എഫോദും ഭാവി പറയുന്ന പ്രാശ്നികനായി പുരോഹിതനും പരിമിതപ്പെടാം, അഥവാ അധഃപതിക്കാം. കൃത്യമായ ചോദ്യത്തിന് അതേ എന്നോ അല്ല എന്നോ ഉത്തരം പറയുന്നതുകൊണ്ടു മാത്രം ജനത്തെ ദൈവഹിതം അറിയിച്ചു വഴിനടത്താന്‍ കഴിയില്ല. ഭാവി പറയുന്ന പ്രാശ്നികരല്ല, ഇസ്രായേലിലെ പുരോഹിതന്മാര്‍. അവരുടെ മുഖ്യദൗത്യം ഉടമ്പടിയുടെ പ്രമാണങ്ങള്‍ ജനത്തെ പഠിപ്പിക്കുകയും അവയിലൂടെ വെളിപ്പെടുന്ന ദൈവഹിതം അനുസരിച്ച് ജനത്തെ നയിക്കുകയുമാണ്. നിര്‍ണ്ണായക നിമിഷങ്ങളില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ സഹായിക്കണം; എന്നാല്‍ അതു മാത്രം പോരാ.

തുടര്‍ന്നുള്ള ജീവിതത്തില്‍ ഉടനീളം അബിയാഥര്‍ ദാവീദിന്‍റെ ഉപദേഷ്ടാവായിരുന്നു. അഭയാര്‍ത്ഥിയായി അലഞ്ഞപ്പോള്‍ മാത്രമല്ല, രാജാവായി വാണപ്പോഴും. ഫിലിസ്ത്യരുമായുള്ള അവസാന യുദ്ധത്തില്‍ തോറ്റ സാവൂള്‍ ഗില്‍ബൊവാ കുന്നില്‍ വച്ച് സ്വന്തം വാളിന്മേല്‍ വീണ് ആത്മഹത്യ ചെയ്തതോടെ ഇസ്രായേല്‍ ചരിത്രത്തില്‍ ഒരു നിര്‍ണ്ണായക വഴിത്തിരിവായി. അതുവരെ ഒളിവില്‍ കഴിഞ്ഞിരുന്ന ദാവീദ് സ്വന്തം നാട്ടില്‍ തിരിച്ചെത്തി, ഹെബ്രോണില്‍ വാസമാക്കി. ആദ്യം യൂദാ ഗോത്രവും താമസിയാതെ മറ്റെല്ലാ ഗോത്രങ്ങളും ദാവീദിനെ രാജാവായി അംഗീകരിച്ചു. ജബൂസ്വറില്‍ നിന്നു പിടിച്ചെടുത്ത ജറുസലെം തലസ്ഥാനമാക്കി ദാവീദ് അവിടെ വാസം ഉറപ്പിച്ചു. അതോടെ ഇസ്രായേല്‍ ചരിത്രത്തില്‍ ഒരു പുതുയുഗം ആരംഭിക്കുകയായി - ദാവീദ് രാജവംശത്തിന്‍റെ യുഗം.

ഈ കാലഘട്ടത്തില്‍ മുഴുവന്‍ അബിയാഥര്‍ ദാവീദിനോടു കൂടെ ഉണ്ടായിരുന്നു, ഉപദേഷ്ടാവും രാജസേവകനും പുരോഹിതനുമായി. സാവൂളിന്‍റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഇനി താന്‍ എന്തു ചെയ്യണണം, എങ്ങോട്ടു പോകണം എന്നു ചോദിച്ച ദാവീദിനു കര്‍ത്താവ് ഉത്തരം നല്കി - ഹെബ്രോണിലേക്ക്. പ്രധാനപ്പെട്ട ഓരോ തീരുമാനവും എടുക്കുമ്പോഴും ദാവീദ് ദൈവഹിതം ആരായുമായിരുന്നു. അതു തിരിച്ചറിയാന്‍ ദാവീദിനെ നിരന്തരം സഹായിച്ച പുരോഹിതനാണ് അബിയാഥര്‍. രാജാവായി കഴിഞ്ഞപ്പോള്‍ ദാവീദിന്‍റെ ഏറ്റം അടുത്ത സേവകരും സഹായികളുമായി നിയമിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അബിയാഥറും ഉണ്ടായിരുന്നു. സൈന്യാധിപന്‍, നടപടി എഴുത്തുകാരന്‍, കാര്യദര്‍ശി, അംഗരക്ഷകസേനയുടെ അധിപന്മാര്‍ എന്നിവരോടൊപ്പം പുരോഹിതരായി അബിയാഥറും സാദോക്കും ഉണ്ടായിരുന്നു (2സാമു. 8: 17). ഇവര്‍ രണ്ടു പേരുടേയും പേരുകള്‍ ഒരുമിച്ച് അനേകം തവണ പ്രത്യക്ഷപ്പെടുന്നുണ്ട്.

അബ്സലോമിന്‍റെ സൈനിക വിപ്ലവത്തെ തുടര്‍ന്ന് ജറുസലെമില്‍ നിന്നു പലായനം ചെയ്യുന്ന ദാവീദിനെ അനുഗമിക്കാന്‍ അബിയാഥറും സാദോക്കും തയ്യാറായി. ഉടമ്പടിയുടെ പേടകവും വഹിച്ചു കൊണ്ടാണ് അവര്‍ വന്നത്. എന്നാല്‍ ദാവീദ് അവരെ അനുവദിച്ചില്ല. അവര്‍ നഗരത്തിലേക്കു തിരിച്ചു പോകണം. പേടകം ദേവാലയത്തില്‍ തന്നെ സൂക്ഷിക്കണം. അക്കൂട്ടത്തില്‍ അവര്‍ ഒന്നുകൂടി ചെയ്യണം. ദേവാലയത്തില്‍ വസിച്ചു ശുശ്രൂഷ തുടരുന്നതോടൊപ്പം അബ്സലോമിന്‍റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും മരുഭൂമിയിലേക്ക് ഓടിപ്പോയ ദാവീദിനെ അറിയിച്ചുകൊണ്ടിരിക്കുകയും ചെയ്യണം. അങ്ങനെ വിശ്വസ്ത രാജസേവകനായ പുരോഹിതന്‍, തലസ്ഥാന നഗരിയില്‍ ചാരന്‍റെ ദൗത്യവും ഏറ്റെടുത്തു (2 സാമു. 8: 15, 24-35; 17,15).

അബ്സലോമിന്‍റെ മരണത്തിനു ശേഷം ജറുസലെമിലേക്കു മടങ്ങിവരാന്‍ ആഗ്രഹിച്ച ദാവീദ്, അതിനുവേണ്ടി സഹായം തേടിയത് പുരോഹിതന്മാരായ അബിയാഥറിന്‍റെയും സാദോക്കിന്‍റെയും അടുക്കലാണ് (2സാമു. 19: 11). അവര്‍ മുന്‍കൈ എടുത്തു, ജനം ദാവീദിനെ ജറുസലെമിലേക്ക് സാഘോഷം സ്വാഗതം ചെയ്തു. വീണ്ടും അബിയാഥര്‍ പുരോഹിതസ്ഥാനത്തു തുടര്‍ന്നു. രാജസേവകരുടെ പട്ടികയില്‍ "സാദോക്കും അബിയാഥറും പുരോഹിതന്മാരും ആയിരുന്നു" (2സാമു. 20: 23-25).

കൂറുമാറ്റം

ദാവീദിന്‍റെ രാജവാഴ്ചയുടെ കാലം മുഴുവന്‍ അബിയാഥര്‍ വിശ്വസ്ത സേവകനായിരുന്നു. എന്നാല്‍ രാജാവ് വൃദ്ധനായി, ഭരണം പിന്‍ഗാമിക്കു കൈമാറേണ്ട കാലമായപ്പോള്‍ ഈ വിശ്വസ്തതയ്ക്കു കോട്ടം തട്ടി. അബ്സലോമിന്‍റെ മരണത്തിനു ശേഷം ദാവീദിന്‍റെ പുത്രന്മാരില്‍ ഏറ്റം പ്രായം കൂടിയ അടുത്ത കിരീടാവകാശി അദോനിയാ ആയിരുന്നു. ഇസ്രായേലില്‍ രാജവാഴ്ചയുടെ ഒരു പാരമ്പര്യം ഉണ്ടായിരുന്നില്ല. സാവൂളിനെ ദൈവം നേരിട്ട്, സാമുവേല്‍ വഴി, തിരഞ്ഞെടുക്കുകയായിരുന്നു. അതുതന്നെയാണ് ദാവീദിന്‍റെ കാര്യത്തിലും സംഭവിച്ചത്. സാവൂളിന്‍റെ മകന്‍ ജോനാഥനല്ല, ദാവീദാണ് രാജാവായി നിയുക്തനായത്. എന്നാല്‍ ഇനി അങ്ങോട്ട് ഒരു രാജവംശത്തിന്‍റെ തുടക്കമായി. ദൈവം തന്നെ വാഗ്ദാനം ചെയ്തതായിരുന്നു ഇത്. "നിന്നെ ഞാന്‍ ഒരു വംശമായി വളര്‍ത്തും" (2 സാമു. 7: 11).

അന്നു നിലവിലിരുന്ന പാരമ്പര്യവും പൊതുധാരണയും അനുസരിച്ച് മൂത്ത പുത്രനാണ് പിതാവിന്‍റെ അവകാശി. അതിനാല്‍ അവശേഷിക്കുന്ന പുത്രന്മാരില്‍ മൂത്തവനായ അദോനിയാ ആയിരിക്കണം അടുത്ത രാജാവ്. രാജത്വം തന്‍റെ അവകാശമാണെന്ന് വിശ്വസിച്ച അദോനിയാ പിതാവിന്‍റെ ഹിതവും തീരുമാനവും അറിയാന്‍ കാത്തിരിക്കാതെ, ദാവീദിന്‍റെ മുഖ്യ ഉപദേഷ്ടാക്കളുടെ സഹായം തേടി. "അവന്‍ സെരൂയായുടെ മകന്‍ യൊവാബിനോടും പുരോഹിതന്‍ അബിയാഥറിനോടും ആലോചിച്ചു. അവര്‍ അവനു പിന്തുണ നല്കി." (1 രാജാ. 1: 7). ദാവീദിന്‍റെ സൈന്യാധിപനായിരുന്നു യൊവാബ്. എന്നാല്‍ പലകാരണങ്ങളാലും ദാവീദും യൊവാബും തമ്മില്‍ അകന്നു കഴിഞ്ഞിരുന്നു. തന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കു വിപരീതമായി പ്രവര്‍ത്തിച്ച യൊവാബിനെതിരെ ഒന്നും ചെയ്യാന്‍ ദാവീദിനു കഴിയുമായിരുന്നില്ല. യൊവാബിനു തുല്യമായ അധികാരത്തോടുകൂടിയ മറ്റൊരു സൈന്യാധിപനും ദാവീദിനുണ്ടായിരുന്നു - ബെനായാ. രണ്ടു സൈന്യാധിപന്മാര്‍ എന്നതു പോലെ, അബിയാഥറിനോടൊപ്പം സാദോക്ക് എന്ന മറ്റൊരു പുരോഹിതനെയും ദാവീദ് നിയമിച്ചിരുന്നു, ഇരുവര്‍ക്കും തുല്യ സ്ഥാനവും ദൗത്യവും അധികാരവും നല്കിയിരുന്നു.

സ്വയം രാജാവായി പ്രഖ്യാപിക്കാന്‍ ആഗ്രഹിച്ച അദോനിയായ്ക്ക് അബിയാഥറും യൊവാബും പിന്‍തുണ നല്കി, പ്രോത്സാഹിപ്പിച്ചു. ദാവീദിന്‍റെ അറിവും സമ്മതവും കൂടാതെ അദോനിയാ തന്‍റെ സ്ഥാനാരോഹണം ആഘോഷിച്ചു. വിവരങ്ങള്‍ മനസിലാക്കിയ നാഥാന്‍ പ്രവാചകന്‍ ഉടനെ ഇടപെട്ടു. ബത്ഷേബാ വഴി ദാവീദിനെ കാര്യങ്ങള്‍ അറിയിച്ചു. ബത്ഷേബായില്‍ തനിക്കു ജനിച്ച സോളമനായിരക്കും കിരീടാവകാശി എന്ന വാഗ്ദാനം അനുസ്മരിപ്പിച്ചു. തീരുമാനം ഉടനെ ഉണ്ടായി. ദാവീദിന്‍റെ കല്പന പുറപ്പെട്ടു: "എന്‍റെ മകന്‍ സോളമനെ .... പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും അവനെ ഇസ്രായേലിന്‍റെ രാജാവായി അഭിഷേകം ചെയ്യട്ടെ" (1 രാജാ. 1: 33). ദാവീദിന്‍റെ സേവകരും അംഗരക്ഷകരും കൂടി ആഘോഷപൂര്‍വ്വം സോളമനെ രാജാവായി എഴുന്നള്ളിച്ചു. വിജയാരവം മുഴക്കി. അതോടെ അബിയാഥറിന്‍റെ നിലനില്പു തന്നെ അപകടത്തിലായി.

ഭ്രഷ്ഠ്

"പുരോഹിതന്‍ അബിയാഥറിനോടു രാജാവു പറഞ്ഞു. നിന്‍റെ ജന്മദേശമായ അനാത്തോത്തിലേക്കു പോവുക. നീയും മരണശിക്ഷയ്ക്കര്‍ഹനാണ്. എങ്കിലും ഇപ്പോള്‍ ശിക്ഷിക്കുന്നില്ല. ദൈവമായ കര്‍ത്താവിന്‍റെ വാഗ്ദാനപേടകം എന്‍റെ പിതാവായ ദാവീദിന്‍റെ മുമ്പില്‍ നീ വഹിച്ചു. കൂടാതെ എന്‍റെ പിതാവിന്‍റെ എല്ലാ ദുരിതങ്ങളിലും നീയും പങ്കു ചേര്‍ന്നു. സോളമന്‍ അബിയാഥറിനെ പുരോഹിത സ്ഥാനത്തു നിന്നു നീക്കം ചെയ്തു. ഇങ്ങനെ കര്‍ത്താവ് ഷിലോയില്‍ വച്ച് ഏലിയുടെ ഭവനത്തെപ്പറ്റി അരുളിച്ചെയ്തതു നിറവേറി " (1 രാജാ. 2: 26-27).

യാതൊരു വിശദീകരണവും ആവശ്യമില്ലാത്തത്ര വിശദവും വ്യക്തവുമാണ് വിശുദ്ധ ഗ്രന്ഥകാരന്‍ നല്കുന്ന വിവരണം. ദാവീദിന്‍റെ വിശ്വസ്ത സേവകനായിരുന്നു എന്ന് അംഗീകരിക്കുന്നതോടൊപ്പം ഇപ്പോള്‍ പങ്കുചേര്‍ന്നിരിക്കുന്ന കലാപത്തിന്‍റെ ഗൗരവവും അതില്‍ അബിയാഥറിനുള്ള പങ്കും സോളമന്‍ അയാളെ അനുസ്മരിപ്പിക്കുന്നു. വധശിക്ഷയാണ് നല്കേണ്ടതെങ്കിലും അതൊഴിവാക്കി വെറുതെ വിടുന്നു. എന്നാല്‍ പുരോഹിതന്‍ എന്ന നിലയില്‍ തുടരാന്‍ അനുവദിക്കുന്നില്ല. നിരന്തരമായ അവിശ്വസ്തതയുടെ പേരില്‍ സമൂലനാശത്തിനു വിധിക്കപ്പെട്ട ഏലി കുടുംബത്തിലെ അവസാനത്തെ സന്തതി ആയിരുന്നു അബിയാഥര്‍. അയാള്‍ പുരോഹിതസ്ഥാനത്തു നിന്ന് ബഹിഷ്കൃതനാകുന്നതോടെ ശിക്ഷാവിധി പൂര്‍ത്തിയായി.

അബിയാഥറിനു പകരം സാദോക്കിനെ സോളമന്‍ പുരോഹിതനായി നിയമിച്ചു (1 രാജ. 2: 35). ഏലി കുടുംബത്തിനു മേല്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന ശിക്ഷാവിധി അക്ഷരാര്‍ത്ഥത്തില്‍ പൂര്‍ത്തിയാക്കപ്പെട്ടു. അബിയാഥറിന് പിന്നീട് എന്തു സംഭവിച്ചു എന്നു ബൈബിള്‍ പറയുന്നില്ല. ഏല്പിക്കപ്പെട്ട ദൗത്യത്തില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ട അയാള്‍ക്ക് ഇനി രക്ഷാചരിത്രത്തില്‍ സ്ഥാനമില്ല.

അവലോകനം

അനുകരണാര്‍ഹമല്ലാത്ത ഒരു ദുര്‍മാതൃക; അനുസരണക്കേടും അവിശ്വസ്തതയും വിളിച്ചു വരുത്തുന്ന സമൂലനാശത്തിന്‍റെ ദൃശ്യമായൊരു ഉദാഹരണം. അതാണ് ഏലി കുടുംബത്തിലെ അവസാനത്തെ അവകാശിയായ അബിയാഥര്‍. ദൈവജനത്തെ ദൈവഹിതം അറിയിച്ചു നയിക്കാനും, ദൈവതിരുമുമ്പില്‍ ജനത്തിന്‍റെ യാചനകളും കാഴ്ചകളും അര്‍പ്പിക്കാനും ദൈവ നാമത്തില്‍ ജനത്തെ ആശീര്‍വ്വദിച്ചു വിശുദ്ധീകരിത്താനും വേണ്ടി നിയുക്തരാകുന്ന പുരോഹിതര്‍ തങ്ങളുടെ കടമ മറന്നാല്‍ ചെന്നെത്താവുന്ന നാശത്തിന്‍റെ ഗര്‍ത്തം എത്ര അഗാധം എന്നു പുരോഹിതന്‍ ഏലിയുടെയും കുടുംബത്തിന്‍റെയും ചരിത്രം വ്യക്തമാക്കുന്നു. പുരോഹിതര്‍ എന്തായിരിക്കരുത് എന്നു വിശദമായി ചിത്രീകരിക്കുന്നതാണ് അബിയാഥറില്‍ അവസാനിക്കുന്ന ഏലിയുടെ കുടംബചരിത്രം.

ഇസ്രായേല്‍ ജനത്തിന്‍റെ പുരോഹിതനായി നിയുക്തനായിരുന്ന അബിയാഥര്‍ ദൈവത്തിനു ബലിയര്‍പ്പിച്ചു. എഫോദിന്‍റെ സഹായത്തോടെ രാജാവിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി. എന്നാല്‍ ഒരു യഥാര്‍ത്ഥ പുരോഹിതന്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങളില്‍ പലതും അവഗണിച്ചു. എഫോദുപയോഗിച്ച് ഭാവി പറയുന്നതു കൊണ്ട് തീരുന്നില്ല, ജനത്തെ ദൈവഹിതം അറിയിച്ചു വഴി നടത്താനുള്ള ഉത്തരവാദിത്വം. ചോദ്യങ്ങള്‍ക്കുത്തരം നല്കിയ അബിയാഥര്‍ ദാവീദിന്‍റെ ഇടര്‍ച്ചകള്‍ക്കു നേരേ കണ്ണടച്ചു, വീഴ്ചകളില്‍ മൗനം പാലിച്ചു. കുളിക്കുന്ന സ്ത്രീയുടെ നഗ്നസൗന്ദര്യത്തില്‍ ആകൃഷ്ടനായ ദാവീദ് അവളെ കൊട്ടാരത്തില്‍ വരുത്തി വ്യഭിചരിക്കുകയും ഗര്‍ഭസ്ഥശിശുവിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ച അവളുടെ ഭര്‍ത്താവിനെ തന്ത്രപൂര്‍വ്വം വധിക്കുകയും, അവസാനം അവളെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തപ്പോള്‍ പുരോഹിതര്‍ ആരും പ്രതികരിച്ചില്ല. അതിന് ദൈവം പ്രത്യേകം അയച്ച നാഥാന്‍ പ്രവാചകന്‍ വേണ്ടിവന്നു. "ആ മനുഷ്യന്‍ നീ തന്നെ" എന്നു നിര്‍ഭയം മുഖത്തു നോക്കി പറയാനും കര്‍ത്താവിന്‍റെ ശിക്ഷാവിധി അറിയിക്കാനും അതുവഴി ദാവീദിനെ അനുതാപത്തിലേക്കു നയിക്കാനും (2 സാമു. 11: 12).

പൗരോഹിത്യം രാജത്വത്തിന് കീഴ്പ്പെടുന്നു; പുരോഹിതന്‍ രാജാവിന്‍റെ സേവകനായി ഒതുങ്ങുന്നു. ആചാരാനുഷ്ഠാനങ്ങളിലും ഭാവി പറയലിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജഭരണകാലത്ത് പൗരോഹിത്യത്തിനു സംഭവിച്ച വലിയൊരു അപചയമാണിത്. രാജാവിനെ വാഴിക്കുകയും അവിശ്വസ്തനായാല്‍ സിംഹാസനത്തില്‍ നിന്ന് പിടിച്ചിറക്കുകയും ചെയ്യുന്ന സാമുവേലില്‍ നിന്ന് അബിയാഥറിലേക്ക് എത്തുമ്പോഴേക്കും പൗരോഹിത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ മാറിപ്പോകുന്നു. തന്‍റെ ദൗത്യത്തില്‍ പരാജയപ്പെട്ട പുരോഹിതന്‍ അബിയാഥറിലൂടെ ബൈബിള്‍ നല്കുന്ന മുന്നറിയിപ്പും താക്കീതുകളും എന്നും പ്രസക്തമാണ്. രാജാവിന്‍റെ ഹിതാനുവര്‍ത്തിയായ സേവകനല്ല, ദൈവഹിതം അറിയിക്കുകയും അതനുസരിച്ചു ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗുരുവായിരിക്കണം പുരോഹിതന്‍. അര്‍പ്പിക്കുന്ന ബലി ദൈവത്തിനു സ്വീകാര്യമാകണമെങ്കില്‍ ബലിവസ്തു ശുദ്ധവും അനുഷ്ഠാനവിധികള്‍ കണിശവും ആയാല്‍ മാത്രം പോരാ, പുരോഹിതന്‍ ദൈവഹിതമനുസരിച്ച് ജീവിക്കണം, അങ്ങനെ ജീവിക്കാന്‍ ജനത്തെ പഠിപ്പിക്കണം, നയിക്കണം. അതില്ലാതെ വന്നാല്‍ പുരോഹിതനും ബലിയും തിരസ്കരിക്കപ്പെടും എന്ന് ഏലി കുടുംബത്തിന്‍റെയും അബിയാഥറിന്‍റെയും അനുഭവത്തിലൂടെ വിശുദ്ധഗ്രന്ഥം അനുസ്മരിപ്പിക്കുന്നത് കേള്‍ക്കാതെ പോകരുത്.

(തുടരും)

May 1, 2025

0

4

Recent Posts

bottom of page