top of page

സാദോക്ക് :സദുക്കായരുടെ പൂര്‍വ്വികന്‍

Jun 1, 2025

5 min read

ഡോ. മൈക്കിള്‍ കാരിമറ്റം

പുരോഹിതാ - 12

Zadoc-by Michelangelo

"അഹിത്തൂബിന്‍റെ മകന്‍ സാദോക്കും അബിയാഥറിന്‍റെ മകന്‍ അഹിമലെക്കും ആയിരുന്നു പുരോഹിതര്‍" (2 സാമു. 8: 17).


രക്ഷാചരിത്രത്തിന്‍റെ നാള്‍വഴികളില്‍ ആഴത്തില്‍ പാദമുദ്ര പതിച്ചിട്ടുള്ള പുരോഹിതരില്‍ അഗ്രഗണ്യനാണ് ദാവീദിന്‍റെയും, തുടര്‍ന്ന് സോളമന്‍റെയും ഭരണകാലത്ത് പ്രധാന പുരോഹിതനായി സേവനം അനുഷ്ഠിച്ച സാദോക്ക്. സോളമനിലൂടെ തുടര്‍ന്ന ദാവീദിന്‍റെ രാജവംശം സ്ഥാപിക്കുന്നതിലും, ദേവാലയ കേന്ദ്രീകൃതവും അനുഷ്ഠാന പ്രധാനവും ആയ ഒതു മതാത്മകയ്ക്ക് തുടക്കം കുറിക്കുന്നതിലും നിര്‍ണ്ണായ സ്വാധീനം ചെലുത്തിയ സാദോക്ക് പൗരോഹിത്യത്തെയും മതാത്മക ജീവിതത്തെയും കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് രൂപപ്പെടുന്നതിന്‍റെ തുടക്കത്തില്‍ നില്ക്കുന്നു.


സാദോക്കിന്‍റെ പിന്‍തലമുറക്കാരാണ് ഇസ്രായേലില്‍ പ്രധാന പുരോഹിതന്മാരായിരുന്നത്. ബാബിലോണ്‍ പ്രവാസത്തില്‍ നിന്നു മടങ്ങിവന്ന ജനത്തിന് നേതൃത്വം നല്കിയ എസ്രാ, സാദോക്കിന്‍റെ സന്തതി പരമ്പരയില്‍ പെട്ട പുരോഹിതനായിരുന്നു. ബാബിലോണ്‍കാര്‍ നശിപ്പിച്ച ദേവാലയത്തിനു പകരം പുതിയ ദേവാലയം നിര്‍മ്മിക്കുന്നതിലും ജനത്തിനു നേതൃത്വം നല്കുന്നതിലും മുന്‍നിരയില്‍ നിന്നത് സാദോക്കിന്‍റെ സന്തതിപരമ്പരയില്‍ പെട്ട പുരോഹിതരായിരുന്നു. രണ്ടാം ദേവാലയ നിര്‍മ്മാണം മുതല്‍ റോമക്കാര്‍ ജറസലെം നശിപ്പിക്കുന്നതു വരെയുള്ള കാലഘട്ടം (ബിസി 516 - എഡി 70) രണ്ടാം ദേവാലയകാലം (Second Temple Period) എന്നാണ് അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ മുഴുവന്‍ സാദോക്കിന്‍റെ പിന്‍മുറക്കാരായിരുന്നു മത-രാഷ്ട്രീയ മേഖലകളിലെല്ലാം നേതാക്കള്‍. സദുക്കായര്‍ എന്ന പേരിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്. യേശുവിനെ വിചാരണ ചെയ്തു വധശിക്ഷ വിധിച്ച പ്രധാന പുരോഹിതന്മാരായ അന്നാസും കയ്യാഫാസും സാദോക്കിന്‍റെ സന്തതിപരമ്പരയില്‍ പെട്ടവരായിരുന്നു. ഇപ്രകാരം ഇസ്രായേല്‍ ചരിത്രത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ പ്രധാന പുരോഹിതനായ സാദോക്കിന്‍റെ ജീവിതം അല്പമൊന്ന് അടുത്തു പരിശോധിക്കാം.


സാദോക്ക് - പുരോഹിതന്‍


'നീതി' എന്ന് അര്‍ത്ഥമുള്ള "സ്ഖാക്കാ" എന്ന ഹീബ്രു വാക്കില്‍ നിന്നു രൂപം കൊണ്ട പേരാണ് "സാദോക്ക്". "നീതിമാന്‍" എന്നാവും വ്യാച്യാര്‍ത്ഥം. പേരിനോടു വിശ്വസ്തത പുലര്‍ത്തുന്നതായിരുന്നു സാദോക്കിന്‍റെ ജീവിതം. ആദ്യമേ ദാവീദിന്‍റെയും തുടര്‍ന്നു സോളമന്‍റെയും വിശ്വസ്ത സേവകനായി ദൈവിക ശുശ്രൂഷയ്ക്കു നേതൃത്വം നല്കിയ പുരോഹിതനാണ് സാദോക്ക്. 1 ദിന. 6: 1-12 ല്‍ രേഖപ്പെടുത്തിയിരിക്കുന്ന വംശാവലി പ്രകാരം ലേവിയില്‍ നിന്ന് 14 -ാമത്തെ തലമുറയിലാണ് സാദോക്കിന്‍റെ ജനനം; അഹറോനില്‍ നിന്ന് 11 -ാമത്തേതും.


സാദോക്കിന്‍റെ ജീവിതത്തെക്കുറിച്ച് അധികമൊന്നും ബൈബിളില്‍ കാണാനില്ല. അബിയാഥറിനെപ്പോലെ ദാവീദിന്‍റെ ഒളിച്ചോട്ടങ്ങളിലും പ്രവാസത്തിലും ഒന്നും സാദോക്ക് പങ്കാളി ആയിരുന്നില്ല. ഹെബ്രോണില്‍ വാസമുറപ്പിച്ച ദാവീദിനെ രാജാവായി ഏറ്റുപറയാനും വാഴിക്കാനുമായി വരുന്ന സേനാവിഭാഗങ്ങളുടെ കണക്ക് അവതരിപ്പിക്കുമ്പോഴാണ് സാദോക്ക് ചരിത്രത്തില്‍ ആദ്യമമായി പരാമര്‍ശവിഷയമാകുന്നത്. "പരാക്രമശാലിയും യുവാവുമായ സാദോക്കും അവന്‍റെ കുലത്തില്‍ നിന്ന് ഇരുപത്തിരണ്ടു നായകന്മാരും" (1 ദിന. 12: 28) ഉണ്ടായിരുന്നു. അന്നു മുതല്‍  സാദോക്ക് ദാവീദിനോടു ചേര്‍ന്നു നിന്നു, പുരോഹിത ശുശ്രൂഷ നിര്‍വ്വഹിച്ചു.


അബിയാഥറിനോടൊപ്പം


ഹെബ്രോണില്‍ രാജഭരണം ആരംഭിച്ച ദാവീദിന്‍റെ സേവക ഗണത്തില്‍ ഒരുവനായിട്ടാണ് ബൈബിളില്‍ ആദ്യമായി സാദോക്ക് പ്രത്യക്ഷപ്പെടുന്നത്. സൈന്യാധിപന്‍, നടപടിയെഴുത്തുകാരന്‍, കാര്യദര്‍ശി, ക്രേത്യര്‍ - പെലേത്യര്‍ എന്നീ സേനാവിഭാഗങ്ങളുടെ അധിപന്‍ എന്നീ രാജസേവകരോടൊപ്പമാണ് സാദോക്കിന്‍റെ സ്ഥാനം (2 സാമു. 8: 15-18). ഒളിവില്‍ കഴിഞ്ഞിരുന്ന കാലം മുതല്‍ അബിയാഥര്‍ ദാവീദിനോടു കൂടെ ഉണ്ടായിരുന്നെങ്കിലും, ഇവിടെ നേതാക്കന്മാരുടെ പട്ടികയില്‍ സാദോക്കിന്‍റെ പേര് ആദ്യമേ വരുന്നത് ശ്രദ്ധേയമാണ്. "അഹിത്തൂബിന്‍റെ മകന്‍ സാദോക്കും അബിയാഥറിന്‍റെ മകന്‍ അഹിമലെക്കും ആയിരുന്നു പുരോഹിതന്മാര്‍" (2 സാമു. 8: 17). അബിയാഥര്‍ പുരോഹിതശുശ്രൂഷയില്‍ നിന്നു വിരമിച്ചു എന്ന് ഈ പരാമര്‍ശത്തെ വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍ അതു ശരിയല്ല എന്ന് തുടര്‍ന്നുള്ള വിവരണങ്ങള്‍ വ്യക്തമാക്കുന്നു. "ദാവീദിന്‍റെ പുത്രന്മാരും പുരോഹിതനായിരുന്നു" (2 സാമു. 8: 18) എന്ന വിവരണവും സാദോക്കിനെ പ്രധാന പുരോഹിതനായി അവതരിപ്പിക്കുന്നു.


അബ്സലോമിന്‍റെ കലാപത്തോട് അനുബന്ധിച്ചാണ് സാദോക്കിനെ നാം അടുത്തതായി കാണുന്നത്. തന്‍റെ സഹോദരി താമാറിനെ ബലാത്സംഗം ചെയ്ത അര്‍ദ്ധസഹോദരന്‍ അമ്നോനെ വധിച്ചതിനു ശേഷം രാജകോപത്തെ ഭയന്ന് ഒളിവില്‍ പോയ അബ്സലോം കുറെ കാലം കഴിഞ്ഞ് തിരിച്ചു വന്നു. ദാവീദു രാജാവ് അവനോടു ക്ഷമിച്ചു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം രാജാവിന്‍റെ അനുവാദത്തോടെ അയാള്‍ ഹെബ്രോണിലേക്കു പോയി. അവിടെ വച്ച്, ദാവീദറിയാതെ, അയാള്‍ വലിയൊരു കലാപത്തിനു വേണ്ട ഒരുക്കങ്ങള്‍ ചെയ്തു. സാവകാശം ഗൂഢാലോചന ശക്തിപ്പെട്ടു. ജനത്തിന്‍റെയും സൈന്യത്തിന്‍റെയും പ്രീതി, ദാവീദിനെതിരായ ദുരാരോപണങ്ങളിലൂടെയും വ്യര്‍ത്ഥ വാഗ്ദാനങ്ങളിലൂടെയും നേടിയെടുത്തു. തുടര്‍ന്ന് സ്വയം രാജാവായി പ്രഖ്യാപിച്ചു. സൈന്യത്തിന്‍റെ സഹായത്തോടെ ജറുസലേം പിടിച്ചടക്കാന്‍ പുറപ്പെട്ടു. വിവരം അറിഞ്ഞ ദാവീദ് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തു (2 സാമു. 15: 1-16).


ഒളിച്ചോടുന്ന ദാവീദിന്‍റെ കൂടെ പോകാന്‍ സാദോക്കും അബിയാഥറും ഒരുങ്ങി. "അബിയാഥറും സാദോക്കും എല്ലാ ലേവ്യരും പുറപ്പെട്ടു. അവര്‍ ദൈവത്തിന്‍റെ ഉടമ്പടിയുടെ പേടകവും വഹിച്ചിരുന്നു" (2 സാമു. 15: 24). എന്നാല്‍ ദാവീദ് അവരെ അനുവദിച്ചില്ല. അവര്‍ പേടകവുമായി തിരിച്ചു പോകണം. മാത്രമല്ല, ജറുസലേമില്‍ താമസിച്ചുകൊണ്ട്, അബ്സലോമിന്‍റെ നീക്കങ്ങള്‍ എല്ലാം തന്നെ അറിയിച്ചു കൊണ്ടിരിക്കണം എന്നും ദാവീദ് അവരെ ചുമതലപ്പെടുത്തി. ദാവീദിന്‍റെ സുഹൃത്തായിരുന്ന ഹൂഷായി അബ്സലോമിന്‍റെ ആലോചനകളും പദ്ധതികളും എല്ലാം മനസ്സിലാക്കി അവരെ അറിയിക്കും. അത് അബിയാഥറിന്‍റെയും സാദോക്കിന്‍റെയും പുത്രന്മാര്‍ വഴി ദാവീദിനെ അറിയിച്ചുകൊണ്ടിരിക്കണം (2 സാമു. 15: 32-37). അങ്ങനെ രാജകൊട്ടാരത്തില്‍ ദാവീദിന്‍റെ ചാരന്മാരായി വര്‍ത്തിച്ചവരില്‍ ഒരാളാണ് സാദോക്ക്. അനീതിക്കും അക്രമത്തിനും എതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധേയമായൊരു ദൗത്യമാണ് അതുവഴി അവര്‍ നിറവേറ്റിയത്. കലാപകാരിയായ അബ്സലോമിന്‍റെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ദാവീദിനെ സഹായിച്ചു. സുപ്രധാനവും അതേസമയം അപകടകരവുമായ ഒരു ദൗത്യം ഏറ്റെടുത്ത പുരോഹിതനാണ് സാദോക്ക്.


ദാവീദിനെതിരെ കലാപം ഉയര്‍ത്തിയ അബ്സലോം ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടു. അതിനുശേഷം ദാവീദിനെ ജറുസലേമിലേക്കു കൊണ്ടുവരാന്‍ ജനത്തെ പ്രേരിപ്പിക്കുന്നതില്‍ സാദോക്ക് മുഖ്യപങ്കു വഹിച്ചു. ദാവീദ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സാദോക്കും അബിയാഥറും കൂടെ ദാവീദിനെ തിരിച്ചു കൊണ്ടുവരാന്‍ ജനത്തെ പ്രേരിപ്പിച്ചത്. (2 സാമു. 19: 1-13). അവരുടെ പ്രയത്നം ഫലമണിഞ്ഞു. ജനം ഒന്നടങ്കം സസന്തോഷം, വലിയ ആഘോഷത്തോടെ, ദാവീദിനെ ജറുസലേമിലേക്ക് ആനയിച്ചു (2 സാമു. 19: 14-39). ജറുസലേമില്‍ തിരിച്ചെത്തിയ ദാവീദിന്‍റെ കൂടെ അബിയാഥറോടൊപ്പം സാദോക്ക് പ്രധാന പുരോഹിതനായി സേവനം അനുഷ്ഠിച്ചു. ദാവീദിന്‍റെ സേവകരുടെ പട്ടിക രണ്ടാം തവണ അവതരിക്കുമ്പോഴും അബിയാഥറും സാദോക്കും പേരെടുത്തു പറയപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട് (2 സാമു. 20: 23-26). അങ്ങനെ ദാവീദിന്‍റെ ഭരണകാലം മുഴുവന്‍ അബിയാഥറോടൊപ്പം സാദോക്കും പ്രധാന പുരോഹിതനായി ശുശ്രൂഷ നിറവേറ്റി.


കൂറുമാറാത്ത വിശ്വസ്ത സേവകന്‍


ദാവീദിന്‍റെ പിന്‍ഗാമിയെ വാഴിക്കുന്നതുമായി ബന്ധപ്പെട്ടാണ് സാദോക്കിനെ നാം അടുത്തതായി കാണുന്നത്. അബ്സലോമിന്‍റെ മരണത്തിനു ശേഷം ജീവിച്ചിരുന്ന ദാവിദിന്‍റെ പുത്രന്മാരില്‍ മൂത്തവനായിരുന്നു അദോനിയാ. പിതാവറിയാതെ സ്വയം രാജാവായി പ്രഖ്യാപിക്കാന്‍ അയാള്‍ തീരുമാനിച്ചു. അതിനായി രഹസ്യത്തില്‍ കരുക്കള്‍ നീക്കി. പ്രധാന പുരോഹിതനായ അബിയാഥറോടും സൈന്യാധിപനായ യോവാബിനോടും ഉപദേശം തേടി, അവരുടെ പിന്തുണ ഉറപ്പു വരുത്തി. എന്നാല്‍ പ്രധാന പുരോഹിതന്‍ സാദോക്ക്, സൈന്യാധിപന്‍ ബനായ, പ്രവാചകന്‍ നാഥാന്‍ എന്നിവരെ അറിയിച്ചില്ല. അങ്ങനെ ദാവീദിന്‍റെ സേവകവൃന്ദത്തില്‍ ഒരു പിളര്‍പ്പുണ്ടായി. അബിയാഥറുടെയും യൊവാബിന്‍റെയും സഹകരണത്തോടെ അദോനിയാ സ്വയം രാജാവായി പ്രഖ്യാപിച്ചു, വലിയ ആഘോഷം നടത്തി (1രാജാ. 1: 1-10).


വിവരം അറിഞ്ഞ ദാവീദ്, വാര്‍ദ്ധക്യത്തിന്‍റെ ആലസ്യം വെടിഞ്ഞ്, കര്‍മ്മോത്സുകനായി. താന്‍ നേരത്തെ ബത്ഷേബായ്ക്കു നല്കിയിരുന്ന വാഗ്ദാനം അനുസരിച്ച്, സോളമനെ രാജാവായി വാഴിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്കി. "എന്‍റെ മകന്‍ സോളമനെ എന്‍റെ കോവര്‍കഴുതയുടെ പുറത്തിരുത്തി, ഗീഹോനിലേക്കു കൊണ്ടുപോകുവിന്‍. അവിടെ വച്ച് പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും അവനെ ഇസ്രായേലിന്‍റെ രാജാവായി അഭിക്ഷേകം ചെയ്യട്ടെ" (1 രാജാ. 1: 33-34).


രാജകല്പന ഉടനെ നടപ്പിലാക്കി. ദാവീദിന്‍റെ പ്രത്യേക സേനാവിഭാഗമായ കെറേത്യരുടെയും പെലേത്തിയരുടെയും അകമ്പടിയോടെ, സോളമനെ രാജകീയ മൃഗമായ കോവര്‍കഴുതയുടെ പുറത്തിരുത്തി ഗീഹോനിലേക്കു കൊണ്ടുപോയി. അവിടെ വച്ച് "പുരോഹിതന്‍ സാദോക്ക് വിശുദ്ധ കൂടാരത്തില്‍ നിന്ന് തൈലം നിറച്ച കൊമ്പെടുത്ത് സോളമനെ അഭിക്ഷേകം ചെയ്തു" (1 രാജാ. 1: 39). അതോടെ ദാവീദിന്‍റെ പിന്‍ഗാമി ആരെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. രാജവാഴ്ചയുടെ പിന്‍തുടര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തിയാണ് പുരോഹിതന്‍ സാദോക്ക്.


ഇവിടെ ഏറെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. ഇതുവരെ തുല്യ പ്രാധാന്യവും അവകാശങ്ങളും സ്ഥാനമാനങ്ങളും ഉള്ളവരായ രണ്ടു പ്രധാന പുരോഹിതന്മാരായിരുന്നു സാദോക്കും അബിയാഥറും. എന്നാല്‍ അദോനിയായുടെ ആഭ്യന്തര വിപ്ലവത്തോടെ അവരുടെ ഇടയില്‍ ഭിന്നിപ്പുണ്ടായി. അബിയാഥര്‍ കലാപകാരിയായ അദോനിയായോടു കൂറു പ്രഖ്യാപിച്ച് അവനെ രാജാവായി അഭിക്ഷേകം ചെയ്തപ്പോള്‍, ദാവീദിനോടുള്ള കൂറു മാറാതെ വിശ്വസ്തനായി നിന്ന സേവകനാണ് സാദോക്ക്. ദാവീദിന്‍റെ മരണത്തിനു ശേഷം എതിരാളികളെ ഒന്നൊന്നായി ഉന്മൂലനം ചെയ്ത സോളമന്‍ അബിയാഥറെ പുരോഹിതസ്ഥാനത്തു നിന്നു നീക്കം ചെയ്തു (1 രാജാ. 2: 26-27). അതോടെ ഇസ്രായേല്‍ ചരിത്രത്തില്‍ സാദോക്കിന്‍റെ പ്രാധാന്യം വര്‍ദ്ധിച്ചു. ഇനി അങ്ങോട്ട് സാദോക്കും പിന്‍ഗാമികളും മാത്രം ആയിരിക്കും ഇസ്രായേലില്‍ പ്രധാന പുരോഹിതന്മാര്‍.


ദേവാലയ ശുശ്രൂഷി


സോളമന്‍ ദേവാലയം നിര്‍മ്മിക്കുകയും ഉടമ്പടിയുടെ പേടകം ദേവാലയത്തിലെ അതിവിശുദ്ധ സ്ഥലത്തു പ്രതിഷ്ഠിക്കുകയും ചെയ്തതോടെ ജറുസലേം ദേവാലയം ഇസ്രായേല്‍ ജനത്തിന്‍റെ മതാത്മകതയുടെ കേന്ദ്രമായി. ആ ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുക എന്നതായിരുന്നു പുരോഹിതന്മാരുടെ മുഖ്യദൗത്യം. ദൈവിക സാന്നിദ്ധ്യത്തിന്‍റെ ദൃശ്യമായ അടയാളമായിരുന്നു ഉടമ്പടിയുടെ പേടകം. വിവിധങ്ങളായ ബലിയര്‍പ്പണങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളും ഗീതാലാപനങ്ങളും വഴി ദൈവത്തെ സ്തുതിക്കുക, മഹത്വപ്പെടുത്തുക, ആരാധിക്കുക, അങ്ങനെ ദൈവശുശ്രൂഷ നിര്‍വഹിക്കുക എന്നതായിരുന്നു പുരോഹിതന്മാരുടെ ദൗത്യം. സാദോക്കിന്‍റെ മക്കള്‍ എന്ന നിലയില്‍ "സദുക്കായര്‍" എന്ന പേരില്‍ അവര്‍ അറിയപ്പെടുന്നു.


ജനത്തെ ദൈവത്തിന്‍റെ തിരുഹിതം അറിയിക്കുക, ദൈവിക പ്രമാണങ്ങള്‍ അനുസരിച്ചു ജീവിക്കാന്‍ പഠിപ്പിക്കുക, കര്‍ത്താവിന്‍റെ വഴിയിലൂടെ കൈപിടിച്ചു നടത്തുക എന്ന സുപ്രധാനമായ ദൗത്യം സാവകാശം അവഗണിക്കപ്പെട്ടു. അനുഷ്ഠാനപ്രധാനമായ ഒരു മതാത്മകത രൂപപ്പെട്ടു. പുരോഹിതന്‍റെ ദൗത്യം ദേവാലയത്തിന്‍റെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി. ദേവാലയം മോടി പിടിപ്പിക്കുന്നതിലും ആചാരാനുഷ്ഠാനങ്ങള്‍ പ്രൗഢോജ്വലമാക്കുന്നതിലും പുരോഹിതന്‍റെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കപ്പെട്ടു. ദേവാലയകേന്ദ്രീകൃതവും അനുഷ്ഠാനപ്രധാനവുമായ ഈ മതാത്മകതയുടെ തുടക്കവും സാദോക്കില്‍ കാണാം.


ജറുസലേം ദേവാലയത്തിന്‍റെ പ്രതിഷ്ഠയോട് അനുബന്ധിച്ചു നടന്ന കര്‍മ്മങ്ങളില്‍ പൗരോഹിത്യവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ചില കാര്യങ്ങള്‍ സംഭവിച്ചു. പേടകം വഹിച്ചതും അത് അതിവിശുദ്ധ സ്ഥലത്തു പ്രതിഷ്ഠിച്ചതും പുരോഹിതന്മാരാണ്. എന്നാല്‍ തുടര്‍ന്നുള്ള കര്‍മ്മങ്ങള്‍ക്കു നേതൃത്വം വഹിച്ചത് പുരോഹിതന്മാര്‍ ആരുമല്ല, രാജാവായ സോളമനാണ്. കര്‍ത്താവിന് "എന്നേക്കും വസിക്കാന്‍ മഹനീയമായ ഒരാലയം ഞാന്‍ നിര്‍മ്മിച്ചിരിക്കുന്നു"(1 രാജാ. 8: 13) എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന പ്രതിഷ്ഠാകര്‍മ്മം തുടരുന്നത് രാജാവിന്‍റെ ആശീര്‍വാദവും (1 രാജാ. 8: 14-21) സൂദീര്‍ഘമായ പ്രാര്‍ത്ഥനയും (1 രാജാ. 8: 22-61) കൊണ്ടാണ്.


ഇത് വലിയൊരു തുടക്കമായിരുന്നു, രാജത്വം പൗരോഹിത്യത്തിന്‍റെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിന്‍റെ തുടക്കം. രാജാവു തന്നെ ഇവിടെ പുരോഹിത ശുശ്രൂഷ നടത്തുന്നു. പുരോഹിതന്‍ രാജാവിന്‍റെ സേവകനും ഹിതാനുവര്‍ത്തിയുമായി ചുരുങ്ങുന്നു. അങ്ങനെ രാജാധികാരത്തിനു സേവനം ചെയ്യുന്ന ഒരു തസ്തിക പോലെ ആയിത്തീരുന്നു പൗരോഹിത്യം. ഈ വഴിമാറ്റത്തിന്‍റെ തുടക്കത്തിലും സാദോക്കിനെ കാണാം.


ചുരുക്കത്തില്‍


ഇസ്രായേലിലെ പൗരോഹിത്യത്തിന്‍റെ നാള്‍വഴികളില്‍, നിര്‍ണ്ണായകമായൊരു വഴിത്തിരുവില്‍  നില്ക്കുന്ന പ്രധാന പുരോഹിതനാണ് സാദോക്ക്. ജനത്തെ ദൈവഹിതം അറിയിക്കുകയും അതനുസരിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കുകയും, ജനത്തിനു വേണ്ടി ദൈവതിരുമുമ്പില്‍ കാഴ്ചകളും പ്രാര്‍ത്ഥനകളും അര്‍പ്പിക്കുകയും ദൈവനാമത്തില്‍ ജനത്തെ ആശീര്‍വ്വദിക്കുകയും ചെയ്യാന്‍ വേണ്ടി പ്രത്യേകം നിയുക്തരായവരാണ് പുരോഹിതര്‍. അതിന്‍റെ ഉത്തമ മാതൃകയായിരുന്നു സാമുവേല്‍. എന്നാല്‍ രാജഭരണത്തിന്‍റെ ആവിര്‍ഭാവത്തോടെ പൗരോഹിത്യത്തെക്കുറിച്ചുള്ള വീക്ഷണത്തില്‍ കാതലായ വ്യത്യാസങ്ങള്‍ വന്നു. രാജാവിനെ വാഴിക്കുകയും വഴി പിഴച്ചാല്‍ സിംഹാസനത്തില്‍ നിന്നു പിടിച്ചിറക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ ഉപകരണവും വക്താവും എന്ന നിലയില്‍ നിന്ന് രാജഹിതം അനുവര്‍ത്തിച്ചു പ്രവര്‍ത്തിക്കുന്ന രാജസേവകന്‍ എന്ന പദവിയേലേക്ക് പൗരോഹിത്യം പരിണമിച്ചു. ഈ പരിണാമപ്രക്രിയയുടെ തുടക്കത്തില്‍ നില്ക്കുന്ന പ്രധാന പുരോഹിതനാണ് സാദോക്ക്.


ദേവാലയ നിര്‍മ്മാണത്തോടെ മതാത്മകതയെയും പൗരോഹിത്യത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു. "പുരോഹിത രാജ്യവും വിശുദ്ധ ജനവും ആയിരിക്കണം" (പുറ. 19: 6) എന്ന ദൗത്യം ദേവാലയകേന്ദ്രീകൃതവും അനുഷ്ഠാന പ്രധാനവുമായ ഒരു മതാത്മകതയില്‍ ഒതുങ്ങി. ദൈവത്തിനു ബലികളും കാഴ്ചകളും അര്‍പ്പിക്കുക, പ്രാര്‍ത്ഥനകളും ഗാനാലാപനങ്ങളും നിഷ്ഠയോടെ അനുഷ്ഠിച്ച് ദൈവത്തെ മഹത്വപ്പെടുത്തുക, ദൈവനാമത്തില്‍ ജനത്തെ ആശീര്‍വ്വദിക്കുക എന്നിങ്ങനെ തികച്ചും ആരാധനാബന്ധിയായ കര്‍മ്മാനുഷ്ഠാനങ്ങളില്‍ പുരോഹിതന്‍റെ ദൗത്യം കേന്ദ്രീകരിക്കപ്പെട്ടു. ഈ മാറ്റത്തിന്‍റെ തുടക്കത്തില്‍ നില്ക്കുന്നു പ്രധാന പുരോഹിതനായ സാദോക്ക്. സാദോക്കിന്‍റെ പിന്‍മുറക്കാരായിരുന്നു ഇസ്രായേലിലെ പ്രധാന പുരോഹിതന്മാര്‍. ബാബിലോണ്‍ പ്രവാസത്തില്‍ നിന്നു മടങ്ങിവന്ന് പുതിയ ദേവാലയം നിര്‍മ്മിച്ച കാലം മുതല്‍ റോമാക്കാര്‍ ജറുസലേം നിശിപ്പിക്കുന്നതു വരെ (ബിസി 510 - എഡി 70) ഇസ്രായേല്‍ ജനത്തിനു നേതൃത്വം നല്കിയത് സാദോക്കിന്‍റെ വംശജരായ പുരോഹിതന്മാര്‍ ആയിരുന്നു. അവര്‍ സദുക്കായര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. അങ്ങനെ ഇസ്രായേല്‍ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനം വഹിച്ച പ്രധാന പുരോഹിതനാണ് സാദോക്ക്. 


ഡോ. മൈക്കിള്‍ കാരിമറ്റം,

അസ്സീസി മാസിക ജൂണ്‍ 2025

Jun 1, 2025

0

61

Recent Posts

bottom of page