ജോര്‍ജ് വലിയപാടത്ത്
Oct 4
സൃഷ്ടജാലങ്ങളുടെ മേല്‍ വി. ഫ്രാന്‍സിസ് കൈവരിച്ച സ്വാധീനവും അധികാരവും ഹൃദയശൂന്യമായ ക്രൂരത കൊണ്ടോ മൃഗീയമായ ബലപ്രയോഗം കൊണ്ടോ തന്ത്രങ്ങള്‍ വഴിയോ ആയിരുന്നില്ല എന്നു നാമോര്‍ക്കണം. സ്രഷ്ടാവായ ദൈവം പിതൃവാത്സല്യത്തോടെ ആദിമനുഷ്യനു നല്‍കിയ കല്‍പന അദ്ദേഹം പൂര്‍ണ്ണമായി അനുസരിച്ചതിന്‍റെ ഫലമായിരുന്നത്. ആ ദൈവകല്‍പ്പനയില്‍ അടങ്ങിയിരുന്ന 'ദൈവവിളി'യുടെ അര്‍ത്ഥവും ആഴവും വ്യാപ്തിയും ധ്യാനാത്മക പ്രാര്‍ത്ഥനയിലൂടെ അന്വേഷിച്ചു പുറപ്പെട്ട ഫ്രാന്‍സിസിന് അതു ദിവ്യദര്‍ശനത്തിലൂടെ ലഭിച്ചു. നസ്രത്തിലെ ഈശോയെ പൂര്‍ണ്ണമായി അനുഗമിക്കാനും, അവിടുന്നു സ്നേഹിച്ചതുപോലെ സ്നേഹിക്കാനും, അവിടുന്ന് ദൈവഹിതത്തെ അനുസരിച്ചതുപോലെ അനുസരിക്കാനും അവിടുന്നു തന്‍റെ ജീവിതം സഹജീവികള്‍ക്കു വേണ്ടിയുള്ള വിനീത ശുശ്രൂഷയ്ക്കായി സ്വയം ശൂന്യവത്കരിച്ചതുപോലെ ശൂന്യവത്കരിക്കാനും വേണ്ടി തന്നെ മുഴുവനായും ദൈവകൃപയുടെ പ്രവര്‍ത്തനത്തിനായി വിട്ടുകൊടുത്തപ്പോള്‍ ഫ്രാന്‍സിസ് അനുഭൂതിയിലും അവബോധത്തിലും 'സമ്പൂര്‍ണ്ണ മനുഷ്യന്‍' ആയി.
പ്രപഞ്ചമാകുന്ന തോട്ടത്തെ കൃഷിചെയ്യാനും സംരക്ഷിക്കാനും വളര്‍ത്താനുമായി ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി, നിയോഗിച്ച് കല്‍പിച്ചു (ഉല്‍പത്തി 2: 15-16). ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്ഷികളെയും അവന്‍റെ മുമ്പില്‍ കൊണ്ടുവന്നു.
മനുഷ്യന്‍ ദൈവത്തിന്‍റെ സൃഷ്ടിയോടു സഹകരിക്കാനും അതിനെ പൂര്‍ണ്ണതയിലേക്കു നയിക്കാനും അങ്ങനെ സ്രഷ്ടാവ് മനുഷ്യനെ വിളിച്ചു. ബുദ്ധിയും ചിന്താശക്തിയും സ്വാതന്ത്ര്യവുമുള്ളവന്‍ എന്ന നിലയില്‍ ദൈവത്തിന്‍റെ ഭൂമിയോടും പ്രപഞ്ചത്തോടും ഉള്ള മനുഷ്യന്‍റെ ഉത്തരവാദിത്വം അവനു മനസ്സിലാക്കിക്കൊടുത്തു. ദൈവകല്പന അനുസരിക്കാനും പ്രകൃതിനിയമങ്ങളെ ആദരിക്കാനും ജീവജാലങ്ങള്‍ക്കിടയിലുള്ള സമതുലിതാവസ്ഥയെ മാനിക്കാനും കടപ്പെട്ടിരിക്കുന്നു എന്ന് അവന്‍ അറിഞ്ഞെങ്കിലും അവന്‍റെ കര്‍ത്തവ്യത്തെ ആദി മനുഷ്യന്‍ നിരാകരിച്ചു. ഫ്രാന്‍സിസാകട്ടെ ഈ ദൈവിക ആജ്ഞയെ വിശ്വസ്തതയോടെ, പൂര്‍ണ്ണമായും അനുസരിച്ചു എന്നതാണ് അദ്ദേഹത്തിന്‍റെ വ്യത്യാസം. അപ്പോള്‍ ജീവജാലങ്ങള്‍ വി. ഫ്രാന്‍സിസിന്‍റെ ഇംഗിതങ്ങള്‍ നിറവേറ്റുവാനും അദ്ദേഹത്തിന് ആവശ്യമായ ശുശ്രൂഷ ചെയ്തു കൊടുക്കാനും തുടങ്ങി. ഫ്രാന്‍സിസിന് ഉണ്ടായ ഈ പ്രാപഞ്ചിക സാഹോദര്യത്തിന്‍റെ അനുഭവം ഒരു വസ്തുത തെളിയിക്കുന്നുണ്ട്: മനുഷ്യനെ നമ്മുടെ രൂപത്തിലും ഛായയിലും സൃഷ്ടിക്കാം എന്നുപറഞ്ഞ് വിഭാവനം ചെയ്തതും സൃഷ്ടിച്ചതുമായ പരിപൂര്‍ണ്ണ മനുഷ്യന്‍ ആയിത്തീര്‍ന്നു ഇതിലൂടെ വി. ഫ്രാന്‍സിസ്.
ശാസ്ത്രീയപാണ്ഡിത്യം നേടിയവനും സാങ്കേതിക പരിജ്ഞാനത്തിലൂടെ ജീവിതം എളുപ്പവും ആസ്വാദ്യകരവും ആക്കി മാറ്റിയവനുമായ ആധുനിക മനുഷ്യനെ ഫ്രാന്‍സിസ് പാപ്പാ ഒരു സുപ്രധാന കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. സൃഷ്ടിയുടെ കാലത്ത് എന്നപോലെ ഇന്നത്തെ മനുഷ്യനും അവന്‍റെയും അവളുടെയും ദൈവവിളി ഗ്രഹിക്കയും ഉത്തരവാദിത്വത്തോടെ അനുസരിക്കയും ചെയ്തേ മതിയാവൂ. മറിച്ചായാല്‍ സ്വന്തം ജീവിതവും അപരന്‍റെ ജീവിതവും തിന്മയും വേദനയും കൊണ്ട് നിറച്ച് അപകടത്തില്‍ ആക്കും.
"വേര്‍പിരിക്കാനാവാത്ത വിധം ഇഴ ചേര്‍ത്തെടുത്ത മൂന്ന് അടിസ്ഥാന ബന്ധങ്ങളിലാണ് മനുഷ്യജീവിതം അടിത്തറയിട്ടിരിക്കുന്നത്: മനുഷ്യന് ദൈവവുമായുള്ള ബന്ധം; മനുഷ്യന് ഇതരമനുഷ്യരോടുള്ള ബന്ധം, ഭൂമിയോട് (പ്രപഞ്ചത്തോട്) ഉള്ള ബന്ധം. ലോകമാകുന്ന പൂന്തോട്ടത്തെ (ഭൂമിയെ) ഉഴുതു സൂക്ഷിക്കുവാന്‍ സ്രഷ്ടാവ് മനുഷ്യനോട് ആവശ്യപ്പെട്ടു എന്നതാണ് വസ്തുത. ഭൂമിയെ ഉഴുതു സൂക്ഷിക്കുക എന്നതിന്‍റെ അര്‍ത്ഥം കൃഷി ചെയ്യുക, വേലയെടുക്കുക എന്നാണ്. കരുതല്‍, സംരക്ഷണം, പരിപാലനം, മേല്‍നോട്ടം എന്നിവ ഭൂമിയുടെ മേല്‍ ഉണ്ടായിരിക്കണമെന്ന് 'സൂക്ഷിക്കുക' എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നു."
"പ്രകൃതിയും മനുഷ്യനും തമ്മില്‍ പരസ്പര ഉത്തരവാദിത്വത്തിന്‍റെ ബന്ധമാണ് ഉള്ളതെന്നു ചുരുക്കം. ഏതു ജനപദത്തിനും ഭൂമിയാകുന്ന ഈ മഹാദാനത്തില്‍നിന്ന് നിലനില്‍പ്പിന് ആവശ്യമുള്ളവ എടുക്കാം. എന്നാല്‍ ഈ ഭൂമിയെ സംരക്ഷിക്കാനും വരും തലമുറകള്‍ക്കായി അതിന്‍റെ ഫലപുഷ്ടിയെ ഉറപ്പു വരുത്താനും ഉള്ള കടമയുണ്ട്. ദൈവത്തിന്‍റെ ഭൂമിയോട് മനുഷ്യനുള്ള ഉത്തരവാദിത്വത്തിന്‍റെ അര്‍ത്ഥം, ബുദ്ധിയും ചിന്താശക്തിയും ഉള്ളവന്‍ എന്ന നില യില്‍ മനുഷ്യന്‍ പ്രകൃതിനിയമങ്ങളെ ആദരിക്കാനും ജീവജാലങ്ങള്‍ക്കിടയിലുള്ള ലോലമായ സമതുലിതാവസ്ഥയെ മാനിക്കാനും കടപ്പെട്ടിരിക്കുന്നു.
"പ്രകൃതി വിഭവങ്ങള്‍ ചുമതലാബോധത്തോടെ ഉപയോഗിക്കുന്നതോടൊപ്പം തന്നെ സര്‍വ ജീവജാലങ്ങള്‍ക്കും ദൈവദൃഷ്ടിയില്‍ മൂല്യമുണ്ടെന്ന് അംഗീകരിക്കയും ചെയ്യാന്‍ നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഏതു ജനപദത്തിനും ഭൂമിയാകുന്ന ഈ മഹാദാനത്തില്‍നിന്ന് നിലനില്‍പ്പിന് ആവശ്യമുള്ളവ എടുക്കാം. എന്നാല്‍ ഈ ഭൂമിയെ സംരക്ഷിക്കാനും വരും തലമുറകള്‍ക്കായി അതിന്‍റെ ഫലപുഷ്ടിയെ ഉറപ്പു വരുത്താനുമുള്ള കടമയുണ്ട്. സൃഷ്ടജാലങ്ങളെയും പ്രകൃതിനിയമങ്ങളെയും ആദരിക്കാന്‍ മനുഷ്യന്‍ തന്‍റെ പദവിയാലും വിശേഷബുദ്ധിയാലും വിളിക്കപ്പെട്ടിരിക്കുന്നു.
"കാരണം, ഓരോ സൃഷ്ടിക്കും അതിന്‍റെതായ നന്മയും പൂര്‍ണ്ണതയും ഉണ്ട്. ഓരോ സൃഷ്ടിയും ദൈവം ആഗ്രഹിച്ച നിലയില്‍ അവിടുത്തെ അനന്ത നന്മയെയും ജ്ഞാനത്തെയും അതിന്‍റേതായ രീതിയില്‍ പ്രതിഫലിപ്പിക്കുന്നു. അതിനാല്‍തന്നെ ഓരോ സൃഷ്ടിയുടെയും സവിശേഷനന്മയേയും മൂല്യത്തെയും മനുഷ്യന്‍ ആദരിക്കണം. തന്‍റെ സൂക്ഷത്തിന് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന അയല്‍ക്കാരനുമായി ശരിയായ ബന്ധം പുലര്‍ത്താനും വളര്‍ത്താനും ഉള്ള കടമയില്‍ അവഗണന കാണിച്ചതു മൂലം തന്നോടു തന്നെയും അപരനോടും ദൈവത്തോടും പ്രപഞ്ചത്തോടും ഉള്ള തന്‍റെ ബന്ധത്തെ മനുഷ്യന്‍ നശിപ്പിച്ചു. ജീവന്‍ തന്നെ അപകടത്തിലായപ്പോള്‍ ദൈവം തന്നെ രക്ഷയ്ക്കുള്ള വഴി തുറന്നുതന്നു. മനുഷ്യവംശത്തിന് പുതിയ ഒരു തുടക്കത്തിന് ദൈവം അവസരം നല്‍കി. പ്രത്യാശ പുനസ്ഥാപിക്കാന്‍ ഒരു നല്ല മനുഷ്യന്‍ മതി. സ്രഷ്ടാവ് പ്രകൃതിയില്‍ കുറിച്ച താളങ്ങള്‍ വീണ്ടെടുക്കുന്നതിലും അവയെ മാനിക്കുന്നതിലും ആണ് ഈ നവീകരണം അടങ്ങിയിരിക്കുന്നത്.
"സ്രഷ്ടാവായ ദൈവത്തെ സ്തുതിക്കാന്‍ സങ്കീര്‍ത്തനങ്ങള്‍ നമ്മെ തുടര്‍ച്ചയായി ഉദ്ബോധിപ്പിക്കുന്നു. നമ്മള്‍ ദൈവശക്തിയാല്‍ സൃഷ്ടിക്കപ്പെട്ടു എന്നതുകൊണ്ടു മാത്രമല്ല, അവിടുത്തോടൊത്തു ജീവിക്കുകയും അവിടുത്തെ പക്കല്‍ വസിക്കയും ചെയ്യുന്നതുകൊണ്ടാണ് നമ്മള്‍ അവിടുത്തെ ആരാധിക്കുന്നത്. എല്ലാറ്റിന്‍റെയും പിതാവ് ആയവന്‍റെ കരങ്ങളില്‍ നിന്നു കിട്ടിയതും, സ്നേഹത്താല്‍ പ്രകാശിതവും ആയ ഒരു യാഥാര്‍ത്ഥ്യമെന്ന നിലയില്‍ നമ്മെ എല്ലാവരെയും ആഗോള ഐക്യത്തിലേക്കും കൂട്ടായ്മയിലേക്കും ക്ഷണിക്കുന്നതുമായ ഒരു ദാനമാണ് "സൃഷ്ടി". സുനിശ്ചിതമായ ഒരു ദൈവികതീരുമാനത്തില്‍നിന്ന് ഉടലെടുത്തു എന്നതു തന്നെയാണ് പ്രപഞ്ചത്തിന്‍റെ മഹത്വത്തിനു നിദാനം. സ്നേഹത്തിന്‍റെ ക്രമത്തിലുള്ളതാണ് സൃഷ്ടി. സര്‍വ്വസൃഷ്ടവസ്തുക്കളിലെയും അടിസ്ഥാന ചാലകശക്തി ദൈവത്തിന്‍റെ സ്നേഹമാണ്.
"ഓരോ സൃഷ്ടിയും പിതാവിന്‍റെ ആര്‍ദ്രതയ്ക്കു വിഷയമാണ്. അവിടുന്ന് അവയ്ക്കെല്ലാം ലോകത്തില്‍ അനുയോജ്യമായ ഇടം നല്‍കുന്നു. പ്രപഞ്ചത്തിലെ ഏറ്റം നിസ്സാരമായ ഒന്നിന്‍റെ ക്ഷണിക ജീവിതംപോലും അവിടുത്തെ സ്നേഹത്തിനു വിഷയമാണ്. അതിന്‍റെ നൈമിഷികജീവിതത്തിന് ഇടയിലും ദൈവം അതിനെ അവിടുത്തെ സ്നേഹം കൊണ്ട് ആശ്ലേഷിക്കുന്നു. അതുകൊണ്ടു തന്നെ മഹാനായ വി. ബേസില്‍ സ്രഷ്ടാവായ ദൈവത്തെ 'അളവറ്റ നന്മ' എന്നു വിശേഷിപ്പിച്ചു. ഇതിന്‍ പ്രകാരം, മനുഷ്യനു സൃഷ്ടിക്കപ്പെട്ടവയില്‍ നിന്ന് ദൈവത്തിന്‍റെ മഹത്ത്വത്തിലേക്കും അവിടുത്തെ സ്നേഹാര്‍ദ്രമായ കരുണയിലേക്കും ഉയരാന്‍ കഴിയും.
"സര്‍വ്വവും ദൈവത്തിന്‍റെ സര്‍വ്വാതിശയത്വത്തിലേക്കു തുറന്നിരിക്കുന്നതും, പരസ്പര സമ്പര്‍ക്കത്തിലിരിക്കുന്നതുമായ സംവിധാനങ്ങളാല്‍ രൂപം പ്രാപിച്ച ഈ പ്രപഞ്ചത്തില്‍ അനവധി ബന്ധങ്ങളും പങ്കാളിത്തങ്ങളും ദൃശ്യമാണ്. പ്രപഞ്ചത്തില്‍ ചുരുളഴിയുന്ന ഈ ബന്ധങ്ങളുടെ അര്‍ത്ഥവും രഹസ്യാത്മക സൗന്ദര്യവും വിശദീകരിക്കാന്‍ വിശ്വാസം നമ്മെ സഹായിക്കുന്നു. സ്രഷ്ടാവിന്‍റെ സാന്നിദ്ധ്യം ഓരോ സൃഷ്ടിയുടെയും നിലനില്‍പ്പും വളര്‍ച്ചയും ഉറപ്പുവരുത്തിക്കൊണ്ട് സൃഷ്ടിയുടെ പ്രവൃത്തി തുടരുകയാണ്. ദൈവാരൂപി പ്രപഞ്ചത്തെ സാധ്യതകള്‍ കൊണ്ടു നിറച്ചിരിക്കുന്നു.
"പ്രകൃതി ദൈവത്തിന്‍റെ ഒരു കലാസൃഷ്ടിയാണ്. ഓരോന്നിലും അവിടുത്തെ കലാവിരുതിന്‍റെ മുദ്ര പതിഞ്ഞിരിക്കുന്നു. ഓരോന്നും നിയതമായ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു. ദൈവത്തന്‍റെ ഇടപെടല്‍ വ്യക്തമായ ഈ പ്രപഞ്ചത്തില്‍ 'ഞാന്‍' എന്നും 'നീ' എന്നുമുള്ള വ്യതിരിക്തത പുലര്‍ത്തി തമ്മില്‍ ബന്ധങ്ങള്‍ രൂപീകരിക്കാനുള്ള സവിശേഷ ജീവിതവിളിയാണ് സ്രഷ്ടാവ് മനുഷ്യനു നല്‍കിയിട്ടുള്ളത്. പ്രപഞ്ചം മുഴുവനും അതിലെ പരസ്പര ബന്ധങ്ങളിലൂടെ ദൈവത്തിന്‍റെ അക്ഷയമായ സമ്പത്ത് വെളിപ്പെടുത്തുന്നു.
"ദൈവം സൃഷ്ടികളുടെ പരസ്പരാശ്രയത്വം ആഗ്രഹിക്കുന്നു. സൂര്യനും ചന്ദ്രനും കേദാരവൃക്ഷവും ചെറു കുസുമവും കഴുകനും ചെറുകുരുവിയും - എണ്ണമറ്റ ഇവയുടെ വൈവിധ്യത്തിന്‍റെയും അസമത്വങ്ങളുടെയും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത് ഒരു സൃഷ്ടിയും സ്വയം പര്യാപ്തമല്ല എന്നാണ്. പരസ്പരാശ്രയത്വമില്ലാതെ സൃഷ്ടികള്‍ക്കു നിലനില്‍പ്പില്ല. പരസ്പരമുള്ള സഹായത്തിലൂടെ അവ പൂര്‍ണ്ണതയിലെത്തുന്നു. അസ്തിത്വമുള്ള എല്ലാറ്റിലും ദൈവം പ്രതിഫലിക്കപ്പെടുന്നു എന്നു കാണുമ്പോള്‍ അവയെ പ്രതി നമ്മുടെ അന്തരംഗം ദൈവത്തെ മഹത്ത്വപ്പെടുത്തുകയും അവയോടു ചേര്‍ന്ന് ദൈവത്തെ ആരാധിക്കാന്‍ തയ്യാറെടുക്കുകയും ചെയ്യും. അസ്സീസിയിലെ വി. ഫ്രാന്‍സിസിന്‍റെ സൂര്യകീര്‍ത്തനത്തില്‍ ഈ ചേതോവികാരം മനോഹരമായി രൂപം കൊണ്ടിരിക്കുന്നു: എന്‍റെ കര്‍ത്താവേ, നിന്‍റെ സര്‍വ്വ സൃഷ്ടികളാല്‍, വിശിഷ്യ, സോദരന്‍ സൂര്യനാല്‍ നീ സ്തുതിക്കപ്പെടട്ടെ..... (ഫ്രാന്‍സീസ് പാപ്പാ, അങ്ങേക്കു സ്തുതി, 73 79). ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മാര്‍പാപ്പാമാരും ഭൗതികശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും കവികളും കലാകാരന്മാരും ഏറെ പുകഴ്ത്തി സംസാരിക്കുന്ന പ്രപഞ്ചസാഹോദര്യം പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. ഫ്രാന്‍സിസ് ജീവിക്കയും പ്രഘോഷിക്കയും ചെയ്തു എന്നത് ഏവരെയും അതിശയിപ്പിക്കുന്ന കാര്യമല്ലേ?
ഈയിടെ ഫ്രാന്‍സിസ് പാപ്പയും തിരുസഭയും പ്രഘോഷിച്ച മേല്‍പറഞ്ഞ സത്യങ്ങളുടെ വെളിച്ചത്തില്‍, വി. ഫ്രാന്‍സിസിന്‍റെ ജീവിതശൈലിയെയും വാക്കുകളെയും മനോഭാവത്തെയും പരിശോധിക്കാം. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഈ വിശുദ്ധന്‍ ജീവജാലങ്ങളെ ഒരു മിസ്റ്റിക് രീതിയില്‍ വീക്ഷിക്കയും ആനന്ദിക്കുകയും ചെയ്യാന്‍ കാരണം എന്തെന്ന് ഇനി അന്വേഷിക്കാം.