top of page

സൂര്യകീര്‍ത്തനം ഒരു പഠനം

Oct 3

7 min read

ഡോ. ജെറി ജോസഫ് OFS

രചനയുടെ ആരംഭത്തിന്‍റെ 800-ാം വാര്‍ഷികം
A man in a robe stands joyfully with arms raised, surrounded by a vivid landscape with a bright sun, crescent moon, flowers, and a fire by a river.
A. ആമുഖം

ഫ്രാന്‍സിസ്കന്‍ രചനകളില്‍ സൂര്യകീര്‍ത്തനവും, സാന്‍ഡാമിയനോയിലെ സന്യാസിനികള്‍ക്കുള്ള ആഹ്വാനവും, സഹോദരന്‍ ലിയോയ്ക്കുള്ള ആശീര്‍വാദവും അതേ തുകലിന്‍റെ (Parchment) മറുപുറത്തുള്ള ദൈവത്തിന്‍റെ സ്തുതിപ്പും Umbrian ഭാഷയിലാണ്; മറ്റെല്ലാം ലത്തീനിലും.


സൂര്യകീര്‍ത്തനത്തിന്‍റെ രചന ആരംഭിക്കുന്നതായി പറയപ്പെടുന്നത് 1225 ആണെങ്കിലും അതിനു മുമ്പു തന്നെ ഈ ചിന്തകള്‍ ഫ്രാന്‍സിസിന്‍റെ ഉള്ളില്‍ രൂപപ്പെട്ടുകാണണം. ഇതിനു മുമ്പുള്ള പല രചനകളിലും (ഉദാഹരണം: യാമപ്രാര്‍ത്ഥനയ്ക്കു മുമ്പ് ചൊല്ലേണ്ട സ്തുതിപ്പുകള്‍) ഇതു വ്യക്തമാണ്. ഫ്രാന്‍സിസ് തന്‍റെ ഇരുപതാം വയസ്സിനു ശേഷം ആയിരിക്കണം സാന്‍ഡാമിയാനോ പള്ളിയും പരിസരവും പുനര്‍നിര്‍മിച്ചത്. തീരെ വയ്യാത്ത അവസ്ഥയില്‍, ശാരീരികമായും മാനസികമായും ആത്മീയമായും തളര്‍ന്ന അവസ്ഥയില്‍ അവിടെ വച്ചുതന്നെയാണ് സൂര്യകീര്‍ത്തനത്തിന്‍റെ ഭാഗങ്ങള്‍ രചിക്കപ്പെടുന്നത് എന്നു ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.


താഴെ പറയുന്ന ആദ്യകാലങ്ങളിലെ രചനകളില്‍ (Early Documents) സൂര്യകീര്‍ത്തനത്തിന്‍റെ പരാമര്‍ശം കാണാം.


a) ഫ്രാന്‍സിസിന്‍റെ ജീവിതം വിവരിക്കുന്ന സലാനോയുടെ ആദ്യരചനയില്‍ ഭാഗം: 81 (1 c, 81)


b) ഫ്രാന്‍സിസ്കന്‍ സഹോദരരായ Angelo, Rufeno, Leo എന്നിവര്‍ ചേര്‍ന്ന് എഴുതിയ Assisi Compilation. ഈ കൃതി തന്നെ പെറൂജിയയിലെ ലജന്‍ഡ് (Legend of Perugia) എന്ന പേരിലും അറിയപ്പെടുന്നു. (AC 7, 33, 84; LP 43, 44, 100).


c) സലാനോയുടെ രണ്ടാം രചനയില്‍ (2 C 172, 213).


d) ഫ്രാന്‍സിസിന്‍റെ ജീവിതം വിവരിക്കുന്ന Bonavature യുടെ Major Legend (LMJ VIII 6; IX 4)


e) Paul Sabatier തര്‍ജമ ചെയ്ത പൂര്‍ണ്ണതയുടെ ദര്‍പ്പണം (Mirror of Perfection) (2MP 100, 101, 122-123)


Assisi Compilation ല്‍ സൂര്യകീര്‍ത്തനത്തിന്‍റെ രചനയിലേക്ക് നയിക്കുന്ന സംഭവം വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്: സാരസന്മാരുടെ നാട്ടിലേക്കുള്ള യാത്രയ്ക്കു (1220) ശേഷം പഞ്ചക്ഷതം ലഭിക്കുമ്പോഴും (1224) തുടര്‍ന്നും ഫ്രാന്‍സിസ് പല തരത്തിലുള്ള വ്യഥകളാല്‍ പീഡിതനായിരുന്നു. ശരീരം ആസകലം വേദന, കാഴ്ച പരിമിതപ്പെട്ടു. രാവിലെ സൂര്യവെളിച്ചവും, രാത്രി തീയുടെ വെളിച്ചവും കണ്ണുകള്‍ക്ക് വേദനാജനകമായിരുന്നു. ഉറങ്ങുക ശ്രമകരമായിരുന്നു, അസാധ്യം എന്നു പറയാം. സാന്‍ഡാമിയാനോയിലെ പനമ്പുകൊണ്ടു തീര്‍ത്ത ഒരു കുടുസ്സുമുറിയിലായിരുന്നു. എലികള്‍ ശല്യം ചെയ്യുമായിരുന്നു. തന്നോടുതന്നെ ഫ്രാന്‍സിസിന് സഹതാപം തോന്നിയ അവസ്ഥയില്‍ ഇപ്രകാരം സാന്ത്വനം നല്കുന്ന വചനം ആത്മാവില്‍ ശ്രവിക്കാന്‍ ഇടയായി "സന്തോഷവാനാകൂ, ആനന്ദിക്കൂ. ഇപ്പോള്‍ നീ സ്വര്‍ഗ്ഗരാജ്യത്തില്‍ സുനിശ്ചിതമായ സ്ഥാനം നേടിയിരിക്കുന്നു."


ഈ ആന്തരിക വചസുകളാല്‍ അതീവ സന്തോഷവാനായ ഫ്രാന്‍സിസ് ധ്യാനനിരതനായി ഇപ്രകാരം പറഞ്ഞുവത്രെ: 'ദൈവത്തിന്‍റെ (കര്‍ത്താവിന്‍റെ) പുകഴ്ച്ചക്കായി പുതിയ ഒരു കീര്‍ത്തനം രചിക്കും'. സൃഷ്ടവസ്തുക്കള്‍ കര്‍ത്താവിനെ സ്തുതിക്കട്ടെ, ഇവ മനുഷ്യന് ആവശ്യമാണ്. ഇവയില്‍ മനുഷ്യര്‍ സ്രഷ്ടാവിനെ നിന്ദിക്കുകയും ചെയ്യുന്നു എന്നത് ഫ്രാന്‍സിസ് സ്വന്തമായി എഴുതിയതാകാന്‍ സാധ്യത കുറവാണ്.


അതിനാല്‍ തന്‍റെ ഭ്രാതൃത്വത്തിലെ സഹോദരര്‍ക്ക് പദ്യമായി പറഞ്ഞു കൊടുത്തോ, അതോ ഗദ്യരൂപത്തില്‍ ഫ്രാന്‍സിസില്‍ നിന്നും ലഭിച്ചവ പദ്യരൂപത്തിലേക്ക് പിന്നീടു ചിട്ടപ്പെടുത്തിയതോ എന്ന് ഇപ്പോഴും പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്.


വിശുദ്ധ ഗ്രന്ഥത്തിലെ 66, 99, 148 സങ്കീര്‍ത്തനങ്ങളും ദാനിയേലിന്‍റെ പുസ്തകത്തിലെ മൂന്നാം അധ്യായത്തിലെ 'മൂന്നു യുവാക്കളുടെ കീര്‍ത്തനവും' ആയി സൂര്യകീര്‍ത്തനത്തിനുള്ള സാമ്യം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

സൂര്യകീര്‍ത്തനത്തിന്‍റെ ഏറ്റവും പഴയ കയ്യെഴുത്തുപ്രതി Assisi Codex 338 - (1250) Assisi Sacro Convento Library യില്‍ ഉണ്ട്. അത് ആരംഭിക്കുന്നത് ഇപ്രകാരമാണ്: "ദൈവത്തിന്‍റെ സ്തുതിപ്പിനും പുകഴ്ചയ്ക്കും ആയി, സൃഷ്ടികളെ സ്തുതിച്ചുകൊണ്ട് ധന്യനായ ഫ്രാന്‍സിസ് സാന്‍ഡാമിയാനോയില്‍ വച്ച് രചിച്ച കീര്‍ത്തനം ഇവിടെ തുടങ്ങുന്നു."


B. സൂര്യകീര്‍ത്തനത്തിന്‍റെ ഘടന

Assisi Compilation (AC) എന്ന കൃതി, 1225 ലാണ് സൂര്യകീര്‍ത്തനം എഴുതിത്തുടങ്ങിയത് എന്ന് പറയുന്നുണ്ടെങ്കിലും, അതു രൂപപ്പെടുന്ന സന്ദര്‍ഭം കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്: മൂന്നു ഭാഗങ്ങളായാണ്, മൂന്നു സമയത്തു നടക്കുന്നത്. ഒന്നാംഭാഗം AC 83 ലും (1-9 വരെയുള്ള ശ്ലോകങ്ങള്‍), രണ്ടാംഭാഗം AC 84 ലും (10 ഉം 11 ഉം ശ്ലോകങ്ങള്‍), മൂന്നാംഭാഗം C 7 ലും (12-14 വരെയുള്ള ശ്ലോകങ്ങള്‍) ആണ് വിവരിക്കുന്നത്. Umbrian ഭാഷയില്‍ നിന്ന് ലത്തീനിലേക്കും അവിടെനിന്ന് ഇംഗ്ലീഷിലും, നൂറിലധികം ഭാഷകളിലേക്കും തര്‍ജമ ചെയ്യപ്പെട്ടിട്ടുള്ള ഈ രചനയ്ക്ക് 33 വരികളാണ് ഉള്ളത്. അതിനെ 14 ശ്ലോകങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. 5 ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു.


ഒന്നും രണ്ടും ശ്ലോകങ്ങള്‍ (Stanza/Strope) ദൈവശാസ്ത്രപരമാണ് (Theology).

മൂന്നു മുതല്‍ ഒമ്പതുവരെയുള്ള ശ്ലോകങ്ങള്‍ പ്രപഞ്ചശാസ്ത്രപരമാണ് (Cosmology)

പത്തും പതിനൊന്നും ശ്ലോകങ്ങള്‍ നരവംശശാസ്ത്രപരമാണ് (Anthropology).

പന്ത്രണ്ടും പതിമൂന്നും ശ്ലോകങ്ങള്‍ യൂഗാന്തശാസ്ത്രം (Eschatology)).

പതിനാലാം ശ്ലോകം ഓരോ ശ്ലോകം കഴിയുമ്പോഴും ചൊല്ലാവുന്ന പ്രാര്‍ത്ഥനയാണ്.


സൂര്യകീര്‍ത്തനത്തില്‍, ആകാശത്തില്‍ ഉള്‍ക്കൊള്ളുന്ന (Celestial) മൂന്ന് വസ്തുക്കള്‍: സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍. ഭൂമിയിലെ നാലു ഘടകങ്ങള്‍(Elements): കാറ്റ്, വെള്ളം, അഗ്നി, ഖരപദാര്‍ത്ഥം (ഭൂമി) എന്നിവ ഉള്‍ക്കൊള്ളുന്നു.


ഇപ്രകാരം ഏഴു കാര്യങ്ങള്‍ ഉല്‍പത്തിയില്‍ സ്രഷ്ടാവായ ദൈവത്തിന്‍റെ ഏഴു ദിവസങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതല്ലെ? വചനത്താല്‍ പിതാവായ ദൈവം സൃഷ്ടികര്‍മ്മത്തില്‍ ഏര്‍പ്പെടുത്തുന്നു. എല്ലാം സൃഷ്ടിക്കുകയും, ദൈവം സൃഷ്ടിച്ചവയെല്ലാം തന്നെ നല്ലതും ആയിരുന്നു. ഏഴ് എന്ന സംഖ്യ പൂര്‍ണ്ണതയെ സൂചിപ്പിക്കുന്നു.


എല്ലാ ഖരപദാര്‍ത്ഥങ്ങളും (ഭൂമി), ദ്രാവകങ്ങളും (വെള്ളം), നീരാവിയും (കാറ്റ്/വായു) അവയെ ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റുന്ന താപം (Heat) നല്കുന്ന അഗ്നിയും സൃഷ്ടവസ്തുക്കളുടെ അഭേദ്യബന്ധം സൂചിപ്പിക്കുന്നു. ഇത് നമ്മെ നയിക്കുന്നത്, സ്രഷ്ടാവിലേക്കും ദൈവികപൂര്‍ണ്ണതയിലേക്കും ആണ്.

തുടര്‍ന്നുള്ള വരികള്‍ ഭൂമിയില്‍ സമാധാനവും സ്വര്‍ഗ്ഗത്തിലെ നിത്യതയും സൂചിപ്പിക്കുന്നു.


"സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു" (റോമ. 8: 19)


C. സൂര്യകീര്‍ത്തനത്തിന്‍റെ തര്‍ജ്ജമയും ഹ്രസ്വമായ വ്യാഖ്യാനവും

a. ദൈവശാസ്ത്രപരമായ ശ്ലോകങ്ങള്‍

"മഹോന്നതനേ, സര്‍വശക്തനേ, നല്ല കര്‍ത്താവേ

സ്തുതികളും മഹത്വവും ബഹുമാനവും

എല്ലാ വാഴ്വും നിനക്കുള്ളതാകുന്നു.

ഉന്നതനേ, അവ നിന്‍റേതു മാത്രമാകുന്നു.

നിന്‍റെ നാമം ഉച്ചരിക്കാന്‍ മര്‍ത്യരിലൊരുവനും യോഗ്യനല്ല."


ഇവയില്‍ ദൈവത്തിനു മാത്രമായി ഏഴു വിശേഷണങ്ങള്‍ കാണാം: മഹോന്നതന്‍, സര്‍വശക്തന്‍, നല്ലവന്‍, സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും വാഴ്വിനും അര്‍ഹനായവന്‍ എന്നിവ.


ഫ്രാന്‍സിസിന്‍റെ മറ്റു രചനകളിലും ഇപ്രകാരമുള്ള വിശേഷണങ്ങള്‍ കര്‍ത്താവിന്‍റെ നാമത്തോടൊപ്പം കാണാന്‍ സാധിക്കും. മനുഷ്യന്‍ ദൈവസമക്ഷം ആരുമല്ല, ഒന്നുമല്ല എന്ന തിരിച്ചറിവാണ് ഫ്രാന്‍സിസിന്‍റെ ജീവിതം മുഴുവന്‍ പ്രതിപാദിക്കുന്നത്.La Verna മലയില്‍ ആ പുണ്യാത്മാവ് എപ്പോഴും ഉരുവിട്ടിരുന്നത്, "നീ ആരാണ് ദൈവമേ, ആരാണു ഞാന്‍" എന്നായിരുന്നു.


സൂര്യകീര്‍ത്തനത്തിലേതിന് സമാനമാണ്, മാര്‍പാപ്പയുടെ അംഗീകാരം ലഭിക്കാത്ത 1221 ലെ നിയമാവലിയിലെ അധ്യായം 23 ലെ ദൈവത്തിനോടുള്ള അഭിസംബോധന, ക്രൂശിതരൂപത്തിന്‍ മുമ്പാകെയുള്ള ജപം, യാമപ്രാര്‍ത്ഥനകള്‍ക്ക് മുന്നോടിയായ ജപം, പീഡാനുഭവ ഒപ്പീസിലെ പ്രാര്‍ത്ഥനകള്‍ എന്നുള്ളവ. താന്‍ എല്ലാ മനുഷ്യരെയും പോലെയും ദൈവസമക്ഷം ഒന്നുമല്ല എന്ന് ഊന്നിപ്പറയുന്നു. എളിമപ്പെടുക എന്നത് ഒരു കര്‍ത്തൃദാനമാണ്, അത് പരിശീലിക്കേണ്ടതും ആണ്. ഇതിനാല്‍ തന്നെയാണ് ഫ്രാന്‍സിസ് തന്നെത്തന്നെ 'പരമവിഡ്ഢി എന്നും', 'ഭോഷന്‍' എന്നും വിശേഷിപ്പിച്ചിരുന്നത്.


b. പ്രപഞ്ചശാസ്ത്രപരമായ ശ്ലോകങ്ങള്‍

"നിന്‍റെ സര്‍വ സൃഷ്ടികളാല്‍

വിശിഷ്യാ, ബഹുമാനപ്പെട്ട സോദരന്‍ സൂര്യനാല്‍

എന്‍റെ കര്‍ത്താവേ നീ സ്തുതിക്കപ്പെടട്ടെ.

പകലായ, അവനിലൂടെ

ഞങ്ങള്‍ക്കു നീ വെളിച്ചമേകുന്നു.

അവന്‍ സുന്ദരനും

ഉജ്ജ്വലകാന്തിയാല്‍ കതിരുകള്‍ വീശുവോനും

മഹോന്നതനായ നിന്‍റെ സാദൃശ്യം പേറുവോനും ആകുന്നു."


ഫ്രാന്‍സിസ് സൂര്യനെയാണ് ദൈവസൃഷ്ടിയില്‍ ആദ്യമായി വിശേഷിപ്പിക്കുന്നത്. ഇതിന് മൂന്നു വിശേഷണങ്ങള്‍ ഉപയോഗിക്കുന്നു: സുന്ദരന്‍, ഉജ്ജ്വലന്‍, കാന്തിയാല്‍ കതിരുകള്‍ വീശുന്നവന്‍ എന്നിവയാണ് അത്. സ്രഷ്ടവസ്തുക്കളില്‍ സൂര്യനെ മാത്രമേ"Sir' (Sir, Brother Sun) എന്നു വിശേഷിപ്പിക്കുന്നുള്ളു. സൂര്യനെ മാത്രമാണ് ദൈവത്തോട് സദൃശ്യനാണ് എന്നു പറയുന്നത്. (മറ്റു സൃഷ്ടികളും മനുഷ്യനും ദൈവസാദൃശ്യവും രൂപവും ഉണ്ട് എന്നിരുന്നാലും) യോഹന്നാന്‍റെ സുവിശേഷം 1: 9 "എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നുന്നു. സൂര്യന്‍റെ സൗന്ദര്യം ദൈവത്തിന്‍റെ സൗന്ദര്യം നമ്മെ ഓര്‍മിപ്പിക്കുന്നു. ഇവ രണ്ടും മറ്റുള്ളവരിലെ സൗന്ദര്യം പ്രകമാക്കപ്പെടാന്‍ കാരണമാകുന്നു. സൂര്യന്‍ ബാഹ്യസൗന്ദര്യമാണ് വിളിച്ചോതുന്നതെങ്കില്‍ ദൈവം ആന്തരികവും ബാഹ്യവുമായ സൗന്ദര്യം എടുത്തുകാണിക്കുന്നു. സൂര്യന്‍റെ പ്രഭ (Radiance) ഭൂമിക്കും ജീവികള്‍ക്കും താപം നല്കുന്നതിന് കാരണമാണെങ്കില്‍, ദൈവസ്നേഹം ആത്മീയതാപത്തിന് (Spiritual Warmth) കാരണം ആകുന്നു.


"സോദരി ചന്ദ്രനാലും താരകങ്ങളാലും

എന്‍റെ കര്‍ത്താവേ, നീ സ്തുതിക്കപ്പെടട്ടെ

ഉജ്ജ്വലവും അനര്‍ഘവും രമണീയവുമായി

സ്വര്‍ഗ്ഗത്തില്‍ നീയവയെ മെനഞ്ഞു."


ചന്ദ്രനും നക്ഷത്രങ്ങളും സഹോദരിമാരാണ്. മൂന്നു വിശേഷണങ്ങള്‍ അവയ്ക്കും നല്കുന്നു: ഉജ്ജ്വലം (Bright), അനര്‍ഘം (Precious), രമണീയം (Beautiful). നമ്മള്‍ "Clarite'' എന്ന വാക്കിനെ ഉജ്ജ്വലം എന്നാണ് തര്‍ജമ ചെയ്യുന്നത്. എന്നാല്‍ ഒരു വജ്രത്തിന്‍റേതു പോലുള്ള ശോഭയാണ് അത് അര്‍ത്ഥമാക്കുന്നത്. രാത്രിക്ക് ഒരു 'വിഷമത്തിന്‍റെ' തലത്തില്‍ ചിന്ത വന്നേക്കാം, എന്നാല്‍ ചന്ദ്രനും നക്ഷത്രങ്ങളും ആ വിഷമാവസ്ഥയ്ക്ക് അറുതി വരുത്തുന്നു. ക്രിസ്തീയ കലാകാരന്മാര്‍ ചന്ദ്രികയെ പരിശുദ്ധ കന്യാമറിയമായും നക്ഷത്രങ്ങളെ വിശുദ്ധരായും ചിത്രീകരിക്കാറുണ്ട്.


സൂര്യരശ്മികള്‍ പ്രതിഫലിപ്പിക്കുകയാണ് ചന്ദ്രന്‍ ചെയ്യുന്നത്. അത് ഭംഗിയുടെയും ശാന്തതയുടെയും എളിമയുടെയും പ്രതീകം അത്രെ.


നക്ഷത്രങ്ങള്‍ ആകാശവിതാനത്തിന് പകിട്ടേകുന്നു. നമ്മള്‍ ചുറ്റുപാടുമുള്ളവയുടെ മാറ്റ് കുറയ്ക്കുന്നതിനു കാരണമാകരുത്. നമ്മുടെ എല്ലാംതന്നെ ദൈവദാനമാണ്. നമ്മള്‍ ആരുമല്ല, ഒന്നുമല്ല എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.


"സോദരന്‍ കാറ്റിനാല്‍

എന്‍റെ കര്‍ത്താവേ, നീ സ്തുതിക്കപ്പെടട്ടെ

മേഘാവൃതവും പ്രശാന്തവുമായ കാലഭേദങ്ങളിലൂടെയും

നിന്‍റെ സൃഷ്ടികളെ നീ നിലനിര്‍ത്തുന്നു."


കാറ്റിനു നല്കുന്ന വിശേഷണങ്ങള്‍ നാല് ആണ്. മേഘാവൃതം, പ്രശാന്തം, പല തരത്തിലുള്ള കാലാവസ്ഥയും സൃഷ്ടികളുടെ നിലനില്‍പ്പും കാറ്റിന്‍റെ വിശേഷണങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. ചര്‍ച്ച ചെയ്തുകൊണ്ടേ ഇരിക്കുന്നു... ഇപ്പോഴത്തെ അവസ്ഥയും വരാനിരിക്കുന്ന വലിയ വിപത്തുകളും. ഹീബ്രു, ഗ്രീക്ക്, ലത്തീന്‍, ഇംഗ്ലീഷ് എന്നിവയില്‍ വായു, കാറ്റ് എന്നിവയ്ക്കു നല്‍കുന്ന പദങ്ങള്‍ റൂഹ(Ruah) ന്യൂമ(Pneuma) സ്പിരിറ്റസ് (Spritus), കാറ്റ്(Wind) എന്നിങ്ങനെ ആണ്. പുതിയ നിയമത്തില്‍ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. ഉത്ഥാനത്തിനു ശേഷം ശിഷ്യന്മാര്‍ക്ക് പരിശുദ്ധാത്മാവിനെ നല്കുന്നത് ശ്വാസത്തിലൂടെയാണ്.


"ഇതു പറഞ്ഞിട്ട് അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: "നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍" (യോഹ. 20: 22). ഇതിനു പുറമെ കാറ്റ്/വായു, മനുഷ്യാത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. "ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴി കൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്‍റെ ശ്വാസം അവന്‍റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു (ഉല്‍പത്തി 2: 8). വായു ജീവജാലങ്ങളുടെ നിലനില്പിന് അത്യന്താപേക്ഷിതമത്രെ!

Waterfall cascading over rocks in a lush green forest, creating a tranquil and refreshing atmosphere. No visible text.

"സോദരി ജലത്താല്‍

എന്‍റെ കര്‍ത്താവേ, നീ സ്തുതിക്കപ്പെടട്ടെ

ഉപയോഗ്യയും വിനീതയും ആയ അവള്‍

അമൂല്യയും പരിശുദ്ധയും ആകുന്നു."


ഈ വരികള്‍ വി. ക്ലാരയെക്കുറിച്ചാണ് എന്ന് അസ്സീസിയിലെ ക്ലാര: ആദ്യകാല രചനകള്‍ (Clare of Assisi: Early Documents) എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നു.

ജലത്തിനു നല്കുന്ന വിശേഷണങ്ങള്‍ നാലാണ്. ഉപയോഗ്യം, അമൂല്യം, വിനീതം, പരിശുദ്ധം എന്നിവ.


ജലത്തെ സോദരിയായി ഉപമിക്കുന്നു. പഴയ നിയമത്തില്‍ ജലം ജീവനെയും അന്ത്യത്തെയും സൂചിപ്പിക്കുന്നു. ഇസ്രയേല്‍ ജനം ചെങ്കടല്‍ കടക്കുന്നത്, ഇസ്രായേലിന് അത് ജീവന്‍റെയും; അവരെ തുടര്‍ന്നിരുന്ന ഈജിപ്തിലെ സൈന്യത്തിന് അത് മരണത്തിന്‍റെയും കാരണമായി. വെള്ളം ശുദ്ധീകരണത്തിന് ഉപയോഗിക്കുന്നു. അരമായക്കാരനായ നാമാന്‍ കുഷ്ഠരോഗത്തില്‍ നിന്നും വിടുതല്‍ നേടുന്നത് ജോര്‍ദ്ദാന്‍ നദിയില്‍ ഏഴു തവണ സ്നാനം ചെയ്യുമ്പോഴാണ്.


"ജലം അമൂല്യമാണ്, അത് പാഴാക്കരുത്" ചെറുപ്പം മുതല്‍ നമ്മള്‍ കാണുന്നതാണ് ഇത്. ശരീര സുഖത്തിനുവേണ്ടി വെള്ളം പാഴാക്കുന്നവര്‍ അറിയുന്നില്ല, ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ വെള്ളം ലഭിക്കാതെ വിഷമിക്കുകയും, ജീവന്‍ തന്നെ അപകടത്തിലാകുന്ന മനുഷ്യരടങ്ങുന്ന ജീവജാലങ്ങളുടെയും അവസ്ഥ.


"സോദരന്‍ അഗ്നിയാല്‍

എന്‍റെ കര്‍ത്താവേ, നീ സ്തുതിക്കപ്പെടട്ടെ.

അവനിലൂടെ ഇരവിനെ നീ പ്രഭാമയമാക്കുന്നു.

അവന്‍ അഴകുറ്റവനും ഉല്ലാസവാനും

കരുത്തനും ശക്തനുമല്ലോ."


അഗ്നിക്ക് നല്കുന്ന നാലു സവിശേഷതകള്‍ ഉണ്ട്: അഴകുറ്റവന്‍, ഉല്ലാസവാന്‍, കരുത്തന്‍, ശക്തന്‍. അഗ്നി രണ്ടു തരത്തില്‍ അറിയപ്പെടുന്നു.

1. വെളിച്ചം നല്കുന്നു, ശുദ്ധീകരിക്കുന്നു, ചൂടു നല്‍കുന്നു.

2. കത്തിച്ച് ചാമ്പലാക്കി ഇല്ലായ്മ ചെയ്യുന്നു.


സഭ പ്രത്യേകമാം വിധം അഗ്നിയെക്കുറിച്ച് പഠിപ്പിക്കുന്നു: പരിശുദ്ധാത്മാവ് തീനാളമായി പരിശുദ്ധ മറിയത്തിന്‍റെയും ശിഷ്യരുടെയും മേല്‍ വന്നു വസിക്കുന്നതും. ഒരിക്കലും കെട്ടടങ്ങാത്ത നരകാഗ്നിയും ശുദ്ധീകരിക്കുന്ന ശുദ്ധീകരണസ്ഥലത്തെ അഗ്നിയും.


ഫ്രാന്‍സിസും ക്ലാരയും സഹോദരരും ഒരിക്കല്‍ സാന്‍ ഡമിയാനോയില്‍ ഭക്ഷണത്തിനിരിക്കേ, ഫ്രാന്‍സിസ് ദൈവത്തെക്കുറിച്ചു സംസാരിച്ചു. കേട്ടിരുന്നവര്‍ ദൈവലഹരിയില്‍ (Rapture) അലിഞ്ഞു. ചുറ്റുപാടുമുള്ള ജനങ്ങള്‍ കണ്ടത് വലിയ ഒരു കാട്ടുതീയാണ്. തങ്ങളാല്‍ കഴിയുവിധം അവര്‍ സ്ഥലത്ത് എത്തിയപ്പോഴാണ് അത് കാട്ടുതീ അല്ലെന്നും സ്വര്‍ഗത്തില്‍ നിന്നുള്ള അടയാളമാണെന്നും മനസ്സിലാക്കുന്നത്.

കാട്ടുതീകളെപ്പറ്റി സാധാരണയിലും അധികമായി കേള്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍. ഇതില്‍ വലിയ പങ്കും മനുഷ്യന്‍റെ ദുരാഗ്രഹങ്ങളാണ് കാരണമാകുന്നത്.


"ഞങ്ങളെ താങ്ങുകയും നിയന്ത്രിക്കുകയും ചെയ്യുന്ന

സോദരി ഭൂമി മാതാവിനാല്‍

എന്‍റെ കര്‍ത്താവേ, നീ സ്തുതിക്കപ്പടട്ടെ.

വര്‍ണമലരുകള്‍ക്കും ചെടികള്‍ക്കുമൊപ്പം

അവള്‍ വിവിധ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നു."


ഭൂമിയെ സോദരി മാതാവായാണ് ഫ്രാന്‍സിസ് വിശേഷിപ്പിക്കുന്നത്. ഭൂമി, ജീവജാലങ്ങളെ താങ്ങുന്നു. നിയന്ത്രിക്കുന്നു; പലവിധ ഫലങ്ങളും പഴങ്ങളും നാനാവര്‍ണത്തിലുള്ള പൂക്കളും ചെടികളും നല്കുന്നു.


സോദരി എന്ന് സംബോധന ചെയ്യുന്ന എല്ലാറ്റിലും നിന്ന് വ്യത്യസ്തമായി ഭൂമിയെ മാതാവായി നമുക്കു നല്കുന്നു. ഭൂമി ശൂന്യവും ഫലരഹിതവും ആയിരുന്നു സൃഷ്ടിയുടെ ആദ്യത്തില്‍; എന്നാല്‍ തന്‍റെ വാക്കിലൂടെ ദൈവം ആ അവസ്ഥ മാറ്റി.


ഏദന്‍തോട്ടത്തില്‍ നിന്ന് പുറത്താക്കുന്നതിനു മുമ്പ് ദൈവം ആദത്തോട് പറഞ്ഞു, ".... നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്കാലം മുഴുവന്‍ കഠിനാധ്വാനം കൊണ്ട് നീ അതില്‍ നിന്നു കാലയാപനം ചെയ്യും." "മണ്ണില്‍ നിന്ന് എടുക്കപ്പെട്ട നീ മണ്ണിനോടു ചേരുന്നതു വരെ നെറ്റിയിലെ വിയര്‍പ്പു കൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കു തന്നെ മടങ്ങും" (ഉല്‍പത്തി 3: 17-19). എന്നാല്‍ ഇപ്പോള്‍ കുറച്ചാളുകള്‍ ചേര്‍ന്ന്, കുറേപേരെ കൊണ്ട് ഭൂമിയില്‍ പണി എടുപ്പിക്കുന്നു. കിട്ടുന്നവ മറ്റാരുമായും പങ്കു വയ്ക്കുന്നില്ല.


c. നരവംശശാസ്ത്രപരമായ ശ്ലോകങ്ങള്‍

"നിന്‍റെ സ്നേഹത്തെപ്രതി മാപ്പു നല്‍കുകയും

രോഗദുരിതങ്ങള്‍ പേറുകയും ചെയ്യുന്നവരിലൂടെ

എന്‍റെ കര്‍ത്താവേ നീ സ്തുതിക്കപ്പെടട്ടെ.

സമാധാനത്തില്‍ നിലനില്‍ക്കുന്നവര്‍ അനുഗ്രഹീതര്‍.

ഉന്നതനേ, നീ അവരെ കിരീടമണിയിക്കുന്നു."


ഇവ പത്തും പതിനൊന്നും ശ്ലോകങ്ങളാണ്. ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ശ്ലോകങ്ങള്‍ രചിച്ചത് 1225 ലാണെങ്കില്‍, മുകളിലെ ശ്ലോകങ്ങള്‍ ജൂലൈ 1226 ല്‍ ആയിരിക്കണം രചിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ വ്യത്യാസം പ്രകടമാണ്. Assisi Compilation 84 ല്‍ ഇവയുടെ ചരിത്ര പശ്ചാത്തലം പറയുന്നുണ്ട്. അസ്സീസിയിലെ ബിഷപ്പും മേയറും തമ്മിലുള്ള തുറന്ന എതിര്‍പ്പുകളാണ് ഇതിലേക്കു നയിച്ചത്.

പത്തും പതിനൊന്നും ശ്ലോകങ്ങള്‍ അടക്കം, ഫ്രാന്‍സിസ്കന്‍ സഹോദരരോട്, സൂര്യകീര്‍ത്തനം ബിഷപ്പിന്‍റെയും മേയറുടെയും മറ്റു ജനപ്രമാണിമാരുടെ മുമ്പില്‍ ആലപിക്കാന്‍ ആവശ്യപ്പെടുന്നു. അവര്‍ തമ്മിലുള്ള ഭിന്നത മാറുന്നു.

രോഗത്തിലും ദുരിതങ്ങളിലും ദൈവേഷ്ടം ദര്‍ശിക്കുവാന്‍ (എന്തുതന്നെ ആയിരുന്നാലും ദൈവത്തില്‍ നിന്നാണെങ്കില്‍ അതിന് വ്യക്തമായ ഉദ്ദേശ്യമുണ്ട്, അതു മനസ്സിലാക്കാന്‍ നമുക്ക് കഴിഞ്ഞെന്നു വരില്ല, നമ്മള്‍ വെറും മനുഷ്യരല്ലെ) അവസരങ്ങള്‍ എളിമപ്പെടുന്നതിനായി ഉപയോഗിക്കാനും ഈ ശ്ലോകങ്ങളിലൂടെ ഫ്രാന്‍സിസ് ആഹ്വാനം ചെയ്യുന്നു.


d. യുഗാന്തശാസ്ത്രപരമായ ശ്ലോകങ്ങള്‍

"ഞങ്ങളുടെ സോദരീ മരണത്താല്‍

കര്‍ത്താവേ, നീ സ്തുതിക്കപ്പെടട്ടെ.

ജീവനുള്ളതൊന്നിനും അവളില്‍ നിന്നു രക്ഷയില്ല.

ചാവുദോഷത്തില്‍ മരിക്കുന്നവര്‍ക്കു ദുരിതം

നിന്‍റെ തിരുഹിതത്തില്‍

മരണം കണ്ടെത്തുന്നവര്‍ അനുഗ്രഹീതര്‍

രണ്ടാം മരണം അവര്‍ക്ക് ദോഷത്തിന് ഇടവരുത്തില്ല."


ഇവയാണ് പന്ത്രണ്ടും പതിമൂന്നും ശ്ലോകങ്ങള്‍. മരണത്തിന് ഏതാനും മണിക്കൂറുകള്‍/ ഒരു ദിവസം മുന്‍പേ രചിക്കപ്പെട്ടവയാണ് ഈ വരികള്‍ (ഒക്ടോബര്‍ രണ്ടിനോ അതിനു ശേഷമോ 1226 ല്‍) എന്ന് Assisi Compilation ഭാഗം 7 അറിയിക്കുന്നു. മരണം അടുത്തു എന്ന് അറിഞ്ഞിട്ടും ഫ്രാന്‍സിസ് തന്‍റെ അസുഖങ്ങള്‍ക്കും ദുരിതത്തിനും അപ്പുറം ആത്മാവിലും ശരീരത്തിലും അതിയായി സന്തോഷിച്ചു. മരണത്തിന് മുമ്പ് പൂര്‍ണ്ണമാക്കപ്പെട്ട സൂര്യകീര്‍ത്തനം ഫ്രാന്‍സിസ് ശ്രവിച്ചു (AC: 7).

മരണാസന്നരായ വ്യക്തികളില്‍ അവസാനമായി നഷ്ടപ്പെടുന്ന കഴിവ് ശ്രവണശേഷിയാണ്. അതിനാലാണ് 'ഈശോ മറിയും യൗസേപ്പേ' എന്നു പഴമക്കാര്‍ മരണാസന്നനായ വ്യക്തിയുടെ ചെവിയില്‍ മന്ത്രിക്കുന്ന ശീലം നിലവില്‍ വന്നത്.


പതിന്നാലാം ശ്ലോകം:


"എന്‍റെ കര്‍ത്താവിനെ സ്തുതിക്കുകയും

വാഴ്ത്തുകയും അവന് നന്ദി പറയുകയും ചെയ്യുക.

വലിയ വിനയത്തോടെ അവിടുത്തെ ശുശ്രൂഷിക്കുക."


ഈ വരികള്‍ ഓരോ ശ്ലോകത്തിനു ശേഷവും ഏറ്റു ചൊല്ലേണ്ടവയാണ്.


D. ഉപസംഹാരം

സൂര്യകീര്‍ത്തനത്തില്‍ ""Laudato Si mi Signore'' എന്ന ലത്തീന്‍ വാക്കുകളും ""Praise be You My Lord''" എന്ന ഇംഗ്ലീഷ് വാക്കുകളും "എന്‍റെ കര്‍ത്താവേ, നീ സ്തുതിക്കപ്പെടട്ടെ" എന്ന മലയാളവും എട്ടു തവണ ആവര്‍ത്തിക്കുന്നു.


എല്ലാ സൃഷ്ടവസ്തുക്കളും സഹോദരീ സഹോദരന്മാരാണ്, കാരണം എല്ലാത്തിന്‍റെയും സ്രഷ്ടാവ് അത്യുന്നതനായ ദൈവമാണ്. ഇത് ഓരോന്നിനെയും പ്രപഞ്ചമാകുന്ന കുടുംബത്തിലെ അംഗങ്ങള്‍(Cosmic Family) ആക്കുന്നു.

സൂര്യകീര്‍ത്തനത്തില്‍ പരിസ്ഥിതി ശാസ്ത്രവും (Ecology)പ്രത്യേകമാം വിധം അടങ്ങിയിരിക്കുന്നു. കര്‍ത്താവല്ലാതെ ഒന്നും പൂര്‍ണ്ണമല്ല. എല്ലാ സൃഷ്ടവസ്തുക്കളും പരസ്പരം ആശ്രയിച്ച് സ്ഥിതി ചെയ്യുന്നു. സൂര്യന്‍, വായു, അഗ്നി എന്നിവ സഹോദരരായും, ചന്ദ്രനും ജലവും ഭൂമിയും സഹോദരിമാരായുമാണ്. ഇതില്‍ സൂര്യനും ഭൂമിക്കും മാത്രമേ പ്രത്യേക വിശേഷണങ്ങള്‍ ഉള്ളു. സൂര്യന് ടശൃ എന്നും ഭൂമിക്ക് അമ്മയെന്നും.


മറ്റു ഭാഷകള്‍ മലയാളം പോലെയല്ല. നമ്മള്‍ വസ്തുക്കള്‍ക്ക് പുല്ലിംഗം എന്നും സ്ത്രീലിംഗം എന്നും വ്യത്യാസം കൊടുക്കാറില്ലല്ലോ. സൂര്യകീര്‍ത്തനത്തില്‍ സ്രഷ്ടവസ്തുക്കളെ അഭിസംബോധന ചെയ്യുന്നതില്‍ സൂര്യന്‍ സഹോദരനും ചന്ദ്രന്‍ സഹോദരിയുമാണ്. ജര്‍മന്‍ ഭാഷയില്‍ സൂര്യന് സ്ത്രീലിംഗവും ചന്ദ്രന് പുല്ലിംഗവും ആണ്. പൂക്കള്‍ക്ക് ഫ്രഞ്ച് ഭാഷയില്‍ സ്ത്രീലിംഗവും ഇറ്റാലിയന്‍ ഭാഷയില്‍ പുല്ലിംഗവുമാണ്.


ചന്തമേറിയ പൂവിലും

ശബളാഭമാം ശലഭത്തിലും

സന്തതം കരതാരിയെന്നൊരു

ചിത്രചാതുരി കാട്ടിയും


ഹന്ത ചാര്യ കടാക്ഷമാലക-

ളര്‍ക്കരശ്മിയില്‍ നീട്ടിയും

ചിന്തയാം മണിമന്ദിരത്തില്‍

വിളങ്ങുമീശനെ വാഴ്ത്തുവിന്‍ -കുമാരനാശാന്‍-


Bibliography

# Francis of Assisi Early Documents Vol. I & II By Fr. Regis Armstrong OFM Cap et al

# The Canticle of Creatures. Symbols of Union By Fr. Eloi Leclerc OFM

# Studies in Franciscan Sources Vol. I By Jay M Hammond et al

# Oriental Institute of Religious Studies

പുറത്തിറക്കിയ "ലൗദാത്തോ സീ" എന്ന പരിശുദ്ധ ഫ്രാന്‍സിസ് പാപ്പായുടെ ആദ്യ ചാക്രികലേഖനം രണ്ടാം എഡിഷന്‍.

# Saint Francis and the Song of Brotherhood and Sisterhood By Fr. Eric Doyle OFM

# TAU: A Journal of Research into the Vision of Francis & Clare Vol. 50: 1&2

# Editions of CORD and GREY FRIARS REVIEW


സൂര്യകീര്‍ത്തനം ഒരു പഠനം

ഡോ. ജെറി ജോസഫ് OFS

അസ്സീസി മാസിക, ഒക്ടോബർ, 2025

Recent Posts

bottom of page