top of page

അമ്പിളി അതിര് നിര്‍ണ്ണയിക്കാനാവാത്ത സ്നേഹത്തിന്‍റെ കഥ

Sep 25, 2019

3 min read

അജ

movie poster

മലയാളസിനിമയില്‍  സിനിമാകാണലിന്‍റെ തലമുറമാറ്റം പ്രകടമായിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. സിനിമയെന്ന, ലോകത്തിലെ ഏറ്റവും ശക്തമായ കലാവിനിമയ മാധ്യമത്തെ  റിയലിസ്റ്റിക്ക് സ്വഭാവത്തോടെ സത്യസന്ധമായി  പകര്‍ത്തിയ ചലച്ചിത്രകാരന്മാരുടെ സൃഷ്ടികള്‍  പ്രേക്ഷകരില്‍ കാഴ്ചയുടെ പുതിയ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ആ ഗണത്തില്‍ വരുന്ന സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്ജ്. ആദ്യചിത്രമായ 'ഗപ്പി' സത്യസന്ധമായ ആവിഷ്കാരമായിരുന്നു. എന്നാല്‍ അന്നു പ്രേക്ഷകര്‍ ആ ചിത്രത്തോട് മുഖം തിരിച്ചുനില്ക്കുക യാണുണ്ടായത്. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി സ്നേഹത്തിന്‍റെയും, കരുതലിന്‍റെയും, നിസഹായത യുടെയും, നിഷ്കളങ്കമായ പകയുടെയും, യാത്രയുടെയും കഥയാണ് പറഞ്ഞത്. തന്‍റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2019-ല്‍ ജോണ്‍പോള്‍ തന്‍റെ രണ്ടാമത്തെ സംവിധാനസംരംഭമായ അമ്പിളിയുമായി എത്തുമ്പോള്‍ മലയാളി പ്രേക്ഷകര്‍ മുമ്പ് അയാളോട് കാട്ടിയ അനീതി ഹൃദയപൂര്‍വ്വം തിരുത്തുകയാണ് ചെയ്യുന്നത്. ജീവിതത്തിന്‍റെ റിയലിസ്റ്റിക് സ്വഭാവത്തെ കലാപരമായ കൈയടക്കത്തോടും, സത്യസന്ധമായും  പരിചരിക്കുന്ന കലാസമീപനത്തിന്‍റെ വിജയം കൂടിയാണ് ഇതെന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. 

ലോകസിനിമാചരിത്രത്തില്‍ ഹൃദയങ്ങള്‍ കീഴടക്കിയ ഒട്ടേറെ ചിത്രങ്ങളുണ്ട്. സിറ്റിസണ്‍ കെയ്നും, കാസാബ്ലാങ്കയും, ചാപ്ലിന്‍റെ സിനിമകളും  മുതല്‍ ഇങ്ങോട്ട് അത്തരം ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ നിര്‍മ്മിച്ചെടുക്കാന് നമുക്ക് കഴിയും. ഇന്ത്യന്‍ സിനിമാചരിത്രം പരിശോധിക്കുമ്പോഴും ആവാരായും, പഥേര്‍ പാഞ്ചാലിയും മുതല്‍ ധാരാളം ചലച്ചിത്രങ്ങള്‍ ഓര്‍മ്മകളില്‍ നിറയുന്നുണ്ട്. 1951-ലെ ജീവിതനൗക എന്ന ചലച്ചിത്രം മുതലാണ് മലയാളത്തില്‍ ഇത്തരം ചിത്രങ്ങളുടെ നിര ആരംഭിക്കുന്നത്. ഹൃദയാവര്‍ജ്ജകങ്ങളായ ചലച്ചിത്ര സൃഷ്ടികളുടെ നിരയിലേക്കാണ് അമ്പിളി എന്ന കൊച്ചുസിനിമയും ഇടം നേടുന്നത്. 

ലോകത്തെല്ലായിടത്തും ജീവിക്കുന്ന മനുഷ്യര്‍ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്, സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും കരുതല്‍ അനുഭവിക്കാനും, സഹാനുഭൂതിയുടെ ദര്‍ശനങ്ങള്‍ക്കും അവന്‍റെ ഹൃദയം കൊതിച്ചുകൊണ്ടിരിക്കും. ആ വികാരത്തിന്‍റെ പരിണതഫലമായിട്ടാണ് വളരെ വൈകാരികമായ രംഗങ്ങള്‍ സിനിമയിലോ ജീവിതത്തിലോ കാണുമ്പോള്‍ നമ്മുടെ കണ്ണുകള്‍ നിറഞ്ഞുപോകുന്നതും, ഹൃദയത്തില്‍ നിന്നും അമര്‍ത്തിയൊതുക്കാന്‍ സാധിക്കാത്ത കരച്ചില്‍ ഉയരുകയും ചെയ്യുന്നത്. അമ്പിളിയുടെ ജീവിതവും അത്തരത്തിലാണ്. ഒരു ഗ്രാമം തന്നെ അവനുചുറ്റും ജീവിക്കുന്നു. ഒരു നാടിന്‍റെ ശ്വാസത്തോടൊപ്പം ജീവിക്കുക എന്നത് അമ്പിളിയുടെ ഭാഗ്യമായിരുന്നു. കട്ടപ്പനയിലെ ഏലക്കാടുകള്‍ക്ക് നടുവിലുള്ള അവന്‍റെ കൊച്ചുവീട്ടിള്‍ ആ നാടിന്‍റെ മുഴുവന് സ്നേഹവും ഏറ്റുവാങ്ങിയാണ് അവന്‍ കഴിഞ്ഞിരുന്നത്. ഒരുപക്ഷേ അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നന്മകളുടെ നഷ്ടങ്ങളിലേക്ക് ഒരെണ്ണം കൂടി നമുക്ക് ചേര്‍ത്തുവക്കേണ്ടി വന്നേക്കാം ഈ ചിത്രം കണ്ടുതീരുമ്പോള്‍.

കശ്മീരിലെ കുട്ടിക്കാലത്ത് കളിക്കൂട്ടുകാരായി രുന്ന ബോബിയും, ടീനയും മുതിര്‍ന്നപ്പോഴും അമ്പിളിയോടൊപ്പം    ഉണ്ടായിരുന്നു. മുതിര്‍ന്നപ്പോ ഴേക്കും എല്ലാവരേയുംപോലെ  മുതിരാതിരുന്ന അമ്പിളിയുടെ  സ്നേഹവായ്പിന്‍റെ പിടിയില്‍ നിന്നും ബോബി കുതറിമാറി നിന്നപ്പോള്‍ ടീന അമ്പിളിയോടൊപ്പം നിന്നു. എത്ര മനോഹരമായാണ് അവള്‍ അമ്പിളിയെ തന്‍റെ ജീവിതത്തിന്‍റെ ഭാഗമാക്കി നിര്‍ത്തുന്നത്, തന്‍റെ സ്നേഹത്തെ നിര്‍വചിക്കുന്നത്. അടര്‍ത്തിമാറ്റാന്‍ പറ്റാത്തവിധം അടുത്തുപോകുന്ന ഹൃദയബന്ധങ്ങള്‍ക്കു മുന്നില്‍ മനുഷ്യന്‍ സൃഷ്ടിച്ചു വലുതാക്കുന്ന   ദന്തഗോപുരങ്ങള്‍ ചീട്ടുകൊട്ടാരം പോലെയാണ് തകര്‍ന്നുപോകുന്നത്.

മനുഷ്യന്‍റെ ജീവിതത്തെ മാറ്റിമറിക്കുന്ന ചിലതുണ്ട്. യാത്രകള്‍ അതില്‍ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകള്‍ കുടികൊള്ളുന്ന കാശ്മീരിലേക്ക് ബോബി ഒറ്റക്കാണ് യാത്ര പുറപ്പെടുന്നത്. അവനു പിന്നാലെ ആരുമറിയാതെ പഴയൊരു സൈക്കിളില്‍  ഒരുനിഴലുപോലെ അമ്പിളിയും യാത്രപോകുന്നു. ജീവിച്ച നാടിന്‍റെ ഹൃദയവും പറിച്ചെടുത്തായിരുന്നു അവന്‍റെ യാത്ര. മരണവീടുപോലെ മൂകമായിപ്പോയി ആ ഗ്രാമം. അമ്പിളിയെ നിഷ്കളങ്കമായി പറ്റിച്ചുകൊണ്ടിരുന്നവരുടെ പോലും ചങ്കുതകര്‍ത്തു കളഞ്ഞു അവന്‍റെ  തിരോധാനം. എന്നാല്‍ അമ്പിളിക്ക് അതിലും വലുതായിരുന്നു. ബോബി. തന്നെ മര്‍ദ്ദിച്ചതും, തള്ളിപ്പറഞ്ഞതും, വെല്ലുവിളിച്ചതുമെല്ലാം അവന്‍ മറന്നുപോയിരുന്നു. സ്നേഹത്തിന്‍റെയും, സൗഹൃദത്തിന്‍റെയും ഒരിക്കലും വറ്റാത്ത  പുതിയൊരു വഴി  തീര്‍ത്തായിരുന്നു അവന്‍റെ യാത്ര.  ആ യാത്രയിലാണ്  ബോബി അമ്പിളിയെ യഥാര്‍ത്ഥമായി തിരിച്ചറിയുന്നത്. അവന്‍റെ സ്നേഹത്തിന്‍റെ വിലയറിയുന്നത്, കരുതലിന്‍റെ വലുപ്പവും, ഊഷ്മളതയും അനുഭവിക്കുന്നത്.  അതവനെ നിരായുധനാക്കുന്നു. മനസിലെപ്പോഴോ ഊറിക്കൂടി മട്ടുപോലെ അടിഞ്ഞുപോയ ഈര്‍ഷ്യയും, പകയും അലിഞ്ഞുതീരുന്നു.   താനും കുടുംബാംഗങ്ങളും വച്ചുനീട്ടിയ സൗഭാഗ്യങ്ങള്‍  തന്‍റെ സഹോദരി അമ്പിളിയുടെ സ്നേഹത്തിനു മുമ്പില്‍ തിരസ്കരിച്ചത്  എന്തുകൊണ്ടാണെന്ന്  അപ്പോള്‍ മാത്രമാണ് ബോബിക്ക് മനസിലായത്. യാത്രക്കൊടുവില്‍ അവര്‍ തിരിച്ചെടുത്തത് കശ്മീരിലെ തങ്ങളുടെ ബാല്യമാ യിരുന്നു.. ശരിയാണ് തിരിച്ചറിവുണ്ടാകുമ്പോള്‍ നമ്മളെല്ലാം ശിശുക്കള്‍ക്ക് സമമാണ്. അശാന്തതയുടെ പ്രതീകമായി അവതരിപ്പിക്കപ്പെടുന്ന കശ്മീര്  നഷ്ടപ്പെട്ട ജീവിതങ്ങളെ തിരികെക്കൊടുക്കുന്ന താഴ്വരകൂടിയാണെന്ന് ചിത്രം പറഞ്ഞു വക്കുന്നു.  അഹന്തയുടെയും, കാലുഷ്യത്തിന്‍റെയും  കൊടു മുടിയില്‍ നിന്നും  ബോബിയുടെ ജീവിതത്തെ അമ്പിളിയുടെ നിഷ്കളങ്ക സ്നേഹം വീണ്ടെടുക്കുന്ന  കാഴ്ചയാണ്  ചിത്രം സമ്മാനിക്കുന്നത്. 

അമ്പിളി എന്ന ചിത്രം ഡ്രാമ, റോഡ് മൂവി  എന്നീ രണ്ടു വിഭാഗങ്ങളിലാണ് പെടുത്താവുന്നത് സൌബിന് ഷാഹിര് എന്ന നടന് ഓരോ ചിത്രം കഴിയുന്തോറും  നമ്മെ അത്ഭുതപ്പെടുത്തുകയാണ്. പുതുമുഖങ്ങളായ തമ്പി റാമും, നവീന് നസീമും തങ്ങളില്‍ ഏല്പ്പിച്ച റോളുകള് ഭംഗിയാക്കി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനുശേഷം വെട്ടുക്കിളി പ്രകാശിന് ലഭിച്ച മനോഹരമായ വേഷമാണ് ചിത്രത്തിലേത്. ജാഫര്‍ ഇടുക്കി, ബിനു പപ്പു, നീന കുറുപ്പ് തുടങ്ങിയവരും മികച്ചുനിന്നു. തന്‍റെ ആദ്യ സ്വതന്ത്ര ചിത്രമാണെന്ന പകപ്പില്ലാതെ മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശരണ് വി , നല്ല പാട്ടുകളും, പശ്ചാത്തലസംഗീതവുമൊ രുക്കിയ വിഷ്ണു വിജയ്,  തുടങ്ങി എല്ലാവരും അഭിനന്ദനം അര്ഹിക്കുന്നുണ്ട്. അതുല്യമായ താരനിര്ണ്ണയമാണ് ചിത്രത്തിന്‍റെ പ്രത്യേകത. ടൈറ്റില് കാര്‍ഡു മുതല് ക്രെഡിറ്റ് ടൈറ്റില് വരെയുള്ള വിട്ടുവീഴ്ചകളില്ലാത്ത സിനിമാപരിചരണവും അഭിനന്ദനാര്ഹമാണ്.  

റിലീസ് ദിവസം തന്നെയാണ് അമ്പിളി  കാണാന് പോയത് ജോണ്‍പോള്‍ ജോര്‍ജ്ജ് എന്ന സംവിധായകനിലുള്ള വിശ്വാസം കൊണ്ട് മാത്രമായിരുന്നു അത്. ഗപ്പി അത്രയേറെ സ്വാധീനിച്ചിരുന്നു. ഇരുന്നിടത്തുനിന്നനങ്ങാതെ അമ്പിളി കാണുമ്പോള്‍ ഇടക്ക് കണ്ണു നിറഞ്ഞിരുന്നു. ചിലനേരം കവിഞ്ഞൊഴുകി. കലര്‍പ്പില്ലാത്ത, ഉപാധികളില്ലാത്ത സ്നേഹത്തിന് മനസ് നിറക്കാന് കഴിയും. ബൈബിളില് മഗ്ദലന മറിയം ഈശോയുടെ കാലില് സുഗന്ധതൈലം പൂശുന്ന ഒരു രംഗത്തിന്‍റെ ചിത്രീകരണമുണ്ട്. ചുറ്റുമുള്ള ആളുകള് അവളെ പരിഹസിക്കുകയായിരുന്നു, അവളുടെ അസാധാരണ മായ ജീവിതശൈലിയെ കുറ്റപ്പെടുത്തുകയായിരുന്നു. എന്നാല് അവളുടെ സ്നേഹത്തിന് അതിരുകള് ഉണ്ടായിരുന്നില്ല.

സുഗന്ധം വ്യാപിക്കുന്നപോലെ അവളുടെ സ്നേഹം പരന്നൊഴുകുകയായിരുന്നു. അമ്പിളിയും അതുതന്നെയാണ് പറയുന്നത്. ചെമ്പ് കലരാത്ത സ്നേഹത്തിന്‍റെ കഥയാണ് അമ്പിളി. ടീനയെപ്പോലെ ആര്ജ്ജവത്തോടെ സ്നേഹിക്കാനും, ബോബിയേപ്പോലെ ഉടച്ചുവാര്ക്കപ്പെട്ട് സ്ഫുടം ചെയ്യപ്പെടാനും, അമ്പിളിയെപ്പോലെ കളങ്കമില്ലാതെ സ്നേഹിക്കാനും പഠിച്ചില്ലെങ്കിലാണ് ജീവിതം നിരര്ത്ഥകമായി പോകുന്നത്. കാഴ്ചയുടെ കറ കലരാത്ത ഈ ചിത്രം തീര്ച്ചയായും കാണേണ്ടതും, പകര്ത്തേണ്ടതുമാണ്. കാണുകയും, കരയുകയും, കണ്ണീരൊഴുക്കുകയും വേണം.   എങ്കിലേ ഹൃദയകാലു ഷ്യങ്ങള്‍ക്ക് മുന്നില് കലര്‍പ്പില്ലാത്ത സ്നേഹത്തിന്‍റെ മഹാപ്രദര്ശനം സാദ്ധ്യമാകുകയുള്ളൂ.

അജി ജോര്‍ജ്, 9496305899


അജ

0

0

Featured Posts