top of page

പ്രസാദാത്മകതയ്ക്കായി ഒരല്‍പ്പസമയം

Dec 7, 2023

2 min read

ടോം മാത്യു

പ്രസാദത്തിലേക്ക് പതിനാല് പടവുകള്‍


a woman sitting

വിഷാദരോഗ(depression)-ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)-ത്തിനും സ്വാനുഭവത്തില്‍നിന്ന് ഡോ. ലിസ് മില്ലര്‍ രൂപം നല്‍കിയ പതിനാലുദിന മരുന്നില്ലാ ചികിത്സയായ മനോനില ചിത്രണ(Mood mapping)-ത്തിന്‍റെ പത്താംദിനം അഭ്യാസപാഠം അവസാനിക്കുന്നു. നമ്മുടെ സ്വഭാവം(nature)) നമ്മുടെ മനോനില(mood)-യില്‍ ചെലുത്തുന്ന സ്വാധീനവും പ്രസാദാത്മകമനോനില(positive mood) കൈവരിക്കുന്നത് എങ്ങനെയെന്നും ആണ് പത്താം ദിനം നാം പരിശോധിച്ചത്.



പത്താം ദിവസത്തെ അഭ്യസനപാഠം

പ്രസാദാത്മകത അനുഭവിക്കുന്നതിന് ഒരല്‍പ്പസമയമെങ്കിലും എല്ലാ ദിവസവും മാറ്റിവയ്ക്കുക. ഏറ്റവും പ്രസാദാത്മകമായ അനുഭൂതികളുടെ ഒരു പട്ടിക നോട്ടുബുക്കില്‍ കുറിക്കുക. നിങ്ങളുടെ മൂല്യബോധത്തെ പ്രതിഫലിപ്പിക്കുന്നതും നിങ്ങള്‍ ഏറ്റം പ്രധാനമെന്ന് കരുതുന്നതുമായ ഒന്ന് തിരഞ്ഞെടുത്ത് ഒരു ദിവസം ഒരു മിനിറ്റ് അതിനായി ചെലവഴിക്കുക. ആശയങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നെങ്കില്‍ ഇനി കൊടുത്തിരിക്കുന്ന പട്ടിക നോക്കുക. ജിമ്മില്‍ പോകുന്നത് നിങ്ങളുടെ പേശികളെ ദൃഢമാക്കും. പ്രസാദാത്മക അനുഭൂതികള്‍ പരിശീലിക്കുന്നത് നിങ്ങളുടെ മനസ്സിന് കരുത്തേകും. തുടങ്ങുന്നതിനു മുന്‍പ് പെട്ടെന്നൊരു മനോനിലചിത്രണം നോക്കാം. അഭ്യസനം നിങ്ങളുടെ മനോനിലയില്‍ എന്തുമാറ്റം വരുത്തിയെന്നറിയാന്‍ ചെയ്തതിനുശേഷം ഒന്നുകൂടി നോക്കുക.


കൃതജ്ഞതാമനോഭാവം

എന്തുകൊണ്ട് നാം കൃതജ്ഞരായിരിക്കണം അഥവാ കൃതാര്‍ത്ഥരായിരിക്കാന്‍ തക്ക വല്ല കാരണങ്ങളും ഇവിടെ ഉണ്ടോ? ഉണ്ട്. നിരവധി കാരണങ്ങള്‍. ചെറുപ്പത്തില്‍ പഠിക്കാന്‍ നമുക്ക് സാധിച്ചു. വലുതായതിനുശേഷം അതിന്‍റെ പേരില്‍ കഷ്ടപ്പെടേണ്ടി വന്നില്ല. ഭക്ഷണത്തിന് നമുക്ക് മുട്ടില്ല. നമുക്ക് വിശന്ന് ഇരിക്കേണ്ടിവരുന്നില്ല. നമുക്ക് കിടക്കാന്‍ ഒരു കൂരയുണ്ട്. നമുക്കൊരു കുടുംബമുണ്ട്. ബന്ധുക്കളും കൂട്ടുകാരുമുണ്ട്. ശ്വസിക്കാന്‍ വായുവും കഴിക്കാന്‍ ഭക്ഷണവും കുടിക്കാന്‍ വെള്ളവും ഊര്‍ജ്ജത്തിനായി സൂര്യനും അതിന്‍റെ പ്രകാശവും വരെ നമുക്കായി ഒരുക്കപ്പെട്ടിരിക്കുന്നു. കൃതജ്ഞരായിരിക്കാന്‍ വാസ്തവത്തില്‍ എന്തെല്ലാം കാരണങ്ങള്‍. നാം നാമായിരിക്കുന്നതിനാലും നമുക്ക് വേണ്ടതെല്ലാം ഉള്ളതിനാലും കൃതാര്‍ത്ഥരായിരിക്കുക, നാം നന്ദി പറയേണ്ട എല്ലാ കാര്യങ്ങളെപ്പറ്റിയും എല്ലാറ്റിനെപ്പറ്റിയും അല്‍പ്പസമയം ചിന്തിക്കുക. എന്നിട്ട് കൃതജ്ഞത എന്ന അനുഭൂതിയില്‍ ഒരു മിനിട്ട് അല്ലെങ്കില്‍ രണ്ട് മിനിട്ട് ധ്യാനിക്കുക. കൃതജ്ഞത പരിശീലിച്ചു തുടങ്ങി അല്‍പ്പനാളുകള്‍ക്കകം ദിവസം മുഴുവന്‍ നിങ്ങള്‍ കൃതജ്ഞരായിരിക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും. കൃതജ്ഞതാ മനോഭാവം നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ മികച്ചതാക്കും. രസകരമാക്കും.


സ്നേഹം

സ്നേഹമോ, അതെനിക്കുണ്ടല്ലോ എന്നാണ് നമ്മില്‍ പലരുടെയും മനോഭാവം. പങ്കാളിയെ, കുട്ടികളെ, മാതാപിതാക്കളെ, കൂട്ടുകാരെ, ജോലിയെ ഒക്കെ സ്നേഹിക്കുന്നു എന്നാണ് നമ്മുടെ വിചാരം. എന്നാല്‍ ആ സ്നേഹത്തില്‍ത്തന്നെ നമുക്ക് അല്‍പ്പമൊന്ന് ധ്യാനിക്കാം. ആ സ്നേഹം ഒന്ന് അനുഭവിച്ചറിയാം. ആ സ്നേഹം അനുഭവിക്കാന്‍ പരിശീലിക്കുമ്പോള്‍ മാത്രമാണ് അതിന്‍റെ അനുഭൂതി നാം തിരിച്ചറിയുക. അറിയും തോറും അത് കൂടുകയും ചെയ്യും.


ആനന്ദം

നമ്മില്‍ പലര്‍ക്കും ഒന്ന് പുഞ്ചിരിക്കാന്‍ കൂടി കഴിയുന്നില്ല. അതിനാല്‍ ആനന്ദം അല്‍പ്പം ബുദ്ധിമുട്ടി കണ്ടെത്തുകതന്നെ വേണം. നമ്മുടെ ഊര്‍ജ്ജമത്രയും അല്‍പ്പസമയത്തേക്ക് ആനന്ദത്തിനായി മാറ്റിവയ്ക്കാം. ഒന്നോ രണ്ടോ മിനിറ്റ് ഉല്‍സാഹവാനായിരിക്കുന്നതിന്‍റെ ആനന്ദത്തിനായി നമുക്കൊന്ന് ചെലവഴിക്കാം. ചാടുകയോ ഓടുകയോ എന്തുമാവാം. ഉത്സാഹം നമ്മില്‍ സ്ഫുരിക്കണം. അവധി ദിവസം ജോലി ചെയ്യേണ്ടാത്തതിന്‍റെ സന്തോഷത്തിനായി നമുക്ക് മാറ്റിവയ്ക്കാം. കാരണമില്ലാതെ സന്തോഷിക്കാന്‍, കാരണമില്ലാതെ ഉല്ലസിക്കാന്‍ നമുക്ക് കഴിയണം. കാരണം നമുക്ക് സന്തോഷമുണ്ട് അത്രതന്നെ.


പൊറുതി

പൊറുതി ഒരു അനുഭൂതിയെങ്കില്‍ കൈവരിക്കാന്‍ ഏറ്റവും കഠിനമായ അനുഭൂതി അതായിരിക്കും. നിങ്ങളെ മുറിവേല്പിച്ചവരോട് സ്നേഹവും സഹാനുഭൂതിയും അനുഭവപ്പെടുക എന്നാണ് പൊറുതിയുടെ അര്‍ത്ഥം. മുറിവേല്‍പ്പിച്ചവരോട് വിദ്വേഷവും വെറുപ്പും കോപവും കൊണ്ടുനടക്കുമ്പോള്‍ മുറിവേല്‍ക്കുന്നത് നിങ്ങള്‍ക്കു തന്നെയാണ്. മറ്റുള്ളവര്‍ ഒന്നും ഓര്‍ക്കാതെ ചെയ്ത കാര്യമായിരിക്കാം വലിയൊരു പാതകമായി നാം മനസ്സില്‍ കൊണ്ടുനടക്കുന്നത്. അല്ലെങ്കില്‍ അവരുടെ പ്രവൃത്തികളുടെ ഭവിഷ്യത്തിനെപ്പറ്റി അവര്‍ക്ക് ബോധ്യമുണ്ടായിരുന്നിരിക്കില്ല. എന്തായിരുന്നാലും പൊറുക്കാന്‍ എപ്പോഴും കാരണമുണ്ട്. അതിനാല്‍ പൊറുക്കുക, പൊറുതിയുടെ ആഹ്ലാദകരമായ അനുഭൂതി അറിയുക.

പ്രസാദാത്മക അനുഭൂതികള്‍ അറിയുന്നത് അവയെ എളുപ്പത്തില്‍ അനുഭവത്തില്‍ കൊണ്ടുവരുന്നതിന് നിങ്ങളെ സഹായിക്കും. എന്തൊക്കെ നല്ല കാര്യങ്ങള്‍ സംഭവിച്ചാലും നന്നായൊന്ന് ചിരിക്കാന്‍പോലും കഴിയാത്തവരാണ് നമ്മില്‍ പലരും. പ്രസാദാത്മക മനോനിലയിലേക്ക് നമ്മെ ഉയര്‍ത്താന്‍ അതിനാല്‍ നമുക്ക് പരിശീലനം ആവശ്യമാണ്. അതു നിങ്ങളുടെ ഉത്കണ്ഠ കുറയ്ക്കും. നിങ്ങള്‍ക്ക് ശാന്തത അനുഭവപ്പെടും. നിങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കും. നിങ്ങളുടെ പരിശീലനങ്ങള്‍ പ്രയോജനപ്രദമോ എന്നറിയാന്‍ നിങ്ങളുടെ മനോനിലചിത്രണം നിങ്ങളെ സഹായിക്കും.

Featured Posts