top of page

പ്രാര്‍ത്ഥനയോടു കൂടിയ ജീവിതം

Oct 4, 2003

1 min read

കെ. പി. അപ്പന്‍
St. Francis of Assisi
വി. ഫ്രാൻസീസ് അസ്സീസി

അസ്സീസിയിലെ സെന്‍റ് ഫ്രാന്‍സീസ് ചരിത്രത്തില്‍ ആരാണ്? ഒരു സംശയവുമില്ല; ജീവിതത്തെ പുണ്യയാഗമാക്കി മാറ്റിയ മഹര്‍ഷി തന്നെ. ആദ്ധ്യാത്മികമായ അനുഭവങ്ങളാല്‍ നാം അത്ഭുതപ്പെട്ടുപോകുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. ലാവേണയിലെ ആശ്രമത്തില്‍ വച്ച് അദ്ദേഹം അനുഷ്ഠിച്ച നാല്പതു ദിവസത്തെ ഉപവാസം അസ്സീസിയിലെ സന്ന്യാസിയെ ശപഥത്തിന്‍റെ പരിവ്രാജകനാക്കി മാറ്റുന്നു. ആ ഉപവാസത്തിന്‍റെ ഒടുവിലാണ് അദ്ദേഹത്തിന് ക്രൂശിതനായ ക്രിസ്തുവിന്‍റെ ദര്‍ശനം കിട്ടിയത്. പാദങ്ങളിലും കൈപ്പത്തികളിലും ജീസ്സസിന്‍റെ ആണിപ്പഴുതുകളുടെ അടയാളങ്ങള്‍ കിട്ടി. അതു ക്രിസ്തുസ്നേഹത്തിന്‍റെ മുദ്രിതമാക്കപ്പെട്ട അടയാളമായിരുന്നു. ക്രിസ്തുവിനു കിട്ടിയതുപോലെ അസ്സീസിയിലെ സെന്‍റ് ഫ്രാന്‍സീസിനും പന്ത്രണ്ടു ശിഷ്യന്മാരെ ലഭിച്ചു. അത് അപ്പോസ്തോല വിശ്വാസപ്രമാണത്തിനായി കിട്ടിയ അംഗീകാരമായിരുന്നു. അതിനാല്‍ ക്രിസ്തു അപ്പോസ്തലന്മാര്‍ക്ക് നല്‍കിയ ഉപദേശം കര്‍മ്മരംഗങ്ങളില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഫ്രാന്‍സീസിന് കഴിഞ്ഞു. പ്രാര്‍ത്ഥനയോടു കൂടി ജീവിക്കാനും ധ്യാനത്തോടുകൂടി പ്രവര്‍ത്തിക്കാനും ഇതു പ്രേരണയായി. അങ്ങനെ അസ്സീസിയിലെ പരിവ്രാജകന്‍ ക്രിസ്തുവിന്‍റെ ശക്തി വാഗ്ദത്തം ചെയ്തു കിട്ടിയ സന്ന്യാസിയായി. ആത്മനിറവു പ്രാപിച്ച വിശ്വാസിയായി. വിശ്വാസത്തിന്‍റെ ചരിത്രത്തില്‍ ആറ്റിനരികത്തു നട്ട വൃക്ഷമായി. ക്രിസ്തുവചനത്തിന്‍റെ മാറ്റമില്ലായ്മയെ വരച്ചുകാട്ടിയ ജീവിതമായിരുന്നു അത്.

രോഗം വ്യക്തിയെ ദഹിപ്പിക്കുന്നു. അതുപോലെ രോഗം മനുഷ്യവ്യക്തിയെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. രോഗത്തിന്‍റെ തീയാല്‍ ശുദ്ധിനേടിയവനായിരുന്നു ഫ്രാന്‍സീസ്. ഇതാണ് അദ്ദേഹത്തെ ഒരു യോഗിയാക്കിത്. ഭയങ്കരമായ രോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്‍റെ സ്വഭാവത്തില്‍ മാറ്റം വന്നത്. അദ്ദേഹത്തിന്‍റെ ജീവിതം ഏകാന്തധ്യാനത്തിലേക്കും പ്രാര്‍ത്ഥനയിലേക്കുമുള്ള യാത്രയായി. അപ്പസ്തോല വിശ്വാസ പ്രമാണത്തിന്‍റെ കാന്തി ഇതിലൂടെയാണ് ലഭിച്ചത്. രോഗം വീണ്ടും അദ്ദേഹത്തെ പിന്‍തുടര്‍ന്നു. അവസാനകാലത്ത് അദ്ദേഹം നയനരോഗത്താല്‍ അന്ധനായി. എന്നിട്ടും കണ്ണിന്‍റെ കണ്ണുകള്‍കൊണ്ടു ലോകത്തിന്‍റെ വ്യസനം എന്തെന്ന് അറിഞ്ഞു. ഒരു മിസ്റ്റിക്കിനെപ്പോലെ അദ്ദേഹം മരണത്തെ മധുരഭാവത്തില്‍ കണ്ടു; സഹോദരി എന്നു സംബോധന ചെയ്തു, അത് ഒരു യോഗിക്ക് മാത്രം പ്രകടിപ്പിക്കുവാന്‍ കഴിയുന്ന പ്രത്യാശയുടെ ജീവിതസാക്ഷ്യമായിരുന്നു.

ഗൗതമബുദ്ധന്‍റെ ആദ്ധ്യാത്മിക പരാഗം അസ്സീസിയിലെ മഹര്‍ഷിയുടെ ജീവിതത്തില്‍ വീണിരുന്നു. ബുദ്ധന്‍ കുടുംബത്തെ ഉപേക്ഷിച്ചു ലോകത്തിലേക്ക് ഇറങ്ങി. ബുദ്ധദര്‍ശനങ്ങള്‍ ഇതിനെ മഹാത്യാഗം എന്നാണ് വിശേഷിപ്പിക്കുന്നത്. സെന്‍റ് ഫ്രാന്‍സീസും കുടുംബത്തെ ഉപേക്ഷിച്ചു. ഇത് ആത്മീയ ജീവിതത്തിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ മഹാത്യാഗമായിരുന്നു. കുടുംബത്തെ ഉപേക്ഷിച്ച അദ്ദേഹം കൂടുതല്‍ വിശാലമായ മറ്റൊരു കുടുംബം സൃഷ്ടിച്ചു. ഇതായിരുന്നു സന്ന്യാസി സംഘം. വിശാലമായി ജീവിതം ക്രിസ്തുവിന്‍റെ വചനത്താല്‍ വരുന്നു എന്ന് ഈ പരിവ്രാജക സംഘം വ്യക്തമാക്കുന്നു. ജീവിക്കുക എന്നു പറഞ്ഞാല്‍ സെന്‍റ് ഫ്രാന്‍സീസിന് ക്രിസ്തുവിന്‍റെ ആത്മാവിലാകുക എന്നായിരുന്നു അര്‍ത്ഥം. ക്രിസ്തീയസേവനം എങ്ങനെ നിര്‍വ്വഹിക്കപ്പെടണം എന്നതിന് ചരിത്രത്തില്‍ നിന്നു കിട്ടാവുന്ന ഏറ്റവും നല്ല ഉദാഹരണമാണ് അസ്സീസിയിലെ സന്ന്യാസിയുടെ ജീവിതം.

Featured Posts