ജോര്‍ജ് വലിയപാടത്ത്
Oct 25
"ഏവര്‍ക്കും ഭയജനകവും വെറുക്കപ്പെട്ടതുമായ മരണത്തെ സ്തുതിക്കാന്‍ അവന്‍ അവരോട് ആഹ്വാനം ചെയ്തു. മരണത്തെ തന്നിലേക്ക് അവന്‍ വരവേറ്റു. അവന്‍ പറഞ്ഞു: "മരണമേ സോദരീ, സ്വാഗതം." (2 സെലാനോ 163)
മരണം മനുഷ്യന് ദുരന്തവും പ്രഹേളികയുമാണ്. ഫ്രാന്‍സിസിന് മരണം, പക്ഷേ ഊഷ്മളമായി വരവേല്‍ക്കേണ്ട ഉടപ്പിറന്നവളായി.
മരണവുമായി അനുരഞ്ജനം സാധ്യമാക്കിയ ഫ്രാന്‍സിസിന്‍റെ ജീവിതത്തിലെ രണ്ട് തലങ്ങള്‍ ഇവിടെ വെളിവാകുന്നു. ഒന്ന് ജീവിതത്തിന്‍റെ നശ്വരതയെക്കുറിച്ചുള്ള അവന്‍റെ തിരിച്ചറിവും ബോധ്യവും. രണ്ട് ജീവന്‍റെ ഉറവിടമായ ദൈവവുമായുള്ള അവന്‍റെ താദാത്മ്യം.
ജീവിതത്തിന്‍റെ നശ്വരതയെക്കുറിച്ച് ഏവര്‍ക്കും അറിയാം. പക്ഷേ തിരിച്ചറിയുന്നില്ല. ബോധ്യപ്പെടുന്നില്ല. അതാണ് നാമും ഫ്രാന്‍സിസും തമ്മിലുള്ള ആദ്യവ്യത്യാസം. അതിനാല്‍ നാം മരണത്തെ കരഞ്ഞുകൊണ്ടു സ്വീകരിക്കുന്നു. ഫ്രാന്‍സിസ് ചിരിച്ചുകൊണ്ട് സ്വീകരിക്കുന്നു. അത് അവന്‍ സാധ്യമാക്കിയത് ജീവിതത്തിന്‍റെ അടിസ്ഥാനവൈരുദ്ധ്യങ്ങളെ പടിപടിയായി സമന്വയിപ്പിച്ചുകൊണ്ടായിരുന്നു. മോഹങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള, ജീവിതചോദനകളും മരണഭീതിയും തമ്മിലുള്ള, അടിസ്ഥാനവൈരുദ്ധ്യത്തെ അവന്‍ വിളക്കിച്ചേര്‍ത്തു. ജീവിതത്തെ അതിന്‍റെ യാഥാര്‍ത്ഥ്യത്തില്‍ അവന്‍ സ്വീകരിച്ചു. പരിശുദ്ധാത്മാവിന്‍റെ കൃപയും പ്രവര്‍ത്തനവും അതിന് അവനു തുണയായി. അനന്തകാലം ജീവിക്കാനുള്ള ജീവിതത്തിന്‍റെ ആഗ്രഹവും, എന്നാല്‍ അതിന്‍റെ നശ്വരതയും അവന്‍ ഉള്‍ക്കൊണ്ടു. സൃഷ്ടിയുടെ നശ്വരതയാല്‍ ലോകജീവിതം നശ്വരമാണ്. അത് അങ്ങനെയായിരിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. മരണം ജീവിതത്തിന്‍റെ അന്ത്യത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒന്നല്ല. അസ്തിത്വത്തിന്‍റെ അവിഭാജ്യഘടകമാണ് മരണം. ജനിക്കുമ്പോള്‍ മുതല്‍ നാം മരിക്കാന്‍ തുടങ്ങുന്നു. ജീവിതത്തിലുടനീളം നാം മരിച്ചുകൊണ്ടേയിരിക്കുന്നു. അവസാനം നാം മരണത്തില്‍ അവസാനിക്കുന്നു. മരണം ജീവിതത്തിന്‍റെ ഉടപ്പിറന്നവളാകുന്നു. ഈ നശ്വരത പക്ഷേ പാപത്തിന്‍റെ ഫലമായി സൃഷ്ടിക്കപ്പെട്ടതല്ല. ദൈവം ജീവിതത്തെ നശ്വരമായി സൃഷ്ടിച്ചതിനാല്‍ അത് അങ്ങനെയാണ്. പിറവിയില്‍ തന്നെ ആദം (മനുഷ്യവംശം) മരണത്തിനു വിധിക്കപ്പെട്ടിരിക്കുന്നു.
എന്നാല്‍ ഭൗതികവും നശ്വരവുമായ ജീവിതത്തില്‍നിന്ന് അനാദ്യന്തവും അനശ്വരവുമായ ദൈവികജീവനിലേക്ക് തുറക്കുന്ന വാതിലാണ് മരണം. ആസക്തികളില്‍നിന്ന് മുക്തനാകുന്ന, ജീവിതത്തിന്‍റെ കെട്ടുപാടുകളില്‍നിന്ന് സ്വതന്ത്രനാകുന്ന മനുഷ്യന്‍ നശ്വരജീവിതത്തില്‍ (ഭൂമിയില്‍) തന്നെ അനശ്വരജീവിതം (മോക്ഷം) അനുഭവിക്കുന്നു. പാപം(അജ്ഞാനം) പക്ഷേ മരണത്തെ നാടകീയമാക്കി. അത് മരണത്തെ അസ്വാഭാവികമായ ഒന്നാക്കി. ജീവിതത്തിന്‍റെ സ്വാഭാവികമായ അവിഭാജ്യഘടകമായി മരണത്തെ സ്വാംശീകരിക്കുന്നതില്‍ നിന്ന് പാപം മനുഷ്യനെ വിലക്കി. മരണം അങ്ങനെ ദൈവത്തിന്‍റെ 'നല്ല സൃഷ്ടി' അല്ലാതായി. പാപം തിരിച്ചറിവുകളെ കൊട്ടിയടച്ചു.
നശ്വരജീവിതത്തിന്‍റെ നശ്വരസ്വഭാവത്തില്‍ നിന്ന് മുഖം തിരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ചു. മരണത്തെ ജീവിതത്തിന്‍റെ ശത്രുവാക്കി. ജീവിതത്തിന്‍റെ പൂര്‍ണനിരാസമായി മരണം തെറ്റിദ്ധരിക്കപ്പെട്ടു. മരണത്തില്‍നിന്ന് രക്ഷപ്പെടാന്‍ മനുഷ്യന്‍ ജീവിതത്തില്‍ കടിച്ചുതൂങ്ങി നിന്നു. അതു പക്ഷേ മാരകവും ക്രൂരവുമായി. ജീവിതത്തെയും മരണത്തെയും ചേര്‍ത്തുകാണാന്‍ മനുഷ്യനു സാധിക്കാതെയായി. മരണഭീതി ലോകത്തെ കീഴടക്കി. മരണത്തിന്‍റെ കാലൊച്ച മനുഷ്യനെ നിരാശയിലാഴ്ത്തി.
മരണം അസന്തുഷ്ടിക്കു കാരണമായി. മരണം പാപത്തിന്‍റെ ഫലമായി തെറ്റായി കരുതപ്പെട്ടു. അതിനാലാണ് പാപത്തോടെ ലോകത്തില്‍ മരണം പ്രവേശിച്ചുവെന്ന് വി. പൗലോസ് ശരിയായി തിരിച്ചറിഞ്ഞത്(റോമ 5:12, കൊറി 15:21-22). കാരണം പാപബോധം മരണത്തെ പേടിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. മരണത്തെ സ്വാഭാവികനിലയില്‍ സ്വീകരിക്കാനുള്ള മനോനില ആര്‍ജിക്കുന്നതിനും ദൈവികജീവിതത്തിലേക്കുള്ള പ്രവേശനത്തിന്‍റെ അനിവാര്യാവസ്ഥയായി അതിനെ അനുഭവിക്കുന്നതിനും പ്രാപ്തമാക്കുക എന്നതാണ് മനുഷ്യവംശത്തിന്‍റെ വീണ്ടെടുപ്പ് എന്ന് ക്രൈസ്തവമാനസാന്തരം അര്‍ത്ഥമാക്കുന്നത്.
ഫ്രാന്‍സിസില്‍ ആദം വീണ്ടും ഉദയം കൊള്ളുന്നു. അവന്‍ സുവിശേഷത്തില്‍ അതിന്‍റെ പൂര്‍ണതയില്‍ ജീവിച്ചു. അങ്ങനെ മൗലികമായ നിഷ്കളങ്കത അവനില്‍ കുരുത്തു. അപ്പോള്‍ മരണം അതിന്‍റെ യഥാര്‍ത്ഥസ്വാഭാവം വീണ്ടെടുത്തു. മരണം ജീവിതത്തിന്‍റെ ശത്രു അല്ലാതായി. മറിച്ച് നശ്വരമായ ഭൗതികജീവിതത്തില്‍നിന്ന് അനശ്വരവും പൂര്‍ണവും നിശ്ചിതവുമായ ദൈവികജീവനിലേക്കുള്ള ചവിട്ടുപടിയായി. അങ്ങനെ ഫ്രാന്‍സിസിന് മരണം ജീവിതത്തിന്‍റെ ഉടപ്പിറന്നവളായി. ജീവിതവഴിയിലെ സഹയാത്രികയായി.
ദരിദ്രരില്‍ ദരിദ്രന്‍ മരണത്തെ ആഹ്ലാദത്തോടെ സ്വീകരിച്ചത് ഇക്കാരണത്താല്‍ മാത്രമായിരുന്നില്ല. മരണമെത്തിയപ്പോള്‍ അവന്‍റെ ആഹ്ലാദം അതിരറ്റതായതിന് അതിനപ്പുറമുള്ള കാരണമുണ്ടായിരുന്നു. ആ ആഹ്ലാദം ജീവിതത്തിന്‍റെ ഉറവയിലേക്ക്, ദൈവത്തിലേക്ക്, പൂര്‍ണമായും ലയിച്ചുചേരുന്നതിന്‍റെ യോഗാത്മകസംതൃപ്തിയില്‍നിന്ന് ഉരുവം കൊണ്ടതായിരുന്നു. ജീവിതത്തോട്, പ്രകൃതിയോട്, മനുഷ്യരോട് അവനുള്ള പാരസ്പര്യം മൗലികമായിരുന്നു. എല്ലാറ്റിനും ജീവന്‍ നല്‍കുന്ന വേരിലേക്ക് ആ പാരസ്പര്യം അവനെ നയിച്ചു. സൃഷ്ടിക്കപ്പെട്ടതും സൃഷ്ടിക്കപ്പെടാനിരിക്കുന്നതുമായ സകലത്തിന്‍റെയും പ്രഭവകേന്ദ്രത്തിലേക്ക് അങ്ങനെ അവന്‍ എത്തിച്ചേര്‍ന്നു.
ഫ്രാന്‍സിസിന് ദൈവവുമായുണ്ടായിരുന്ന ബന്ധം അങ്ങേയറ്റം ഊഷ്മളമായിരുന്നു. അവന്‍ ദൈവവുമായി അതിരറ്റ അടുപ്പം നിലനിര്‍ത്തി. "ദൈവം, ദൈവമായിരിക്കുന്നിടത്തോളം ജീവിക്കുന്നവനും ജീവിതത്തിന്‍റെ ഉറവുമായിരിക്കുന്നിടത്തോളം ഞാന്‍ മരിച്ചാലും മരിക്കില്ല" എന്നു പറയുവാന്‍ കഴിയുവോളം അത്ര തീവ്രമായിരുന്നു. മരണത്തിന്‍റെ ദുരന്തച്ഛായ മറികടക്കാന്‍ കരുത്ത് ലഭിക്കുന്നത് ദൈവത്തോടുള്ള സ്നേഹത്തില്‍ നിന്നും ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യത്തില്‍ നിന്നുമാണ്. ദൈവത്തില്‍ നിന്നുള്ള എല്ലാറ്റിനെയും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്ന, തന്‍റെ വിശുദ്ധമായ ആത്മാവില്‍, അഗാധമായ ദൈവസ്നേഹം അനുഭവിച്ചിരുന്ന ഫ്രാന്‍സിസിന് മരണം മരണമല്ലെന്ന് ബോധ്യമായിരുന്നു. അതിനാല്‍ അവന്‍ മരണത്തെ അതിരറ്റ ആഹ്ലാദത്തോടെ സ്വീകരിച്ചു. അതവന്‍റെ മൗലികതയുടെ വെളിപാടായിരുന്നു.
(കടപ്പാട്- ലെയനാര്‍ദോ ബോഫിന്‍റെ 'വിശുദ്ധ ഫ്രാന്‍സിസ് മാനവ വിമോചനത്തിന്‍റെ മഹാമാതൃക