ഫാ. മിഥുന് ജെ. ഫ്രാന്‍സിസ് എസ്. ജെ.
Oct 4
ഘടികാരങ്ങള്‍ നിലച്ചിരുന്നുവെങ്കില്‍ എന്ന് ഒരിക്കലെങ്കിലും പൊളളലോടെ പ്രാര്‍ത്ഥിക്കാത്ത ആരുണ്ട്. ജീവിതം പ്രണയിക്കുന്നവര്‍ക്കാണ്. എന്തെങ്കിലിനോടും പ്രണയത്തിലാവാത്ത ഒരുവന്‍റെ നെഞ്ചിലെ വേദനയെ ധ്യാനിക്കുക. (സഖിയോടോ, ഈശ്വരനോടോ, കര്‍മ്മവഴികളോടോ...) പ്രണയം നിലയ്ക്കുമ്പോള്‍ കാലം നിശ്ചലമായേ തീരു. പിന്നെ ആത്മാവിന്‍റെ കൊഴിഞ്ഞ കാലത്തിന്‍റെ സ്നേഹചിരാതുകള്‍ തെളിഞ്ഞുനില്ക്കുന്ന ഇടനാഴികളിലൂടെയലയാന്‍ വിട്ടുകൊടുത്തുകൊണ്ട്, ഒരു Biographical death (ജീവചരിത്രപരമായ മരണത്തിന്) സ്വയം വിധിച്ചുകൊണ്ട് ശിഷ്ടകാലം കഴിച്ചുകൂട്ടുക.
ഡിക്കന്‍സിന്‍റെ മിസ്സ് ഹവിഷാം എന്നൊരു കഥാപാത്രമുണ്ട്. വിവാഹദിനം തൂവെള്ള മംഗല്യവസ്ത്രങ്ങളണിഞ്ഞ്, അതിഥികള്‍ക്കിടയിലൂടെ ഒരു കിനാവിലെന്നപോലെ ഒഴുകി നടക്കുകയാണവള്‍. അന്തിയായിട്ടും വരന്‍ എത്തിയില്ല. പതുക്കെ പതുക്കെ അതിഥികള്‍ ഒറ്റയ്ക്ക് കരയാന്‍ അവളെ അനുവദിച്ച് പിരിഞ്ഞുതുടങ്ങി. ഒരു ചില്ലുപാത്രം നെഞ്ചിലുടയുന്നതിന്‍റെ ഭാരമവളറിഞ്ഞു. ഭിത്തിയിലെ ഘടികാരത്തിലവളുടെ മിഴി കുരുങ്ങി. സമയം എട്ട് നാല്പത്. മതി, നിന്‍റെ സ്പന്ദനങ്ങള്‍, ഭ്രാന്തമായൊരു ശാഠ്യത്തോടെ അവള്‍ ക്ലോക്കിന്‍റെ സൂചികളെ നിശ്ചലമാക്കി. പിന്നെയൊരുന്മാദത്തിലെന്നപോലെ എല്ലാ മുറികളിലെയും ഘടികാരങ്ങളെയും ജാലകങ്ങളെയും അവള്‍ കൊട്ടിയടച്ചു. നാളത്തെ ഉഷസ്സിന്‍റെ കിരണങ്ങള്‍ ഇനിയീ വീടിനുള്ളില്‍ പ്രവേശിച്ചുകൂടാ.
പ്രകൃതിയിലെന്നപോലെ ഋതുഭേദങ്ങള്‍ ജീവിതത്തിലുമുണ്ടെന്ന് തിരിച്ചറിയുന്നവര്‍ക്കാണ് പുതുവത്സരങ്ങള്‍ പിറക്കുക. ഋതുക്കളെ പ്രാര്‍ത്ഥനാപൂര്‍വ്വം വീക്ഷിക്കുക. ഏപ്രിലില്‍ വെയില്‍ പൊള്ളുന്നു. (നീയെത്ര ക്രൂരയെന്ന കവിതയോര്‍മ്മിക്കുക)മേയില്‍ പ്രകൃതി കുറെക്കൂടി സൗമ്യയാണ്. മേയില്‍ മാത്രം വിരിയുന്ന ചില പൂക്കളുടെ സുഗന്ധവുമായി കുറെക്കൂടി മനോഹരിയായി. ജൂണില്‍ മഴ പെയ്ത്ത്. ദൈവം നിലയ്ക്കാത്ത വെള്ളിനൂലിന്‍റെ കസവുകൊണ്ട് ഭൂമിയെ തൊടുകയാണ്. ഈ ഋതുപകര്‍ച്ചകള്‍പോലെ മനുഷ്യന്‍റെ ജീവിതത്തിലുമുണ്ട് ഒരായിരം കാലങ്ങള്‍. ചോറൂട്ടിനുവേണ്ടി കൊണ്ടുവന്ന കുഞ്ഞിന്‍റെ താലത്തില്‍ കാത്തിരിക്കുന്ന എരിവും പുളിയും ചവര്‍പ്പും മധുരവുംപോലെ എത്ര രുചികളുടെ വിരുന്നുണ്ണണം ഈ കൊച്ചായുസില്‍ ദൈവമേ...
കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ തടവുകാരനായെത്തിയ ഒരനാട്ടമി പ്രൊഫസര്‍. ഭാര്യയും കുഞ്ഞുങ്ങളും എവിടെയാണെന്ന് അയാള്‍ക്കറിയില്ല. ഒരടിമയെപ്പോലെ ജീവിതം. മരിക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. ഒരു ഷേവിംഗ് റേസര്‍ സംഘടിപ്പിച്ചു. അനാട്ടമി പ്രൊഫസര്‍ക്കറിയാം ഏതു ഞരമ്പാണ് മുറിക്കേണ്ടതെന്ന്. എന്നാല്‍ മുറിയില്‍ വെളിച്ചം കുറവ്. ഒരു കസേര വലിച്ച് സെല്ലിനുമുകളിലുള്ള ജാലകം അയാളുയര്‍ത്തി. അവസാനമായിട്ട് അയാള്‍ പുറത്തേക്ക് മിഴി പാളിച്ചു.
ഇന്നലെവരെ ഭൂമിയില്‍ ശിശിരമായിരുന്നു. കാറ്റ് വൃക്ഷച്ചില്ലകളിലെ അവസാനത്തെ ഇലകളെപ്പോലും തല്ലിവീഴ്ത്തിയ ശിശിരം. ഒരു പച്ചിലനാമ്പുപോലുമില്ല കണ്ണിന് കണിയാകാന്‍. എന്നാല്‍ ഇന്ന് വസന്തമാരംഭിച്ചിരിക്കുകയാണ്. വസന്തം പച്ചിലകളുടെയും പൂമൊട്ടുകളുടെയും കാലമാണ്. ഭൂമിക്കതിന്‍റെ വര്‍ണങ്ങള്‍ തിരികെ ലഭിച്ചിരിക്കുന്നു. പ്രൊഫസര്‍ സ്വയം പറഞ്ഞു, "ദൈവമേ ഭൂമിയിലെത്തുന്നതുപോലെ മനുഷ്യന്‍റെ ആയുസ്സിലുമുണ്ടല്ലോ ഋതുഭേദങ്ങള്‍. ഇപ്പോള്‍ എന്‍റെ ജീവനില്‍ ഇലകൊഴിയും ശിശിരമാണ്. നാളെ തീര്‍ച്ചയായും പച്ചിലകളുടെ ഉത്സവവുമുണ്ടാവും. അതൊരു വെളിപാടായിരുന്നു. ഭൂമിയിലൂടെ ദൈവം നല്കിയ വെളിപാട്.
ഈ കണിക്കാഴ്ചയിലേക്ക് തുറന്ന അതേ ജാലകത്തിലൂടെ സ്വയഹത്യക്കുതകുന്ന റേസര്‍ അയാള്‍ വലിച്ചെറിഞ്ഞു. പിന്നീട് ഒരു ദുരന്തത്തിനും അയാളെ തകര്‍ക്കാനായില്ല. ശിശിരത്തിനുശേഷം വസന്തമുണ്ടാകുമെന്ന് ഉള്‍വെളിച്ചം കിട്ടുന്നവര്‍ എത്ര കരുത്തരാണല്ലേ.
****
തിരികല്ലിലെ ധാന്യമണിപോലെ മനസ്സ് നുറുങ്ങിയ ഒരു രാത്രിയിലൊരുവന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു: "ദൈവമേ എനിക്കൊരു പാത്രം നിറയെ മറവി തരൂ..." കണ്ണീരിന്‍റെയും രണ്ടാം ചിന്തകളുടെയും നീണ്ട ഇടവേളകള്‍ക്കുശേഷം ഒരിത്തിരി വെളിച്ചം കിട്ടിയപ്പോള്‍ അവനറിഞ്ഞു, "പാടില്ല ഒന്നും മറന്നുകൂടാ. ഈ ഓര്‍മ്മകളുടെ സുകൃതം കൂടി ഇല്ലായിരുന്നുവെങ്കില്‍ നീയെത്ര അനാഥനായിപ്പോയേനെ..." ആരും ഒന്നും മറന്നുകൂടാ. മറവി ഒരു പാപമാണ്. വന്ന വഴികളിലെ പൂവിതളുകളോടും മുള്ളുകളോടും എന്നുമുണ്ടാവണം ഓര്‍മ്മകള്‍.
ശരിയാണ് ജീവിതം നിനക്ക് ഒരുപിടി അപ്രിയ അനുഭവങ്ങള്‍ നല്കിയിട്ടുണ്ട്. പക്ഷേ ജീവിതം നല്കിയ കൃപകളുമായി ത്രാസ് പൊങ്ങുമ്പോള്‍ കൃപയുടെ തട്ട് ഒത്തിരി താണുകിടക്കുന്നു. അമ്മയേകിയ വാത്സല്യം, അച്ഛന്‍റെ കരുതലുകള്‍, സഖി നല്കിയ സൗഹൃദവര്‍ണങ്ങള്‍, ഗുരു നല്കിയ ഉള്‍വെളിച്ചങ്ങള്‍ എങ്ങനെ മറക്കാനാണ്? മനസ്സില്‍ നന്ദിയും കണ്ണീരും മാത്രമേയുള്ളൂ. ജീവിതം ഒരു ഋണബാധ്യതയാണ്. വീട്ടാനാവാത്ത ഒരായിരം കടങ്ങള്‍. മുതല്‍ കൊടുക്കാനില്ലെന്നറിയാം. എന്തിന്, പലിശപോലും കൊടുത്തുതീര്‍ക്കാനാവുന്നില്ല.
എല്ലാ കടങ്ങളും വീട്ടിയിട്ട് ഒരാള്‍ മാത്രമേ മിഴിപൂട്ടിയിട്ടുള്ളൂ. അത് ക്രിസ്തുവായിരുന്നു. അതുകൊണ്ടാണല്ലോ എല്ലാം പൂര്‍ത്തിയായി എന്നു പറഞ്ഞ് അവന്‍ ഒരു കുഞ്ഞുറങ്ങുന്നതുപോലെ മരിച്ചത്.
ഒരു കോപ്പ വിഷം കഴിക്കുന്നതിനുമുമ്പ് സോക്രട്ടീസ് ശിഷ്യനോട് പറഞ്ഞു:
"ഒരു കടമുണ്ട്. ക്രീറ്റിലെ ദേവന് ഒരു നേര്‍ച്ചക്കോഴി."
"ചെയ്യാം. മറ്റെന്തെങ്കിലും?"
"മറ്റു കടങ്ങള്‍ എങ്ങനെയാണ് വീട്ടിത്തീര്‍ക്കുക."
സോക്രട്ടീസ് വേദനയോടെ പുഞ്ചിരിച്ചു.
ദൈവമേ, മറ്റു കടങ്ങളൊക്കെ ഞങ്ങള്‍ എങ്ങനെയാണ് വീട്ടുക.