top of page

ഇടയില്‍ മതിലുകളുണ്ടാവാതെ സുന്ദര ദാമ്പത്യം

Apr 1, 2019

4 min read

മജ

marriage

നമ്മുടെ കുടുംബബന്ധങ്ങളിലെ ആഴത്തിലുള്ള സ്നേഹവും സഹനവും നമ്മെ ഏറെ സന്തോഷിപ്പിക്കുന്നു. പല പ്രായത്തിലും പല സ്വഭാവത്തിലുമുള്ളവര്‍ ഒരുമയോടെ ഒരു കൂരയ്ക്കു കീഴില്‍ താമസിക്കുന്ന അത്ഭുതകാഴ്ച പല പാശ്ചാത്യരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഭാരതം ലോകത്തിനുതന്നെ ഇക്കാര്യത്തില്‍ മാതൃകയാണ്. സന്തോഷത്തോടെ കയറിച്ചെല്ലാനും വികാരങ്ങളും വിചാരങ്ങളും വിവരങ്ങളും പങ്കുവയ്ക്കുവാനുള്ള ഒരു ബലിവേദിയായി അങ്ങനെ നമ്മുടെ കുടുംബങ്ങള്‍ വളര്‍ന്നു. ഉള്ളത് നല്‍കാന്‍ മാത്രമല്ല ഉള്ളു നല്‍കാനും നാം ശ്രദ്ധിച്ചു. ഇല്ലായ്മയില്‍ ഒന്നിച്ചുനിന്നും ഭൂമിയിലെ പറുദീസയായി എത്രയോ നന്മഭവനങ്ങള്‍ നിലനില്‍ക്കുന്നു. എങ്കിലും നാം കൂടുതല്‍ മെച്ചപ്പെടേണ്ടതുള്ളതിനാല്‍ ചില പാളംതെറ്റലുകള്‍ മനസ്സിലാക്കി ക്രമപ്പെടുത്തേണ്ടിയിരിക്കുന്നു. 

 

പൊരുത്തക്കേടുകള്‍ വരുന്ന വഴികള്‍

  വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നത് കുടുംബജീവിതത്തിന്‍റെ തകര്‍ച്ചയായി മാത്രം വിലയിരുത്തപ്പെടാനാവില്ല. ഒരിക്കലും ഒത്തുചേര്‍ന്നുപോവാന്‍ കഴിയാത്തവര്‍ പിരിയുകതന്നെ വേണം. എങ്കിലും നിസ്സാരകാരണങ്ങളാല്‍ അധികനാളാവുന്നതിനു മുമ്പുതന്നെ പിരിയാന്‍ തീരുമാനിക്കുന്നതിന്‍റെ പൊരുത്തക്കേടുകള്‍ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. പൊരുത്തക്കേടുകളുടെ കാരണങ്ങളില്‍ ചിലത് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്താന്‍ ശ്രമിക്കുന്നു.

 

ഒന്ന് :  ഒന്നിച്ചുള്ള ജീവിതത്തെ ഗൗരവമായി കാണാന്‍ സാധിക്കാതെവരിക

  വിവാഹത്തെ ചില ചടങ്ങുകളുടെ (Event)  സാധ്യതകളായി മാത്രം ചിന്തിച്ച് ഇതിലേയ്ക്ക് ഇടപെടുന്നവരുണ്ട്. എവിടെനിന്ന് സ്വര്‍ണ്ണം, വസ്ത്രം തുടങ്ങിയവയേക്കുറിച്ചുള്ളത്ര ഗൗരവമായിപോലും ഒന്നിച്ച് മനസ്സിലാക്കി ജീവിക്കേണ്ടതിനേക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് തോന്നാറുണ്ട്. വിവാഹം കഴിച്ച് ആരുടെ വീട്ടിലേക്കാണ് നിങ്ങള്‍ പോകുന്നതെന്ന് വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ക്ലാസുകളില്‍ പെണ്‍കുട്ടികളോട് ചോദിക്കുമ്പോള്‍ : "ഭര്‍ത്താവിന്‍റെ വീട്ടിലേക്ക്" എന്ന മറുപടിയാണ് പലപ്പോഴും പറയാറുള്ളത്. ഭര്‍ത്താവിന്‍റെ അച്ഛന്‍റേയും അമ്മയുടേയും വീട്ടിലേക്ക് ആണ് പോകുന്നതെന്ന് ചിന്തിക്കുമ്പോള്‍ കുടുംബജീവിതത്തിന്‍റെ ക്യാന്‍വാസ് നമ്മുടെ മനസ്സില്‍ വലുതായി. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് പ്രാധാന്യം വളരെയേറെ കൂടിയപ്പോള്‍ പരസ്പരം മനസ്സിലാക്കിയുള്ള ജീവിതത്തിന്‍റെ രസതന്ത്രം അറിയാതെപോയി. മാതൃകകളിലൂടെ കുറെയൊക്കെ മനസ്സിലാക്കുന്നുണ്ടെങ്കിലും നിറംപിടിപ്പിച്ച കാല്പനിക സൗന്ദര്യങ്ങള്‍ക്ക് അടിമകളാവുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തന്‍റെ കര്‍ത്തവ്യങ്ങളെ നേരിടാന്‍ കഴിയാതെ വരുന്നു. തന്‍റെ മകന്‍റെ വിവാഹമാണ് അടുത്തമാസം. അതിനാല്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു കൗണ്‍സലിംഗ് വേണം എന്ന് പറഞ്ഞ് വന്ന ഒരു അച്ഛന്‍റെ നല്ല മാതൃകയും ഇത്തരുണത്തില്‍ ഓര്‍മ്മവരുന്നു. വിവാഹം ഒരു പ്രക്രിയയാണ്. അതിന് ഗൗരവമായ മുന്നൊരുക്കം വേണം.

 

രണ്ട് :   അനാവശ്യ ആശ്രയത്വം സൃഷ്ടിക്കല്‍ (Over dependency) 

  പൊതുവെ മക്കളെ കൂടുതല്‍ ആശ്രയത്വത്തിലാണ് നമ്മള്‍ വളര്‍ത്തുന്നത്. ഇപ്പോള്‍ മാതാപിതാക്കളെ "വിട്ട്" ഭര്‍ത്താവിനോടു ചേരുന്നു എന്ന നിലയില്‍ ചിന്തിക്കാന്‍ രണ്ടുകൂട്ടര്‍ക്കും സാധിക്കുന്നില്ല. ഇത് അപകടകരമാണ്. മാതാപിതാക്കളുടെ ഇടപെടല്‍ ഒരു പരിധികഴിഞ്ഞാല്‍ നിയന്ത്രിക്കാന്‍ സാധിക്കണം. ഭാര്യയുടെയോ ഭര്‍ത്താവിന്‍റെയോ വസ്ത്രധാരണം, ഭക്ഷണം പാകം ചെയ്യല്‍, ജോലി ചെയ്യുന്ന സ്ഥലം, സ്ഥാപനം തുടങ്ങിയവയിലൊക്കെ തലയിടാന്‍ മാതാപിതാക്കളെ തുടക്കം മുതലേ അനുവദിക്കാതിരിക്കുക. സ്വയം നന്നായി ജീവിച്ചുകാണിക്കാന്‍ സാധിക്കും എന്നവരെ ബോധ്യപ്പെടുത്തുക.

  മാതാപിതാക്കളുടെ കണ്ണില്‍ തങ്ങളുടെ മക്കള്‍ എന്നും കൊച്ചുകുട്ടികളാണ്. "അവര്‍ക്കൊന്നും അറിയില്ല" എന്നത് മിക്ക മാതാപിതാക്കളുടെയും പതിവുപല്ലവിയാണ്. ജീവിതം അവരുടേതാണ് ജീവിച്ചുകാണിക്കാന്‍ അവരെ സ്വതന്ത്രരാക്കുക. ചില പെണ്‍കുട്ടികള്‍ വിവാഹശേഷംപോലും സ്വന്തം മാതാപിതാക്കളുടെ 'റിമോട്ട് കണ്‍ട്രോളി'ലായിരിക്കും. അത് പൊരുത്തക്കേടുകള്‍ സൃഷ്ടിക്കും.

 

മൂന്ന് : വിവാഹപൂര്‍വ്വ ബന്ധങ്ങളുടെ ഫ്ളാഷ് ബാക്കുകള്‍

  വിവാഹപൂര്‍വ്വ ബന്ധങ്ങള്‍ ഏറെ വര്‍ദ്ധിച്ചിരിക്കുന്ന ഇക്കാലത്ത് വിവാഹാനന്തര ജീവിതത്തില്‍ പരസ്പര വിശ്വാസമില്ലായ്മ പ്രധാന വില്ലനായി വരാറുണ്ട്. വിവാഹത്തിനുമുമ്പ് ശാരീരിക, മാനസിക, വികാര അതിരുകള്‍ (Physical Psychological & Emotional boundaries) ലംഘിക്കപ്പെടാതെ സൂക്ഷിക്കാന്‍ വളരെ പ്രയാസമുള്ള കാലമാണിത്. അതിനാല്‍ വിവാഹാനന്തരം ഇത്തരം പഴയകാല ബന്ധങ്ങള്‍ ചികഞ്ഞെടുത്ത് ചിലരൊക്കെ വേര്‍പിരിയലുകളില്‍ എത്താറുണ്ട്. ചിലര്‍ അത്തരം ബന്ധങ്ങളെ ലൈവ് ആയി, സമാന്തരമായി നിലനിര്‍ത്തുകയും ചെയ്യുന്നു. അപ്പോള്‍ ധാര്‍മ്മികതയുടെ വേരുകള്‍ മുറിയുകയും ചെറിയ അകലങ്ങള്‍ വലിയ നാശത്തില്‍ എത്തുകയും ചെയ്യുന്നു. 

 

നാല് :    വിരുദ്ധ താത്പര്യങ്ങളുടെ സംഘടനങ്ങള്‍

  താത്പര്യങ്ങള്‍ക്ക് വിപരീത സ്വഭാവമുള്ള പങ്കാളിയെ കിട്ടുക എന്നതും ദാമ്പത്യത്തിലെ വലിയ പ്രതിസന്ധി തന്നെ. യാത്ര ഏറെ കൊതിക്കുന്ന ഭാര്യയ്ക്ക് യാത്രയില്‍ താത്പര്യമില്ലാത്ത ഭര്‍ത്താവിനേ കിട്ടിയാല്‍ ശരിക്കും പ്രശ്നത്തിലാവും. അതുപോലെ ജോലിക്കു ഭാര്യ പോകേണ്ട എന്ന് നിഷ്കര്‍ഷിക്കുന്ന ഭര്‍ത്താവിന്, ജോലിയെ പ്രണയിക്കുന്ന ഭാര്യയെ കിട്ടിയാലോ! ചിലര്‍ വിവാഹത്തോടെ ഇഷ്ടങ്ങളും കഴിവുകളും കുഴിച്ചുമൂടും. ചെറുപ്പം മുതല്‍ നൃത്തം ശാസ്ത്രീയമായി അഭ്യസിച്ച് കലാതിലകമായ പെണ്‍കുട്ടിയോട് ഇനി മുതല്‍ ഡാന്‍സ് ചെയ്യേണ്ട എന്നു പറഞ്ഞാല്‍ സ്വപ്നങ്ങള്‍ കുഴിച്ചുമൂടിയേക്കും. എങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം ജീവിതത്തില്‍ നിരാശ അല്ലെങ്കില്‍ മുരടിപ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പങ്കാളിയെ തിരഞ്ഞെടുക്കുന്നത് കേവലം സൗന്ദര്യത്തിന്‍റേയും ജോലിയുടേയും പണത്തിന്‍റേയും അടിസ്ഥാനത്തില്‍ മാത്രമാവുമ്പോള്‍ മനസ്സടുപ്പത്തിന്, ഇഷ്ടങ്ങളുടെ സമാനതകള്‍ക്ക് പ്രാധാന്യം ഇല്ലാതെ പോകുന്നു. ഇപ്പോള്‍ പഴയസ്ഥിതിയല്ല, മറിച്ച് കൂടുതല്‍ വിവാഹപൂര്‍വ്വ ആശയവിനിമയത്തിന് സാഹചര്യമുണ്ട്. അവ പ്രയോജനപ്പെടുത്തിവേണം തീരുമാനങ്ങള്‍ എടുക്കാന്‍. 

 ചിലര്‍ വിവാഹത്തോടെ ഇഷ്ടങ്ങളും കഴിവുകളും കുഴിച്ചുമൂടും. ചെറുപ്പം മുതല്‍ നൃത്തം ശാസ്ത്രീയമായി അഭ്യസിച്ച് കലാതിലകമായ പെണ്‍കുട്ടിയോട് ഇനി മുതല്‍ ഡാന്‍സ് ചെയ്യേണ്ട എന്നു പറഞ്ഞാല്‍ സ്വപ്നങ്ങള്‍ കുഴിച്ചുമൂടിയേക്കും. എങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം ജീവിതത്തില്‍ നിരാശ അല്ലെങ്കില്‍ മുരടിപ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പങ്കാളിയെ തിരഞ്ഞെടുക്കുന്നത് കേവലം സൗന്ദര്യത്തിന്‍റേയും ജോലിയുടേയും പണത്തിന്‍റേയും അടിസ്ഥാനത്തില്‍ മാത്രമാവുമ്പോള്‍ മനസ്സടുപ്പത്തിന്, ഇഷ്ടങ്ങളുടെ സമാനതകള്‍ക്ക് പ്രാധാന്യം ഇല്ലാതെ പോകുന്നു.

അഞ്ച് :    ആശയവിനിമയത്തിന്‍റെ അത്ഭുതശക്തി തിരിച്ചറിയാന്‍ കഴിയാതെവരിക

   വികാരങ്ങള്‍ നാമാരാണെന്ന് പറഞ്ഞുതരുന്നു. വികാരങ്ങളുടെ പങ്കുവയ്ക്കല്‍ പരസ്പരം ഇല്ലെങ്കില്‍ ദമ്പതികള്‍ക്കിടയില്‍ വലിയ മതിലുകള്‍ ഉയര്‍ന്നുവരും. പങ്കാളിയുടെ വികാരത്തിനു വില കല്പിക്കുമ്പോള്‍ പങ്കാളിയെത്തന്നെ വില കല്പിക്കുന്നു. പരസ്പരം സ്നേഹം അനുഭവിക്കുന്നു. അടുത്തിരിക്കുന്നവന്‍റെ ഹൃദയമിടിപ്പുകള്‍ ശ്രദ്ധിക്കാതെ അകലെയിരിക്കുന്ന ആരുടെയോ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുന്ന ഒരു പ്രവണത വളര്‍ന്നുവരുന്നുണ്ട്. "മാതാപിതാ- ഗൂഗിള്‍ - ദൈവം" എന്നാവുന്നു. പല ബന്ധങ്ങളുടെയും പരാജയത്തിനു കാരണം ആശയങ്ങള്‍ പങ്കുവയ്ക്കുവാനുള്ള വിമുഖതയാണ്. കേള്‍ക്കന്‍, ചെവി മതി. ശ്രവിക്കാന്‍ ഹൃദയം വേണം. ഹൃദയത്തെ തിരിച്ചറിയാതെ വരുമ്പോള്‍ നാം ഒറ്റപ്പെടും. ശ്രദ്ധിക്കാന്‍ ത്യാഗം വേണം. ടാപ്പു തുറന്നുവിടുന്നതുപോലെ മനസ്സ് തുറന്നുവിടാന്‍ തന്‍റെ പങ്കാളിയുടെ മുന്നില്‍ സാധിക്കും എന്ന് ചിന്തിക്കുമ്പോള്‍ ജീവിതം ധന്യമാകും.

  ദാമ്പത്യജീവിതത്തില്‍ നമുക്കു തകര്‍ക്കാന്‍ ചില മിത്തുകള്‍ ചില പഴകിയ മിത്തുകളെ തകര്‍ക്കേണ്ടത് ആവശ്യമാണ്. കാലാകാലങ്ങളായി പറഞ്ഞു പഴകിയ ചില അര്‍ദ്ധസത്യങ്ങളെ തിരുത്തേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്. ചില മിത്തുകളിതാ. തകര്‍ക്കണോ വേണ്ടയോ എന്ന് സ്വയം ചിന്തിക്കാം.

 

മിത്ത് 1 : ഭര്‍ത്താവിന്‍റെ അപ്പനേയും അമ്മയേയും സ്വന്തം അപ്പനും അമ്മയുമായി കാണാന്‍ സാധിക്കണം.

  ഇത് വളരെ നല്ല കാര്യമാണ്. പക്ഷേ, സാധിക്കുന്നത് വളരെ ചെറിയ ഒരു വിഭാഗത്തിനു മാത്രം. പറിച്ചു നടപ്പെട്ട ഒരു പെണ്ണിന് ഒരു സുപ്രഭാതത്തില്‍ ഭര്‍ത്താവിന്‍റെ അപ്പനേയും അമ്മയേയും സ്വന്തം പിതാവും മാതാവുമായി പ്രതിഷ്ഠിക്കാനും ആ സ്വാതന്ത്ര്യമെടുക്കാനും കഴിയുക ഭൂരിപക്ഷത്തിനും അസാധ്യമാണ്. കേള്‍ക്കാന്‍ സുഖമുള്ള ഒരു മിത്ത്.

 

മിത്ത് 2 : ഭാര്യ ഭര്‍ത്താവിനും ഭര്‍ത്താവ് ഭാര്യയ്ക്കുംവേണ്ടി മാത്രമുള്ളതാണ്.

  നമ്മുടെ സംസ്ക്കാരത്തില്‍ വിവാഹമെന്നത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ബാന്ധവമാണ്. വ്യക്തികേന്ദ്രീകൃതമായ ബന്ധം മാത്രമല്ലിത്. ഭര്‍ത്താവ് ഭാര്യാവീട്ടുകാരെയും, ഭാര്യ ഭര്‍തൃവീട്ടുകാരെയും സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യണമെന്നുള്ളത് ഭാരതീയ സംസ്ക്കാരമാണ്. ഭാര്യയും ഭര്‍ത്താവും പരസ്പരം സ്വകാര്യസ്വത്തുക്കള്‍ മാത്രമല്ല.

 

മിത്ത് 3 : പങ്കാളി നന്നായാല്‍ എന്‍റെ ജീവിതം രക്ഷപ്പെട്ടു.

  നല്ല പങ്കാളിയെ കിട്ടണേ എന്ന പ്രാര്‍ത്ഥനയ്ക്കു പകരം പങ്കാളിയുടെ സ്വഭാവത്തിനനുസരിച്ച് എന്നില്‍ മാറ്റം വരുത്തണമേ എന്നു പ്രാര്‍ത്ഥിക്കുന്നതാണുചിതം. എന്‍റെ ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ എന്‍റെ കൈയില്‍ തന്നെയാണ് എന്നു തിരിച്ചറിയണം. ജീവിത വയലിലെ വിളവെടുപ്പു കാലമായ വര്‍ദ്ധക്യത്തിലേയ്ക്ക് ഒരുങ്ങുമ്പോള്‍ ഒന്നിച്ചുള്ള ജീവിതത്തിന്‍റെ മാധുര്യം നുണയാന്‍ സ്വയം മാറിയേ പറ്റൂ.

 

മിത്ത് 4 : തലയിരിക്കെ വാല്‍ ആടണ്ട, സ്ത്രീകള്‍ ഒരു പരിധിയില്‍ കൂടുതല്‍ വളരണ്ട. വഷളാവും. 

  സ്ത്രീയുടെ സ്ഥാനം ദാമ്പത്യത്തില്‍ നിര്‍ണ്ണായകമാണ്. തുല്യ പങ്കാളിത്വമാണ് നമ്മുടെ ലക്ഷ്യം. കാനായിലെ കല്യാണത്തിന്‍റെ സ്ത്രീ ഇടപെടലുകളും പീലാത്തോസിന്‍റെ ഭാര്യയുടെ മൂന്നാം കണ്ണും സാറായുടെ സഹനത്തിന്‍റെ പൊളിച്ചെഴുത്താണ്. തുല്യമായ വളര്‍ച്ചയാണ് തുല്യനീതി എന്നു തിരിച്ചറിയുമ്പോള്‍ സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാകുന്നു. 

 

മിത്ത് 5 : ഉള്ളതൊക്കെ പങ്കാളിക്കു നല്‍കലാണു ജീവിതം, സ്വന്തമായി ഒന്നും വേണ്ട.

  വീടിന്‍റെ തൂണ്‍ നാലു സ്ഥലത്തു നില്‍ക്കുന്നതുപോലെ കുടുംബാംഗങ്ങള്‍ക്ക് പല വ്യത്യസ്ത ഉത്തരവാദിത്വങ്ങളുണ്ട്. അടുപ്പില്‍ തീ കത്തിക്കുമ്പോള്‍ അകലം പാലിച്ചില്ലെങ്കില്‍ തീ കത്തില്ല എന്നതുപോലെ സ്വന്തമായി ഒരു space (ഇടം) ഓരോരുത്തര്‍ക്കും വേണം. പരസ്പര അടിമത്തമല്ല ജീവിതം.

 

മിത്ത് 6 : പങ്കാളിയെ കേള്‍ക്കാനൊന്നും സമയമില്ലെങ്കിലും കുഴപ്പമില്ല, കുഞ്ഞുങ്ങളാണ് സര്‍വ്വസ്വവും.

  മറ്റൊരു തകര്‍ക്കപ്പെടേണ്ട മിത്താണിത്. കുഞ്ഞുങ്ങള്‍ പങ്കാളി കഴിഞ്ഞേ ഉള്ളൂ.Child is the objectification of the love and care of marriage. കുഞ്ഞുങ്ങള്‍ വിട്ടുപോകും. തുണയായി പങ്കാളിയാകും ഉണ്ടാകുക. പൊരുത്തക്കേടുകള്‍ക്കിടയിലും ഒന്നിപ്പിന്‍റെ ആഘോഷം മനസ്സിന്‍റെ ചില്ലകളില്‍ എന്നും അവശേഷിപ്പിക്കുന്ന തൂവലാവുന്നത് പങ്കാളിയാണ്.

 

മിത്ത് 7 : പ്രായമാവുമ്പോഴെന്തു ലൈംഗികത; അതു ചെറുപ്പക്കാര്‍ക്കു പറഞ്ഞിട്ടുള്ളതല്ലേ. 

  സ്നേഹവും ലൈംഗികതയും രണ്ടല്ല. ദൈവദാനത്തിന്‍റെ, ഒന്നിപ്പിന്‍റെ സുകൃതമാണ്. ഇക്കാര്യത്തില്‍ പ്രായത്തിന്‍റെ വിവേചനങ്ങളില്ല. മനസ്സടുപ്പത്തിന്‍റെ, തീവ്രാനുരാഗത്തിന്‍റെ സ്വര്‍ഗ്ഗീയ അനുഭൂതി മാത്രം. ചേര്‍ത്തു നിര്‍ത്താന്‍ എന്തെങ്കിലുമുണ്ടെന്ന് പ്രകൃതി പഠിപ്പിച്ച പാഠം. ദാമ്പത്യത്തിന്‍റെ ആന്തരിക രോഗശാന്തി.

 

മിത്ത് 8 : ജീവിതം ഒന്നേയുള്ളൂ; അത് ആഡംബരത്തോടെ അടിച്ചു പൊളിക്കണം.

  അടിപൊളി ആധുനിക ജീവിതത്തിന്‍റെ അന്തസ്സത്തയായി മാറിക്കൊണ്ടിരിക്കുന്നു. വസ്ത്രഭ്രമം, ആഹാരഭ്രമം, ആഭരണഭ്രമം, തുങ്ങിയവയാണ് ജീവിതമെന്നു തെറ്റിദ്ധരിക്കപ്പെടുന്നു. എന്നാല്‍ പിശുക്കും ഇത്തരത്തില്‍ ജീവിതനിഷേധമാണ്. കൃത്യമായ മുന്നൊരുക്കത്തോടെ ജീവിതത്തെ നോക്കിക്കാണുമ്പോള്‍ ജീവിതം ഭൂമിയിലെ പറുദീസയിലാകുന്നു. വിശുദ്ധ ഇഗ്നേഷ്യസ് പറഞ്ഞതുപോലെ ‘Church is a choir to sing chirst and the family is a choir to sing Christ.’  അങ്ങനെ കുടുംബം പങ്കുവയ്ക്കലാവുന്നു. ഉറപ്പുള്ള അടിത്തറയുള്ളതാകുന്നു.

 

ഡോ.മാത്യു കണമല:  സോഷ്യല്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്‍റ്,

സെന്‍റ് ജോസഫ് കോളേജ്, മൂലമറ്റം 

ഡയറക്ടര്‍, IPCAI 

റീന ജെയിംസ് :  അക്കാദമിക് കോ.ഓര്‍ഡിനേറ്റര്‍, ICMS ഇന്‍റര്‍നാഷണല്‍ കോളേജ്, മണര്‍കാട്


മജ

0

0

Featured Posts