top of page
ചെല്ലപ്പേരുകള്‍ അനശ്വരങ്ങളാകുന്നത്, അതു സൂചിപ്പിക്കുന്ന വ്യക്തിയും പേരും തമ്മില്‍ അഭേദ്യവും രസാവഹവുമായ ചില ബന്ധം നിലനില്‍ക്കുമ്പോഴാണ്. ചിലപ്പോള്‍ ചെല്ലപ്പേരുകള്‍ അവരുടെ ജീവിതകാലത്തുതന്നെ യഥാര്‍ത്ഥനാമത്തെ ഉന്മൂലനം വരുത്തിക്കൊണ്ട് വേരുറപ്പിക്കാറുണ്ട്.
മുറുക്കാന്‍ കടയും ഓഫീസ് റൂമും തമ്മില്‍ ബന്ധമുണ്ടോ?... ഉണ്ട്...
കുറഞ്ഞപക്ഷം ഞങ്ങള്‍ക്കെങ്കിലും
നാരങ്ങനീരും പഞ്ചാരലായനിയും ഒഴിച്ച ഗ്ലാസിലേക്ക് പകരുന്നതിനായി, കല്ലുസോഡായില്‍ ഭാസ്കരന്‍ ചേട്ടന്‍റെ വിരലമരുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം ഞങ്ങളെ ഓര്‍ക്കാപ്പുറത്തെങ്കിലും ഞെട്ടിക്കാറുണ്ട്. കാരണം വര്‍ഗ്ഗീസ് സാറിന്‍റെ ചിരിയും, സോഡയുടെ ചീറ്റലും തമ്മില്‍ ഞങ്ങള്‍ക്കൊരിക്കലും വേര്‍തിരിക്കാനാവില്ലായിരുന്നു. കീഴ്സ്ഥായില്‍നിന്ന് ഉച്ഛസ്ഥായിലേക്കുയര്‍ന്ന് പിന്നെ മെല്ലെ കീഴ്സ്ഥായിലവസാനിക്കുന്ന സാധാ ചിരികള്‍ പരിചയിച്ച ഞങ്ങള്‍ക്ക് - ഉച്ഛസ്ഥായില്‍ തന്നെ ഉത്ഭവിച്ച് ജലവും വായുവും ഉന്നതമര്‍ദ്ദത്തില്‍ പുറത്തേക്കു വമിക്കുമ്പോഴുണ്ടാകാവുന്ന ചെറു ശബ്ദകുമിളകളുടെ നിമിഷാര്‍ദ്ധത്തിലുള്ള പൊട്ടലുകള്‍ ആവര്‍ത്തനങ്ങള്‍ - അതിന്‍റെ ഹ്രസ്വത എന്നിവ... ഞെട്ടലും, കൗതുകവും, പതിയെ പുറത്തു പ്രകടിപ്പിക്കുവാനാകാതെ ഒതുക്കേണ്ടിവരുന്ന ഒരു ചിരിയുടെ ശ്വാസം മുട്ടലിലേക്കും നയിക്കുമായിരുന്നു.
ദാരിദ്ര്യരേഖയ്ക്കും താഴെയുള്ള ഉത്തരക്കടലാസുകള്‍ ഞങ്ങളെ തിരികെ ഏല്പിക്കുമ്പോള്‍ - ഒരു സോഡാച്ചിരിയില്‍ എല്ലാം വ്യക്തമായിരുന്നു. ആരും കാണരുത് എന്നു കരുതി ഇടനാഴിയുടെ ആളൊഴിഞ്ഞ മൂലകളില്‍ കൈമാറിയിരുന്ന പ്രണയലേഖനങ്ങള്‍ ചിലപ്പോള്‍ കുനിഞ്ഞ ശിരസ്സോടെ ഈ സോഡാച്ചിരിയുടെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ക്കേറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. വഴിയോരങ്ങളില്‍, മൈതാനങ്ങളില്‍, ക്ലാസുറൂമിലും, ഓഫീസ് റൂമിലും, ഇടനാഴിയിലും ഒക്കെ മുഴങ്ങിയിരുന്ന മനസ്സമാധാനം കെടുത്തുന്ന ആ അപൂര്‍വ്വവികാരത്തിന്‍റെ മിന്നല്‍പ്പിണരുകളില്‍ നിന്നും രക്ഷപെട്ടല്ലൊ എന്നതായിരുന്നു സ്കൂള്‍ ജീവിതത്തിന്‍റെ ഫിനിഷിംഗ് ലൈന്‍ കടക്കുമ്പോഴത്തെ ചിന്ത.
പക്ഷെ ഇന്നും നിലനില്‍പ്പിന്‍റെ പടക്കളങ്ങളില്‍ പിടിച്ചുനില്‍ക്കുവാന്‍ -
ആരും കാണാതെ കൊച്ചുകള്ളത്തരങ്ങളിലേക്കൂളിയിടാന്‍ തുനിയുമ്പോള്‍...
ആരാണാവോ... അരികത്തെവിടെയോ ഇരുന്ന്.
ആ കല്ലു സോഡായില്‍ വിരലമര്‍ത്തുന്നത്!!!